ആദിത്യനുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ നാലു വർഷം കഴിഞ്ഞു…ആദ്യമൊക്കെ വളരെ സന്തോഷകരം തന്നെയായിരുന്നു….എന്നാൽ ഈയിടെ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ പ്രത്യക്ഷമായ പല മാറ്റങ്ങളും……..

പ്രണയം പ്രണയം മാത്രം

എഴുത്ത്:-ഭാവനാ ബാബു

“അല്ല ജ്യോതി , നിനക്ക് ഇപ്പോൾ എന്തിനാ ഡിവോഴ്സ്…” അനുവിന്റെ ആകാംഷയിൽ പൊതിഞ്ഞ ചോദ്യങ്ങൾ കെട്ടില്ലെന്നു വയ്ക്കാനാവില്ലെനിയ്ക്ക്…..എന്റെ മനസ്സും തേടുന്നത് ആ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്…ഒക്കെയും ഇവളോട് പങ്കുവയ്ക്കാനുമാവില്ല..

ആദിത്യനുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ നാലു വർഷം കഴിഞ്ഞു…ആദ്യമൊക്കെ വളരെ സന്തോഷകരം തന്നെയായിരുന്നു….എന്നാൽ ഈയിടെ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ പ്രത്യക്ഷമായ പല മാറ്റങ്ങളും കാണുന്നു….മനഃപൂർവമായുള്ള അവഗണന അതാണ് സഹിയ്ക്കാൻ പറ്റാത്തത്….ഈ മടുപ്പിക്കുന്ന ഏകാന്തത വല്ലാതെ ശ്വാസം മുട്ടിയ്ക്കുന്നു…ഒരു കുഞ്ഞിന്റെ വരവോടെ ഒക്കെ മാറുമെന്ന് കരുതിയതാണ്… അതുമില്ല…എത്ര ടെസ്റ്റുകൾ ചെയ്തു..ഒരു പ്രശ്നവുമില്ല….എന്നിട്ടും ആ സൗഭാഗ്യവും ഈശ്വരൻ കനിഞ്ഞില്ല…..

“ജ്യോതി നീയെന്താ മനോരാജ്യം കാണുകയാണോ..? ശരി ഒക്കെ നിന്റെ ഇഷ്ടം…അല്ല എന്തായാലും ഒരു റീസണ് വയ്ക്കണം…എന്താ വയ്ക്കേണ്ടത്..”,

