എങ്ങനെയെങ്കിലും ഉഡുപ്പിയിലെ ഞങ്ങളുടെ തന്നെ ഗാങ്ങിന്റെ ഹോട്ടലിൽ എത്തിക്കാനായിരുന്നു നിർദേശം. ഇവിടെ പ്ലാനിങ് നടക്കുമ്പോൾ ഒന്നുമറിയാതെ അവൾ എന്നെ വിശ്വസിച്ചു…..

ഇരകളും വേട്ടക്കാരും

Story written by Jainy Tiju

കൊച്ചിയിൽ നിന്ന് ഉഡുപ്പിക്കുള്ള ട്രെയിൻ യാത്രയിലാണ് ഞാൻ അവളെ കണ്ടത്. വെളുത്തു കൊലുന്നനെ എന്നാൽ ആരോഗ്യമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ, തോളൊപ്പം വെട്ടിയിട്ട മുടി. അതിസുന്ദരിയെന്നൊന്നും പറയാൻ കഴിഞ്ഞില്ലെങ്കിലും ആകർഷകമായ മുഖം.. കേറിയപ്പോൾ മുതൽ ഫോണിൽ പാട്ടുകേട്ടിരിക്കുന്നു.. ചുറ്റുമുള്ളവരെ മൈൻഡ് പോലും ചെയ്യുന്നില്ല.. രാത്രിയായപ്പോൾ വേഗം ചുരുണ്ടു ബർത്തിൽ കയറി. ഒരു ഹാൻഡ്‌ബാഗ് ചേർത്തുപിടിച്ചിട്ടുണ്ട്.

ടോയ്‌ലറ്റിൽ പോകാൻ ഇറങ്ങിയപ്പോഴും ബാഗ് കയ്യിൽ തന്നെ ഉണ്ടായിരുന്നു. ഒന്ന് പുകയ്ക്കണം എന്ന് തോന്നി ടോയ്‌ലെറ്റിന്റെ ഭാഗത്തേക്ക് ചെന്നപ്പോൾ അവിടെ നിന്നിരുന്ന രണ്ടു പയ്യന്മാർ അവളെ കമെന്റ് അടിക്കുകയോ മറ്റോ ചെയ്‌തെന്ന് തോന്നുന്നു, പേടിച്ചോടി വരുന്നത് കണ്ടു. എന്നെക്കണ്ടിട്ടാവണം അവർ അവിടെ നിന്നും മാറിപ്പോയി. കമ്പാർട്മെന്റിൽ അധികം ആളുകളും ഇല്ലായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ സഹായിക്കും എന്ന് തോന്നിയത്കൊ ണ്ടാവണം അവൾ എന്നോട് ചിരിച്ചത്. അവളുമായി ഒരു സംഭാഷണം എങ്ങനെ തുടങ്ങുമെന്നാലോചിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു സുവർണാവസരം വീണുകിട്ടിയത്.

” ഞാൻ വിനയൻ.എന്താ തന്റെ പേര്? ” മറുപടി പറയുമെന്ന് ഉറപ്പില്ലെങ്കിലും ഞാൻ ചോദിച്ചു..

” എന്റെ പേര് പദ്മ. ചേട്ടൻ എവിടേക്കാണ്? “

അവളും സംസാരിക്കാൻ ഒരവസരം നോക്കിയിരിക്കുകയാണ് തോന്നുന്നു.

” ഞാൻ ഉഡുപ്പി.. താൻ എങ്ങോട്ടാ? “

” ഞാൻ കുടജാദ്രി കാണാൻ ഇറങ്ങിയതാണ്. “

“ഒറ്റക്കോ?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

” അതേ, ഒരു സോളോട്രിപ്പ് ഒരുപാട് നാളത്തെ എന്റെ ആഗ്രഹമായിരുന്നു. ഒരവസരം ഒത്തു വന്നു. പോന്നു. “

” അപ്പോ വീട്ടിലൊക്കെ സമ്മതിച്ചോ? ” ഞാൻ സംശയത്തോടെ ചോദിച്ചു.

