ആദ്യമൊക്കെ കണക്ക് പറഞ്ഞ് കാശ് വാങ്ങുന്ന ഇന്ദു എപ്പോൾ തൊട്ടാണ് എന്നോട് ഇങ്ങനെയെന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു. ഹൗസ് ഓണറുടെ മുന്നിൽ വാടക കൊടുക്കാൻ പണമില്ലാതെ…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അലക്കിത്തേക്കാൻ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് അന്നും നൂറ് രൂപ കിട്ടി. ഇരുപതോളം കുടുംബങ്ങൾ പാർക്കുന്ന ഈ അപ്പാർട്ട്മെന്റിലെ മിക്കവരുടേയും മുഷിഞ്ഞ തുണികളെ അലക്കുകയും തേക്കുകയും ചെയ്യുന്ന ഇന്ദുവല്ലാതെ ആരാണത് വെക്കുകയല്ലേ…

പണ്ട്, ഇവിടുത്തെയൊരു സെക്യൂരിറ്റിക്കാരൻ എവിടെ നിന്നോ കെട്ടിക്കൊണ്ട് വന്ന് കൂടെ പാർപ്പിച്ച പെണ്ണായിരുന്നു ഇന്ദു. പുതുമോടി കഴിഞ്ഞപ്പോൾ തന്നെ അയാൾക്ക് അവളെ വേണ്ടാതായി. ഒരു കുഞ്ഞ് പിറന്നപ്പോൾ അവരുടെ അകൽച്ച പിന്നേയും കൂടി. ഈ അപ്പാർട്ട്മെന്റിലെയൊരു ബാങ്ക് മാനേജരുടെ ഭാര്യയുമായി വൈകാതെ ആ കാവൽക്കാരൻ പാടേ മറയുകയും ചെയ്തു. എവിടെ പോകണമെന്ന് അറിയാതെ വാ പിളർന്ന് നിന്ന ഇന്ദുവിന് ഇവിടെയുള്ളവർ ആശ്രയം കൊടുക്കുകയായിരുന്നു. ആ സെക്യൂരിറ്റിക്കാരന്റെ മുറിയിൽ തന്നെ താമസിക്കാൻ അനുവാദം കിട്ടിയപ്പോൾ, തന്റെ കുഞ്ഞുമായി ഇനിയൊരു ലോകം നിർമ്മിക്കാൻ പറ്റുമോയെന്ന ശ്രമത്തിലാണ് അവളിന്ന്…

ഇന്ദുവിനെ തേടി വരാൻ ആരുമില്ല. ഒരിക്കലൊരു കൊച്ച് ചെറുക്കനും പ്രായമായ സ്ത്രീയും അവളെ കാണാൻ വന്നതായി ഞാൻ കണ്ടിട്ടുണ്ട്. കരച്ചിലും, വിങ്ങലുമായി നീണ്ട ആ രംഗം കണ്ടപ്പോൾ എന്നിലും പ്രായമുള്ള അവളൊരു സാധുവാണെന്ന് തോന്നി. അപ്രതീക്ഷിതമായി ഒറ്റപ്പെട്ട് പോകുന്നവരുടെ ഗതി മറ്റാരേക്കാളും എനിക്ക് മനസിലാക്കാൻ പറ്റുമായിരുന്നു.

‘കുപ്പായത്തിന്റെ കീശയിൽ നൂറ് രൂപ ഉണ്ടായിരുന്നുവല്ലോ…’

ആദ്യമായി കിട്ടിയ നാൾ വൈകുന്നേരം ഇന്ദുവിനോട് ഞാൻ പറഞ്ഞതാണ്. മറുപടിയെന്നോണം ജോലി കിട്ടിയോയെന്നാണ് അവൾക്ക് ചോദിക്കാനുണ്ടായിരുന്നത്. ഇല്ലെന്ന് പറഞ്ഞ് ഞാൻ തല താഴ്ത്തി. എന്നിരുന്നാലും, എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു. നിനക്ക് ആരുമില്ലെന്ന് സ്വയം പറഞ്ഞ നേരങ്ങളൊക്കെ കള്ളമാണെന്ന് തിരുത്താനൊരു ഇളം കാറ്റടിച്ചത് പോലെ…

