എഴുത്ത്:-നൗഫു.. ❤
അന്ന് ഞാൻ വിദേശത്തു നിന്നും ലീവിന് വന്ന സമയം…
ഒരു ദിവസം എന്റെ പൊണ്ടാട്ടി നട്ട പാതിരക്കു ഉരുട്ടി എഴുന്നേൽപ്പിക്കു വാനുള്ള പരിപാടിയിലാണ്…
പൊതുവെ പോത്ത് പോലെ കിടന്നുറങ്ങാറുള്ള ഞാൻ ഓളെ റോഡ് റോളർ ഉരുട്ടുന്ന പോലെ ഉള്ള ഉരുട്ടലിൽ എണീറ്റുപോയി എന്നതാണ് സത്യം.. ..
അല്ലേലും ഈ പെണ്ണുങ്ങൾക് ആണുങ്ങളെക്കാൾ ശക്തി യുള്ളതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…
ഇടി കിട്ടിയിട്ട് അല്ലാട്ടോ.. കട്ടിലിൽ നിന്നും ചവിട്ട് കിട്ടാറുണ്ട് ഇടക്ക്..
“എന്താടി..”
ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ഞാൻ ചോദിച്ചു..
“പിന്നെ ദേഷ്യം വരൂലേ…
സമാധാനത്തോടെ ഒന്ന് കിടക്കാൻ വേണ്ടിയാണ് നാട്ടിൽ വരുന്നത് തന്നെ…”
എന്റെ ചോദ്യം കേട്ടിട്ട് ആണെന്ന് തോന്നുന്നു ഓളുടെ മുഖം ഒന്ന് വടിയത് പോലെ…
“വാടിയത് ആണേലും പൂവല്ലേ സെമീറാ..…
ഞാനൊന്ന് ചോദിച്ചാൽ തന്നിടില്ലേ ….”
“മനസിൽ വന്ന പാട്ട് ഞാൻ വിഴുങ്ങി.. അല്ലേൽ സെമീറാ എന്ന സ്ഥലത്ത് മറ്റു പല പേരും വരും.. ഉറക്കത്തിൽ അല്ലേ…
മനുഷ്യനല്ലേ പുള്ളേ…”
“സോറി മുത്തേ ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ വെറുതെ ചോദിച്ചു പോയതാണ്…
നീ പറ…”
എന്നേയിട്ട് അവൾ ഇനിയും അലക്കണ്ട എന്ന് കരുതി സോപ്പിട്ടുകൊണ്ട് പെട്ടന്ന് പറഞ്ഞു…
“ഇനി എന്റെ റൂമിന്റെ ജനലിൽ ആരെങ്കിലും മുട്ടുകയോ.. പുറത്ത് കൂടേ ആരെങ്കിലും നടക്കുന്ന ശബ്ദം കേട്ടിട്ടോ വിളിച്ചതാണന്നറിയില്ലല്ലോ…”
“കള്ളന്മാരുടെ ശല്യം വല്ലാതെ കൂടിയ സമയമാണേ..
മുട്ടുന്നത് പിന്നെ കള്ളന്മാർ അല്ല.. മുട്ട് കുറച്ചു കൂടിയ പഹയന്മാർ ആണ്.. അവരെ കിട്ടാനായി നിൽക്കുകയാണ് നാട്ടുകാരും…”
അവൾ എന്താണ് പറയാൻ പോകുന്നതെന്ന് അറിയാതെ ഞാൻ അവളെ നോക്കി…
” എനിക്കൊരു ചായ കുടിക്കണം?..”
അവൾ ഒട്ടും കൂസലില്ലാതെ പറഞ്ഞു…
“അല്ലേലും പറയുന്ന അവൾക് തോന്നണ്ടേ.. സമാധാനമായി എന്തെല്ലാം സ്വപ്നം കണ്ടു ഉറങ്ങുകയായിരിക്കും ഞാൻ… അതും എന്തൊക്കെ സ്വപ്നങ്ങൾ..
എന്റെ പൊന്നു സെമി…നീ ചായ ഉണ്ടാക്കി കുടിച്ചോ..?
