എനിക്ക് നിങ്ങളുടെ ഭാര്യയോടാണ് സംസാരിക്കേണ്ടത്.അങ്ങനെ കേട്ടപ്പോൾ എന്റെ സംശയം ഇരട്ടിയായി. എന്റെ ഭാര്യയോട് നിങ്ങൾക്ക് എന്താണ് സംസാരിക്കാനുള്ളതെന്ന് ചോദിച്ചപ്പോൾ അയാൾ യാതൊന്നും വിട്ട് പറയുന്നില്ല……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ചുമരിനോട് ചാരി നിർത്തി ഭാര്യയെ ചുംiബിക്കുമ്പോഴാണ് കാളിംഗ് ബെല്ല് മുഴങ്ങിയത്. സുന്ദരമായ നിമിഷത്തിലേക്ക് പോകാൻ തുനിഞ്ഞ ചുണ്ടുകൾ ആരായിരിക്കുമെന്ന് ഓർത്ത് പിൻവലിഞ്ഞു. പതിവുകൾ തെറ്റുമ്പോഴുള്ള മുഷിച്ചലും ചെറുതല്ലാത്ത വിധം മുഖത്തുണ്ട്.

കതക് തുറന്നപ്പോൾ എന്റെ പ്രായമെന്ന് തോന്നിക്കുന്ന ഒരാൾ ആയിരുന്നു മുന്നിൽ നിന്നത്.

‘വിജയൻ…!?’

“അതെ, വിജയനാണ്. പറഞ്ഞോളൂ…”

അപ്പോഴേക്കും, ആരാണ് വിജയേട്ടായെന്ന് ചോദിച്ച് ഭാര്യ വന്നു. അവരുടെ നോട്ടങ്ങൾ തമ്മിൽ മുട്ടിയപ്പോൾ രണ്ടുപേരും പതറിയോ യെന്ന് സംശയിച്ച് പോയി. തമ്മിൽ ഏതൊയൊരു പൂർവ്വബന്ധം ഉള്ളത് പോലെ അവർ തല കുനിക്കുകയായിരുന്നു.

‘മനസ്സിലായില്ല. ആരാണ്? ഞാനാണ് വിജയൻ. പറഞ്ഞോളൂ…’

രണ്ടുപേരെയും മാറി മാറി നോക്കിയാണ് ഞാനത് ചോദിച്ചത്. അകത്തിരുന്ന് സംസാരിക്കാമെന്ന് പറയാൻ അയാൾ തല ഉയർത്തി. വിഷയം ഗൗരവ്വം ആണെന്ന ചിന്തയിൽ ആ മനുഷ്യനെ ഞാൻ അകത്തേക്ക് ക്ഷണിച്ചു. തത്സമയം ഭാര്യ അകത്തേ മുറിയിലേക്ക് കയറി പോകുകയായിരുന്നു.

‘പറയൂ… എന്താണ് കാര്യം…?’

അക്ഷമയോടെ ഞാൻ ചോദിച്ചു.

“എനിക്ക് നിങ്ങളുടെ ഭാര്യയോടാണ് സംസാരിക്കേണ്ടത്… “

അങ്ങനെ കേട്ടപ്പോൾ എന്റെ സംശയം ഇരട്ടിയായി. എന്റെ ഭാര്യയോട് നിങ്ങൾക്ക് എന്താണ് സംസാരിക്കാനുള്ളതെന്ന് ചോദിച്ചപ്പോൾ അയാൾ യാതൊന്നും വിട്ട് പറയുന്നില്ല. എനിക്ക് ദേഷ്യം വന്നു. ഗീതേയെന്ന് വിളിക്കുമ്പോൾ ശബ്ദം കനത്തിരുന്നു. അവൾ പതിയേയാണ് വന്നത്. നടത്തത്തിൽ തന്നെ പന്തികേടുണ്ട്. അരികിൽ എത്തിയിട്ടും എന്താണെന്ന് ചോദിച്ചില്ല. എന്നെയോ അയാളെയോ നോക്കിയതുമില്ല. കണ്ണുകൾ തറയിലേക്ക് ഇട്ട് വെറുതേ അങ്ങനെ നിൽക്കുകയാണ്.