” വീട്ടിൽ… അങ്ങനെ പറയത്തക്ക ബന്ധുക്കളൊന്നുമില്ല ചേട്ടാ. അച്ഛൻ മരിച്ചു. അമ്മ രണ്ടാമത് വിവാഹം കഴിച്ചു.. ഞാൻ എവിടെ പോയാലും വന്നാലും അവരെ ബാധിക്കാറില്ല. കൊച്ചിയിൽ എനിക്ക് ചെറിയൊരു ജോലിയുണ്ട്. അവിടെ ഞാൻ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നു. എനിക്കിങ്ങനെ ഒരാഗ്രഹം തോന്നി, ഞാൻ ഇറങ്ങി.. അത്രയേയുള്ളൂ. “

അവളിത്ര സംസാരിക്കുമെന്ന് ഞാൻ കരുതിയില്ല..എനിക്കാണെങ്കിൽ ചിരിയും വന്നു. ഒരുത്തൻ കമെന്റടിച്ചപ്പോൾ പേടിച്ചയാളാണ് സോളോട്രിപ്പ് എന്നുപറഞ്ഞു ഇറങ്ങിയത്.

” ചേട്ടൻ ചിരിച്ചതെന്തിനാ എന്ന് എനിക്ക് മനസ്സിലായി. ഇത്രപേടി യുള്ളവർ ഒറ്റയ്ക്ക് വന്നതെന്തിനാ എന്നല്ലേ. വേറൊരു കാരണം കൂടെയുണ്ട് കേട്ടോ. അങ്ങനെ എന്റെ വട്ടിനു കൂടെ നിൽക്കാൻ പറ്റിയ സുഹൃത്തുക്കളാരും എനിക്കില്ല. “

ഞാൻ ഒന്നും മിണ്ടിയില്ല.

” ചേട്ടന് ഉഡുപ്പിയിൽ ജോലിയാണോ? “

” ജോലിയുടെ ഭാഗമായിട്ട് ഒരാളെ കാണണം. പിന്നെ, സത്യത്തിൽ ഞാനും കറങ്ങാൻ ഇറങ്ങിയത് തന്നെയാണ്.. യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനും. ” ഞാനും ചിരിച്ചു.

സംസാരിച്ചു സംസാരിച്ചു ഞങ്ങൾ അങ്ങനെ കൂട്ടായി..എനിക്ക് അവിടെയെല്ലാം അറിയാമെന്നും കുടജാദ്രിയെത്താൻ എളുപ്പമല്ല, ബസും ടാക്സിയുമൊക്കെയായി റെയിൽവേ സ്റ്റേഷനിൽ നിന്നും കുറച്ചു യാത്രയുണ്ടെന്നൊക്കെ വിവരിച്ചപ്പോൾ അവൾ തന്നെയാണ് ഇങ്ങോട്ട് ചോദിച്ചത് കുടജാദ്രിയിൽ കൂടെ വരാമോ എന്ന്.. എന്നെപ്പോലെ ഒരാൾ കൂടെയുണ്ടെങ്കിൽ ധൈര്യമുണ്ടെന്ന്.

ആ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു ഞാനും കാത്തിരുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ഈ യാത്രയിൽ എന്റെ വലയിൽ ഞാൻ പോലും അറിയാതെ ഒരിര ഓടിക്കയറിയിരിക്കുന്നു. ഒരുപക്ഷെ, ഏറ്റവും സേഫ് ആയിക്കിട്ടാവുന്ന, ആരും അന്വേഷിച്ചു വരാനില്ലാത്ത ഒരിര. ലക്ഷങ്ങളുടെ ബിസിനസ്സ് ആണ് ഈ ഫീൽഡിൽ നടക്കുന്നത്. ‘പ്രോഡക്റ്റ് ‘ എന്നാണ് ഞങ്ങൾക്കിടയിലെ കോഡ്. പ്രോഡക്റ്റ് ഫ്രഷ് ആണെങ്കിലും ചെറുപ്പം ആണെങ്കിലും ആവശ്യക്കാർ കൂടും, വിലയും കൂടും..ഈ പ്രോഡക്റ്റിന് എന്തായാലും ഒരു അഞ്ചുലക്ഷം തടയാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല. ഒന്ന് പുകയ്ക്കാൻ എന്ന് പറഞ്ഞു ബർത്തിൽ നിന്ന് എണീറ്റുപോയ ഞാൻ ഉഡുപ്പിയിലുള്ള എന്റെ സുഹൃത്തിനെ വിളിച്ചു വിവരം അറിയിച്ചു.. എങ്ങനെയെങ്കിലും ഉഡുപ്പിയിലെ ഞങ്ങളുടെ തന്നെ ഗാങ്ങിന്റെ ഹോട്ടലിൽ എത്തിക്കാനായിരുന്നു നിർദേശം. ഇവിടെ പ്ലാനിങ് നടക്കുമ്പോൾ ഒന്നുമറിയാതെ അവൾ എന്നെ വിശ്വസിച്ചു സമാധാനമായി ഉറങ്ങുന്നുണ്ടായിരുന്നു.

