എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
മെഡിക്കൽ റെപ്പിന്റെ ഉടുപ്പുമിട്ട് കഴിഞ്ഞ അഞ്ച് വർഷങ്ങൾ മഹാരാഷ്ട്രയിലെ ഷോളാപ്പൂരിലായിരുന്നു. സ്വയം ഓണാക്കി പ്രവർത്തിക്കുന്ന യന്ത്രമാണ് ജീവിതമെന്നത് അങ്ങേയറ്റം പഠിച്ച് കഴിഞ്ഞിരിക്കുന്നു. ഇന്ദനം കിട്ടാതെ വരുമ്പോൾ ഓഫാകുമായിരിക്കും. ഉള്ള് തുറന്നൊന്ന് ചിരിക്കാൻ സാധിക്കുന്നതിന് മുമ്പേ തകരാറാകരുതെന്ന ആഗ്രഹമേയുള്ളൂ…
ദൈനംദിന കാര്യങ്ങളുമായി ഇടപെടേണ്ടി വരുന്നത് കൊണ്ട് ഷോളാപ്പൂർ നഗരത്തിലെ മിക്ക ചൗക്കുകളും എനിക്ക് അറിയാം. അതായത് കവലകൾ…
നിറഞ്ഞ സന്തോഷത്തോടെ മനസ്സ് തുറന്നൊന്ന് ചിരിക്കാൻ പോലും മറന്ന ആ മറുനാട്ടിലെ ഒറ്റയാൻ ജീവിതം എങ്ങനെയായിരുന്നുവെന്ന് പറയാം. നാട്ടിൽ കുടുംബമുണ്ട്. അത് പുലരണമെങ്കിൽ എത്ര മടുത്തെന്ന് തോന്നിയാലും ഞാൻ ഇവിടെ തുടരണം. ഇങ്ങനെയൊക്കെ പറയുമ്പോഴും പരിചയക്കാരെ കാണുമ്പോൾ പുഞ്ചിരിയുമായി സാമ്യമുള്ള എന്തോയൊന്ന് ചുണ്ടിൽ ഒട്ടിക്കാനൊക്കെ ഞാൻ ശ്രമിക്കാറുണ്ട്…
ആവർത്തന വിരസതയിൽ മുങ്ങിപ്പോയ ജീവിതം വല്ലാതെ മുഷിഞ്ഞ തുടങ്ങിയെന്ന് തോന്നിയ നാളുകളിൽ ഒന്നിലാണ് ഞാനത് ശ്രദ്ധിക്കുന്നത്. പതിവായി സഞ്ചരിക്കുന്ന പാതയരികിൽ പതിവില്ലാത്തയൊരു ആൾക്കൂട്ടം. ശരിയാണ്. മൗലീഭായുടെ സർബത്ത് കടയിലാണ് ആ ആൾത്തിരക്ക്. തൊട്ടുമാറി ആശുപത്രിയും, ചെറുകിട കടകളും, എതിരിൽ ഒരു ഓർഫണേജുമുണ്ട്. അവിടങ്ങളിൽ വരുന്നവരൊക്കെയാണ് സാധാരണ നിലയിൽ മൗലീഭായുടെ കടയിലേക്ക് പോകാറുള്ളത്. എന്നാൽ പോലും ഇത്രയും വലിയ കൂട്ടം എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ബൈക്ക് നിർത്തി ഞാൻ അങ്ങോട്ടേക്ക് നടന്നു.
എത്തി നോക്കുമ്പോൾ കസേരയിൽ ഒരു നാടോടി ചെറുപ്പക്കാരൻ അനങ്ങാതെ നിൽക്കുകയാണ്. തലയിൽ നീല കെട്ടൊക്കെയുണ്ട്. സർബത്ത് കുടിക്കുന്നവർക്ക് വേണമെങ്കിൽ ചുറ്റും വരച്ച വൃത്തത്തിനുള്ളിൽ കയറാതെ അവനെ ചിരിപ്പിക്കാൻ ശ്രമിക്കാം. ചിരിച്ചാൽ ആയിരം രൂപയാണ് സമ്മാനം. അത് നേടാനായി മൂന്നും നാലും തവണയൊക്കെ ആൾക്കാർ സർബത്ത് കുടിക്കുന്നുണ്ട്. തമാശകൾ പറഞ്ഞും, കോപ്രായങ്ങൾ കാട്ടിയും ആരൊക്കെയോ ആ ചെറുപ്പക്കാരനെ ചിരിപ്പിക്കാൻ ശ്രമിക്കുകയാണ്. പക്ഷെ, സാധിക്കുന്നില്ല. എത്ര വെളിച്ചം വീണാലും തിരിച്ച് പ്രതിഫലിക്കാത്ത തമോഗർത്തം പോലെ അവന്റെ മുഖം ഇരുണ്ട് പോയിരിക്കുന്നു. അത്രത്തോളം ദുഃഖം അവൻ താങ്ങുന്നുണ്ടെന്ന് ഞാൻ ഊഹിച്ചു. മൗലീഭായുടെ മട്ട് കണ്ടിട്ട് സർബത്ത് തീരാറായെന്നാണ് തോന്നുന്നത്.
