പെണ്ണ്
Story written by Alex John Joffan
മറ്റന്നാ ജയന്തീടെ ചാ ത്തം നടത്താൻ തീരുമാനിച്ചിണ്ട്. അപ്പൊ സേതു വരും. വന്നാ ഇങ്ങ്ട് വരാതിരിക്കില്ല. നീയെന്തു തീരുമാനിച്ചമ്മ്വോ..
ഉറങ്ങാതെ ഇരുളിലേയ്ക്കു നോക്കിക്കിടക്കുന്ന മകളോടായി സാവിത്രിയമ്മ ചോദിച്ചു.
അത് നാളെയല്ലേ. അമ്മയിപ്പോൾ ഉറങ്ങൂ. അവൾ പറഞ്ഞു.
തിരിച്ചു പോകുമ്പോ ചെലപ്പോ ഉണ്ണിമോളേം കൊണ്ടുവും. അതാ ഞാൻ ചോയ്ക്കണേ. അവർ ഒരു നെടുവീർപ്പോടെ പറഞ്ഞു. പിന്നെ കണ്ണുകളടച്ച് അസ്പഷ്ടമായി എന്തൊക്കെയോ ഉരുവിട്ടു.
കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ എന്റെ കുട്ടിക്ക് നല്ലതു വരുത്തണേ എന്നാവും അത്. പണ്ടുമുതലേ കേട്ടു ശീലിച്ചതാണെങ്കിലും ഇപ്പോൾ കേട്ടപ്പോൾ അവൾക്കവരോട് അധികം സ്നേഹം തോന്നി. ഒട്ടിയ നെഞ്ചിനുള്ളിൽ നിറയെ തന്നെക്കുറിച്ചുള്ള ആകുലതയാണെന്ന് അവൾക്കറിയാം. അവൾ അമ്മയ്ക്കരികിലേക്കു നീങ്ങിക്കിടന്നു. ബ്ലൗസിനു കീഴെ ചുക്കിച്ചുളിഞ്ഞ വയർ. അവൾ ഒരു കൊച്ചു കുഞ്ഞെന്ന പോലെ അതിൽ വെറുതേ തൊട്ടുകൊണ്ടിരുന്നു.
എന്റെ കുട്ടീ.. നിന്നെയൊന്നു രണ്ടായിക്കാണാൻ.. അവർ അവളുടെ മൂർദ്ദാവ് തലോടി.
ഒന്നു രണ്ടാവുക.. രണ്ട് ഒന്നാവുക.. വിവാഹത്തെ ഇത്ര ലളിതമായി നിർവ്വചിക്കുന്ന ഒരാൾ തന്റെ അമ്മയാവും. അവൾ അവരെ കെട്ടിപ്പിടിച്ചു.
ഇരുട്ടിന്റെ ശാന്തത.
നാളെ സേതു വരും.
തന്റെ കളിക്കൂട്ടുകാരൻ..
അയൽപക്കം മാത്രമല്ല സഹപാഠികളും കൂടെയാണ്. ഒന്നിച്ചു കളിച്ചു പഠിച്ചു വളർന്നവർ.
അവൾ എഴുന്നേറ്റു.അലമാര തുറന്ന്നി ധി പോലെ സൂക്ഷിച്ചു വച്ചിരിക്കുന്ന പാഠപുസ്തകങ്ങൾ പുറത്തെടുത്തു. അതിലൊന്നിൽ ദീനാമ്മയുടെ കഥയുണ്ട്. അവൾ അത് തുറന്നു. ദീനാമ്മയുടെ കഥ.. അതിന്റെ മൂലയിൽ ദീനാമ്മ എന്നൊരു ഹെഡിങ് ഇട്ടു തന്റെ പടം വരച്ച ഒരു കൂട്ടുകാരൻ. ബാക്കിയുള്ളവർ അത് കണ്ട് ആർത്തു ചിരിച്ചപ്പോൾ പോകാൻ പറയെടോ എന്നൊരു വാക്കിൽ തന്റെ സങ്കടം മുഴുവനും മായ്ച്ചു കളഞ്ഞ സേതു. ആ പേര് ഓർക്കുമ്പോഴേ മനസ്സിൽ സ്നേഹത്തിന്റെ തിരയിളക്കം. ജയന്തീടെ ശ്രാദ്ധം കൂടാൻ നാളെ സേതു വരും.
