ഉമ്മയ്ക്ക് എന്നെ എപ്പോഴും കാണാമെന്നൊന്നുമില്ലല്ലോ… പിന്നെ എനിക്ക് മാത്രമായിട്ട് എന്തിനാ… ഞാൻ ഇത്തിരി തിരക്കിലാണ്. പിന്നീട് വിളിക്കാം…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

തുടർ ജീവിതത്തിൽ ഉമ്മ കൂടി വേണമെന്ന ആഗ്രഹം രണ്ട് കൊല്ലങ്ങൾക്ക് മുമ്പ് മോൻ പറഞ്ഞിരുന്നു. അവന്റെ ഉപ്പയുടെ കബറ് താഴ്ന്ന മണ്ണ് വിട്ട് എങ്ങോട്ടേക്കും ഇല്ലെന്ന എന്റെ മറുപടിയിൽ അവൻ നിരാശനായി പോകുകയായിരുന്നു.

‘പറ്റുമ്പോഴൊക്കെ ഇജ്ജ് വന്നാൽ മതി… ഉമ്മ ഇവിടെ കഴിഞ്ഞോളാം…’

അവൻ നിർബന്ധിച്ചില്ല. എന്നോട് പറയാതെ വിസയൊക്കെ റെഡിയാക്കിയതാണ്. ഞാൻ കൂടെ വരില്ലെന്ന് കരുതി കാണില്ല. പാവം. ഏറെ വിഷമമായിട്ടുണ്ടാകും. അന്ന് വിമാനം കയറി പോയവൻ പിന്നീട് വന്നില്ല. ഇടയ്ക്ക് വിളിച്ചാലും പഴയ ചിരിപ്പൻ സംസാരങ്ങളൊന്നും ഇല്ല. ആകെയുള്ള മോനെ വിഷമപ്പെടുത്തേണ്ടായിരുന്നുവെന്ന് മനസ്സിലാകാൻ രണ്ട് വർഷങ്ങൾ വേണ്ടി വന്നു.

‘നിനക്ക് എന്നോട് ഇപ്പോഴും ദേഷ്യമാണല്ലേ… അതോണ്ടല്ലേ ഇജ്ജ് എന്നെ കാണാൻ വരാത്തേ…?’

മകന് മറുപടിയില്ലായെന്നാണ് ആദ്യം കരുതിയത്. പക്ഷേ, അങ്ങനെ ആയിരുന്നില്ല.

‘ഉമ്മയ്ക്ക് എന്നെ എപ്പോഴും കാണാമെന്നൊന്നുമില്ലല്ലോ… പിന്നെ എനിക്ക് മാത്രമായിട്ട് എന്തിനാ… ഞാൻ ഇത്തിരി തിരക്കിലാണ്. പിന്നീട് വിളിക്കാം.’

എന്നും പറഞ്ഞ് മോൻ ഫോൺ കട്ട്‌ ചെയ്തു. കാതുകളിൽ നിന്ന് മൊബൈൽ മാറ്റാൻ തന്നെ ഞാൻ മറന്നുപോയി. അവൻ പറഞ്ഞതിൽ ന്യായമുണ്ട്. കൂടെ വിളിച്ചിട്ടും പോകാതിരുന്ന എന്നോട് ഇതിൽപ്പരം പരിഗണന എന്തിനാണ് കാട്ടുന്നത്. മാസത്തിൽ രണ്ടോ മൂന്നോ തവണകളിൽ വിളിക്കുന്നത് തന്നെ വലിയകാര്യം. ആ ഭാഗ്യം പോലും ഇല്ലാത്ത എത്രയെത്ര മാതാപിതാക്കൾ മാറുടഞ്ഞ് ഇഴയുന്ന മണ്ണാണിത്…

ആ രാത്രിയിൽ മോനോടൊപ്പം പോകുന്നതിനെ കുറിച്ചാണ് കൂടുതലും ചിന്തിച്ചത്. ഇവിടുത്തെ ശ്വാസം ഇല്ലാതെ ജീവിക്കാൻ പറ്റുമോയെന്ന് പോലും അറിയില്ല. എന്നാലും, ഉമ്മ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന അവന്റെ അടുത്തേക്ക് പോകാത എങ്ങനെയാണ്…

‘ശരിക്കും അലോചിച്ചിട്ടാണോ? നിനക്ക് നാട്ടിൽ തന്നെ കൂടിയാൽ പോരേ… നിന്റെ പഠിപ്പിന് ഉള്ള ജോലിയൊന്നും ഇവിടെ കിട്ടൂലെ…’