“അങ്ങനെയൊക്കെയുണ്ടോ അനു… അദിയോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല….മടുത്തു ഈ ജീവിതം….അതേ സത്യം തന്നെയാ…ആർക്കും അറിയാത്ത മറ്റൊരു രഹസ്യം കൂടിയുണ്ട്….ഈ മടുപ്പിൽ നിന്നും രക്ഷ നേടാനാണ് ഞാൻ വീണ്ടും എഴുതാൻ തുടങ്ങിയത്….അക്ഷരങ്ങളിലൂടെ ഞാനെന്റെ ഭ്രാന്തമായ പ്രണയം ഹൃദയ രക്തം കൊണ്ടെഴുതി….ഇതൊക്കെ പോസ്റ്റ് ചെയ്യാൻ ഞാനൊരു ഫേക്ക് അക്കൗണ്ടും തുടങ്ങി….എന്റെ വരികളിലെ മോഹിപ്പിയ്ക്കുന്ന അനുരാഗത്തിൽ മുങ്ങി കുറെ ആരാധകരും…..ഇപ്പോൾ ജീവിതം മനോഹരമാണ്….ഇനി ഇതാണ് എന്റെ സ്വപ്നങ്ങൾ….ബാക്കി വച്ച എന്റെ മോഹങ്ങൾ പൂവണിയാൻ സ്വർണ രഥത്തിലേറി ഒരു സുന്ദരൻ വരണം…..എന്റെ മനസ്സിപ്പോൾ ജീർണ്ണിച്ചു് തുടങ്ങിയിരിക്കുന്നു….ആദിത്യനോടിപ്പോൾ ഒരു മോഹവുമില്ല….അതോ എന്റെ ചിന്തകൾ നൈമിഷികമായതാകുമോ ? .എന്റെ കാപട്യം നിറഞ്ഞ മുഖം ഞാൻ എന്നിൽ നിന്നും ഒളിപ്പിച്ചു വയ്ക്കുന്നു… ജീവനില്ലാത്ത എന്റെ കണ്ണുകൾ പരൽ മീനിനെ പ്പോലെ പിടയ്ക്കാൻ തുടങ്ങി…..മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു രൂപമുണ്ടാകുമോ എന്റെ സൗഹൃദ വലയത്തിൽ…..കണ്ണടച്ചു ഓരോ മുഖങ്ങളിലും ഞാൻ പരതി….ഒടുവിൽ തെളിഞ്ഞ മുഖം ഞാൻ വ്യക്തമായി കണ്ടു….ആദിയുടെ….വേഗം കണ്ണുകൾ തുറന്നു…ഇല്ല ഇതൊരു ഭ്രമം മാത്രം….അവനോടുള്ള എന്റെ വികാരങ്ങൾ എന്നോ നശിച്ചു…..അപ്പോൾ കണ്മുന്പിൽ ടൈപ്പ് ചെയ്ത് ഒരു വെള്ള പേപ്പർ എന്നെ നോക്കി പല്ലിളിയ്ക്കുന്നുണ്ടായിരുന്നു……..

“അനു ഇതെന്താ ഈ പേപ്പറിൽ “?

“അതോ നിന്നെപ്പോലെ ഒരു കാരണവുമില്ലാതെ ഡിവോഴ്‌സിന് വരുന്നവർക്ക് ഞങ്ങള് കണ്ടുപിടിച്ചു കൊടുക്കുന്ന ചില കാരണങ്ങൾ….നീ വായിച്ചു നോക്ക്”

ഞാൻ ആ വരികളിലൂടെ കണ്ണോടിച്ചു….ഒന്നും മാച്ച് ആകുന്നില്ല…..ഇങ്ങനെ ആയാൽ ഡിവോഴ്സ് എന്ന സ്വപ്നം വെറും സ്വപ്നം മാത്രമാകുമല്ലോ? ഇത്രയേ ഉള്ളോ അനു…കാരണങ്ങൾ ? എന്റെ ചോദ്യം കേട്ട് അവൾ അല്പമൊന്നു പകച്ചു….”അതേ കൊച്ചേ ,ഇതൊക്കെയാണ് പ്രധാനപ്പെട്ടവ….ഒരു കാര്യം ചെയ്യ് നീയിപ്പോൾ വീട്ടിൽ പോ…എന്നിട്ട് ശാന്തമായി ആലോചിച്ചു രണ്ടു ദിവസം കഴിഞ്ഞു വാ”……അനു പറയുന്നതിലും കാര്യമുണ്ടെന്നെനിയ്ക്ക് തോന്നി..ആ പേപ്പർ നാലായി മടക്കി ഞാൻ അവളോട് യാത്ര പറഞ്ഞിറങ്ങി………