ചായ പൊടി ഉണ്ട്,
ഇന്നലെ രാത്രി കൊണ്ടുവന്ന പാലും ഉണ്ടല്ലോ.. വെള്ളം ആണേൽ പൈപ്പ് തുറന്നാൽ
സൂ……. ർ ന്ന് പറഞ്ഞു വരും.. .. വേഗം ഉണ്ടാക്കിക്കട്ടോ… അയ്‌ന് എന്തിനാ ഞാൻ പെണ്ണെ…”
ബെഡിൽ നിന്നും എഴുന്നേൽക്കാനുള്ള മടി കൊണ്ട് ഞാൻ കണ്ണ് പോലും തുറക്കാതെ പറഞ്ഞു .
“അതെല്ല നൗഫു.. എനിക്ക് ആ ചായ വേണ്ട..
പുറത്ത് പോണം…
ഇങ്ങള് രാത്രി പോയി കഴിക്കാറില്ലേ.. തട്ട് കടയിൽ നിന്നും..
ആ ചായ വേണം..”
ഇപ്രാവശ്യം നമ്മളൊന്നു ഞെട്ടി… അടച്ച കണ്ണൊക്കെ തുറന്നു.. തുറിച്ചു നിൽക്കുന്നത് പോലെ ഓളെ ഞാൻ നോക്കി..
“ഹേ…
ആ ചായേ…”
എന്റെ കണ്ണിൽ ഉണ്ടായിരുന്ന എല്ലാ ഉറക്കവും ആ നിമിഷം പോയി കിട്ടി…
രണ്ടു ദിവസം മുന്നേ രാത്രി പത്തു പതിനൊന്നു മണിക്ക് കൂട്ടുകാരുടെ കൂടേ തട്ടു കടയിൽ പോയതിന്, എന്റെ പൊണ്ടാട്ടി യുടെ കയ്യിൽ നിന്നും ഇങ്ങനെ ഒരു പണി സ്വപ്നവേ നിരുവിച്ചിരുന്നില്ല……
“എന്റെ പൊന്നു ബടകൂസെ,..
നേരം എത്രയായന്ന നിന്റെ വിചാരം..
നിനക്ക് ചായ യും കൊണ്ടു ഓല് ഇപ്പോഴും കട തുറന്നു ഇരിക്കുമെന്നാണോ മനസിൽ…”
എങ്ങനേലും മുടക്കണം എന്ന് കരുതി തന്നെ ഞാൻ പറഞ്ഞുകൊണ്ട് തലയിലൂടെ പുതപ്പിട്ട് മൂടി..…
മൂടിയ പുതപ്പ് വളരെ വേഗത്തിൽ തന്നെ താഴെക് ഊർന്ന് പോയി…
“ഇങ്ങള് നൊണ പറയണ്ട…കടയൊന്നും പൂട്ടൂല……
ഇന്നാള്,.. എന്റെ ഇക്ക ഗൾഫിൽ നിന്ന് വരുമ്പോ ഞാൻ കണ്ടത് ആണല്ലോ അവിടെ മുഴുവൻ ആളും തിരക്കും ഉള്ളത്.. അതും പുലർച്ചെ മൂന്നു മണിയൊക്കെ ആയിട്ടുണ്ടായിരുന്നു.. ഇപ്പൊ സമയം ഒന്നര അല്ലേ ആയിട്ടുള്ളു..”
“എന്നാലും എന്റെ അളിയാ…അനക് ഈ നട്ട പാതിരാക് ആണോ ഗൾഫിൽ നിന്നും വരാൻ കണ്ടേ…”
ഞാൻ മനസിൽ ഒരു ആത്മഗതം പോലെ പറഞ്ഞു…
“എന്റെ സെമി നമുക്ക് നാളെ രാത്രി പോവാം…
ഒരു എട്ടു മണി യാകുമ്പോൾ പോയാൽ നല്ല മസാല മുട്ടയും ഒമ്ബ്ലെറ്റും കഴിച്ചു കൂടേ ഒരു ചുക്കാപ്പിയോ സുലൈമാനിയോ കുടിച്ച്…അടിച്ചു പൊളിച്ചു വരാം.. മക്കളെയും കൂട്ടാം…”
ഇന്നത്തെ എന്റെ ഉറക്കം മുഴുവനാക്കുവാനായി ഞാൻ അവളോട് പറഞ്ഞു..
