നിരീക്ഷണവലയം
എഴുത്ത്:-രാജീവ് രാധാകൃഷ്ണ പണിക്കർ
അയല്പക്കത്ത് പുതിയ താമസക്കാർ വന്നുവെന്ന് ‘ഋതു’ ആണ് പറഞ്ഞത്.
അതും ജോലി കഴിഞ്ഞ് തളർന്നു വന്ന ഒരു സായം സന്ധ്യയിൽ.
കുറച്ചു നാളായി അയൽക്കാരുമായുള്ള സമ്പർക്കം കുറഞ്ഞിരിക്കുന്നതിനാൽ എനിക്കതിൽ വലിയ താത്പര്യം തോന്നിയില്ല.
വർഷത്തിൽ നാലു തവണയെങ്കിലും വാടകക്കാർ മാറി മാറി വരുന്ന ആ വീട്ടിൽ പുതിയതായി ആരു വന്നാലും ഈയിടെയായി ശ്രദ്ധിക്കാറില്ല.
കഴിഞ്ഞ തവണ താമസിച്ചിരുന്ന കാർന്നോരുമായി പറമ്പിലേക്ക് വേസ്റ്റ് ഇടുന്ന വിഷയത്തിൽ തർക്കം ഉണ്ടായതുമാണ്.
“നിനക്ക് അന്യരുടെ വീട്ടിലേക്കു നോക്കിയിരിക്കുന്നത് ഒഴിവാക്കാറായില്ലേ ഋതു” എന്ന് ഞാൻ അവളെ പരിഹസിക്കുകയും ചെയ്തു.
അതിന്റെ പ്രതിഷേധം എന്നോണം അവൾ തന്ന കാപ്പിയിൽ മധുരം കുറവായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
വൈകിട്ട് പതിവുള്ള നടത്തത്തിന് അപ്രതീക്ഷിതമായി വന്ന ഇടമഴ ഒരു തടസ്സമായതിനാൽ നടത്തം ടെറസിൽ ആകാമെന്നു കരുതി.
ടെറസ്സിന് മുകളിൽ ട്രെസ് വർക്ക് ചെയ്തിരിക്കുന്നതിനാൽ മഴക്കാലത്ത് ഒരാശ്വാസമാണ്.
മൊബൈലിൽ ലളിത സഹസ്രനാമം ഓൺ ചെയ്ത് ഞാൻ നടക്കാൻ തുടങ്ങി.
റോഡിലൂടെ നടക്കുന്നത് പോലെയല്ല ടെറസിലെ നടപ്പ്.
റോഡിലൂടെ നടക്കുമ്പോൾ ഒരു ലക്ഷ്യമുണ്ട്.
ടെറസിൽ അങ്ങനെയല്ല.
കുറച്ചു റൗണ്ട് നടക്കുമ്പോഴേക്കും മടുപ്പാകും.
സഹസ്രനാമം വച്ചാൽ ഒരു ഗുണമുണ്ട്.
അര മണിക്കൂർ സമയനിഷ്ഠ പാലിക്കാം.
ആ നടത്തത്തിനിടയിലാണ് കണ്ണുകൾ അറിയാതെ അയൽ വീട്ടിലേക്ക് ചെന്നത്.
സിറ്റൗട്ടിലെ വാം ലൈറ്റിന്റെ വെളിച്ചത്തിൽ ചുവന്ന നിറം അവ്യക്തമായി കാണാം.
വസ്ത്രം ചുവപ്പ് ആയതു കാരണം സ്ത്രീ ആയിരിക്കാനാണ് സാധ്യത.
തെളിഞ്ഞു കാണുന്നില്ല.
മൊബൈൽ നോക്കി നോക്കി കണ്ണിന്റെ പവർ
നഷ്ടമായിരിക്കുകയാണ്.
അല്ലാതെ പ്രായം ആയതു കൊണ്ടൊണെന്ന് തെറ്റിദ്ധരിക്കരുത്.
ആരാണെന്ന് അറിയാനുള്ള ആകാംഷ യോടെ വാട്ടർ ടാങ്കിനു മുകളിൽ വച്ചിരുന്ന കണ്ണട എടുത്ത് മുഖത്തു ഫിറ്റ് ചെയ്തു ഒന്നു കൂടി സൂക്ഷിച്ചു നോക്കി.
