ഇവിടെ എനിക്ക് കഷ്ടപ്പാടാണ്. ഇല്ലായ്മ്മയിൽ ജീവിക്കുന്നൂ. പക്ഷേ അദ്ദേഹം ഉള്ളത് കൊണ്ട് നന്നായി തന്നെ എന്നെയും മകളെയും നോക്കുന്നുണ്ട്…..

_upscale

അയലത്തെ അമ്മ

Story written by Suja Anup

” ചേച്ചി, ആ ചക്ക ഞാൻ പറിച്ചെടുത്തോട്ടെ..”

“മോളിങ്ങു കയറി വാ. ചക്കയൊക്കെ ചേച്ചി ഇട്ടു തരാം. കുറച്ചു നേരം ഇരുന്നിട്ട് പോകാം..”

“വേണ്ട ചേച്ചി, അമ്മ കണ്ടാൽ പ്രശ്നം ആകും..”

“അവർ ഉച്ച ഉറക്കത്തിലായിരിക്കും. നീ പേടിക്കേണ്ട.”

അവളുടെ നിറവയറിലേയ്ക്ക് നോക്കിയപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു. എനിക്കും അവളെ പോലെ ഒരു മകളുണ്ട്. അവൾ കോളേജിൽ പഠിക്കുന്നൂ.

ഇവിടെ എനിക്ക് കഷ്ടപ്പാടാണ്. ഇല്ലായ്മ്മയിൽ ജീവിക്കുന്നൂ. പക്ഷേ അദ്ദേഹം ഉള്ളത് കൊണ്ട് നന്നായി തന്നെ എന്നെയും മകളെയും നോക്കുന്നുണ്ട്.

സുമ അയല്പക്കത്തു കല്യാണം കഴിച്ചു വന്നതാണ്. കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനം കൊടുക്കുവാൻ അവളുടെ അച്ഛന് കഴിഞ്ഞില്ല. ഭൂസ്വത്തു ഒരുപാടുള്ള വീട്ടിലെ പെൺകുട്ടി. എല്ലാ വസ്തുക്കളും കേസിലാണ് എന്ന കാര്യം വിവാഹ സമയത്തു അവളുടെ അച്ഛൻ മറച്ചു വച്ചൂ. സ്വത്തു മാത്രം മോഹിച്ചു അവളെ വിവാഹം കഴിച്ചവന് അവളെ ഇപ്പോൾ വേണ്ട…

“അല്ലെങ്കിൽ തന്നെ കുടിയനായ അവനു ഇത്ര നല്ല പെൺകുട്ടിയെ കിട്ടുമായിരുന്നോ…?”

അവളുടെ ആങ്ങള എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിക്കു ശ്രമിക്കുന്നതെ ഉള്ളൂ. കല്യാണം കഴിഞ്ഞു വന്ന നാളുകളിലൊക്കെ അമ്മായിഅമ്മയ്ക്ക് അവളെ കാര്യമായിരുന്നൂ. സ്വത്തൊന്നും ഇനി കിട്ടില്ല എന്നറിഞ്ഞതും അവരുടെ തരമൊക്കെ മാറി.

ഇളയ മകൻ്റെ ഭാര്യയോട് ഒരിക്കലും അവർ തരംതിരിവ് കാണിക്കാറില്ല. മാറ്റക്കല്യാണം ആയതുകൊണ്ട് ഇവിടെ കൊടുക്കുന്നതൊക്കെ തൻ്റെ മകൾക്കു അവിടെ കിട്ടുമെന്ന് അവർക്കു നന്നായിട്ടറിയാം.

പാവം എൻ്റെ സുമ ആദ്യഗർഭം ആയിട്ടു പോലും അതിനു മര്യാദയ്ക്ക് ഭക്ഷണം പോലും കിട്ടുന്നില്ല. വിശന്നിട്ടാണ് അത് ചക്ക പറിക്കുവാൻ വരുന്നത് എന്നെനിക്കറിയാം. മൂത്ത ചക്ക പറിച്ചു അത് കറി വച്ചും പഴുപ്പിച്ചും എല്ലാം കഴിക്കും. പാവം കുട്ടി….