പണ്ട്, പുറം രാജ്യത്തേക്ക് പോകാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തുന്ന മോനോട് ഞാൻ പറഞ്ഞതാണ്. അവൻ അപ്പോൾ ചിരിച്ചു. ലക്ഷങ്ങൾ വിദ്യാഭ്യാസ ലോണെടുത്ത് പഠിച്ചവർക്ക് തൊഴിലുറപ്പ് പെണ്ണുങ്ങൾക്ക് കിട്ടുന്ന വേതനം പോലും ലഭിക്കുന്നില്ലെന്നാണ് അവന്റെ ഭാഗം. കൂടാതെ, നമ്മുടെ നാട്ടിലെ സൗകര്യങ്ങളൊക്കെ കുറവാണ് പോലും. എല്ലാത്തിനുമുപരി നാട്ടിൽ സ്വാതന്ത്ര്യം ഇല്ലെന്നും ചേർത്തു. പോയേ പറ്റൂവെന്ന് സാരം. ഞാൻ എതിർത്തില്ല. മക്കളുടെ സന്തോഷം ആഗ്രഹിക്കുന്ന ഏത് മാതാപിതാക്കൾക്കാണ് അതിന് സാധിക്കുക…

സമ്പത്തും, നേരവും കളഞ്ഞ് കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ ജീവിത നിലവാരം ഉയർത്താൻ പാകം തൊഴിൽ സാധ്യതകൾ കൊണ്ടുവരാൻ പറ്റാത്ത നാടുവഴികളോട് അമർഷം തോന്നിയ നാളായിരുന്നുവത്. ഇപ്പോഴും സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മുടെ കുട്ടികൾക്ക് സംസാരിക്കേണ്ടി വരുന്നുണ്ടെങ്കിൽ എല്ലാം കള്ളാമായിരുന്നോ…!

എത്രയോ പോരാളികളുടെ കൂടെ ഗാന്ധിയും നെഹ്‌റുവും, വല്ലഭായി പട്ടേലുമൊക്കെ സംഘടിതമായി നേടി തന്നുവെന്ന് പറഞ്ഞ് പഠിപ്പിച്ചതെല്ലാം മിഥ്യയായിരുന്നോ…!

‘മോനേ… ഉമ്മയോട് നീയിങ്ങനെ പിണങ്ങല്ലേ… ഞാൻ വരാം… ഇജ്ജ് വന്ന് എന്നെ കൊണ്ടുപോ…’

മോന് സന്തോഷമാകട്ടേയെന്ന് കരുതിയാണ് പിന്നീട് വിളിച്ചപ്പോൾ ഞാനത് പറഞ്ഞത്. അതൊന്നും ഇനി ശരിയാകില്ലെന്ന അവന്റെ മറുപടി കേട്ടപ്പോൾ വേണ്ടായിരുന്നുവെന്ന് തോന്നിപ്പോയി. എന്ത് ചെയ്യാൻ പറ്റും! മനസ്സ് മാറ്റി തയ്യാറെടുത്തപ്പോഴേക്കും അവന്റെ ഉള്ള് മാറിപ്പോയി. തന്റെ പ്രവാസ ജീവിതത്തിൽ ഉമ്മ കൂടെ വേണമെന്ന ആഗ്രഹം മോന് ഇല്ലാതായിരിക്കുന്നു. കാരണം ഞാൻ തന്നെ ആയിരിക്കണം.

വിഷമം ഉണ്ടായിരുന്നുവെന്നത് സത്യമാണ്. എന്നാലും, അവനോട് ദേഷ്യമൊന്നും തോന്നിയില്ല. പണ്ടും മോൻ ഇങ്ങനെ തന്നെയായിരുന്നു. ആഗ്രഹിച്ചത് ആ നേരം തന്നെ കിട്ടിയില്ലെങ്കിൽ വാശിയും പിണക്കവു മായി തുടരുന്ന കുഞ്ഞ് തന്നെയാണ് അവൻ ഇപ്പോഴും. എന്തുതന്നെ സംഭവിച്ചാലും എനിക്ക് അവനോട് പിണങ്ങാൻ സാധിക്കില്ല…

‘യുദ്ധമൊക്കെ നടക്കുന്ന നാടാ… അവനോട് ഇങ്ങോട്ട് വരാൻ പറ…’

