കുറ്റംപറച്ചിൽ.
എഴുത്ത്:-നവാസ് ആമണ്ടൂർ
കൂട്ടത്തിൽ ഇല്ലാത്തൊരെ കുറ്റം പറയുന്നത് ഒരു നല്ല സമയം പോക്കാണ്. ആ സമയം അയാൾക്ക് ഇല്ലാത്ത കുറ്റം ഉണ്ടാവില്ല. ഈ കലാപരിപാടി എല്ലായിടത്തും ഉണ്ടങ്കിലും അതൊരു ശീലമാക്കിമാറ്റിയവരാണ് പ്രവാസികൾ. നാലോ അഞ്ചോ പേരുള്ള മുറിയിൽ ഒരാൾ പുറത്ത് പോയാൽ ആ റൂമിലെ സകല പ്രശ്നങ്ങൾക്കും കാരണം ആ ഒരുത്തൻ ആയിരിക്കും.ലൈറ്റ് ഓഫ് ആക്കാത്തത് മുതൽ കിച്ചണിലെ കച്ചറ വരെ ഓന്റെ തോളിൽ വെച്ച് ബാക്കിയുള്ളവർ മഹാന്മാർ ആവും.അങ്ങനെ നമ്മളെയും നമ്മളറിയാതെ പലരും കുരിശിലേറ്റിയിട്ടുണ്ടാവും.
ഇനിയിപ്പോ ആ റൂമിൽ നിന്ന് ആരെങ്കിലും ലീവിന് പോയാൽ മൂന്നുനേരം ഭക്ഷണത്തിനൊപ്പം അവന്റെ ഇറച്ചി ആയിരിക്കും തിന്നുക. എല്ലാ പ്രവാസികളും ഇങ്ങനെയാണെന്നല്ല ഇങ്ങനെ ഉള്ളവരും ഉണ്ട്.
ഞങ്ങളെ റൂമിലെ ബാബുക്ക നാട്ടിൽ പോകാൻ ഉള്ള ടിക്കറ്റ് എടുത്തു. പുള്ളിയെ കുറിച്ച് പറയാൻ ഒരുപാട് കുറ്റങ്ങളുണ്ട്. ഏറ്റവും കൂടുതൽ ഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. പുള്ളിക്ക് നല്ലോണം ഭക്ഷണം കഴിക്കണം. വേറെ ആരെങ്കിലും കഴിക്കാൻ ഉണ്ടോ… ഞാൻ ഇങ്ങനെ തിന്നാൽ എല്ലാവർക്കും തികയുമോ എന്ന ചിന്തയൊന്നും പുള്ളിക്കില്ല. പാത്രത്തിൽ ചോറിട്ട് അയിന്റെ ഉള്ളിൽ ചിക്കനും മീനും ഒളിപ്പിച്ചു വെക്കുന്ന പരിപാടി കണ്ടുപിടിച്ചത് പുള്ളിയാണെന്ന് എനിക്ക് സംശയമുണ്ട്.
ഒരു ദിവസം റൂമിലെ ഒരാളുടെ വീട്ടിൽ നിന്നും കുറച്ച് ബീഫ് ഫ്രൈ ആക്കി നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞു വരുന്ന ഒരാളുടെ കൈ വശം കൊടുത്തു വിട്ടു. റൂമിൽ കൊണ്ടുത്തന്നപ്പോൾ .. ഞാനും ഷെരീഫും കൂടി കുറച്ചുകൂടി സവാള ഒക്കെ മുറിച്ച് അതിൽ ചേർത്ത് ഒന്ന് ഉഷാറാക്കി കിച്ചണിൽ വെച്ചു.
“ബാബുക്ക ബീഫ് ഉണ്ട് കിച്ചണിൽ എടുത്തോളൂ.”
“ആ മോനെ…”
ബാബുക്ക ഭക്ഷണം കഴിച്ചു നേരത്തെ കിടന്നു. ഞാനും ഷരീഫും കൂടി ഭക്ഷണം കഴിക്കാൻ റൂമിൽ വന്നപ്പോൾ… ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന് പറയുന്ന പോലെ ചട്ടിയിലെ മുഴുവൻ ബീഫും കഴിച്ച് അതിൽ വെള്ളം ഒഴിച്ച് വച്ചേക്കുന്നു. ഞാൻ ദേഷ്യം കൊണ്ട് ബാബുക്കായുടെ അടുത്തേക്ക് ചെന്നു.