അതുകൊണ്ടു തന്നെ വരുമ്പോഴൊക്കെ ഞാൻ വയറു നിറയെ ഭക്ഷണം കൊടുക്കും. ഒളിച്ചും പാത്തും ആ തള്ളയറിയാതെ അവളെ ഞാൻ നോക്കുന്നുണ്ട്. അമ്മയില്ലാത്ത കുട്ടി, പതിനെട്ടാം വയസ്സിൽ കല്യാണം കഴിഞ്ഞു. എട്ടും പൊട്ടും അറിയില്ല. അതിൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ അവളെ ഇപ്പോൾ കൂട്ടികൊണ്ടു പോയേനെ. കiള്ളു കുടിയനായ അച്ഛൻ, ജോലി ഇല്ലാത്ത അനിയൻ അവിടത്തെ കാര്യവും പരിങ്ങലിൽ ആണ്…

“ചേച്ചി എന്താ ആലോചിക്കുന്നത്..”

“ഒന്നുമില്ല മോളെ, കൺകോണിൽ വന്ന കണ്ണുനീർ ഞാൻ അവൾ കാണാതെ തുടച്ചൂ. മോള് കയറി വാ…”

“ചേച്ചി, മുൻവശത്തെ ആരോ വന്നിട്ടുണ്ടല്ലോ..”

“നീ കയറി ഇരിക്ക്. ഞാൻ പോയി നോക്കിയിട്ടു വരാം..”

“അല്ല, ഏട്ടൻ ഇന്ന് നേരത്തെ വന്നോ….”

“നീ പറഞ്ഞ പോലെ ഞാൻ മസാല ദോശ കൊണ്ടുവന്നിട്ടുണ്ട്. മോള് കാണണ്ട വയസ്സാം കാലത്തു ഒരു പൂതി..”

“ഏട്ടൻ ഒന്ന് പോയെ. ഇത് എനിക്കല്ല. സുമയ്ക്കു കൊടുക്കുവാനാണ്. കഴിഞ്ഞ ദിവസ്സം അവൾ ആരോടെന്നില്ലാതെ പറയുന്നത് കേട്ടു. അവൾക്കു ഒരു മസാല ദോശ കഴിക്കുവാൻ തോന്നുന്നുണ്ടത്രേ, ആ കൊച്ചിൻ്റെ തള്ള സ്വർഗ്ഗത്തിൽ ഇരുന്നു കരയുന്നുണ്ടാകും. ഇവിടെ ഞാൻ ഉള്ളപ്പോൾ അവൾ അങ്ങനെ വിഷമിക്കുവാൻ പാടില്ല.”

“നീ എങ്ങനെ ഇതു അവൾക്കു കൊടുക്കും..?

“അവൾ ഇവിടെ ഉണ്ട്..”

“സുമേ, ഏട്ടൻ വന്നതാണ്. നീ പേടിക്കേണ്ട. ദാ.. നിനക്കുള്ള സമ്മാനവും ഏട്ടൻ കൊണ്ടുവന്നിട്ടുണ്ട്..”

മസാല ദോശ തിന്നുമ്പോൾ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ഞാൻ കണ്ടില്ലെന്നു നടിച്ചു.

“അവളെ ചോദിച്ചു കൂടുതൽ വിഷമിപ്പിക്കുവാൻ വയ്യ..”

☆☆☆☆☆☆☆☆☆☆

പിറ്റേന്ന് വലിയ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത്.

“ഈശ്വര, അത് സുമയുടെ കരച്ചിൽ അല്ലെ. ഏട്ടാ വേഗം എഴുന്നേൽക്കു..”