“പറ്റില്ല… എനിക്ക് ഇന്ന് തന്നെ പോണം…
ഇങ്ങള് ഇനി ഇന്ന് ഉറങ്ങൂല…ഇനി ഉറങ്ങണമെന്നു അത്രക്ക് നിർബന്ധമാണേൽ ഞാൻ പറഞ്ഞത് കേട്ടാൽ നടക്കും..”
അവൾ രണ്ടും കല്പ്പിച്ചു തന്നെ ആയിരുന്നു..
“ഈ പ്ലാൻ രാത്രി തന്നെ ഉണ്ടെന്നു തോന്നുന്നു…കൂടേ കിടത്താറുള്ള മോളെ ഉമ്മയുടെ അടുത്താണ് കിടത്തിയിരിക്കുന്നത്..”
ഇനി രക്ഷ യില്ല എന്നറിയുന്നത് കൊണ്ട് തന്നെ മനസില്ല മനസോടെ ഞാൻ എഴുന്നേറ്റു ഒന്ന് ഫ്രഷ് ആയി വന്നു.. അവളും ആ സമയം വസ്ത്രം മാറ്റി ബുള്ളറ്റിന്റെ ചാവി യും പിടിച്ചു നിൽക്കുന്നുണ്ട്…
“ഒരു ചായ കുടിച്ചു ഇറങ്ങിയാലോ… ഉറക്കം മൊത്തത്തിൽ പൊയ്ക്കോളും…”
അവളുടെ നിർത്തം കണ്ടു ഒന്ന് ശുണ്ഠി പിടിപ്പിക്കുവാൻ എന്ന പോലെ ചോദിച്ചു.
“പിന്നെ …
ഈ രാത്രി യിൽ പുറത്ത് പോകുന്നത് മോര് കുടിക്കാൻ ഒന്നുമല്ലല്ലോ നമ്മള് …
ചായ യല്ലേ…
ഇനി വേണം എന്നുണ്ടേൽ….ഇങ്ങള് നേരത്തെ പറഞ്ഞ മറ്റേ ആ പച്ച വെള്ളം ഉണ്ടല്ലോ.. പൈപ്പ് തുറന്നാൽ സൂ….. ർ ന്ന് വരുന്ന അതുണ്ട് വേണൽ ഒരു ഗ്ലാസിൽ എടുത്തു തരാം…”
പെട്ടന്ന് തന്നെ മറുപടി കിട്ടിയപ്പോൾ എനിക്ക് തൃപ്തിയായി…
“ഉമ്മാനോട് പറയണ്ടേ..”
ഞാൻ ചോദിച്ചു..
“പറയാണം..
ഉപ്പ നാലു മണിക്ക് സുബുഹി നിസ്‌ക്കരിക്കാൻ എഴുന്നേൽക്കുമ്പോൾ വാതിൽ പുറത്തേക് പൂട്ടി ഇട്ടിരിക്കുന്നത് കണ്ടാൽ ചോദിക്കും.. ഉമ്മയോട് പറയാതെ പോയാൽ പിന്നെ സീൻ കോൺട്ര യാകും..”
ഉമ്മ ആദ്യം കുറച്ചു മൊട ഇട്ടെങ്കിലും അവസാനം സമ്മതിച്ചു..
അങ്ങനെ വാതിൽ പുറത്തേക് പൂട്ടി ഞങ്ങൾ ഇറങ്ങി…
ബുള്ളറ്റ് വീട്ടിൽ നിന്ന് സ്റ്റാർട്ട് ചെയ്താൽ ചുറ്റിലുമുള്ള എല്ലാവരും അറിയാൻ സാദ്യത ഉള്ളത് കൊണ്ട് തന്നെ അവളെ കൊണ്ട് ഗേറ്റിന് അടുത്ത് നിന്നും ഒരു നൂറു മീറ്റർ തള്ളിച്ചു…
അല്ല പിന്നെ.. എന്നേ ഉരുട്ടി യതിനു ഒരു പണി കൊടുക്കണ്ടേ..