‘ഇനി പറയൂ… നിങ്ങൾക്ക് എന്താണ് എന്റെ ഭാര്യയോട് പറയാനുള്ളത്…?’

മറുപടിക്കായി കാതുകൾ കൂർത്തു. താനും നിങ്ങളുടെ ഭാര്യയും തമ്മിൽ ഇഷ്ടത്തിലാണെന്ന് വല്ലതും അയാൾ പറയുമോയെന്ന ഭയമായിരുന്നു എനിക്ക്. അങ്ങനെ കേൾക്കേണ്ടി വന്നാൽ എന്തുചെയ്യും! ആകെയുള്ള മോൻ സ്കൂളിൽ പോയിരിക്കുകയാണ്. നോട്ടം അരികിലെ മേശയിലേക്കും, അവിടെയുള്ള പഴങ്ങളിലേക്കും, അതിലെ ഒരു ആപ്പിളിൽ മുട്ടിയിരിക്കുന്ന കiത്തിയിലേക്കും സഞ്ചരിച്ചു. പിടികൂടിയിരിക്കുന്ന ഭയം ശരിയായാൽ അതെടുത്ത് രണ്ടാളെയും കുiത്തണം!ശേഷം, വരുന്നയിടത്ത് വെച്ച് കാണാം. അല്ലെങ്കിൽ വേണ്ട. എന്റെ തുടർകാലത്തെ എന്തിന് നശിപ്പിക്കണം!ഇറക്കി വിടാം. എവിടെയെങ്കിലും പോയി തുലയട്ടെ. എനിക്കും മോനും ഇങ്ങനെയൊരു കള്ളത്തെ കൂടെ കൂട്ടേണ്ട യാതൊരു കാര്യവും ഇല്ല.

‘ഗീതയെന്നല്ലേ പേര്…? ഞാൻ രാധയുടെ ഭർത്താവാണ്. മനോജ്‌..’

‘അറിയാം. ഫോട്ടോ കണ്ടിട്ടുണ്ട്..’

എന്റെ ശ്വാസം നേരെ വീണെന്ന് പറഞ്ഞാൽ മതിയല്ലോ. ഇടയിൽ കയറേണ്ടായെന്ന് എനിക്ക് തോന്നി. അവർ തമ്മിൽ സംസാരിക്കട്ടെ. രാവിലെ തന്നെ ഒരാൾ വീട് കയറി വന്നിട്ടുണ്ടെങ്കിൽ കാര്യം എന്താണെന്ന് അറിയണമല്ലോ…

‘ദയവ് ചെയ്ത് എന്റെ ഭാര്യയുമായുള്ള കൂട്ടുകെട്ട് നിങ്ങൾ നിർത്തണം. എന്റെ കുടുംബം കലക്കരുത്. രാധയെ വെറുതേ വിട്ടേക്ക്… നിങ്ങളുടെ ഗ്രൂപ്പ് സംസാരത്തിലേക്കോ, മീറ്റിംഗിലേക്കോ അവളെ വിളിക്കണ്ട. പ്ലീസ്.. ഇതൊരു റിക്വസ്റ്റായി കാണണം.’

ഗീതയ്ക്ക് മറുപടിയില്ലെന്ന് കണ്ടപ്പോൾ ഞാൻ ഇടപെട്ടു. എന്റെ ഭാര്യ എന്ത് ചെയ്തൂവെന്നാണ് നിങ്ങൾ പറയുന്നതെന്ന് ചോദിക്കാൻ തുടങ്ങും മുമ്പേ അയാൾ തുടർന്ന് സംസാരിക്കാൻ തുടങ്ങിയിരുന്നു.

