എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല. തലയിണയിൽ മുഖം ചേർത്ത് ഞാൻ കരഞ്ഞു. യൗവ്വനം തുളുമ്പുന്നയൊരു ഇരുപത്തി മൂന്നുകാരന്റെ വിലാപം ആരും കേട്ടില്ല…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

രണ്ടായിരത്തിയൊമ്പത് ജൂൺ ഇരുപത്തിയഞ്ച് രാത്രിയിൽ ഞാനൊരു ആത്മഹiത്യാക്കുറിപ്പ് എഴുതിയിരുന്നു.

‘മമ്മ എന്നോട് ക്ഷമിക്കണം. മൂത്തമോൻ വെള്ളം കുടി മുട്ടിച്ചുവെന്ന് പറയരുത്. നിങ്ങൾക്ക് ജീവിക്കാൻ സെബിയുണ്ടല്ലോ. ഗൾഫിൽ ഇരിക്കുന്ന പപ്പയ്ക്കും എന്നോട് വലിയ താൽപ്പര്യമൊന്നുമില്ല. അല്ലെങ്കിൽപ്പിന്നെ പാട്ടും കൂത്തും നിർത്തിയിട്ട് അങ്ങോട്ടേക്ക് എന്നെ വിളിക്കില്ലായിരുന്നുവല്ലോ! ഞാൻ ആർക്കും ശല്ല്യമാകുന്നില്ല. അറിഞ്ഞിരിക്കും, എന്റെ ‘ജോ’ പോയി. ആ സംഗീതത്തിന്റെ കൂടെ ഞാനും പോകുന്നു…

എന്ന് മമ്മയുടെ ഡിയറല്ലാത്ത സൺ ബെന്നി…’

എഴുതി തീർത്തപ്പോഴേക്കും ഞാൻ വിതുമ്പുന്നുണ്ടായിരുന്നു. സഹിക്കാൻ പറ്റാത്ത വേദന. പോയത് എന്റെ ജീവനാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരെ താളം പിടിപ്പിച്ച ഞങ്ങളുടെ പോപ്പ് രാജാവാണ്. വരികൾ കൊണ്ടും, ശബ്ദം കൊണ്ടും, ചുവടുകൾ കൊണ്ടും, ജീവകാരുണ്യ പ്രവർത്തികൾ കൊണ്ടും, പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു ഞങ്ങളുടെ ‘ജോ’ എന്ന മൈക്കൽ ജാക്സൺ…

എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല. തലയിണയിൽ മുഖം ചേർത്ത് ഞാൻ കരഞ്ഞു. യൗവ്വനം തുളുമ്പുന്നയൊരു ഇരുപത്തി മൂന്നുകാരന്റെ വിലാപം ആരും കേട്ടില്ല. കേൾപ്പിച്ചില്ലെന്ന് പറയുന്നതാകും ശരി. പശ്ചാത്യസംഗീതത്തോടുള്ള എന്റെ ചായവ് ഒരിക്കലും പപ്പ പ്രോത്സാഹിപ്പിച്ചിരുന്നില്ല. സംഗീതം പഠിക്കണമെന്ന് പറഞ്ഞ് നടന്ന എന്നെ എഞ്ചിനീയറിംഗിന് ചേർത്തതിൽ മമ്മയ്ക്കും ചെറുതല്ലാത്തയൊരു പങ്കുണ്ട്.

സെബി എന്റെ അനിയനാണ്. എന്നോട് ഇല്ലാത്ത എന്തോയൊരു പരിഗണന രണ്ടുപേർക്കും അവനോട് ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. പണിക്ക് പോയാലേ ചോറുള്ളൂവെന്ന് വരെ മമ്മ പറഞ്ഞിട്ടും സംഗീതമാണ് ജീവനെന്ന് കരുതി എല്ലാം സഹിക്കുക യായിരുന്നു. അങ്ങനെ അടിമുടി തകർന്ന് നിൽക്കുമ്പോഴാണ് വൈകുന്നേരം ഈ വാർത്ത അറിയുന്നത്. ലോകം കണ്ട മഹാനായ സംഗീതജ്ഞൻ സ്വർഗ്ഗത്തിലേക്ക് പോയിരിക്കുന്നു…

‘സാരമില്ല ജോ… അങ്ങയുടെ പിറകേ ഞാനും വരുന്നു…’

എന്ന ആത്മഗദത്തോടെയാണ് ഓവർ ഡോസ് ആണെന്ന് അറിഞ്ഞിട്ടും മൂന്ന് ഉറക്ക് ഗുളികകൾ ഞാൻ കഴിച്ചത്. അര മണിക്കൂറിനുള്ളിൽ ഉറങ്ങുമെന്നാണ് മെഡിക്കലുകാരൻ പറഞ്ഞത്. അപ്പോഴേക്കും കിണറിലേക്ക് ചാടണം. രക്ഷപ്പെടണമെന്ന് തോന്നുമ്പോഴേക്കും ഉറങ്ങിപ്പോകണം. എന്റെ മരണത്തിൽ അത്രയെങ്കിലും സുഖം ഞാൻ ആഗ്രഹിക്കുമല്ലോ…