ബുള്ളറ്റ് രാത്രി നല്ല ഉരുട്ടി പരിചയം ഉള്ളത് പോലെ തോന്നുണ്ടല്ലേ…
അളിയന്റെ ബുള്ളറ്റ് ആണ്… അയിന് ഈ പെട്രോൾ സൂചി എന്നൊരു സാധനം ഇല്ലാത്തത് കൊണ്ടും നൂറ്റി പത്തു രൂപയിൽ കൂടുതൽ എണ്ണ അടിക്കാത്തത് കൊണ്ടും ഈ ഉരുട്ടൽ പരിവാടി ആഴ്ചയിൽ ഒരു മൂന്നാല് വട്ടം കാണും..
സ്ഥിരമാണെല്ലേ എന്ന് ചോദിക്കരുതേ.. നൂറ് രൂപക്ക് അടിച്ചാൽ അടുത്തത് അടിക്കുന്നത് വരെ മാത്രം 😁😁😁
“നൗഫു…
ഹ്മ്മ്…”
ബുള്ളറ്റിന്റെ പുറകിൽ ഇരുന്നു എന്നേ ചേർത്തു പിടിച്ചു കൊണ്ട് അവൾ വിളിച്ചു..
മാർക്കറ്റിൽ ഒന്ന് പോയി നോക്കിയാലോ…
ഈ രണ്ടു മണിക്കോ.. അവിടെ ആരേലും വന്നിട്ടു പോയാൽ പോരെ..
നമുക്ക് വരുമ്പോൾ പോകാം..”
(ചാലിയം മീൻ മാർക്കറ്റാണ് പെണ്ണ് ഉദ്ദേശിച്ചത്.. ഒരു മൂന്നു മണി ആവുമ്പോൾ അവിടെ ആളുകൾ സജീവമാവുകയും,. ചെറിയ ഫൈബർ വള്ളങ്ങൾ മീനുമായി കരക്ക് അടിക്കുകയും ചെയ്യും.. നല്ല ഫ്രഷ് പിടക്കുന്ന മീൻ ഉണ്ടാവും.. നല്ല വില കുറവും.. ഇനി അറിയുന്ന ആരേലും ഉണ്ടേൽ ഒന്നോ രണ്ടോ പ്ലാസ്റ്റിക് കീസ് നിറയെ മീനും നിറച്ചു തരും.. ഒരു മടിയും കൂടാതെ…)
ഞാൻ പറഞ്ഞതിന് അവൾ സമ്മതിച്ചു…
“ചാലിയം പാലം കടന്നു.. സോറി കരുവൻ തിരുത്തി പാലം…
ഇനി ഫാറൂക്ക് വരെ.. ഒരു പത്തു പന്ത്രണ്ടു ഹമ്പ് ചാടാനുണ്ട്..ഈ ഹമ്പ് കണ്ടിട്ട് ഞങ്ങളെ നാട്ടിലെ ആരോ അവരെ നോക്കി പറഞ്ഞു..ഹമ്പു കളുടെ നാട്ടിലേക് സ്വഗതം എന്ന്..
അമ്മളെ അയൽവാസി നാട്ടുകാർ അല്ലേ ഉടനെ മറുപടി കിട്ടി.. മന്തു കളുടെ നാട്ടിലേക് സ്വഗതമെന്നു…”
എന്തൊക്കെ പറഞ്ഞാലും രാത്രി കൂടേ ഉള്ളവളെയും കൂട്ടി ബുള്ളറ്റിലുള്ള യാത്ര അന്യായ ഫീലാണ്…തണുപ്പ് കൂടേ ഉണ്ടേൽ പറയുകയും വേണ്ട…ഒടുക്കത്തെ റൊമാന്റിക് മൂഡ് ആയിരിക്കും..