“ഈ ബീഫ് ആര് തിന്ന്…?”
“ഞാൻ…”
“നിങ്ങക്ക് മാത്രം തിന്നാൽ മതിയൊ.”
“നീയല്ലേ എന്നോട് കഴിച്ചോന്ന് പറഞ്ഞത്.”
” കഴിച്ചോ എന്ന് പറഞ്ഞു വിചാരിച്ചിട്ട്… മൊത്തം നിങ്ങൾ ഒറ്റയ്ക്ക് തിന്നുകയാണ് വേണ്ടത്… “
അയാൾ മറുപടിയൊന്നും പറയാതെ പുതപ്പ് എടുത്ത് മുഖം വഴി മൂടി കിടന്നു. പാമ്പ് ഇര വിഴുങ്ങിയ പോലെ രണ്ടു കിലോ ബീഫ് തിന്നു കിടക്കുകയാണ് പാവം.
ഇപ്പോൾ ഏകദേശം ബാബുക്കയുടെ സ്വഭാവം പിടികിട്ടിയിട്ടുണ്ടാവും അല്ലേ. ബാബുക്ക നാട്ടിൽ പോകുന്നതിന്റെ തലേദിവസം. സാധാരണ കൂട്ടത്തിൽ നിന്ന് ആര് നാട്ടിൽ പോകുന്നുണ്ടെങ്കിലും ഒരു ചിലവ് പതിവുള്ളതാണ്. ചിക്കൻ കടായി അല്ലെങ്കിൽ ബ്രോസ്റ്റ്.
“നവസേ ഇന്ന് രാത്രി എന്റെ വക എല്ലാർക്കും ഓരോ ബ്രോസ്റ്റ് വാങ്ങി തരാം.”
സത്യത്തിൽ അത് കേട്ട് എന്റെ കണ്ണ് തള്ളിപ്പോയി. ഒരു റിയാലിന് പോലും കണക്ക് പറയുകയും ചോദിക്കുകയും ചെയ്യുന്ന പുള്ളിയാണ് ഈ പറയുന്നത്.
എന്തായാലും രാത്രിയായി. മുറിയിലുള്ള 5 പേർക്കും അഞ്ച് ബ്രോസ്റ്റ് വാങ്ങി ബാബുക്ക വന്നു.
എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. കൂടെ ബാബുക്കയും ഉണ്ട്. ഏകദേശം കഴിച്ചു പകുതി ആയപ്പോൾ ബാബുക്ക സംസാരിക്കാൻ തുടങ്ങി.
“ഞാൻ നാളെ വീട്ടിൽ പോവുകയല്ലേ. എനിക്കൊരു കാര്യം പറയാനുണ്ട്.”
അതെന്താണെന്ന് അറിയാൻ എല്ലാവരും ബാബുക്കയെ നോക്കി.
” പടച്ചോനെ ഓർത്ത്…. നിങ്ങൾ നാലുപേരും എന്നെ കുറ്റം പറയരുത്… വീട്ടിൽ പോയ ഒരു സമാധാനം കിട്ടില്ല…”
ഞങ്ങൾ നാല് പേർക്കും നല്ല ചിരി വരുന്നുണ്ട്. പക്ഷെ ചിരി കടിച്ചു പിടിച്ചു. ഞങ്ങൾ പുള്ളിയോട് കുറ്റം പറയില്ല എന്നൊക്കെ പറഞ്ഞെങ്കിലും… അന്നത്തെ ബീഫിന്റെ കഥയും പുള്ളിയുടെ പിശുക്കും പിന്നെ ഈ ഒറ്റയാന്റെ മുരുട്ട് സ്വഭാവവും. ഇടക്കിടക്ക് ഇടക്ക് പറഞ്ഞുകൊണ്ടിരുന്നു..
എന്ത് ചെയ്യാനാ….. കൂടെ ഇല്ലാത്തവരെ കുറ്റം പറയുന്നത് ഒരു ശീലമായി പോയി. പറയരുത് എന്ന് പറഞ്ഞതുകൊണ്ട് കൂടുതൽ പറയേണ്ടി വന്നു.. ഓരോ അവസ്ഥകൾ..