പിറ്റേന്ന് മൂകാംബിക സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് അവിടെ ഒരു ലോഡ്ജിൽ അവൾ ഓൺലൈനിൽ റൂം ബുക്ക്‌ ചെയ്തിട്ടുണ്ടെന്നും അവിടെ കേറി ചെക്ക് ഇൻ ചെയ്തു, ഫ്രഷ് ആയി പോകാമെന്നും പറഞ്ഞപ്പോൾ എന്റെ മനസ്സിൽ വീണ്ടും ലഡ്ഡു പൊട്ടി. ഇത് വിചാരിച്ചത്ര പ്രയാസം വരില്ല എന്ന അറിവ് എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.
റൂമിൽ ചെന്ന്, കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിച്ച് ഞങ്ങൾ പെട്ടെന്ന് തന്നെ ഇറങ്ങി. ഈ സമയത്തെല്ലാം മാന്യമായ ഒരു സുഹൃത്തിന്റെ വേഷം ഞാൻ ഭംഗിയായി ആടി.

മല കയറുമ്പോൾ ” കുടജാദ്രിയിൽ കുടചൂടുമാ കുളിർമഞ്ഞുപോലെയീ പ്രണയം….. ” എന്ന എന്റെ മൂളലിനു അവൾ അടക്കിച്ചിരിച്ചു. ഇടയിലെപ്പോഴോ അവളെന്റെ കൈ പിടിച്ചു. അന്ന് പകൽ മുഴുവൻ കറക്കമായിരുന്നു. പിറ്റേന്നായിരുന്നു അവൾക്ക് മടക്കയാത്രയുടെ ടിക്കറ്റ്. ഞാനും തിരിച്ചു കൊച്ചിക്കാണെന്നും പോകുന്നതിന് മുൻപ് എന്റെ സുഹൃത്തിനെ ഉഡുപ്പിയിൽ ചെന്നൊന്നു കാണണമെന്നും അവിടെ നിന്ന് തിരിച്ചു ട്രെയിൻ കേറാമെന്നും പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു. എല്ലാം പ്ലാൻ പ്രകാരം തന്നെ നടക്കുന്നതിൽ എനിക്കെന്നെക്കുറിച്ച് തന്നെ ഒരു മതിപ്പ് തോന്നി.. രാത്രി ലോഡ്ജിൽ എത്തിക്കുന്നു, മiയക്കുമiരുന്ന് ചേർത്ത ജ്യൂസ്‌ കൊടുക്കുന്നു. പിന്നെ അവൾ ഉണരുന്നത് മുംബൈയിലായിരിക്കും.

ആദ്യമായല്ല ഈ ബിസിനസ്സ്.. ഇങ്ങനെ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുമുണ്ട്. പക്ഷെ, എന്തോ ഇവളോടൊരു സോഫ്റ്റ്‌ കോർണർ പോലെ. വേണ്ട.. ഒന്നും വേണ്ട. ഇത് നമ്മുടെ ബിസിനസ്സിനു പറ്റിയതല്ല. നമുക്ക് പണമാണ് വലുത്. ജീവിക്കാൻ പണമാണ് വേണ്ടത്. ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. അവളറിയാതെ ഞാൻ പകർത്തിയ അവളുടെ ഫോട്ടോ അയച്ചപ്പോൾ തന്നെഎനിക്ക് അഡ്വാൻസ് 2 ലക്ഷം അക്കൗണ്ടിൽ കയറിയിരുന്നു.. എന്നിൽ അവർക്കുള്ള വിശ്വാസം അത്ര വലുതായിരുന്നു..