എനിക്ക് പിന്നെ അതൊന്നും ഇല്ലാത്തത് കൊണ്ട്.. എന്റെ ഓൾക് ഒരു പേടിയും ഉണ്ടായിരുന്നില്ല…
ഇടക്കിടെ പോകുന്ന ദീർഘ ദൂര ലോറി അല്ലാതെ മറ്റാരും തന്നെ ആ സമയത്ത് ഇല്ല…
ചില ഭാഗങ്ങളിൽ നല്ല ഇരുട്ട് ആയിരിക്കും.. ആ സമയം അവൾ എന്നോട് കൂടുതൽ ചേർന്നിരിക്കും…
അങ്ങനെ ഞങ്ങൾ ചുങ്കത്ത് എത്തി…
രാവിലെ പകലാക്കി കച്ചവടം ചെയ്യുന്ന കുറെ പേരുണ്ട് അവിടെ…അവർക്കെല്ലാം ചുറ്റിലുമായും കടക്കുള്ളിലുമായും ഒരുപാട് പേര് നിൽപ്പുണ്ട്…
ഞാൻ ബുള്ളറ്റ് മുന്നിലേക്ക് തന്നെ ഓടിച്ചു.. അവസാനം ഒരാളു പോലും ഇല്ലാതെ കടക്കാരൻ മാത്രം നിൽക്കുന്ന ഒരു കട കണ്ടു..
എന്തോ അവിടുത്തെ ഭക്ഷണം ടെസ്റ്റ് ഇല്ലാഞ്ഞിട്ട് ആയിരിക്കാം.. അല്ലേൽ അയാളുടെ സംസാരം ഇഷ്ട്ടപെടാഞ്ഞിട്ടോ ആയിരിക്കാം.. അവിടെ അതികം ആരും കയറുന്നത് ഞാൻ കണ്ടിട്ടില്ല..
എനിക്കെന്തോ ആ കടയിൽ തന്നെ കയറാൻ തോന്നി …
അവിടുന്ന് ഓരോ സുലൈമാനിയും ഓംലറ്റ് ബ്രെഡും വാങ്ങി…
അയാൾ ഒരു പാവം പ്രവാസി ആയിരുന്നു.. നല്ല മനുഷ്യൻ…
എന്തെ ഇവിടെ ആള് കുറവെന്ന് വെറുതെ ഒരു കുശലനേക്ഷണം പോലെ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു..
“എനിക്ക് വേണ്ടത് ദൈവം തരുന്നുണ്ട്…അതിലെനിക് ഒരുപാട് നന്ദിയുണ്ട് …
പ്രവാസം അവസാനിപ്പിച്ചു….ഇങ്ങോട്ട് വരുമ്പോൾ അതിൽ കൂടുതലായി ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല.. കുടുംബത്തോടൊപ്പം സമാധാനത്തോടെ യുള്ള ഒരു ജീവിതം അല്ലാതെ… അതെനിക്കിപ്പോ വേണ്ടുവോളമുണ്ട്…
ഒന്നുമില്ലേലും മക്കളെ ,പെറ്റുമ്മയേ നാലു നേരം കാണാൻ.. സ്വന്തം ഭാര്യയോടൊപ്പമുള് ജീവിതം ആശ്വാദിക്കാൻ കഴിയുന്നുണ്ട്..”
“എന്തൊരു മനുഷ്യൻ.. രാവിലെ നേരം വെളുത്താൽ ആരോക്കെ പറ്റിക്കാം,. അല്ലേൽ എങ്ങനെ ഒരു പത്തു രൂപ ഉണ്ടാക്കാം…എന്നോർത്തു നടക്കുന്ന ആളുകൾ കിടയിൽ.. വേറിട്ട ഒരാൾ…”
“എന്റെ കൂടെയുള്ള യാത്രയും.. ഭക്ഷണം കഴിക്കലും വളരെ ആശ്വധിച്ചു തന്നെ എന്റെ പൊണ്ടാട്ടി കൊണ്ടുപോകുന്നുണ്ട്..”
ഞാൻ അവൾ കഴിക്കുന്നതും നോക്കി ഇരുന്നു..
“എന്റെ ഉള്ള് നിറയെ സന്തോഷം നിറയുന്നത് പോലെ…അനിർവചീനമായ എന്തോ ഒന്ന് മനസിനെ പുളകം കൊള്ളിക്കുന്നു..
