പണയം
എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്
“സരൂ, ൻ്റെ, മൂത്ത പെങ്ങൾടെ മോൾടെ ഗൃഹപ്രവേശത്തിന് എന്തെങ്കിലും കൊടുക്കേണ്ടേ? നീ, ആ പാത്രക്കാരൻ രാജേഷിനോട് ഒരു അലമാരി ഓർഡർ ചെയ്യുമോ”
സരു, നാവലച്ചു.
“നിങ്ങൾക്ക് ചോദിച്ചൂടെ മനുഷ്യാ? എല്ലാം കടം വാങ്ങാൻ ഞാൻ വേണം. നിങ്ങള് എല്ലാ ആഴ്ച്ചേലും, കാശ് കൃത്യമായി അടച്ചാലല്ലേ, രാജേഷ് സാധനങ്ങൾ തരൂ. കവലേലെ ബേക്കറീല്, ജോലിക്കു നിൽക്കണ എനിക്ക് എന്തു കിട്ടുന്നൂന്ന് നിങ്ങൾക്കറിയാലോ?
മോള്, എട്ടാം ക്ലാസ്സിലേക്കാ ഈ കൊല്ലം. നിങ്ങള് ഇങ്ങനെ വീട്ടിൽ തപസ്സിരിക്കാതെ, ഏതെങ്കിലും കടയിൽ, സാധനങ്ങൾ എടുത്തു കൊടുക്കുന്ന ജോലിയെങ്കിലും കിട്ടുമോന്നു നോക്കണം. അഞ്ചു കൊല്ലം മുൻപ്, ഒരു ചെറു തെങ്ങുമ്മേന്നു വീണ കഥ മാത്രമേ, നാട്ടുകാർക്കറിയൂ.
ഇപ്പോൾ, മടി മാത്രമാണ് രോഗമെന്ന് എനിക്കല്ലേ ബോധ്യമുള്ളൂ.
നാൽപ്പതാം കാലത്ത് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ,
പിന്നെ എപ്പളാ”
മൂന്നു മാസങ്ങൾക്കു ശേഷം.
“സരൂ, രാജേഷ്, കുറച്ചു കഴിയുമ്പോൾ വരും. കഴിഞ്ഞ മൂന്നാഴ്ച്ച, കാശു കൊടുത്തിട്ടില്ല,?എന്താ ചെയ്യാ?”
സരു, അതിനു മറുപടി പറഞ്ഞില്ല.?അവൾ വേഗം കുളിച്ചു.
ഉടുപ്പുരിഞ്ഞു കളഞ്ഞു, ലുങ്കിയും അരബ്ലൗസും ധരിച്ചു. ലുങ്കി, പൊiക്കിൾ ച്ചുഴിക്കു താഴെ തന്നെയുന്നറപ്പു വരുത്തി. ഇത്തിരി പൗഡർ പൂശി. ഒന്നു കണ്ണെഴുതി, പൊട്ടു തൊട്ടു. തെല്ലുനേരം കഴിഞ്ഞു, രാജേഷ് വരവായി.
ഭർത്താവ് അകത്തേ ഇരുട്ടിൽ ഒളിച്ചെന്നുറപ്പു വരുത്തിയ ശേഷം, സരു ചൂലുമായി പുറത്തിറങ്ങി. കുനിഞ്ഞു നിന്നു മുറ്റമടിക്കുന്ന ഭാവത്തിൽ അവൾ, രാജേഷിനോടു പറഞ്ഞു.
“അടുത്താഴ്ച്ച എടുക്കാം ട്ടാ;?ഏട്ടനു പണിയില്ലാത്തോണ്ടാ, ഒന്നും തോന്നരുത്”
സരുവിൻ്റെ പുതിയ ഭാവപ്പകർച്ച നൽകിയ അമ്പരപ്പാകാം, രാജേഷ് ഒന്നു തലകുലുക്കിയ ശേഷം മടങ്ങിപ്പോയി. പതിവു ശാസനകൾക്കു മുതിരാതെ.
പതുങ്ങി നിന്ന ഭർത്താവ്, അവളെ അഭിനന്ദിച്ചു. അവളുടെ നോട്ടം അയാളുടെ കണ്ണുകളിലേക്കായിരുന്നു.?അവയിൽ, പ്രണയത്തിൻെ വൈരപ്രഭയില്ലെന്നവൾ നിരാശയോടെ തിരിച്ചറിഞ്ഞു.
ഇത്തിരി കാലങ്ങൾക്കപ്പുറം,?വീണ്ടുമൊരു ഞായർപ്പകൽ.
ഇന്ന്, പാത്രക്കാരൻ വരാത്തതെന്താവോ? അയാൾ ഭാര്യയേ തിരഞ്ഞു. അവൾ,ഒരിക്കൽ കൂടി പഴയ സിനിമയിലെ ജയഭാരതിയെ പോലെ നാടൻ പെണ്ണിൻ്റെ ചേല ധരിക്കണം. അര ബ്ലൗസും, കൈലിയും അയയിൽ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. ഇന്നിത്ര വൈകി, പാത്രക്കാരൻ വരുന്നതു നന്നായി.
ഇവൾ എവിടെയാണ്? അയാൾ, ജീർണ്ണിച്ച വീടിൻ്റെ അരണ്ട വെട്ടമുള്ള തളത്തിലേക്കു കയറി.
അകത്തേ, തെറുപ്പുപായയുടെ പൊത്തിൽ,?ഒരു എഴുത്ത് അയാളെ കാത്തിരിപ്പുണ്ടായിരുന്നു. ഒത്തിരി വൈകിയാണ്, അയാൾക്ക് അതു ലഭിച്ചത്.
“ഞാൻ, പാത്രക്കാരനൊപ്പം പോവുകയാണ്. എത്ര നാളായി, അയാൾക്കു ഞാനെൻ്റെ ഉiടൽ പരസ്യപ്പെടുത്തുന്നു. ഒടുവിൽ ഞാൻ തീർച്ചപ്പെടുത്തി.
നിങ്ങളേക്കാൾ അതിൻമേലുള്ള അവകാശം അയാൾക്കു തന്നേയെന്ന്.
ഞാൻ, അയാളുടെ കൂടെ പോകുന്നു. ആ പെൺകുട്ടീനേ, നിങ്ങള് പണിയെടുത്തു പോറ്റണം.
എന്ന്,
സ്നേഹപൂർവ്വം,
സ്വന്തം, സരൂ……”
അന്നേരം, അകത്തെ അന്ധകാരം അയാളുടെ കണ്ണുകളിലും കുടിയേറിയിരുന്നു.