തന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാളെ നിരീക്ഷിക്കുകയും, ചിന്തിക്കുകയും, അയാൾക്കൊരു നല്ല കാലം വരണമേയെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യർ വളരേ കുറവാണല്ലോ. വെറുതേ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ബന്ധങ്ങളിൽ നിന്ന് മുഷിഞ്ഞ് ഇറങ്ങിയത് കൊണ്ടാകാം, ഇന്ദുവിന്റെ സാമീപ്യം എന്നെ വല്ലാതെ സന്തോഷപ്പെടുത്തുന്നത്. അതെന്ത് തരത്തിലുള്ള ഇഷ്ടം കൊണ്ടാണെന്ന് മാത്രമേ ഇനി കണ്ടുപിടിക്കാനുള്ളൂ…

ഞാൻ ഈ അപ്പാർട്ട്മെന്റിൽ താമസിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ടര വർഷമായി. വാടകയ്ക്കും മറ്റ് ചിലവിനുമായി ലൈറ്റ് ആൻഡ് സൗണ്ട് ജോലിക്ക് പോകും. അതും എപ്പോഴുമില്ല. അല്ലാത്ത നാളുകളിലൊക്കെ മുറിയിലായിരിക്കും. വല്ലപ്പോഴും ഒത്തുവരുന്ന സൗണ്ട് എഞ്ചിനീയർ പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ അവസരങ്ങളൊന്നും ഞാൻ പാഴാക്കാറില്ല. അപ്പോഴൊക്കെയാണ് തുണികളെല്ലാം ഇസ്തിരിയിടാൻ ഇന്ദുവിനെ ഏൽപ്പിക്കാറുള്ളത്.

ആദ്യമൊക്കെ കണക്ക് പറഞ്ഞ് കാശ് വാങ്ങുന്ന ഇന്ദു എപ്പോൾ തൊട്ടാണ് എന്നോട് ഇങ്ങനെയെന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു. ഹൗസ് ഓണറുടെ മുന്നിൽ വാടക കൊടുക്കാൻ പണമില്ലാതെ വിയർത്തുപോയ ആ നാൾ എനിക്ക് ഇപ്പോഴും ഓർത്തെടുക്കാം. പുതിയയൊരു ജോലിക്ക് ശ്രമിക്കുന്നുണ്ടെന്നും, വൈകാതെ തരാമെന്നൊക്കെ ഞാൻ പറയുന്നത് അവൾ കേട്ടിരിക്കും.

ചാരാൻ ആരുമില്ലാത്ത എന്റെ അവസ്ഥയെ അവൾ മനസിലാക്കിയിരിക്കുന്നു. തനിയേയെന്ന ലോകത്തിൽ പെട്ടുപോകുന്ന അത്തരക്കാരെ എളുപ്പത്തിൽ മനസിലാക്കാൻ മനുഷ്യർക്ക്‌ സാധിക്കുമല്ലോ… അവരുടെ എല്ലാ ചലനങ്ങളും ഒറ്റുകാരായിരിക്കും..

ആ സംഭവത്തിന് ശേഷമാണ്, അലക്കുന്നതിനും തേക്കുന്നതിനും ഇന്ദു എന്നോട് കണക്ക് പറയാതിരുന്നത്. പതിയേ ആ ഇടപെടൽ എനിക്ക് പ്രിയപ്പെട്ടതാകുകയായിരുന്നു. അവൾ എന്റെ ആരോ ആണെന്ന് അറിയാതെ ബലപ്പെടുന്നത് പോലെ…

അതിനുമപ്പുറം, ഞാൻ ഇതുവരെ കൊണ്ടിട്ടില്ലാത്ത വിധം ഇടപെടുന്ന ഇന്ദുവിന് എന്താണ് എന്നോടെന്നതും തല തിരിഞ്ഞയൊരു ചോദ്യമായി ഇടയ്ക്കൊക്കെ മുന്നിൽ തെളിയാറുണ്ട്…