‘നിങ്ങൾക്കൊക്കെ പണമുണ്ട്. അതുകൊണ്ട് തന്നെ നേരവുമുണ്ട്. എനിക്ക് കൽപ്പണിയാണ്. രാവിലെ തിരക്കിട്ട് പോയാൽ സന്ധ്യ കഴിയും തിരിച്ചെത്താൻ. ഇടയ്ക്ക് വിളിക്കാനൊന്നും പറ്റില്ല. ഇറങ്ങുമ്പോഴും പോകുമ്പോഴും കെട്ടിപ്പിടിക്കാനും പറ്റിയെന്ന് വരില്ല. ഞങ്ങളുടേത് കൊച്ച് കുടുംബമാണ്. രണ്ട് പിള്ളേരുണ്ട്. സാറിന്റെ ഭാര്യയുടെ കൂടെ കൂടിയതിൽ പിന്നെ രാധ ആകെ മാറിപ്പോയി. ഗീതയുടെ ഭർത്താവിനെ കണ്ട് പടിക്കെന്നാണ് അവള് ഇപ്പോൾ എന്നോട് പറയുന്നത്…’

എനിക്ക് ചിരിക്കാനാണ് തോന്നിയത്. ഗീത തല ഉയർത്തുന്നതേയില്ല. മറ്റുള്ളവരുടെ വാക്ക് കേട്ട് പെരുമാറുന്ന ഭാര്യയോടല്ലേ ഇതൊക്കെ പറയേണ്ടത് സുഹൃത്തേയെന്ന് ഞാൻ ചോദിച്ചു. അതിനും അയാൾക്ക് ഉത്തരം ഉണ്ടായിരുന്നു.

‘നിങ്ങള് തമ്മിൽ വലിയ സ്നേഹമായിരിക്കും. എല്ലാവർക്കും ഒരുപോലെ കഴിയാൻ പറ്റില്ലല്ലോ… ഇവിടെ നടക്കുന്ന കാര്യം രാധയെ വിളിച്ച് പറയരുതെന്ന് നിങ്ങളുടെ ഭാര്യയോട് പറയണം. പശ്ചാത്തലം പോലെയല്ലേ മനുഷ്യർക്ക് തമ്മിൽ ഇടപെടാൻ പറ്റൂ…’

അയാൾ എഴുന്നേറ്റു. കണ്ണുകൾ കലങ്ങിയിട്ടുണ്ട്. താരതമ്യപ്പെടുത്തുന്ന ബന്ധങ്ങളിൽ കോർക്കപ്പെട്ടാൽ വിഷമം തന്നെയാണെന്ന് എനിക്കും തോന്നി. അല്ലെങ്കിലും, ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളെ ഗീത എന്തിനാണ് പരസ്യപ്പെടുത്തുന്നത്! വീമ്പ് പറച്ചിലിന്റെ പരസ്യ മാക്കുന്നത്! മനോജ്‌ പറഞ്ഞത് ശരിയാണ്. സ്നേഹങ്ങളുടെ പ്രകടനങ്ങൾക്ക് പശ്ചാത്തലം വലിയയൊരു ഘടകമാണ്. എന്നുവെച്ച് അവിടെ സ്നേഹം ഇല്ലെന്ന് അർത്ഥമില്ല. മനോജ്‌ രാധയെ സ്നേഹിക്കുന്നുണ്ടാകും. കുടുംബമാണ് വലുതെന്ന തലയിൽ ആയിരിക്കണം അയാൾ ജീവിക്കുന്നത്. അല്ലെങ്കിൽ, സഹിക്കാൻ പറ്റാത്ത വിധം ഇയാൾ പ്രശ്നക്കാരാനാണോ കുടുംബത്തിലെന്നും ഞാൻ ചിന്തിച്ചിരുന്നു.

‘പോകുവാണോ…? എന്തെങ്കിലും കുടിച്ചിട്ട്…?’

“വേണ്ട. വീട് കേറി വന്ന് ഇങ്ങനെയൊക്കെ പറഞ്ഞതിൽ ഒന്നും തോന്നരുത്. എന്റെ വിഷമം കൊണ്ട് വന്നതാണ്… ശരി. പോട്ടെ…’

അയാൾ ഇറങ്ങി. ഗേറ്റും കടന്ന് ആ മനുഷ്യൻ പോകുന്നത് ഞങ്ങൾ നോക്കി നിന്നു. ശേഷം പരസ്പരം മുഖത്തോട്ട് മുഖം നോക്കുകയും, ദീർഘമായി ശ്വസിക്കുകയും ചെയ്തു. ഗീതയ്ക്ക് എന്റെ കണ്ണുകളിലേക്ക് നോക്കാനേ സാധിച്ചിരുന്നില്ല.