ഒരിക്കൽ ഇളയാപ്പ പറഞ്ഞതാണ്. ഒരു നെടുവീർപ്പ് മാത്രമായിരുന്നു എന്റെ മറുപടി. സിനിമകളിലെ തല്ലും വഴക്കും പോലും കാണാനുള്ള ത്രാണിയില്ല എനിക്ക്. യുiദ്ധമെന്നൊക്ക കേൾക്കുമ്പോൾ തന്നെ നെഞ്ച് വിറക്കും. മോനെ വിളിച്ച് ചോദിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നാണ് പറയുന്നത്. അതേപറ്റി കൂടുതൽ സംസാരിക്കാനുള്ള ലോകവി വരമൊന്നും എനിക്ക് ഇല്ലായിരുന്നു. പക്ഷേ, ആയുധങ്ങൾ പെയ്യുന്ന സാഹചര്യത്തിലാണ് മക്കളെന്ന് അറിയുന്ന ഉമ്മമാർക്ക് പിന്നീട് ഉറക്കം ഉണ്ടാകുമോ…! ഇല്ല… ഉണ്ടാകില്ല… എന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു…

നാളുകൾ കഴിഞ്ഞു. ഭൂതകാലത്തിന്റെ സ്മരണകൾ അയവിറത്ത് കിടന്ന രാത്രിയായിരുന്നുവത്. ഫൗസി ഉറങ്ങിക്കാണും. മൂത്തമ്മയുടെ മോളാണ് ഫൗസി. പഠിക്കാനുള്ള സൗകര്യത്തിനും, എനിക്കൊരു കൂട്ടുമെന്ന നിലയിലാണ് ഇവിടെ തുടരുന്നത്. തമ്മിൽ തമ്മിൽ വലിയ സ്നേഹമാണ്. എന്നാലും, അവൾക്ക് അവളുടേതായ ഒരു ലോകമുണ്ട്. ആൾക്കാരുണ്ട്. തെറ്റ് പറയാൻ പറ്റില്ല. ആർക്കാണ് അവരുടേതായ ലോകം ഇല്ലാത്തത്. ഞാനും അങ്ങനെ തന്നെയല്ലേ… പോയകാലത്തിന്റെ ഓർമ്മകളിൽ വിതുമ്പി വെറുതേ നേരം പാഴാക്കുന്നു. അതിൽ, തന്റെ ലോകത്തിൽ ഉമ്മ വേണമെന്ന് പറഞ്ഞ മോനേപ്പോലും കൃത്യമായി കാണാൻ പറ്റിയില്ലല്ലോയെന്ന് ഓർക്കുമ്പോൾ വേദനയുണ്ട്. തനിയേ ജീവിക്കാൻ അവൻ പഠിച്ചൂവെന്ന സുഖവും ഉണ്ട്… പക്ഷേ, ആ യുദ്ധഭീതി…

‘ആന്റീ… ആന്റീ…, കരണ്ട് പോയി. മഴ പെയ്യുന്നു. കാറ്റടിക്കുമ്പോൾ പേടിയാകുന്നു…’

എപ്പോഴാണ് മയങ്ങിയതെന്ന് അറിയില്ല. കണ്ണുകൾ തുറക്കുമ്പോൾ ഫൗസിമോളുടെ ശബ്ദമാണ്. ഇവിടെ കിടന്നോളൂവെന്ന് പറഞ്ഞ് ഞാൻ ഇത്തിരി ഒതുങ്ങി. തുടർന്ന് ഉറങ്ങാൻ സാധിച്ചില്ല. അവളുടെ ഫോണിൽ നിന്ന് ഉയരുന്ന വെളിച്ചം മുറി മുഴുവൻ വ്യാപിച്ച് കിടക്കുന്നുണ്ടായിരുന്നു.

‘ഉറങ്ങ് പെണ്ണേ… നാളെ കോളേജിലൊന്നും പോണ്ടേ…’

ചോദിച്ചതിനുള്ള മറുപടി ആയിരുന്നില്ല വന്നത്.