രാവിലെ പത്തര മണിക്കായിരുന്നു ഇന്റർവ്യൂ. ഇന്ദു തേച്ച് തന്ന മിനുക്കമുള്ള വസ്ത്രത്തിൽ എത്തിച്ചേരേണ്ട പ്രൊഡക്ഷൻ ഹൗസിലേക്ക് ഞാൻ നേരത്തേയെത്തി. ഊഴം വരുന്നത് വരെ ചുളിയാതെ കാത്തിരുന്നു. ചുറ്റിലും ഉണ്ടായിരുന്നവരിൽ നിന്ന് ഉയരുന്ന അക്ഷമയുടെ കിതപ്പും, ആകാംഷയുടെ ചിരിയും, ഇതുകൂടി കിട്ടിയില്ലെങ്കിൽ ജീവിതം തന്നെ നിന്ന് പോകുമോയെന്ന് കരുതുന്നവരുടെ ഭയവും എനിക്ക് കേൾക്കാമായിരുന്നു. അതിൽ ഞാനും ഉണ്ടോയെന്ന സംശയം മാത്രമേ അപ്പോൾ എനിക്ക് ഉണ്ടായിരുന്നുള്ളൂ…

‘നിങ്ങൾക്ക് എന്തുകൊണ്ടാണ് ഈ ജോലിക്ക് താൽപര്യം തോന്നാൻ കാരണം…’

ചോദ്യം ഇംഗ്ലീഷിൽ ആയിരുന്നു. ശബ്ദങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹമുള്ളത് കൊണ്ടാണെന്ന് പറഞ്ഞ് ഞാൻ എന്റെ ഡിപ്ലോമ സർട്ടിഫിക്കറ്റ് പാനലിന്റെ ടേബിളിൽ വെച്ചു. ഇന്റർവ്യൂ ചെയ്യാൻ മൂന്ന് പേരുണ്ടായിരുന്നു. അങ്ങനെയൊരു ആഗ്രഹം എന്തുകൊണ്ട് തോന്നിയെന്ന് ചോദിച്ച് അതിലൊരാൾ സർട്ടിഫിക്കറ്റ് എടുത്ത് നോക്കി. ശബ്ദമില്ലാത്ത ഭൂമിയെ സങ്കൽപ്പിക്കാൻ കഴിയാത്തത് കൊണ്ടെന്ന മറുപടിയിൽ ഞാൻ ആ മുറിയിലേക്ക് കുറച്ച് നിമിഷങ്ങളിലേക്ക് മാത്രമായി മൗനം നിറക്കുകയായിരുന്നു.

ടെക്‌നിക്കലിയുള്ള ചില ചോദ്യങ്ങൾക്ക് ശേഷം ഞങ്ങളുടെ സൗണ്ട് എഞ്ചിനീയറായി നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അവർ എന്നോട് പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ശബ്ദമായിരുന്നുവത്. ആ തരംഗങ്ങൾ ഇപ്പോഴും എന്റെ തലയിൽ വന്ന് ചിലപ്പോഴൊക്കെ മൂളാറുണ്ട്. ആ നേരങ്ങളിലൊക്കെ എന്റെ മാനത്തൊരു പൂർണ്ണചന്ദ്രന്റെ തെളിച്ചത്തോടെ ഇന്ദു തെളിയും.

ആഗ്രഹിച്ചത് പോലെയൊരു ജോലി കിട്ടിയതിന്റെ സന്തോഷം ഞാനന്ന് ആഘോഷിച്ചിരുന്നു. ബാറിൽ കയറിയതിന് ശേഷമുള്ള തിമിർപ്പിൽ ഷർട്ടും പാന്റും ചുളിഞ്ഞ് പോയതെല്ലാം വൈകിയാണ് ഞാൻ അറിയുന്നത്. ചുളിഞ്ഞാലെന്താണ് കുഴപ്പമെന്നും, മിനുക്കാൻ ഇന്ദു ഇല്ലേയെന്നും സ്വയം ചോദിച്ചാണ് സന്ധ്യയാകുമ്പോഴേക്കും അപ്പാർട്ട്മെന്റിൽ എത്തിയത്.