ഓടി പിടഞ്ഞു എത്തുമ്പോൾ മുറ്റം നിറയെ ആളുകൾ ഉള്ളതാണ് കണ്ടത്.

ആ തള്ള നിറവയറുമായിരിക്കുന്ന അവളുടെ മുടിയിൽ കുiത്തിപ്പിടിച്ചു വലിക്കുന്നൂ. കൂടെ ആക്രോശിക്കുന്നുമുണ്ട്….

“ഇവൾ കാല് എടുത്തു വച്ചതേ കുടുംബം നശിച്ചൂ. അവനെ കൊiന്നപ്പോൾ അവൾക്കു ആശ്വാസമായി. ഇന്ന് ഇവിടെ നിന്നും ഇറങ്ങിക്കൊള്ളണം…”

ആരോ പറഞ്ഞു കേട്ടൂ..

സുമയുടെ ഭർത്താവു അവിടെ കുളത്തിൽ മരിച്ചു കിടപ്പുണ്ട്. മiദ്യപിച്ചു രാത്രി വന്നപ്പോൾ പറ്റിയതാകും.

ഏതായാലും സംസ്കാര ചടങ്ങുകൾ പോസ്റ്റ് മോർട്ടം കഴിഞ്ഞ ഉടനെ നടന്നൂ. അവളെ ആങ്ങള കൂട്ടി കൊണ്ട് പോയി.

പോകും നേരം അവൾ എന്നെ ഒന്ന് നോക്കി….

ആ നോട്ടം മനസ്സിൽ ഒരു നീറ്റലായി..

☆☆☆☆☆☆☆☆☆

കാലം ഒരുപാടു കടന്നു പോയി. അമ്മ പെട്ടെന്നാണ് മരിച്ചത്. ക്യാൻസർ ആണെന്ന് തിരിച്ചറിയുവാൻ വൈകി.

മരിക്കുവോളം അമ്മ ഇടയ്ക്കൊക്കെ സുമയെ കുറിച്ചു പറയുമായിരുന്നൂ. മരിക്കുന്ന സമയത്തു പോലും അമ്മ സുമയെ ഒരു നോക്ക് കാണുവാൻ ആഗ്രഹിച്ചിരുന്നൂ. അവളുടെ കുഞ്ഞു എങ്ങനെ ഇരിക്കുമെന്ന് അമ്മ ആലോചിച്ചു നോക്കുമായിരുന്നൂ…

എനിക്ക് ഒരു ചെറിയ ജോലി ഉണ്ട്. അതുകൊണ്ടു തന്നെ ഞാനും അച്ഛനും കഴിഞ്ഞു പോകുന്നൂ. വിവാഹപ്രായമായി എങ്കിലും കൊടുക്കുവാൻ ഞങ്ങളുടെ കൈയ്യിൽ ഒന്നുമില്ല. ആകെയുള്ള ഈ വീടും അഞ്ചു സെൻറ് സ്ഥലവും ജപ്തിയിൽ ആണ്. അമ്മയുടെ ചിക്ത്സയ്ക്കായി ചെലവാക്കിയതാണ്.

☆☆☆☆☆☆☆☆

“ചേട്ടാ, നാളെ ഒരു കൂട്ടര് പെണ്ണ് കാണുവാൻ വരും. അമ്മയും അച്ഛനും മരിച്ചു പോയി. വലിയ പണക്കാരാണ്. പക്ഷേ ചെക്കന് ഒരു സഹോദരി ഉണ്ട്. വിധവയാണ്. അവർക്കു ഒരു മകനുണ്ട്. ഞാൻ അവരോടു സംസാരിച്ചു. അവർക്കു സമ്മതമാണ്.”

ബ്രോക്കർ പറഞ്ഞപ്പോൾ എനിക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.

പിറ്റേന്ന് പറഞ്ഞ പോലെ അവർ വന്നൂ.

എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കുവാൻ ആയില്ല…

സുമയും അവളുടെ ആങ്ങളയും.

അവൾ പതിയെ പറഞ്ഞു തുടങ്ങി.

“ഇപ്പോൾ അഞ്ചു വർഷമായില്ലേ നമ്മൾ തമ്മിൽ കണ്ടിട്ട്. ഇവിടെ നിന്നും വീട്ടിൽ എത്തി അധികം കഴിയും മുൻപേ അച്ഛൻ പോയി. വീട് മാത്രം ബാക്കിയായി, സ്ഥലമെല്ലാം ജപ്തിയായി. ആ സമയത്തു ആങ്ങളയ്ക്കു നല്ലൊരു ജോലി കിട്ടി. പിന്നെ ഒരു യുദ്ധമായിരുന്നൂ. അവൻ കുറേശ്ശെയായി എല്ലാം തിരിച്ചു പിടിക്കുന്നൂ.”

“മകൻ സ്കൂളിൽ പോയി തുടങ്ങിയതും ഞാൻ ചെറിയ ഒരു കോഴ്സ് എല്ലാം പഠിച്ചു ബ്യൂട്ടി പാർലർ തുടങ്ങി. വലിയ കുഴപ്പമില്ലാതെ അത് മുന്നോട്ടു പോകുന്നൂ…”

“ഇന്നും നാവിൽ ഇവിടെ നിന്ന് കഴിച്ച മീൻ കറിയും ചോറും ഉണ്ട്. ഒളിച്ചും പാത്തും എത്രയോ പ്രാവശ്യം ചേച്ചി എനിക്ക് ഭക്ഷണം തന്നിരിക്കുന്നൂ. ബ്രോക്കർ ഇവിടത്തെ അവസ്ഥ പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് വിഷമം ആയി. ചേച്ചി മരിച്ചത് ഞാൻ അറിഞ്ഞില്ല. ഇനി ചേട്ടൻ വിഷമിക്കരുത്. അവളെ എൻ്റെ ആങ്ങളയ്ക്കു വേണം. അവളുടെ അമ്മ അല്ല എൻ്റെ അമ്മ ഉറങ്ങുന്ന ഈ മണ്ണ് ചേട്ടന് തിരിച്ചു കിട്ടും.”

അവൾ അത് പറഞ്ഞപ്പോൾ നിറഞ്ഞൊഴുകിയതു മകളുടെ കണ്ണുകളായിരുന്നൂ.

സുമയുടെ മകൻ അവളുടെ ഫോട്ടോയ്ക്ക് മുൻപിൽ തിരി തെളിയിച്ചൂ.

☆☆☆☆☆☆☆☆☆☆

അടുത്ത ശുഭമുഹൂർത്തത്തിൽ ആ വിവാഹം നടന്നൂ..

ആ ദിവസം മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അന്ന് ഞാൻ മസാലദോശയുമായി വന്ന ദിവസ്സം സുമ അത് കഴിച്ചു പോയി കഴിഞ്ഞപ്പോൾ ഞാൻ ഭാര്യയോട് ചോദിച്ചൂ..

“ഒരിക്കൽ നമ്മുടെ മോൾക്ക് ഈ ഗതി വന്നാൽ നീ എന്ത് ചെയ്യും..”

“ഏട്ടൻ അങ്ങനെ വിചാരിക്കരുത്. ഇന്ന് അവളുടെ കണ്ണിൽ നിന്നും പൊടിഞ്ഞ ആ കണ്ണുനീർ ഉണ്ടല്ലോ അത് അനുഗ്രഹമായി എൻ്റെ മകൾക്കു ചുറ്റിനും ഉണ്ടാകും. നമ്മൾ ചെയ്യുന്ന നന്മകൾ ഒരിക്കലും പാഴാകില്ല. അത് ആയിരം മടങ്ങായി നമ്മുടെ മക്കളിലേയ്ക്ക് തിരിച്ചെത്തും…

Leave a Reply

Your email address will not be published. Required fields are marked *