ചുവന്ന പട്ടുടുത്ത മുടി നിറയേ മുല്ലപ്പൂ വച്ച കല്യാണപ്പെണ്ണായേ ജയന്തിയെ ഓർക്കാൻ കഴിയൂ. പൊന്നിന്റെ നിറമുള്ള പെണ്ണ്. അര മറച്ചു കിടക്കുന്ന മുടി. അവളുടെ കൈ പിടിച്ച് അഭിമാനത്തോടെ നടക്കുന്ന സേതു.
അതിനെക്കാണാൻ എന്ത് ഭംഗ്യാ ല്ലേ.. കല്യാണത്തിന്റന്ന് പെണ്ണുങ്ങളുടെ അടക്കം പറച്ചിൽ.
ഉം.. അതേ.. ആ ഭംഗി കണ്ടാവും അവൻ കെട്ടീത്.. അല്ലാണ്ടെ പൊന്നൊന്നും കണ്ടാവില്ല.
എത്ര പൊന്നുണ്ടായിട്ടെന്താ നാലാള് കൂടുന്നിടത്ത് കൂട്ടിക്കൊണ്ടുവാനും കൂടി പറ്റണ്ടേ. തൊട്ടടുത്ത വീട്ടിലെ നളിനിയേച്ചിയാണ് അത് പറഞ്ഞത്. കൂടെ പരിഹാസത്തോടെയുള്ള നോട്ടവും. സങ്കടത്തോടെ മുഖം തിരിച്ചു കളഞ്ഞു അന്ന്.
ആ ഭംഗി മുഴുവനും ഒരു പൂമ്പാറ്റകുഞ്ഞിന് കൊടുത്ത് സേതുവിനെയും സങ്കടത്തിലാക്കി അവൾ പോയ്മറഞ്ഞിട്ട് വർഷമൊന്നു തികയുന്നു.
പുറത്തു പ്രകൃതി മഴയ്ക്കു കോപ്പു കൂട്ടിതുടങ്ങി. ചുഴറ്റിയടിക്കുന്ന കാറ്റിൽ ഞെട്ടറ്റു വീഴുന്ന കണ്ണിമാങ്ങകൾ. ദേഹം തുളച്ചു കയറുന്ന തണുപ്പ്.
പുസ്തകങ്ങൾ എടുത്തു വച്ച് അവൾ അമ്മയെ കെട്ടിപ്പിടിച്ച് കിടന്നു. ഉറക്കം വരാത്തൊരു രാത്രി. എങ്കിലും അവൾക്കു മുഷിഞ്ഞില്ല. തുടിച്ചുകൊണ്ടിരുന്ന ഇടങ്കണ്ണ് ശാന്തമാകുവാൻ വേണ്ടി വെറുതേ കണ്ണുകളടച്ചു കൊണ്ടു കിടന്നു.
പുലർച്ചെ എപ്പോഴോ ഉറങ്ങിപ്പോയി. വെയിൽ വെട്ടം തെളിഞ്ഞപ്പോഴാണ് പിന്നെ ഉണർന്നത്. എഴുന്നേറ്റു പുറത്തിറങ്ങാൻ ഒരു വല്ലായ്മ തോന്നി. തൊട്ടപ്പുറത്തു സേതുവിന്റെ വീട്ടിൽ അവന്റെ മുഴങ്ങുന്ന ശബ്ദം.
അച്ഛന്റെ കൊഞ്ചിക്കലിൽ ചിരിക്കുന്ന ഉണ്ണിമോള്.
മോളേ നീ പോയി കുളിക്ക്.. പുതിയൊരു സാരി നീട്ടി അമ്മ തിരക്കു കൂട്ടി.
കുളിച്ചു വന്നപ്പോൾ ഉമ്മറത്തിരിക്കുന്ന സേതു. അമൃതയെ കണ്ട് സന്തോഷത്തോടെ അവന്റെ മടിയിൽ നിന്നും ചാടിക്കുതിക്കുന്ന കുഞ്ഞിനെ വാങ്ങി അമ്മ മുറ്റത്തേയ്ക്കിറങ്ങി. തങ്ങൾക്കു സംസാരിക്കാൻ സൗകര്യ മൊരുക്കുകയാണ് പാവം.
അമ്മൂ.. അവൻ വിളിച്ചു
അവൾ ഒന്ന് മന്ദഹസിച്ചു.