എനിക്ക് ജോലി കിട്ടിയെന്ന് പറഞ്ഞിട്ടും ഇന്ദുവിന് യാതൊരു സന്തോഷവുമില്ല. ഉണ്ടായിട്ടും ഇല്ലെന്ന് പ്രകടിപ്പിച്ചതാകാനേ തരമുള്ളൂ… മiദ്യപിച്ച് ലക്കുകെട്ട കോലം കണ്ടിട്ടാകണം പെണ്ണ് ചിണുങ്ങിയത്. എന്തൊക്കെ പറഞ്ഞിട്ടും ഇന്ദു എന്നോട് ക്ഷമിച്ചില്ല. അത്രയ്ക്കൊക്കെ പിണങ്ങാൻ അവൾക്ക് എന്നോട് എന്താണെന്നും, അങ്ങനെ പിണങ്ങുമ്പോൾ വിഷമിക്കാൻ മാത്രം അവളെന്റെ ആരാണെന്നും ആ രാത്രിയിൽ മുഴുവൻ ചിന്തിച്ചിരുന്നു…

സ്നേഹമാണെന്ന് അനുഭവിപ്പിച്ച ഇടത്ത് സ്ഥാനമില്ലാതെ വരുമ്പോഴുള്ള സങ്കടത്തോടെ നാളുകൾ മറിഞ്ഞു. അത്രയും കൃത്യത്തിൽ ഉള്ളിൽ തൊടണമെങ്കിൽ എന്റെ ആരാണ് ഇന്ദുവെന്ന് കണ്ടെത്താൻ എനിക്ക് സാധിച്ചതേയില്ല. ആരായാലും ആ സാമീപ്യം വളരേയേറെ ഞാൻ ആഗ്രഹിക്കുന്നു…

ഞാൻ ജോലിക്ക് പോയിത്തുടങ്ങി. തുണികളെല്ലാം തേച്ച് തരുമെങ്കിലും ഇന്ദു എന്നോട് സംസാരിക്കാറില്ല. ഒരുമാസം കഴിയാനുള്ള പണം എന്റെ പോക്കറ്റിൽ വെച്ച് തന്നതിനെ കുറിച്ച് ചോദിച്ചിട്ടും ഒരക്ഷരം മിണ്ടിയില്ല. ഞാൻ അടുത്തേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞാൽ തന്നെ തന്റെ കുഞ്ഞുമായി അവൾ തിരക്ക് അഭിനയിക്കും. അമ്മയുടെ പിണക്കം അറിയാത്ത ആ കുഞ്ഞ് കാണുമ്പോഴെല്ലാം എന്നോട് ചിരിക്കാറുണ്ട്.

അന്ന് ആദ്യ ശമ്പളം കിട്ടിയ നാളായിരുന്നു. ഇന്ദുവിന്റെ മുഴുവൻ കടവും തീർക്കണമെന്ന് എനിക്ക് തോന്നി. പക്ഷെ, എത്ര വട്ടം കൃത്യമായി കൂട്ടിയിട്ടും കണക്ക് ശരിയാകുന്നില്ല. എന്തോയൊന്ന് കുറഞ്ഞത് പോലെ… ആലോചിച്ചപ്പോൾ ഒരിക്കലും തീർക്കാൻ പറ്റാത്ത കണക്കാണ് തലയിൽ ഇന്ദു എഴുതിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുകയായിരുന്നു…

