Story written by Vaisakh Baiju
പ്രിയപ്പെട്ട കുഞ്ഞാവയ്ക്ക് ,
ഇപ്പോഴും നിന്റെ ഭയം വിട്ടുമാറിയിട്ടില്ലെന്ന് എനിക്കറിയാം… എന്റെ അനിയത്തിവാവ ഒരിക്കലും കരയരുത്… നടന്നതൊക്കെ മറക്കാൻ ശ്രമിക്കണം… ഇടയ്ക്ക് മോൾ നമ്മുടെ വീട്ടിൽ പോകണം, അമ്മയെ അടക്കിയ സ്ഥലമൊക്കെ വൃത്തിയാക്കണം…
കുഞ്ഞമ്മാവൻ എന്നെ കാണാൻ വന്നപ്പോൾ നിന്നെ ആശുപത്രിയിൽ നിന്നു വീട്ടിൽ കൊണ്ടുവന്നെന്നു എന്നോട് പറഞ്ഞു… മോളെ മറ്റേതെങ്കിലും സ്കൂളിലേക്ക് മാറ്റുന്ന കാര്യം കുഞ്ഞമ്മാവനോട് ഞാൻ പറഞ്ഞിട്ടുണ്ട്…
അച്ഛനെ കൊന്നവനായി ഈ ലോകം മുഴുവനും ചേട്ടായിയെ വിളിക്കും.. ചേട്ടായി മരിച്ചാലും ഒരു നല്ലവാക്ക് ആരും പറയില്ല… അത് സാരമില്ല… കുഞ്ഞമ്മാവനുപോലും ആ ഒരു പക എന്നോട് ഉണ്ടെന്ന് എനിക്ക് തോന്നി… എല്ലാം അറിയാവുന്ന എന്റെ മോള് ചേട്ടായിയെ വെറുക്കരുത്…
അമ്മയുടെ തനി പകർപ്പാണ് നീയെന്ന് എല്ലാവരും പറയുന്നതുകേട്ട് ഞാൻ ഒത്തിരി സന്തോഷിച്ചിരുന്നു… ചേട്ടായിക്ക് അച്ഛനെ കൊല്ലമെന്നില്ലാരുന്നെടാ നിന്നെ കൊല്ലാൻ കൊടുക്കാൻ വയ്യാരുന്നു ചേട്ടായിക്ക്… ഒരിക്കലും ആരോടും ഈ സത്യം പറയരുത് അച്ഛന്റെ പേര് എന്നും നന്നായി തന്നെ നിലനിൽക്കട്ടെ…
ആയുസ്സിന്റെ ഏതാണ്ട് ഞാനീ ജയിലിലായിരിക്കും… ചേട്ടായിക്ക് ഒന്നേ പറയാനുള്ളൂ.. ഈ ലോകം ചീത്തയാണ്… ചേട്ടായിക്ക് ഓടിയെത്താൻ കഴിഞ്ഞെന്നു വരില്ല… സൂക്ഷിക്കണം മുന്നിലുള്ള എല്ലാവരെയും…. പഠിത്തം മുടക്കരുത്… സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുണ്ടാക്കിയെടുക്കണം…
ചേട്ടായിയെപറ്റി ഇനി ഓർക്കരുത്… ചേട്ടായി ഇനി മോളുടെ മുന്നിൽ വരില്ല… കത്തയക്കില്ല… വായിച്ചിട്ട് ആരും കാണാതെ ഈ കത്ത് കീറി കളയണം… എന്നെങ്കിലും പുറത്തുവരുമ്പോൾ ആരും അറിയാതെ, മോളു പോലുമറിയാതെ ചേട്ടായി മോളെ വന്നു കാണും…ഈ ഭൂമിയിൽ ചേട്ടായി ജീവനോടെയുണ്ടെന്ന് മോൾ ഓർക്കരുത്… ഒറ്റയ്ക്കാണെന്നു വിശ്വസിച്ചാൽ ജീവിക്കാൻ ഒരു ധൈര്യം കിട്ടും…. കത്ത് നിർത്തുന്നു
സ്നേഹത്തോടെ
ചേട്ടായി