ചെക്ക്ഔട്ട് ചെയ്യാനും ബാഗ് എടുക്കാനുമായി ലോഡ്ജിൽ ചെന്നപ്പോൾ അവളാണ് എന്തെങ്കിലും ഓർഡർ ചെയ്യാം,കഴിച്ചിട്ട് പോകാമെന്നു പറഞ്ഞത്. അവൾ തന്നെ ഓർഡറും ചെയ്തു. ഒന്ന് ഫ്രഷ് ആവണമെന്ന് പറഞ്ഞു ബാത്‌റൂമിൽ കേറിയപ്പോൾ തന്നെ അവളുടെ മനസ്സിൽ എന്തൊക്കെയോ ആഗ്രഹങ്ങൾ മുളച്ചിട്ടുണ്ട് എന്ന് തോന്നി. പാവം. നിന്റെ ഭാവി നിനക്കറിയില്ലല്ലോ മോളെ..

ബെൽ അടിച്ചപ്പോൾ ഫുഡ്‌ ഡെലിവറി ആണെന്ന് കരുതിയാണ് വാതിൽ തുറന്നത്. ഓർക്കാപ്പുറത്ത് കിട്ടിയ അiടിയിൽ ഞാൻ വേkച്ചു വീണിരുന്നു. മൂന്നാലുപേർ വാതിൽ തള്ളിത്തുറന്നു അകത്തേക്ക് കേറുന്നതും അതിലൊരുത്തന്റെ കയ്യിൽ ഒരു റിiവോൾവറും ഞാൻ കണ്ടു. നിമിഷനേരം കൊണ്ട് അവരെന്നെ ഒരു കസേരയിൽ ബന്ധിച്ചു. അലറി വിളിക്കാൻ ശ്രമിച്ച എന്നെ അവർ തോiക്കുചൂണ്ടി ഭീഷiണിപ്പെടുത്തി. അതെനിമിഷം തന്നെയാണ് അവൾ ബാത്‌റൂമിൽ നിന്നിറങ്ങിയത്. എന്താണിവരുടെ ഉദ്ദേശമെന്നോ അവരിവളെ എന്തെങ്കിലും ചെയ്യുമോ എന്നോ അറിയാതെ എന്റെ തൊണ്ട വരണ്ട നേരത്ത് പുഞ്ചിരിയോടെ അതിൽ നേതാവെന്ന് തോന്നിച്ചയാൾക്ക് അവൾ കൈ കൊടുക്കുന്നത് ഞാൻ ഞെട്ടലോടെ കണ്ടു. ചiതി… ചiതിക്കുകയായിരുന്നോ ഇവൾ? വിശ്വസിക്കാനാവാതെ ഞാൻ തറഞ്ഞിരുന്നു.

” ആരാ നിങ്ങൾ? എന്തിനാ എന്നെ പിടിച്ചു വെച്ചിരിക്കുന്നത്? “

ഞാൻ വിറയലോടെ ചോദിച്ചു.

” ഒച്ചയുണ്ടാക്കേണ്ട. ഇവിടെ നിന്നെ രക്ഷിക്കാൻ ആരും വരില്ല.. ഇവിടെ മുഴുവൻ ഞങ്ങളുടെ ആളുകളാണ്. നീയാരാണെന്നും നിന്റെ ബിസിനസ്സ് എന്താണെന്നും വളരെ വ്യക്തമായി അറിയാവുന്നവരാ ഞങ്ങൾ. കുറച്ചു നാളായി ഞങ്ങൾ നിന്റെ പുറകെ തന്നെയുണ്ടായിരുന്നു. ഇന്നാണ് അവസരം ഒത്തു കിട്ടിയത് നിന്നെ പൂട്ടാൻ. ” അയാൾ ചിരിച്ചു.

” നിങ്ങൾ…നിങ്ങൾ പോലീസാണോ? “

എന്റെ ശബ്ദം ചിലമ്പിച്ചിരുന്നു. എന്റെ ജീവിതം തീർന്നു എന്ന ചിന്ത എന്നെ തളർത്തി.