വീണ് പോകുന്ന നേരത്ത് താങ്ങായി നിന്നവരോടുള്ള കടപ്പാട് നിവർന്ന് വന്ന കാലത്ത് തീർക്കാൻ പറ്റുമെന്നത് വെറുതേയാണ്. അങ്ങനെ ചിന്തിച്ചത് തന്നെ തെറ്റായിപ്പോയെന്ന് തോന്നി. ചുളിഞ്ഞ മനസ്സുള്ളവർ എത്ര തേച്ച് മിനുക്കി നടന്നാലും ലോകത്തിൽ ചുരുണ്ട് പോകുക തന്നെ ചെയ്യും. ആ ചിന്തയിൽ ശമ്പളമായി കിട്ടിയ മുഴുവൻ പണവും പോക്കറ്റിൽ വെച്ച ഷർട്ടുമായി ഇന്ദുവിന്റെ മുറിയിലേക്ക് ഞാൻ നടക്കുകയായിരുന്നു…

‘ഇന്ദൂ…’

കതക് തുറന്നത് അവൾ ആയിരുന്നുവെങ്കിലും പുറത്തേക്ക് വന്നത് മുമ്പ് എപ്പോഴോ ഞാൻ കണ്ടുമറന്ന ആ പ്രായമായ സ്ത്രീയും ചെറുക്കനു മായിരുന്നു. പരസ്പരം വിങ്ങാൻ മാത്രം എപ്പോഴെങ്കിലും കണ്ടുമുട്ടുന്നവർ…

അവർ ഇറങ്ങാൻ തുടങ്ങിയ നേരമായിരുന്നുവത്. യാത്ര പറഞ്ഞ് അപ്പാർട്ട്മെന്റിൽ നിന്ന് അവർ നടന്ന് തുടങ്ങി. തന്റെ ഇളയ സഹോദരനും, അമ്മയുമാണ് ആ പോകുന്നതെന്ന് ഇന്ദുവെന്നോട് പറയുന്നുണ്ടായിരുന്നു. അത് കേൾക്കുന്നുണ്ടെങ്കിലും എന്റെ കാഴ്ച്ച അവളുടെ കണ്ണുകളിൽ നിന്ന് അടർന്ന് വീഴാൻ തുടങ്ങുന്ന ആദ്യ തുള്ളിയിലായിരുന്നു…

കൈയ്യിലിരിക്കുന്ന തുണി ഇന്ദുവിന് കൊടുത്തപ്പോൾ സംശയത്തോടെയാണ് അവളത് വാങ്ങിയത്. ഷർട്ടിന്റെ പോക്കറ്റിൽ പണമാണെന്ന് കണ്ടപ്പോൾ അതെടുത്ത് എന്റെ കൈകളിൽ തന്നെ പിടിപ്പിച്ചു. തനിക്ക് പിണക്കമൊന്നുമില്ലെന്ന് പറഞ്ഞ് എന്നെ തലോടുകയും, തിരുനെറ്റിയിൽ ചുംiബിക്കുകയും ചെയ്തു. ഞാനത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ആയുസ്സിന്റെ നീളത്തിൽ ജീവിതം തന്നെ ധന്യമാകും വിധം എന്റെ കണ്ണുകൾ താനേ അടഞ്ഞുപോയി…

ഇന്ദുവിന് എന്നോട് എന്തായിരുന്നുവെന്ന് കുറച്ചൊക്കെ ഊഹിക്കാൻ അപ്പോഴേക്കും എനിക്ക് കഴിഞ്ഞിരുന്നു. കൂട്ടി വായിക്കുമ്പോൾ കേൾക്കാൻ സാധിക്കുന്ന ആ ശബ്ദ തരംഗങ്ങളെല്ലാം തലയിൽ അപൂർവ്വമായ താളം പിടിക്കുകയാണ്. എല്ലാം ഉറപ്പിക്കാൻ എന്നോണം നടന്ന് അകലുന്ന തന്റെ ഇളയ സഹോദരനെ ചൂണ്ടിക്കൊണ്ട് ഇന്ദുവത് പറയുകയും ചെയ്തു. അവന്റെ പേരാണ് പോലും എനിക്ക്… എന്റെ ചിരിയാണ് പോലും അവന്…!!!

Leave a Reply

Your email address will not be published. Required fields are marked *