ഞാൻ അമ്മയോട് ഒരു കാര്യം പറഞ്ഞേൽപ്പിച്ചിരുന്നു. നീ മറുപടിയൊന്നും പറഞ്ഞില്ലെന്ന് അമ്മ പറഞ്ഞു. അവൻ പ്രതീക്ഷയോടെ അവളെ നോക്കി.
അമ്മയോടെന്തിനു പറഞ്ഞേൽപ്പിച്ചു? സേതുവിന് എന്നോടെന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.
അത്.. അമ്മൂ.. അവൻ അവളുടെ മുന്നിൽ വാക്കുകൾക്കായി പരതി.
അവൾ വീണ്ടും ചിരിച്ചു.
നിനക്കറിയാലോ.. ജയ പോയിട്ട് ഒരു വർഷം കഴിഞ്ഞു. ഇനിയെനിക്ക് ആകെയുള്ളത് എന്റെ മോളാണ്. ഇത്രയും നാൾ മോള് കൂടെയില്ലാതെ ഞാൻ അനുഭവിച്ച വിഷമം എനിക്കേ അറിയൂ. അവൾ തീരെ കുഞ്ഞല്ലേ. അവൾക്ക് ഒരു അമ്മയില്ലാതെ പറ്റില്ലല്ലോ. വീട്ടിൽ എല്ലാരും രണ്ടാമതൊരു വിവാഹത്തെകുറിച്ച് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞ മുഖം നിന്റേതാണ്. നിനക്കേ എന്നെ മനസ്സിലാക്കാൻ കഴിയൂ.. നിനക്കേ എന്റെ മോളെ സ്വന്തമായി സ്നേഹിക്കാൻ കഴിയൂ. ഞാൻ നിനക്കൊരു കുറവും വരുത്തില്ല. നീ ഈ കല്യാണത്തിന് സമ്മതിക്കണം.
അവൾ മറുപടിയൊന്നും പറയാതെ അകലങ്ങളിലേയ്ക്കു നോക്കി. കുറച്ചു ദൂരെ വിരിഞ്ഞു നിൽക്കുന്ന ചുവന്ന പൂക്കൾ. അതിന്റെ പ്രഭയിൽ വേറൊന്നും കണ്ണിൽ തെളിയുന്നില്ല.
അവൾക്ക് മഴ തോർന്ന ഒരു സന്ധ്യ ഓർമ്മ വന്നു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു പെയ്ത സന്ധ്യ.
സേതൂന്റെ കല്ല്യാണാത്രേ അമ്മ്വോ.. ശബ്ദമിടറിക്കൊണ്ട് അമ്മ പറഞ്ഞത്.
അതിനെന്താമ്മേ.. നല്ലതല്ലേ എന്ന് മറുപടി പറഞ്ഞെങ്കിലും നെഞ്ച് വല്ലാതെ പിടയ്ക്കുകയായിരുന്നു. എന്നിട്ടും അമ്മയെ ആരോ കളിപ്പിച്ചതാവുമെന്ന് മനസ്സ് സ്വയം ആശ്വസിച്ചു. പക്ഷേ ദിവസങ്ങൾ ചെല്ലുന്തോറും അവനിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. നിർത്താതെ സംസാരിച്ചിരുന്നവൻ ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി. പിന്നെപ്പിന്നെ തീരെ മുന്നിൽ വരാതെയായി. അവന്റെ അവഗണന സഹിക്കാൻ പറ്റാതായ ദിവസം സേതൂ താൻ എന്നോടിങ്ങനെ മിണ്ടാതിരിക്കരുതെന്ന് യാചിക്കുവാൻ വേണ്ടി അവനെയും കാത്തു നിന്ന ദിവസമാണ് കല്യാണക്കുറിയുമായി അവൻ വീട്ടിൽ കയറി വന്നത്. അവന്റെ സന്തോഷം കണ്ടപ്പോൾ മനസ്സിലുള്ളതു മുഴുവനും അവിടെത്തന്നെ കുഴിച്ചു മൂടി മണ്ണിട്ടു. ഹൃദയം രണ്ടായി പകുത്തതു പോലുള്ള തന്റെ വേദന പക്ഷേ അമ്മയ്ക്കു മാത്രം മനസിലായി. കല്യാണം കഴിഞ്ഞു വധുവുമായി അവൻ തിരികെ പോകുന്നതു വരെ കണ്ണിമ ചിമ്മാതെ അമ്മ മകളെ കരുതിയിരുന്നു.