‘നിന്റെയൊരു ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും. അതില് കേറി മറ്റുള്ളവരുടെ കുടുംബം തകർക്കുന്നതാണോ നിന്റെ പണി? ഇനിയെത്ര പേര് ഇങ്ങനെ വരും…? നിനക്ക് നാണമില്ലേ നമ്മുക്കിടയിലെ കാര്യമൊക്കെ കണ്ട പെണ്ണുങ്ങളോട് പറഞ്ഞ് നടക്കാൻ…’

അതുവരെ പാവത്താനെ പോലെ നിന്ന ഗീത കണ്ണുകൾ തുറിപ്പിച്ചു. ഇല്ലാത്തതൊന്നും താൻ ആരോടും പറഞ്ഞില്ലെന്ന് പറഞ്ഞ് മുഖം ചുളിച്ചു. ശേഷം ചിണുങ്ങിക്കൊണ്ട് അടുത്തേക്ക് വരുകയായിരുന്നു.

‘ആ രാധ പാവമാണ്. ജീവിതത്തിൽ ഒരു സുഖവും ഇല്ലെന്ന് പറഞ്ഞപ്പോൾ… അവൾക്ക് അയാളെ വലിയ ഇഷ്ടമാണെന്നേ… ആഗ്രഹം പോലെ മാറ്റിയെടുക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ സഹായിച്ചതാ… ഇവിടെ ഇങ്ങനെയൊക്കെയാണെന്നും, അതുപോലെ ചെയ്ത് നോക്കെന്നൊക്കെ അറിയാതെ പറഞ്ഞ് പോയി. ഞാൻ കരുതിയോ ഇതിത്രയ്ക്കും പ്രശ്നമാകുമെന്ന്…’

ഗീത കരയുകയാണ്. ഞാൻ ഇപ്പോൾ എന്ത് പറയാനാണ്! തുടക്കത്തിൽ മറ്റൊരു രീതിയിൽ അവളെ സംശയിച്ച ബോധം കുറ്റപ്പെടുത്തു ണ്ടോയെന്ന് എനിക്ക് തോന്നി. അത് കൊണ്ടായിരിക്കണം വിഷയം വലുതാക്കാൻ തോന്നാതിരുന്നത്. നേരം വൈകിയതിനോടൊപ്പം ജോലിക്ക് പോകാനുള്ള താൽപ്പര്യവും പോയി. ബന്ധങ്ങളിൽ അനുകരിക്കാൻ ശ്രമിക്കുന്നവരൊക്കെ പരാജയപ്പെടുമെന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല. അതിന് മുമ്പേ, എന്നോട് ദേഷ്യമാണോയെന്ന് ചോദിച്ച് നെഞ്ചോട് മുട്ടി ഗീത നിന്നു. ക്ഷമിക്കൂവെന്ന് കണ്ണുകൾ തേങ്ങുന്നത് പോലെ…

‘നമുക്കിടയിലെ കാര്യം ഇനി ആരോടെങ്കിലും പറയോ…?’

“ഇല്ല…”

ഞാൻ ചിരിച്ചു. ഗീതയുടെ കണ്ണുകൾ തെളിഞ്ഞില്ല. അവകളെ വിടർത്തണമെന്ന ചിന്തയിൽ ആ മുഖം കോരിയെടുക്കാൻ എനിക്ക് തോന്നി. കവിളിൽ തൊട്ടപ്പോൾ കൈകളിൽ അവളൊരു പൂച്ചയെ പോലെ മുഖമുരസ്സി. ആ നേരം ഗീതയെ ചുമരിലേക്ക് ചാരി നിർത്താൻ പ്രയാസം ഉണ്ടായിരുന്നില്ല. പാതിയിൽ നിന്ന് പോയ തുടക്കത്തിലെ ആ ചുംബനത്തിലേക്ക് പതിയേ ഞങ്ങൾ വീഴുകയായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *