ഉറക്കം വരാതെ മറിഞ്ഞും തിരിഞ്ഞും കിടന്ന ആ രാത്രിയിൽ എന്റെ തല രണ്ടായി വേർപെട്ടിരുന്നു. ഒരുവശം, ഇനിയുള്ള തുടർജീവിതം ആണെങ്കിൽ മറുവശം മുൻ വാടകക്കാരന്റെ ആത്മഹiത്യയായിരുന്നു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ജiയിലിൽ നിന്ന് ഇറങ്ങുമ്പോൾ എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. കുറ്റബോധത്തിൽ മുങ്ങിയ തലയുമായി എങ്ങോട്ട് പോയാലും ഗതി പിടിക്കില്ലെന്ന് തോന്നി. അബദ്ധത്തിൽ പോലും പഴയ ജീവിതത്തിലേക്ക് ഇനി എത്തിപ്പെടരുതെന്ന ആഗ്രഹം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ…

രണ്ട് വർഷം മുമ്പ് പോലീസുകാർ എന്നെ പിടിച്ച് കൊണ്ടുപോയ വാടക വീട്ടിലേക്ക് തന്നെയാണ് ആദ്യം പോയത്. ജയിലിൽ നിന്നുള്ള വരവായത് കൊണ്ട് ആരുമെന്നെ കണ്ടതായി ഭാവിച്ചില്ല. ഒരു സ്റ്റോർ റൂമിൽ കൂട്ടിയിട്ട എന്റെ സാധനങ്ങളിൽ നിന്ന് അത്യാവശ്യത്തിനുള്ളത് എടുത്ത് ഞാൻ യാത്രയായി. എവിടേക്കെന്ന് നിശ്ചയമുണ്ടായിരുന്നില്ല. ജന്മനായുള്ള മുഴ നെറ്റിയിൽ ഉള്ളത് കൊണ്ട് എല്ലാവരും തിരിച്ചറിയും. വലിയ പരിചയമില്ലാത്ത എങ്ങോട്ടേക്കെങ്കിലും പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. കiള്ളൻമ്മാർക്ക് എങ്ങോട്ട് പോയാലും ജീവിക്കാമല്ലോ… പക്ഷെ, ആ ജീവിതം ഇനിയും തുടരാൻ എനിക്ക് യാതൊരു താൽപ്പര്യവുമില്ല.

ഞാൻ തെണ്ടാത്ത തെരുവുകളോ, മോഷ്ട്ടിക്കാത്ത പൊരുളുകളോ എന്റെ കാഴ്ച്ചയുടെ ലോകത്ത് ഇല്ല. ഭക്ഷണത്തിൽ നിന്ന് തുടങ്ങിയ ശീലം ബാല്യം കഴിഞ്ഞപ്പോൾ ബൈക്കുകൾ, തീവണ്ടി യാത്രക്കാരുടെ ബാഗുകൾ, ചെരുപ്പുകൾ, എന്നുവേണ്ട, എനിക്ക് ആവിശ്യമുള്ളതെല്ലാം ഞാൻ കൈക്കലാക്കും. അതിനുള്ള സൂത്രപ്പണികളൊക്കെ എനിക്ക് അറിയാം. അതിനെ തന്നെയാണല്ലോ കളവെന്ന് പറയുന്നത്.

ഇപ്പോൾ കഴിഞ്ഞ ശിക്ഷ വ്യാജ സർട്ടിഫിക്കറ്റ് വിറ്റ തെറ്റിനുള്ള തായിരുന്നു. കഴിഞ്ഞ കാലത്തിലെല്ലാം കൈവന്ന ആരുടെ യൊക്കെയോ സർട്ടിഫിക്കറ്റുകൾ ഞാൻ ചേർത്ത് വെച്ചിരുന്നു. പിൽക്കാലത്ത് ആവിശ്യമെന്നോണം പലർക്കും വിറ്റു. എന്റെ പക്കലിൽ നിന്നും ഒടുവിൽ വാങ്ങിയ ആള് കാരണമാണ് ഞാൻ പിടിയിലായത്. മാസങ്ങൾക്ക് മുമ്പ് നഷ്ട്ടപ്പെട്ടുപോയ അയാളുടെ എം കോമിന്റെ സർട്ടിഫിക്കറ്റ് തന്നെയായിരുന്നു അയാൾക്ക് ഞാൻ വിറ്റത്. ആ മനുഷ്യൻ ആണെങ്കിൽ സൂത്രത്തിൽ പോലീസിൽ ഒറ്റി. എന്നെ ജീപ്പിൽ കൊണ്ട് പോകുമ്പോൾ അയാളൊരു കാര്യം പറഞ്ഞിരുന്നു.

‘മറ്റുള്ളവരുടെ ജീവിതം മോഷ്ട്ടിക്കുന്ന നീയൊന്നും ഒരുകാലത്തും ഗതി പിടിക്കില്ലെടോ…!’