അതിനു മുൻപും ശേഷവും തനിക്കു വന്ന കല്ല്യാണാലോചനകൾ മുഴുവൻ രണ്ടാം വിവാഹം ചെയ്യുന്നവരുടേതായിരുന്നു. എന്റെ കുട്ടിക്ക് കഴിയാനുള്ള വക ഇവിടെണ്ട് ആരുടേയും കുട്ടികളെ പോറ്റി വേണ്ട അത് എന്ന് അമ്മ അവരോട് കയർത്തു വിടുന്നതു കേട്ട് നിശ്ശബ്ദയായി എത്ര വട്ടം താനങ്ങനെ നിന്നിട്ടുണ്ട്.
എന്താവും ഇങ്ങനെ എന്നുള്ള ചോദ്യത്തിന് ചുമരിൽ തൂക്കിയിട്ട കണ്ണാടിയിൽ പ്രതിഫലിച്ച തന്റെ മുഖമായിരുന്നു മറുപടി. അവൾ ആ കണ്ണാടി കയ്യിലെടുത്തു. അതിൽ തെളിഞ്ഞ തന്റെ പ്രതിബിംബം. വിടർന്ന കണ്ണുകൾക്ക് തീരെ ചേരാത്ത പൊന്തിയ പല്ലുകൾ. അത് ചുണ്ടുകളും കടന്നു പുറത്തേയ്ക്കങ്ങനെ.
അവൾ വേദനയോടെ മന്ദഹസിച്ചു.
ജയയെ താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോഴും ഞാനിവിടെ ഉണ്ടായിരുന്നു അല്ലേ സേതു.. അവൾ ചോദിച്ചു.
അവൻ ഒന്നും മിണ്ടാതെ താഴേക്കു നോക്കി നിന്നു.
ഞാനിവിടെ പണ്ടു തൊട്ടേ ഉണ്ടായിരുന്നു. എന്റെ കുറവുകൾ എന്റെ കുറ്റം കൊണ്ടല്ലെന്നു മനസ്സിലാക്കിക്കൊണ്ട് താനെന്നെ സ്നേഹിക്കുന്നെണ്ടെന്നു കരുതി ഒരുപാട് സന്തോഷത്തോടെ ഞാനിവിടെത്തന്നെയുണ്ടായിരുന്നു.
അന്നും ഞാൻ നിന്നെ സ്നേഹിച്ചിരുന്നു.. മനസ്സിലാക്കിയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
അകലെ വെയിലിൽ തിളങ്ങുന്ന ചുവന്ന പൂക്കൾ.
സേതു ആ പൂക്കളെ കണ്ടോ.. ചുവന്ന പൂക്കൾ. അവൾ ദൂരേയ്ക്ക് കൈ ചൂണ്ടി. അവയങ്ങനെ വിരിഞ്ഞു നിൽക്കുമ്പോൾ അടുത്തു നിൽക്കുന്ന പൂക്കളിലേയ്ക്ക് നോട്ടമെത്തില്ല അല്ലേ.
അവനൊന്നും മിണ്ടാതെ എഴുന്നേറ്റു. അവളുടെ കൈകൾ തന്റെ കൈകൾക്കുള്ളിലാക്കി. അധരങ്ങൾ പറയാതെ വിട്ടത് കൈവിരലുകൾ പറഞ്ഞുകൊണ്ടിരുന്നു. പിന്നെ കൈകൾ മോചിപ്പിച്ച് മുറ്റത്തേക്കിറങ്ങി അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി. അവർ ഒന്നും മനസ്സിലാകാതെ അമൃതയെ നോക്കി. കുഞ്ഞുമായി നടന്നകലുന്ന സേതുവിനെ നോക്കി നിൽക്കുന്ന തന്റെ മകൾ. അവളുടെ കണ്ണുകളിൽ തിളങ്ങുന്ന അഭിമാനം.
അവൾ ഒരു ചിരിയോടെ മുറ്റത്തേക്കിറങ്ങിവന്ന് അമ്മയെ കെട്ടിപിടിച്ചു. എന്റെ കുട്ടിക്ക് കഴിയാനുള്ളത് ഇവിടെയുണ്ടെന്ന് പറയാഞ്ഞതെന്ത് അവൾ അവരുടെ കവിളിൽ നുള്ളിക്കൊണ്ട് ചോദിച്ചു. തെളിഞ്ഞ വെയിലിൽ ചാറിയ മഴ അവരുടെ ചിരിയിൽ പങ്കുചേർന്നു.