‘കദം, കദം…’
കഴിഞ്ഞുവെന്ന് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു. പരിചയം പുതുക്കിയപ്പോൾ ഭായ് എന്നോട് ചിരിക്കുകയും, സംസാരിക്കുകയും ചെയ്തു. അല്ലെങ്കിലും ആ മാറാത്തിക്കാരൻ മധ്യവയസ്കൻ ആള് പാവമാണ്. അതുകൊണ്ട് തന്നെയാണ്, മുഖവരയില്ലാതെ ആ ചെറുപ്പക്കാരനെ കുറിച്ച് ഞാൻ ചോദിച്ചതും. നേരിട്ട് തന്നെ പരിചയപ്പെട്ടോളൂവെന്ന് പറഞ്ഞ് മൗലീഭായ് അവനെ വിളിക്കുകയായിരുന്നു…
‘ശ്രിയൻ..’
സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അവൻ എനിക്ക് കൈ തന്നു. ശേഷം മൗലിഭായുടെ കൈയ്യിൽ നിന്ന് ആയിരം രൂപയും വാങ്ങി അടുത്തുള്ള റെസ്റ്റോറന്റിലേക്ക് നടക്കുകയായിരുന്നു. വിശക്കുന്നുണ്ടാകും. അവൻ ആരാണെന്നും, എന്താണെന്നുമൊക്കെ എനിക്ക് അറിയണമെന്ന് തോന്നി. പക്ഷെ, ശ്രിയൻ എന്ന പേരിനപ്പുറം മൗലിഭായിക്കും അവനെ കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. അറിയുന്നത് ഇത്രമാത്രമാണ്. അവനെ ചിരിപ്പിക്കാൻ ആർക്കുമാകില്ല…
എന്ത് അർത്ഥത്തിൽ ആണ് അയാൾ അത് പറഞ്ഞതെന്ന് അറിയില്ലെങ്കിലും എന്നിൽ അത് കൃത്യമായി കൊണ്ടു. നിറവോടെ എന്നെയൊന്ന് ചിരിപ്പിക്കാൻ എനിക്ക് പോലും ആകുന്നില്ലല്ലോ! ആ നാടോടി ചെറുപ്പക്കാരന്റെ മനസ്സും എന്റേതെന്ന പോലെ മരവിച്ച് തുടങ്ങിയിട്ടുണ്ടാകുമെന്ന് ആ നേരം എനിക്ക് തോന്നുകയായിരുന്നു. അത് വെറും തോന്നൽ മാത്രമാണെന്ന് സ്ഥാപിക്കുന്ന പോലെയായിരുന്നു പിന്നീട് കാര്യങ്ങളെല്ലാം നടന്നത്.
ശ്രദ്ധിച്ചപ്പോൾ കയറിപ്പോയ റെസ്റ്റോറന്റിൽ നിന്ന് ശ്രിയൻ ഇറങ്ങി വരുകയാണ്. പോകുന്നത് റോഡ് മുറിച്ച് കടന്നാൽ എത്തുന്ന ആ ഓർഫണേജിലേക്കും. അവൻ ചിരിക്കാത്തതിന്റെ കാരണം പശ്ചാത്തലത്തിൽ മറ്റൊരു ചെറു ചിരിയുമായി മൗലിഭായ് വിവരിക്കുന്നുണ്ടായിരുന്നു.
‘അവിടുത്തെ കുഞ്ഞുങ്ങളെ ചിരിപ്പിക്കാൻ അവൻ എത്ര നേരം വേണ മെങ്കിലും ചിരിക്കാതെ നിൽക്കും. അവന്റെ കൂലി അവർക്കുള്ളതാണ്. മനുഷ്യൻമ്മാരുടെ ഓരോ സന്തോഷന്നല്ലാതെ മറ്റെന്താ പറയാ…’
മൗലിഭായ് ഹിന്ദിയിലാണ് പറഞ്ഞതെങ്കിലും എന്റെ ഭാഷയിൽ തന്നെയാണ് ഞാനത് കേട്ടത്. ശ്രിയന്റെ കൂടെ തന്നെയായിരുന്നു എന്റെ കണ്ണുകളും. അവൻ ഗേറ്റ് തുറന്ന് ആ ഓർഫണേജിലേക്ക് കയറുകയാണ്. റോഡ് മുറിച്ച് കടന്ന് ഞാനും അവനെ പിന്തുടർന്നു. തന്റെ കൈയ്യിൽ ഉണ്ടായിരുന്നതെല്ലാം അടുത്തേക്ക് വന്ന സ്ത്രീയുടെ കൈയ്യിൽ കൊടുത്തതിന് ശേഷം ശ്രിയൻ പ്രത്യേകതരമൊരു ശബ്ദം പുറപ്പെടുവിക്കുകയായിരുന്നു. ഗേറ്റിന് പുറത്ത് നിൽക്കുന്ന എന്റെ കാതുകളിലും അത് മുഴങ്ങി.
മൗലീഭായ് പറഞ്ഞത് ശരിയായിരുന്നു. പ്രിയപ്പെട്ട ആരോ എത്തിയിട്ടുണ്ടെന്ന് മനസിലാക്കിയത് പോലെ അപ്പോഴേക്കും പത്തുപതിനാറ് ചിരിക്കുഞ്ഞുങ്ങൾ ശ്രിയനെ മുട്ടുകുത്തിക്കാനായി ആ മുറ്റത്തേക്ക് ഓടിയെത്തിയിരുന്നു. എല്ലാവരേയും ഒരുമിച്ച് പുണരാൻ എന്നോണം അവന്റെ കൈകൾ ചിറകുകൾ പോലെ വിടരുകയാണ്. ആ കാഴ്ച്ചയുടെ ആഹ്ലാദത്തിൽ ചിരിക്കാൻ താൻ മറന്നിട്ടില്ലെന്ന് എന്റെ ചുണ്ടുകൾ തെളിയിക്കുകയായിരുന്നു….!!!