അവളുടെ ചെറിയ ചെറിയ ഓരോ ആഗ്രഹങ്ങൾ തന്നെ അല്ലേ എന്റെ സന്തോഷം… ഓർമ്മിക്കാൻ ഒന്നുമില്ലാത്തവന് മധുരമുള്ള ഓർമ്മകളെ നൽകുന്ന ഓരോ നിമിഷങ്ങൾ..”
തിരികെ വരുമ്പോൾ ഞങ്ങൾ മാർക്കറ്റിൽ പോയി.. നല്ല ഫ്രഷ് ചെമ്മീൻ ഒരുപാട് ലോഡ് വന്നിട്ടുണ്ടായിരുന്നു..
എന്റെ ആഗ്രഹം പോലെ അമ്മളെ ചങ്ക് ബ്രോ അവിടെ ഉണ്ടായിരുന്നു.. അവൻ രണ്ടു കീസ് നിറച്ചും ചെമ്മീൻ തന്നു ഒരു രൂപ പോലും വാങ്ങാതെ..
അതിനോണ്ട്,.. തിരികെ വന്നപ്പോൾ ഉമ്മാക് സന്തോഷം..
പക്ഷെ പണി പാലും വെള്ളത്തിൽ കിട്ടി..
അതിൽ ഒരു കീസ് വളരെ പെട്ടന്ന് കൊണ്ടോട്ടി യിൽ പെങ്ങളുടെ അടുത്ത് എത്തിക്കാൻ ആയിരുന്നു ഓഡർ..
എല്ലാം കഴിഞ്ഞു വന്നിട്ട് കുറച്ചു സമയം ഉറങ്ങാമെന്ന് കരുതിയിരുന്ന എന്റെ മനസ് എന്നേ അപ്പൊ വിളിച്ച തെ*റി ബീപ് ബീപ് ഇട്ട് മാത്രമേ പറയാൻ കഴിയൂ..
ഇതെല്ലാം കണ്ടു അമ്മളെ പൊണ്ടാട്ടി വാതിലിന്റെ മറവിൽ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു..
“ഉമ്മ..
എനിക്ക് വണ്ടി ഓടിക്കുമ്പോൾ ഉറക്കം വരാൻ സാധ്യതയുണ്ട്.. അതോണ്ട് ഓളോടും കൂടി എന്റെ കൂടേ വരാൻ പറയണം..”
എനിക്കിട്ട് പണിഞുള്ള ചിരി സഹിക്കാൻ പറ്റാതെ ഞാൻ ഉമ്മാനോട് പറഞ്ഞു..
“കൊണ്ടോട്ടിയിലെക് പോകുമ്പോൾ ആദ്യം എന്റെ മുഖത്തായിരുന്നു ചിരി എങ്കിലും.. കുറച്ചു നിമിഷം കൊണ്ട് തന്നെ എനിക്ക് ബോധ്യമായി ഞാൻ എനിക്കിട്ട് തന്നെ പാര വെച്ചത് ആണെന്ന്..
വണ്ടിയിൽ ഉള്ള മീനിന്റെ കീസും നോക്കണം.. ഞാൻ ഉറങ്ങുന്നുണ്ടോ എന്ന് നോക്കാൻ ഏൽപ്പിച്ച എന്റെ പൊണ്ടാട്ടി എന്നേ മുന്നിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു ഉറങ്ങുമ്പോൾ ഓള് സേഫ് ആണോ എന്നും നോക്കണം..
ഓള് സേഫ് ആണെന്ന് അറിയാനായി ഇടക്കിടെ ങ്ങൂർ…. ങ്ങൂർ…. ന്ന് മൂളുന്ന കൂർക്കം വലി തന്നെ മതിയായിരുന്നു…”
ഉള്ള ഘട്ടറിൽ എല്ലാം ചാടിച്ചു കൊണ്ട് പഹയത്തിയുടെ ഉറക്കം കളയാനായി നോകിയെങ്കിലും ബെഡിൽ കിടക്കുന്നതിനേക്കാൾ ഉഷാറായി ഓള് കൊണ്ടോട്ടി വരെ ഉറങ്ങി…
ബൈ