” ഏയ്‌, പോലീസൊന്നുമല്ല. പറഞ്ഞു വരുമ്പോ അല്പം ചീiപ്പാ. തട്ടിച്ചു തിന്നുന്നവനെ വെiട്ടിച്ചു തിന്നുന്നവർ എന്ന് നാടൻ ഭാഷയിൽ പറയും. ഇതാവുമ്പോൾ കുറ്റബോധത്തിന്റെ ആവശ്യമില്ല. നിന്നെപ്പോലുള്ളവർ പരാതിപ്പെടാനും പോകുന്നില്ല. ഉള്ളത് തുറന്നു പറയാം. ഞങ്ങൾക്ക് വേണ്ടത് പണമാണ്. നിനക്കുള്ളത് മുഴുവൻ. “

പറഞ്ഞത് അവളാണ്. അപ്പോഴേക്കും അതിലൊരുത്തൻ എന്റെ ഫോൺ കൈവശപ്പെടുത്തിയിരിന്നു.എന്റെ ഫിംഗർ കൊണ്ട് അവർ ലോക്ക് തുറന്നു. എന്റെ ബാങ്ക് ബാലൻസ് നോക്കി.എന്റെ ഇത്രയും നാളത്തെ സമ്പാദ്യം, പതിനേഴുലക്ഷം രൂപ. എത്രയോ പെiൺകുട്ടികളെ വലയിലാക്കി വിiറ്റ് ഞാനുണ്ടാക്കിയ പണം. അതിലൊരുത്തൻ ഒരു ലാപ്ടോപ് കൊണ്ട് എന്റെ ഫോൺ മൊത്തം ഹാക്ക് ചെയ്തു. പണം മൊത്തം അവർ ഏതോ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.എന്റെ കോണ്ടാക്ട്സ്, ഫോട്ടോസ് വീഡിയോസ് എല്ലാം ഡിലീറ്റ് ചെയ്തു.

ആരെങ്കിലും വന്നിരുന്നെങ്കിൽ ആ ഫുഡ്‌ ഡെലിവറി എങ്കിലും എന്ന് ആശിച്ചു, ആരും വന്നില്ല. എങ്ങനെ വരാൻ, ഇവിടെ മൊത്തം ഇവരുടെ ആളുകളല്ലേ. പണവും പിന്നെ എന്റെ കഴുത്തിൽ കിടന്ന മാലയും ബ്രേസ്ലെറ്റുമടക്കം ആകെയുണ്ടായിരുന്ന അഞ്ചര പവനും അവർ എടുത്തു. തോക്കിൻമുനയിൽ ആയിരുന്നതിനാൽ മിണ്ടാതെ ഇരിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.

” ചേട്ടൻ വിഷമിക്കണ്ട. കുറെ നേരം കഴിഞ്ഞും ചേട്ടനെ കാണാതെ വന്നാൽ ചേട്ടന്റെ മറ്റേ ബിസിനസ്സ് ഫ്രണ്ട് അന്വേഷിച്ചു വന്നോളും. എന്നും മറ്റുള്ളവർക്ക് പണികൊടുക്കുമ്പോൾ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലേ എന്നെങ്കിലും ഒരു പണി തിരിച്ചു കിട്ടുമെന്ന്? സാരമില്ല. പോയതൊക്കെ പോട്ടെ. ചേട്ടന്റെ ഈ ലുക്കും ആരെയും വീഴ്ത്തുന്ന കഴിവും വെച്ച് ഇനിയും ധാരാളം ഇരകളെ പിടിക്കാം, തന്നെ പ്പോലുള്ളവരിൽ വീഴുന്ന പാവങ്ങൾ ഉള്ളിടത്തോളം..പിന്നെ എന്റെ പുറകെ വരാൻ ശ്രമിക്കേണ്ട. നിനക്കൊന്നും തൊടാൻ പോലും പറ്റില്ല എന്നെ.. “

അതും പറഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ട് അവരിറങ്ങിപ്പോയി.. കെട്ടിയിട്ട നിലയിൽ സഹായത്തിനായ് പറ്റാവുന്നത്ര ഉച്ചത്തിൽ അലറി വിളിക്കുമ്പോൾ ഞാൻ ഉള്ളിന്റെയുള്ളിൽ തിരിച്ചറിയുന്നുണ്ടായിരുന്നു, മറ്റുള്ളവരുടെ കണ്ണീരുകൊണ്ട് കെട്ടിപ്പൊക്കിയതൊന്നും നിലനിന്ന ചരിത്രമില്ലെന്ന്…..

Leave a Reply

Your email address will not be published. Required fields are marked *