ഫ്ലാറ്റിലെത്തിയപ്പോൾ ആദിയുടെ കാർ പാർക്കിങ്ങിൽ കിടക്കുന്നത് കണ്ട് ആകെ ആശ്ചര്യമായി….ഈ നേരത്ത് വരുന്നത് പുതിയ കാര്യമാണ്….വേഗം ലിഫ്റ്റിലൂടെ റൂമിൽ ചെന്നപ്പോൾ സോഫയിൽ നീണ്ടു നിവർന്നു കിടക്കുകയാണ് കക്ഷി…എന്നെ കണ്ടതും ആദ്യമായി കാണുന്നപോലുള്ള ഭാവത്തിൽ നോക്കി…ആ നോട്ടത്തിന്റെ തീക്ഷ്ണത നേരിടാനാകാതെ ഞാൻ വേഗം കിച്ചെന്നിലേയ്ക്ക് നടന്നു.അപ്പോഴാണ് അവന്റെയൊരു പുന്നാരം…”അതേ , ജോ ഇന്ന് കിച്ചന് ലീവു…നമുക്കൊരു ഔട്ടിങിന് പോകാം….വേഗം റെഡിയാക്…….അവൻ പറയുന്നത് കേട്ട് ഞാനാകെ വണ്ടറടിച്ചു…..ദൈവമേ അനു ഏതെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ ? എയ്യ് ……..അവൾ എന്റെ വിശ്വസ്ത സുഹൃത്താണ്…..ചതിയ്ക്കില്ല….ഇനി ചിലപ്പോൾ ആദിയും ഡിവോഴ്‌സിന് കൊതിയ്ക്കുന്നുണ്ടാകുമോ ? എന്നാൽ രക്ഷപ്പെട്ടു….എന്തായാലും പോയി നോക്കാം….ഒരുങ്ങുമ്പോൾ കൂടുതൽ സുന്ദരിയാകാൻ ഞാൻ ശ്രദ്ധിച്ചിരുന്നു…..ഞാൻ വേഗം റെഡിയായി അവന്റൊപ്പം പോയി……

നേരെ പോയത് ബീച്ചിലേയ്ക്കായിരുന്നു….അസ്തമസൂര്യന്റെ ഭംഗി കണ്ടപ്പോൾ കവിത കുറിയ്ക്കാൻ തോന്നുന്ന മനസ്സിനെ ഞാൻ അടക്കി വച്ചു……ആദി എന്നെക്കാൾ ഒരല്പം മുന്നിലാണ് നടക്കുന്നത്….അവൻ എന്തോ പറയാൻ തുടങ്ങുകയാണ്…ഞാൻ വേഗം അവൻ പറയുന്നത് കാതോർത്തു
“ജോ , നിനക്ക് എപ്പോഴെങ്കിലും എന്നെ വിട്ടേച്ചു പോകാൻ തോന്നിയിട്ടുണ്ടോ ” അവന്റെ ചോദ്യം കേട്ട് ചെറുതായൊന്നു നടുങ്ങി ഞാൻ . മനസ്സ് ഒരു നല്ല കളവ് പറയാൻ ഒരുങ്ങി കഴിഞ്ഞിരുന്നു…..”എന്തൊക്കെയാ ആദി നീപറയുന്നത് ? ഒന്നുമില്ല…….അങ്ങനെയൊന്നും സ്വപ്നത്തിൽ പോലുംചിന്തിച്ചിട്ടില്ല പറഞ്ഞുകഴിഞ്ഞിട്ടാണ് ഞാൻ അതാലോചിച്ചത്……….എന്തുകൊണ്ടാണ് എനിയ്ക്ക് ഒന്നും തുറന്നു പറയാൻ കഴിയാതെപോയത് ?

“ജോ എനിയ്ക്കെന്നും നിന്നോട് സ്നേഹം മാത്രമേയുള്ളൂ…………….”കുറച്ചു നാൾ നിന്നില്നിന്നും മനപ്പൂർവ്വം അകന്നതാണ് ഞാൻ …നിനക്കു വേണ്ടി തന്നെ………അല്ല നമുക്ക് വേണ്ടി ….”, എനിയ്ക്കു വേണ്ടിയോ ? എന്നെ അവഗണിയ്ക്കുന്നതിനും നീ കാരണങ്ങൾ തേടുന്നു കൊള്ളാം…………..”

“നീ വിശ്വസിക്കില്ലെന്നറിയാം പക്ഷെ അതാണ് സത്യം”.