ഊഹം തെറ്റിയില്ല.
സ്ത്രീ രൂപം തന്നെ.
ബോബ് ചെയ്ത മുടിയിഴകൾ ഫാനിന്റെ കാറ്റിൽ ഇളകിയാടുന്നു.
ഏറിയാൽ ഒരു മുപ്പത്തഞ്ചു വയസ്സ്.
മനസ്സൊന്നു കുളിർത്തു.
അടുക്കളയിൽ എന്തോ കരിയുന്നതിന്റെ മണം വരുന്നുണ്ട്.
‘ഋതു ‘ പാചകത്തിലാണ്.
മുകളിലേക്ക് കയറി വരാനുള്ള ലക്ഷണം ഒന്നും ഇല്ല.
മകനാണെങ്കിൽ ‘ipl ‘ ലഹരിയിൽ ആണ്.
ഞാൻ വിശദമായി ഒന്നുകൂടി അയല്പക്ക നിരീക്ഷണം നടത്തി.
സുന്ദരി മൊബൈൽ നോക്കുന്ന തിരക്കിൽ ആണ്.
പെട്ടെന്ന് അകത്തു നിന്നും രണ്ടു രൂപങ്ങൾ കൂടി സിറ്റൗട്ടിലേക്ക് വന്നു.
ദേ വേറേ രണ്ടു സുന്ദരികൾ.
ഞാൻ ആകെ വിജ്രുംഭിച്ചു പോയി.
ഇതെന്താ ലേഡീസ് ഹോസ്റ്റലോ.
നടത്തം തല്ക്കാലം നിർത്തി അയല്പക്ക നിരീക്ഷണത്തിൽ ഒതുങ്ങി.
അവർ മൂന്നു പേരും കൂടി എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുകയാണ്.
ഞാൻ മൊബൈലിന്റെ ഹോട്സ്പോട് ഓണാക്കി.
അവരെങ്ങാനും വൈഫൈ തിരഞ്ഞാൽ ഇങ്ങനെ ഒരു പേരുകാരൻ അടുത്ത് താമസിക്കുന്നുണ്ടെന്ന് അറിയട്ടെ.
സമയം പോയതറിഞ്ഞില്ല.
അപ്പോഴേക്കും പ്രിയതമയുടെ കാൾ വന്നു.
ഊണ് റെഡി ആയി എന്ന് പറഞ്ഞ്.
അവളുടെ വിളി ആസ്ഥാനത്തായല്ലോ എന്ന വിഷമത്തോടെ ഞാൻ തീൻ മേശക്കരുകിൽ എത്തി.
“ഇന്നെന്താ കൂടുതൽ നടന്നോ. കുറെ നേരം ആയല്ലോ മുകളിലേക്ക് പോയിട്ട്!”
അവളുടെ ചോദ്യം പ്രതീക്ഷിച്ചതല്ല.
“ഇന്നലെ ടെസ്റ്റ് ചെയ്തപ്പോൾ പഞ്ചസാര കൂടുതലാ. ഇത്തിരി കൂടുതൽ നടക്കാമെന്ന് കരുതി”
മറുപടിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.
“അല്ലേലും നിങ്ങക്ക് ഈയിടെയായി പഞ്ചസാര കൂടുതൽ ആണെന്ന് എനിക്കും തോന്നി!
നാളെ മുതൽ മഴ ആണെങ്കിലും പുറത്തു നടന്നാൽ മതി. ഇതാ ഞാൻ അവന്റെ മഴക്കോട്ട് എടുത്തു വച്ചിട്ടുണ്ട്.ടെറസിൽ നടന്നാൽ പഞ്ചസാര കൂടിയാലോ!”
അവളുടെ വാക്കുകളിൽ ദ്വായാർത്ഥം ഉണ്ടായിരുന്നോ എന്തോ.
എന്തായാലും ഒരു കാര്യം മനസ്സിലായി.
‘നാം എവിടെ തിരിഞ്ഞാലും നമ്മൾ നമ്മളെ സ്നേഹിക്കുന്നവരുടെ നിരീക്ഷണ വലയത്തിനുള്ളിൽ ആയിരിക്കും.’
സത്യമാണെടോ!