എന്റെ ജയിൽ വാസത്തിൽ മുഴുവൻ ആ ശബ്ദത്തിന്റെ അലയടികൾ ഉണ്ടായിരുന്നു. ജീവനിൽ അങ്ങനെയാണ് കുറ്റബോധം തോന്നി തുടങ്ങുന്നത്. ജീവിതം മാറി സഞ്ചരിച്ചേ മതിയാകൂവെന്ന് ആരോ പറയുന്നത് പോലെ… മാറണം. അതിനായി, ആദ്യം താമസിക്കാനൊരു വീട് വേണം. ബസ്സ് ഇറങ്ങിയ തെരുവിന്റെ ചുമരിൽ കണ്ട നമ്പറിലേക്ക് അങ്ങനെയാണ് ഞാൻ വിളിക്കുന്നത്.

ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ വിലാസത്തിലേക്കെത്തി. എനിക്കായി മാറ്റി വെച്ചത് പോലെയൊരു ഒറ്റപ്പെട്ട വീട്. ബ്രോക്കറുമായി സംസാരിച്ച് ഒരു ധാരണയിലുമായി. പണം കൊടുത്തപ്പോൾ താക്കോലും കൈയ്യിൽ വന്നു.

‘പണ്ടൊരുത്തൻ ഇവിടെ തൂiങ്ങി മരിച്ചതാണ്.. അതിലും മുമ്പ്….’

വിവരണങ്ങൾ മതിയെന്ന് പറഞ്ഞപ്പോഴാണ് ആ ബ്രോക്കർ നിർത്തിയത്. ധൈര്യമില്ലാത്തവനാണ് ഞാനെന്ന് കരുതിക്കാണും. ഇരുട്ടിന്റെ കൂട്ടുകാരാനായ എനിക്ക് ഇതൊക്കെ എത്രയോ നിസ്സാര മാണെന്ന് അയാൾക്ക് അറിയില്ലല്ലോ…

‘എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വിളിച്ചോളാം… നിങ്ങള് പോയിക്കൊള്ളൂ…’

ബ്രോക്കറെ ഞാൻ പറഞ്ഞയച്ചു. തനിച്ചാണെന്ന് കണ്ടപ്പോൾ അയാൾ പേടിപ്പിക്കാൻ നോക്കുകയാണ്. ഈ വീടിന്റെ ഉടമസ്ഥൻ രാജ്യത്തിന് പുറത്താണെന്നും, ഇങ്ങോട്ട് വരാറേയില്ലായെന്നുമൊക്കെ ഞാൻ മനസിലാക്കിയിട്ടുണ്ട്. ഇത്തരം പ്രേതക്കഥകളൊക്കെ പറഞ്ഞ് വാടകക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിൽ ബ്രോക്കർക്ക് കാര്യമായ എന്തോ കാര്യമുണ്ട്. മാറി മാറി വരുന്ന വാടകക്കാരിൽ നിന്നെല്ലാം കമ്മീഷൻ കിട്ടിയാൽ അതിൽപ്പരം ഗുണമുണ്ടോ അയാൾക്ക്…

പകൽ മുഴുവൻ ഞാൻ ആ വീട് വൃത്തിയാക്കി. ചുറ്റുമതിലിന്റെ പുറത്തെ നാല് ഭാഗവും കാട് പിടിച്ച നിലയിലാണ്. എന്നാലും, ഗേറ്റ് വരെ തെളിഞ്ഞ വഴിയുണ്ട്. വേണമെങ്കിൽ ലോറിക്ക് വരെ വരാം. അതിനെ പാർക്ക് ചെയ്യാനുള്ള ഇടമൊന്നും ഇന്റർലോക്കിട്ട അകത്തില്ല. പിന്നെയൊരു കാര്യമുണ്ട്. കൂവി വിളിച്ചാൽ കേൾക്കുന്ന ദൂരത്തിൽ അയൽക്കാരായി ആരുമില്ല.

സായാഹ്നം കറുക്കാൻ തുടങ്ങിയപ്പോൾ ബ്രോക്കർ പറഞ്ഞത് വീണ്ടുമെന്റെ തലയിൽ മിന്നി. ആരായിരിക്കും ഇവിടെ തൂiങ്ങി മരിച്ചിട്ടുണ്ടാകുക? കാരണം എന്തായിരിക്കും? ബ്രോക്കർ വെറുതേ തട്ടി വിട്ടതായിരിക്കുമോ? ആയിരിക്കുമെന്ന പക്ഷത്തേക്ക് ചായാനേ എനിക്ക് തോന്നിയുള്ളൂ… ധൈര്യമില്ലാത്തത് കൊണ്ടായിരുന്നില്ല… വെറുതേ എന്തിനാണ് ഓരോന്ന് ചിന്തിച്ച് വേവലാതിപ്പെടുന്നതെന്ന തോന്നൽ… ഈ ഭയമെന്ന് പറയുന്നതും അതിനെ തന്നെ ആയിരിക്കുമല്ലേ…!