“എന്തു സത്യം ? ഞാൻ ചോദ്യഭാവത്തിൽ അവന്റെ കണ്ണുകളിലേക്കു നോക്കി…………

“ഒരമ്മയാകാൻ കഴിയാത്തതാണല്ലോ നിന്റെ ഏറ്റവും വലിയ വിഷമം……ചില ടെസ്റ്റുകൾ ചെയ്തപ്പോഴാണ് അതിന്റെ കാരണം അറിയാൻ കഴിഞ്ഞത് . നിന്റെ യൂട്രസ് വളരെ വീക്ക് ആണ് . ഇതറിഞ്ഞാൽ നീ വളരെ വിഷമിയ്ക്കും എന്നെനിയ്ക്കറിയാമായിരുന്നു അതുകൊണ്ട് ഒക്കെ മറച്ചു വച്ചു…..രണ്ട് വർഷം കഴിഞ്ഞിട്ട് ഒന്നുകൂടി ടെസ്റ്റ് ചെയ്യണമെന്നായിരുന്നു ഡോക്ടറിന്റെ നിർദ്ദേശം…..ആ ദിവസം നാളെയാണ്….ദൈവം അനുഗ്രഹിച്ചാൽ നാളെയൊക്കെ നേരെയാകും…..” ആദിയുടെ വാക്കുകൾ എന്നെ വല്ലാതെ നൊമ്പര്പ്പെടുത്തി….. എവിടെയോ കുറ്റബോധത്തിന്റെ കൂരമ്പുകൾ ഹൃദയത്തിനെ മുറിപ്പെടുത്തുന്ന പോലെ……..നിറഞ്ഞ മിഴികളോടെ ഞാൻ അവനിലേക്ക് ചേർന്നു നിന്നു.

“ആദി , സോറി , എന്നോട് ക്ഷമിയ്ക്കു , ഞാൻ നീയ…”വാക്കുകൾ മുഴുമിപ്പിയ്ക്കും മുൻപ് അവന്റെ വിരലുകൾ എന്റെ ചുണ്ടോടമർത്തി…

“സാരമില്ല ജോ ഇനി നാളത്തെ റിസൽറ്റ് നെഗറ്റീവ് ആയാലും നോ പ്രോബ്ലെം നമുക്കൊരു കുഞ്ഞിനെ അഡോപ്റ് ചെയ്യാം…..എന്താ പോരേ മോളു”..സ്നേഹത്തോടെ ഞാൻ അവന്റെ വിരലുകളെ ചുംബിച്ചു…

“മതി കെട്യോളെ വിശ ന്നിട്ട് വയ്യ….കാറിൽ കേറിയിരുന്നോ…ഇതാ കീ…..ഒരർജെന്റ കാൾ ചെയ്‌ത് ഞാനിപ്പോൾ വരാം…..

“ശരി ആദി ……വേഗം വരണേ….കൊഞ്ചലോടെ ഞാൻ അവനോട് പറഞ്ഞു….അതെയെന്നവൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി…….

ജ്യോതികയെ പറഞ്ഞയച്ചിട്ട് ആദി വിളിച്ചത് അനുവിനെയായിരുന്നു……അറിയാതെ എന്നിൽനിന്നും അകന്നുപോയിക്കൊണ്ടിരുന്ന തന്റെ പ്രണയം തിരിച്ചുതന്നതിൽ അവളോട് നന്ദി പറയാൻ.ഇനി ജോയെ ഒറ്റയ്ക്കക്കാൻ പാടില്ല….പ്രണയം കൊണ്ട് വീർപ്പുമുട്ടിയ്ക്കണം.
ഈ സമയം കാറിനുള്ളിൽ തന്റെ ഫേക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ജ്യോതിക….അവളുടെ മുഖം ഇപ്പോൾ വല്ലാതെ ചുമന്നു തുടുത്തിരിയ്ക്കുന്നു………..

Leave a Reply

Your email address will not be published. Required fields are marked *