എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
അന്ന് വെളുപ്പിന് ഡ്യൂട്ടി സുകുമാരന് കൈമാറി ഞാൻ കാട് ഇറങ്ങി. കുമാരിയുടെ അടുത്തേക്ക് എത്താൻ മൂന്നുമണിക്കൂറോളമുള്ള യാത്രയുണ്ട്. ഞാൻ അക്ഷമനായി നിർത്തിയിട്ട ജീപ്പിൽ കയറിയിരുന്നു.
ഒരു ഡോക്യൂമെന്ററിയുടെ ഭാഗമായാണ് പ്രത്യേക അനുമതിയുമായി കുമാരിയും കൂട്ടരും എന്റെ കാട്ടിലേക്ക് വരുന്നത്. അവർക്ക് ചിത്രീകരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഞാനാണ് ഏർപ്പാടാക്കി കൊടുത്തത്. രണ്ടുനാൾ കഴിഞ്ഞപ്പോൾ അവർ പോകുകയും ചെയ്തു.
ചുറ്റിക്കറങ്ങി വിവരിക്കുന്ന വേളയിൽ എപ്പോഴോ കുമാരി എന്റെ ഫോൺ നമ്പർ വാങ്ങിയിരുന്നു. അതുകൊണ്ട് ഡോക്യൂമെന്ററി പുറത്തിറങ്ങിയെന്ന് പറയാൻ അവൾ വിളിച്ചു. കാട്ടുവിശേഷം കേൾക്കാൻ അവളുടെ നാക്കും കാതും പിന്നേയും എന്നെ തേടി വന്നു. അങ്ങനെ കുമാരിയിലേക്ക് ചാഞ്ഞുപോയതായിരുന്നു എന്റെ മനസ്സ്..
പണ്ടൊരു പ്രണയിനിയുടെ നഖങ്ങൾ കൊണ്ട മാറിൽ മരുന്നാകാൻ ഒരു പെണ്ണ് വന്നിരുന്നുവെങ്കിലെന്ന് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു.. വളരേ യാദൃശ്ചികമായി കുമാരി ജീവിതത്തിലേക്ക് വന്നപ്പോൾ സ്വാഭാവികമായി എനിക്ക് ആശ്വാസം തോന്നി. അവളുടെ സംസാരത്തിൽ എന്നോട് സ്നേഹമാണെന്ന് എനിക്ക് അനുഭവപ്പെട്ടു. തുടർ ജീവിതത്തിൽ കുമാരിയും വേണമെന്നുള്ള ആഗ്രഹം നാളുകൾക്കുള്ളിൽ തന്നെ എനിക്ക് തോന്നുകയായിരുന്നു…. അതുകൊണ്ടാണ് ഞാൻ ഉൾപ്പെടുന്ന ഡോക്യൂമെന്ററി കാണാൻ അവൾ ക്ഷണിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ വെളുപ്പിന് തന്നെ ഞാൻ പുറപ്പെട്ടത്..
നിറഞ്ഞ ആൾക്കാരുമായി ജീപ്പ് ചലിച്ചു. കവലയിൽ ഇറങ്ങി കുമാരിയുടെ അടുത്തേക്ക് പോകാനുള്ള ബസ്സിൽ ഇരുന്നപ്പോൾ പതിവുപോലെ കണ്ണുകൾ അടച്ച് ഞാൻ കാതുകൾ പൊത്തി. എന്നെ ഉറക്കാൻ പാകം കുളിരുള്ള കാടായിരിക്കണമേ കുമാരിയെന്ന് ആശിച്ചുകൊണ്ട് ഞാൻ മയങ്ങി..
എനിക്ക് ഫോറെസ്റ്റ് ഗാർഡായി ജോലി കിട്ടിയിട്ട് എഴുവർഷമായി. ഒരു തൊഴിൽ എന്നതിൽ ഉപരി തുടക്കത്തിൽ കാടുകളോട് എനിക്ക് യാതൊരു മമതയും ഉണ്ടായിരുന്നില്ല. പക്ഷേ, വർഷം ഒന്ന് കഴിയുമ്പോഴേക്കും നാടെന്ന ചിന്ത തന്നെ എന്നിൽ നിന്ന് ഒഴിഞ്ഞു. ആകെയുള്ള അമ്മയെ കാണാൻ കാട് ഇറങ്ങുമ്പോൾ വല്ലാത്തയൊരു പരവേശമാണ്. അപായ സൂചനകൾ കാണുമ്പോൾ വെപ്രാളപ്പെടുന്ന സാധു കാട്ടുമൃഗമായി ഞാൻ ആ നേരങ്ങളിൽ മാറും…
പൊടി പാറുന്ന ബഹളങ്ങൾക്കുള്ളിലൂടെയുള്ള യാത്ര അസ്സഹനീയമാണ്. അമ്മയുടെ കൂടെ കൂടാമല്ലോയെന്ന മന്ത്രം ഉരുവിട്ട് യാത്രമുഴുവൻ ഞാൻ കണ്ണുകളും കാതുകളും അടക്കും. തുറക്കുമ്പോൾ സഹയാത്രികരുടെ പതുങ്ങിയ ചിരികളുള്ള പൊതിഞ്ഞ നോട്ടങ്ങൾ ഞാൻ കൊള്ളാറുണ്ട്…
എന്റെ കാട്ടിൽ ഏറ്റവും കൂടുതലുള്ളത് മാനുകളാണ്. അതും പല ഇനങ്ങൾ. പുള്ളിമാനുകളുടെ കുസൃതികൾ ഞാൻ ആസ്വദിക്കാറുണ്ട്. പന്നിയെ പോലെയുള്ള കൂരമാനിന്റെ നിറ തവിട്ടിലെ വെള്ള വരകളിൽ കൗതുകം തേടാറുമുണ്ട്. കേഴമാനിന്റെ ഉച്ചത്തിലുള്ള കുര കേൾക്കുമ്പോൾ ആദ്യകാലത്തിൽ ഞാൻ ഭയന്നിരുന്നു. മലമാൻ എന്നും മ്ലാവ് എന്നും പറയാറുള്ള കലമാനെയാണ് എനിക്ക് കൂടുതൽ ഇഷ്ടം.
ഇന്ത്യയിൽ കാണുന്ന ഏറ്റവും വലിയ മാൻ ഇനമായ കലമാന് മൂന്ന് കവരങ്ങളുള്ള കൊമ്പാണ്. ആണിനു മാത്രമേ കൊമ്പുണ്ടാകൂ.. നീണ്ട കാലുകളും ചെറിയ വാലുമുള്ള ഇവർക്ക് അരണ്ട തവിട്ടുനിറമാണ്. മാൻ വർഗ്ഗത്തിൽ പെടില്ലെങ്കിലും കസ്തൂരി മാനുകളും എന്റെ കണ്ണുകളിലെ കൗതുകം ആകാറുണ്ട്….
മാനുകൾ തന്റെ ഇണയുമായി മുട്ടിയുരുമ്മി നടക്കുന്നത് കാണുമ്പോൾ ഞാൻ കുമാരിയെ ഓർത്ത് കൊതിക്കാറുണ്ട്. പരസ്പരം മുഖമുരസ്സി ഒട്ടി നിൽക്കാനും, നാക്കുമുട്ടിച്ച് ചുംബിക്കാനും അപ്പോൾ എനിക്ക് തോന്നും. ഫോണിലൂടെ ഞാൻ ഇതൊക്കെ പറയുമ്പോൾ കുമാരി മുഷിയും. പ്രണയ സല്ലാപങ്ങളോട് വിരക്തിയോടെ മുഖം തിരിക്കാൻ എപ്പോഴും അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…
ബസ്സ് ഇറങ്ങിയൊരു ഓട്ടോ പിടിച്ച് കുമാരിയുടെ വീട്ടിലേക്ക് ഞാൻ എത്തി. കാളിംഗ്ബെൽ അടിച്ചപ്പോൾ അവൾ കതക് തുറന്നു. എന്നെ അവൾ തന്റെ മുറിയിലേക്ക് ക്ഷണിച്ചു. ചായ വേണോ നാരങ്ങാവെള്ളം വേണോയെന്ന് ചോദിച്ചപ്പോൾ, എനിക്കൊരു ഗ്ലാസ്സ് ചൂടുവെള്ളം മാത്രം മതിയെന്ന് ഞാൻ പറഞ്ഞു. ബാത്‌റൂം വേണമെങ്കിൽ ഉപയോഗിച്ചോളൂവെന്ന് പറഞ്ഞുകൊണ്ട് അവൾ പോയി.
മുഖമൊക്കെ കഴുകി വന്നപ്പോഴേക്കും ചൂടുവെള്ളവുമായി കുമാരി വന്നു. ചിരിച്ചുകൊണ്ട് എന്റെ മുമ്പിൽ നിൽക്കുന്ന അവളുടെ കൈയ്യിൽ നിന്ന് ഗ്ലാസ്സ് വാങ്ങുമ്പോൾ എന്റെ ഹൃദയം വിറച്ചിരുന്നു. അത്യാവശ്യം ചൂട് ഉണ്ടായിട്ടും രണ്ടുമൂന്ന് വലിക്ക് ഞാൻ അത് കുടിച്ചു. കുമാരിയെ എന്നിലേക്ക് അടുപ്പിക്കണമെന്ന ചിന്ത മാത്രമേ എന്റെ തലയിൽ പ്രവർത്തിക്കുന്നു ണ്ടായിരുന്നുള്ളൂ… അതുകൊണ്ട്, തട്ടി മാറ്റാൻ മാത്രമായി ഗ്ലാസ്സ് തിരിച്ചുകൊടുക്കുമ്പോൾ ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു. വരണ്ട മണ്ണ് വീണ്ടും വരൾച്ചയെ നേരിടുന്നത് പോലെ എനിക്ക് വിഷമമായി…
അകത്തേക്ക് പോയ കുമാരി തിരിച്ചുവന്നു. നമുക്ക് കാണാമെന്ന് പറഞ്ഞുകൊണ്ട് ഡോക്യൂമെന്ററിയുടെ സീഡിയുമായി അവൾ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു. ഒന്നും മിണ്ടാതെ നിൽക്കുന്ന എന്നോട് എന്തുപറ്റിയെന്ന് അവൾ ചോദിച്ചപ്പോൾ എന്റെ തലകുനിഞ്ഞു.
‘എനിക്ക് നിന്നെ കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും തോന്നുന്നു…!’
ഒരിക്കലും നടക്കില്ലെന്ന അർത്ഥത്തിൽ അവൾ ചിരിച്ചു. എന്നെ ഇഷ്ട്ടമല്ലാത്തത് കൊണ്ടാണോയെന്ന് ചോദിച്ചപ്പോൾ അല്ലെന്നും പറഞ്ഞു.
‘എന്നെ പ്രേമിക്കാൻ കൊള്ളില്ലേ….?’
തന്നെയാണ് പ്രേമിക്കാൻ കൊള്ളാത്തതെന്ന മറുപടിയായിരുന്നു കുമാരിക്ക് പറയാനുണ്ടായിരുന്നത്. അത് എന്തുകൊണ്ടാണെന്ന് ഞാൻ ചോദിച്ചില്ല. പകരംഞാൻ നടന്ന് കസേരയിൽ ഇരിക്കുന്ന അവളുടെ മുതുകിൽ കൈവെച്ചു. തലോടുകയും നേർത്ത മാലയോട് ചേർന്ന കഴുത്തിൽ ചുംബിക്കുകയും ചെയ്തു. അവൾ പിടഞ്ഞാണ് എഴുന്നേറ്റത്…
ഇങ്ങനെയൊന്നും വേണ്ടെന്ന് കുമാരി പറഞ്ഞു. ശരിയെന്ന് തലയാട്ടിക്കൊണ്ട് പോകുകയാണെന്ന് ഞാനും പറഞ്ഞു. അതുകേൾക്കുമ്പോൾ അവളുടെ ഭാവം മനോഹരമായിരുന്നു. ആ കണ്ണുകളിൽ കുരുങ്ങാതെ ഞാൻ പോകാൻ ഒരുങ്ങി. പോകരുതെന്ന് പറഞ്ഞ് അവൾ എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ നിന്നു.
നിനക്ക് എന്റെ ശരീരമാണോ വേണ്ടതെന്നായിരുന്നു അടുത്തേക്ക് വന്ന കുമാരിക്ക് ചോദിക്കാൻ ഉണ്ടായിരുന്നത്. ശരീരവും വേണമെന്ന് പറഞ്ഞുകൊണ്ട് ഞാൻ അവളുടെ അരയിൽ കൈവെച്ചു. അവൾ എതിർത്തില്ല. പുണർന്നപ്പോൾ അപ്പുറം അമ്മയുണ്ടെന്ന് അവൾ പതുക്കെ പറഞ്ഞു. ഞാൻ ആ മുഖം കോരിയെടുത്ത് നെറ്റിയിൽ ചുംബിച്ചു. തുടർന്ന് എന്റെ ചുണ്ടുകൾ അവളുടെ മുഖമാകെ നടന്ന് ഇടത് കാതിൽ കമ്മലോടുകൂടി കടിച്ചു. അപ്പോൾ അവൾ വിറക്കുന്നുണ്ടായിരുന്നു….
എന്റെ ആഗ്രഹത്തിന് മനസ്സില്ലാ മനസ്സോടെ വഴങ്ങുകയാണോ അവൾ… ആ സംശയത്തിൽ കുതറാൻ വെമ്പുന്ന കുമാരിയെന്ന പെണ്ണ് ഒരു ആൺ കലമാനാണെന്ന് എനിക്ക് തോന്നി. അനുരാഗത്തിന്റെ ഇലപ്പൂക്കൾ പിടിക്കാത്ത ചില്ലകൾ പോലെയുള്ള അവളുടെ കൊമ്പുകൾ എന്റെ നെഞ്ചിൽ കുത്തുന്നത് പോലെ…
കുമാരി എന്റേതും കൂടിയാണെന്ന ശ്വാസത്തിൽ ഞാൻ കിതച്ചു. ആശിച്ചതു പോലെ എന്നെ ഉറക്കാൻ പാകം കുളിരുള്ള കാടല്ല അവളെന്ന് എനിക്ക് തോന്നി. ഞാൻ ആഗ്രഹിക്കുന്ന പെണ്ണ് അതേ തലത്തിൽ എന്നേയും ആഗ്രഹിക്കണമെന്ന് കരുതിയ തലയെ പഴിച്ച് ഞാൻ പിടുത്തം വിട്ടു. വിട്ടിട്ടും കുമാരി അടർന്നു മാറിയില്ല… മാ റിയില്ലെന്ന് മാത്രമല്ല എന്റെ മാറിലേക്ക് മുഖം പൂഴ്ത്തുകയും ചെയ്തു. അവൾ ദീർഘമായി നിശ്വസിക്കുന്നത് ആ നിമിഷങ്ങളിൽ ഞാൻ വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു….!!