ഉറക്കം വരാതെ മറിഞ്ഞും തിരിഞ്ഞും കിടന്ന ആ രാത്രിയിൽ എന്റെ തല രണ്ടായി വേർപെട്ടിരുന്നു. ഒരുവശം, ഇനിയുള്ള തുടർജീവിതം ആണെങ്കിൽ മറുവശം മുൻ വാടകക്കാരന്റെ ആത്മഹiത്യയായിരുന്നു. നേരം കനത്തെന്ന് തോന്നിയപ്പോൾ വല്ലാത്തയൊരു കാറ്റടിക്കുന്നത് പോലെ…!

ഈ വീട്ടിൽ ഇത്രയും കൊളുത്തിടാത്ത ജനാലകളോയെന്ന് സംശയിക്കും വിധം പട പടാന്നടിക്കുകയാണ്..!

ഞാൻ വിരണ്ടു പോയി. ഓരോ മുറിയിലേക്കും കയറി അതെല്ലാം അടയ്ക്കുന്ന വേളയിലാണ് വീണ്ടും ഞാനത് ശ്രദ്ധിക്കുന്നത്. വൃത്തിയാക്കുന്ന നേരത്തും അലമാരയുടെ മുകളിലെ ആ കറുത്ത ബാഗ് ഞാൻ കണ്ടിരുന്നു. എന്തുകൊണ്ടൊ, എനിക്ക് അപ്പോൾ അത് തുറക്കാൻ തോന്നിയില്ല. പക്ഷെ, ഇപ്പോൾ, അതിനായൊരു ഉൾപ്രേരണ പോലെ…

ബാഗിൽ തുണികൾ മാത്രമേ ഉള്ളൂവെന്നാണ് ആദ്യം തോന്നിയത്. എല്ലാം തറയിലേക്ക് ഇട്ടപ്പോൾ എനിക്കൊരു ഡയറി കിട്ടി. മരിച്ചവന്റേത് ആയിരിക്കുമോയെന്ന സംശയത്തിൽ തുടക്കം തൊട്ട് ഞാൻ വായിച്ചു. ഒരു ജീവിതം അറിയുന്നത് പോലെ…

ഏറെ സ്വപ്നങ്ങളുമായി ആ നഗരത്തിലേക്ക് വന്നയൊരു ചെറുപ്പക്കാരൻ. താമസിക്കാൻ, ഒറ്റപ്പെട്ടയൊരു വീട് വേണമെന്ന തോന്നലിൽ തന്നെ ആയിരിക്കണം ഇവിടെ എത്തിപ്പെട്ടത്. പ്രധാനപ്പെട്ട നാളുകളെയെല്ലാം അവൻ കുറിച്ച് വെച്ചിട്ടുണ്ട്. മരിച്ചവന്റേത് തന്നെയാണ് ആ ഡയറിയെന്ന് തെളിയിക്കും വിധമായിരുന്നു ഒടുവിലായി എഴുതിയ താളിൽ തെളിഞ്ഞത്.

‘ഞാൻ കണ്ടിരുന്നു. നീല ഷർട്ടിട്ട ആളാണ് ട്രെയിനിൽനിന്നും എന്റെ ബാഗ് എടുത്തത്. അയാളുടെ നെറ്റിയിലൊരു മുഴയുണ്ട്. ബിരുദത്തിന്റേത് ഉൾപ്പെടെയുള്ള സർട്ടിഫിക്കേറ്റുകൾ ബാഗിൽ ഉണ്ടായിരുന്നത് കൊണ്ട് മോഷ്ട്ടിക്കപ്പെട്ട് പോയത് എന്റെ ജീവിതമാണ്. യാതൊന്നിനും നേരമോ സാഹചര്യമോ ഇല്ല. അവസാന പ്രതീക്ഷയായ ജോലിയും നഷ്ടപ്പെട്ടിരിക്കുന്നു. ഈ ഭൂമി വിട്ട് പോകാനുള്ള എന്റെ നേരം ഇതായിരിക്കുമല്ലേ അമ്മേ…!’

എത്ര വട്ടം ഞാനത് വായിച്ചുവെന്ന് എനിക്ക് ഓർമ്മയില്ല. ആവർത്തി ക്കുന്തോറും ആ നീല ഷർട്ട് ഇട്ടവന്റെ മുഖം ഉള്ളിൽ മിന്നുന്നു! അത് ഞാൻ ആയിരുന്നില്ലേയെന്ന് തല പറയുന്നു! നെറ്റിയിലെ മുഴ വിയർക്കുന്നത് പോലെ….!

ഭയം കൊണ്ടും, വെപ്രാളം കൊണ്ടും, പൊട്ടി പോകുമോയെന്ന് തോന്നിയപ്പോൾ ആയിരിക്കണം ഉടുതുണിയോടെ ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയോടിയത്. ആ നേരം എന്റെ തലയിലൊരു ശാപ ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ….

‘മറ്റുള്ളവരുടെ ജീവിതം മോഷ്ട്ടിക്കുന്ന നീയൊന്നും ഒരുകാലത്തും ഗതി പിടിക്കില്ലെടോ…!!!’

Leave a Reply

Your email address will not be published. Required fields are marked *