‘എന്താ ആന്റീ ഇക്ക ഇങ്ങോട്ട് വരാത്തേ… യുദ്ധം തുടങ്ങുമെന്നൊക്കെയാണ് കേൾക്കുന്നത്… ലീവ് പോലും കിട്ടുന്നില്ലേ…’

“അവന് പ്രശ്നമൊന്നുമില്ല. കൂടാതെ ജോലി തിരക്കുമുണ്ട്…”

എന്നും പറഞ്ഞ് ഞാൻ തിരിഞ്ഞ് കിടന്നു. ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് കണ്ടിട്ടാകണം മൊബൈൽ വെളിച്ചം കെടുത്തിയിട്ട് ഫൗസിയും മലർന്നത്. പിന്നീട് ആ മുറിയിൽ പടർന്നത് ഭയമായിരുന്നു… മൗനമായിരുന്നു… എന്നിരുന്നാലും, കാറ്റിൽ മരങ്ങൾ ഉലയുന്നത് കേൾക്കാം. മഴച്ചില്ലുകൾ വെന്റിലേറ്ററിലൂടെ അകത്തേക്ക് തെറിക്കുന്നുണ്ടോയെന്ന സംശയത്തിൽ മിന്നലുകൾ ഒളിയുന്നതും കാണാം. ആ നിമിഷത്തിലാണ് അടച്ച ജനലിൽ ആരോ ശക്തമായി കൊട്ടിയത്. ഞെട്ടലിൽ കട്ടിലിൽ നിന്ന് ഞങ്ങൾ താഴെ വീണ് പോയി…

ഉമ്മായെന്നാണ് ഫൗസി ആ നേരം എന്നെ വിളിച്ചത്. പാവം അത്രയ്ക്കും പേടിച്ച് പോയി. അതിലും ഭയത്തിൽ മോളേയെന്ന് വിളിച്ച് ഞാൻ അവളെ ചേർത്ത് പിടിച്ചു.

‘തോന്നിയതാണോ?’

”രണ്ടുപേർക്കും ഒരുപോലെ തോന്നോ…? വാ നോക്കാം… ശൂ…! മിണ്ടല്ലേ… കതകിൽ ആരോ മുട്ടുന്നത് കേൾക്കുന്നില്ലേ….? ”

ഫൗസി കാതോർത്തു. ഒരു മതിലിന് അപ്പുറമുള്ള ഇളയാപ്പയെ വിളിക്കെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാന കതകിലേക്ക് ഞാൻ നടന്നത്. ശബ്ദമില്ല. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഒരാൾ നിൽക്കുന്നു. ഭയത്തിൽ നെഞ്ച് വലിഞ്ഞ ആ നേരം വീണ്ടും കതകിൽ മുട്ട് കേട്ടു. തുടർന്ന് ഉമ്മായെന്ന വിളിയും ഉയരുന്നുണ്ടെന്ന് കേട്ടപ്പോൾ എല്ലാം സ്വപ്നമാണോയെന്ന് ചിന്തിക്കാനാണ് തോന്നിയത്. കതക് തുറന്നപ്പോൾ മോൻ എന്ന യാഥാർഥ്യം മഴ നനഞ്ഞ് മുന്നിൽ നിൽക്കുന്നു. ഇക്കായെന്ന് ഫൗസിയും വിളിച്ചു.

‘എത്ര നേരായി ഞാൻ വിളിക്കുന്നു ഉമ്മാ… എല്ലാം നിർത്തിയിട്ട് ഇങ്ങോട്ട് വരാമെന്ന് കരുതി ഇരിക്കുമ്പോഴാ ഉമ്മ അങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞേ… അതാ പറയാതിരുന്നേ… പക്ഷേ, ഈ മഴ പ്രതീക്ഷിച്ചില്ല… ഹോ…! എന്തൊരു മഴ… ഇതുപോലൊരു മഴ മുമ്പ് പെയ്തിതിട്ടേയില്ലായല്ലേ ഉമ്മാ…!’

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ അവനെ ആദ്യം ഞാൻ അkടിച്ചു. തോളിലും പുറത്തും നെഞ്ചിലുമെല്ലാം പൊതിiരെ തoല്ലി. ശേഷം ആ മാറിലേക്ക് വീണ് കുട്ടിയെ പോലെ തേങ്ങി. ചിരിച്ചുകൊണ്ടാണ് അവൻ എന്നെ അടർത്തി മാറ്റിയത്. മിഴിച്ച കണ്ണുകളുമായി നിൽക്കുന്ന ഫൗസിയെ ശ്രദ്ധിച്ചപ്പോഴാണ് പരിസരബോധം ഉണ്ടായത്. അപ്പോഴേക്കും, ആരാണ്ട്രാ ഹിമാറെ നട്ടപാതിരായ്ക്ക് പുരയിൽ കേറുന്നതെന്നും ചോദിച്ച്, ഇളയാപ്പയുടെ ടോർച്ച് വെളിച്ചവും മുറ്റത്തേക്ക് എത്തിയിരുന്നു….!!!

Leave a Reply

Your email address will not be published. Required fields are marked *