മമ്മയും സെബിയും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഞാൻ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. നടന്ന് തുടങ്ങിയതും പറമ്പ് നനക്കാനുള്ള പൈപ്പിൽ തട്ടി ഞാനൊന്ന് വീഴാൻ പോയി. ആ ചലനത്തിൽ ആയിരത്തിതൊള്ളായിരത്തി എമ്പത്തിരണ്ടിൽ പുറത്തിറങ്ങിയ ത്രില്ലർ എന്ന ജോയുടെ ആൽബമായിരുന്നു എന്റെ തലയിൽ തെളിഞ്ഞത്…

പത്ത് കോടിയിലേറെ കോപ്പികൾ വിറ്റുപോയ ആ സംഗീതത്തിലും ഇങ്ങനെ വീഴാൻ പോകുന്നയൊരു സ്റ്റെപ്പുണ്ട്. അങ്ങനെ എത്രയെത്ര ശൈലികൾ എന്റെ ജോ ഈ ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. റോബോട്ട് പോലും തോൽക്കുന്ന മൂൺവാക്കൊക്കെ ഇതിന് ഉദാഹരണമാണ്. ആ മാനസിക സഞ്ചാരത്തിൽ അദ്ദേഹത്തിന്റെ ഡെയ്ഞ്ചറസെന്ന ആൽബത്തിലെ വരികൾ അറിയാതെ ഞാൻ മൂളിപ്പോയി..

‘ഷീ ഈസ്‌ സൊ ഡെയ്ഞ്ചറസ്ദ ഗേൾ ഈസ്‌ സൊ ഡെയ്ഞ്ചറസ്ടേ ക്ക് അവേ മൈ മണി,

ത്രോ അവേ മൈ ടൈം

യു ക്യാൻ കാൾ മി ഹണി,

ബട്ട്‌ യു ആർ നൊ ഡാം ഗുഡ് ഫോർ മി…’

പാട്ട് ജോയുടേത് ആയതുകൊണ്ട് എന്റെ കൈകാലുകൾ അടങ്ങി യിരുന്നില്ല. കിണറിന് മുന്നിൽ നിന്ന് താളത്തോടെ ഞാൻ ചുവടുകൾ വെച്ചു. അമേരിക്കയിലെ കാലിഫോർണിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുമ്പോഴേക്കും എന്റെ ജഡം എല്ലാവരും കൂടി കിണറിൽ നിന്ന് എടുത്ത് പള്ളിയിലേക്ക് കൊണ്ട് പോകുമായിരിക്കും. എന്തായാലും,
ഒരേ മതക്കാരൻ ആയതുകൊണ്ട് സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങൾ കണ്ടുമുട്ടാതിരിക്കില്ല.

തലയിൽ ഒരു മയക്കം അനുഭവപ്പെടുന്നുണ്ട്. കാഴ്ച്ചയിൽ മുഴുവൻ മഞ്ഞ് മൂടികിടക്കുന്നത് പോലെ! വലിയ തണുപ്പൊന്നും അനുഭവപ്പെടുന്നില്ല. ‘ഈശോയെ…!’ കിണറിലേക്ക് ചാടും മുമ്പേ ഞാൻ സ്വർഗ്ഗത്തിൽ എത്തിയോയെന്ന് സംശയിച്ചുപോയി. സത്യമായിരുന്നു. സ്വാർഗ്ഗം തന്നെ! പിയാനയുടെയും, ഡ്രംമ്സിന്റെയുമൊക്കെ ഈണം ഉയർന്ന് വരുന്നു. അതിന്റെ ഉറവിടം അറിയാതെ എങ്ങോട്ടേക്ക് എന്നില്ലാതെ ഞാൻ മുന്നോട്ടേക്ക് നടന്നു.

ചുറ്റും തങ്ങി നിൽക്കുന്ന വെളുത്ത പുകച്ചുരുളിൽ നിന്നും കറുത്ത കോട്ടും പാന്റും ഷൂസും തൊപ്പിയും വെച്ച് എന്റെ രാജാവ് വരുകയാണ്. കോട്ടിനകത്ത് ഇൻ ചെയ്തിരിക്കുന്ന ഷർട്ടിന്റെ വെളുത്ത നിറം തന്നെയാണ് കൈകാലുകളിലെ സോക്സിനുമുള്ളത്. നേരിട്ട് ഒരിക്കലും കാണാൻ പറ്റില്ലെന്ന് കരുതിയ ആളെ സ്വർഗ്ഗത്തിൽ വെച്ച് കണ്ടുമുട്ടുമ്പോഴുള്ള അവസ്ഥ ജീവിച്ചിരിക്കുന്നവർക്ക് പറഞ്ഞാൽ മനസിലാകില്ല. എന്റെ തൊണ്ടയുടെ സകല ശബ്ദവുമെടുത്ത് ‘ജോ….’ എന്ന് ഞാൻ വിളിച്ചു. യെസ് ബെന്നിയെന്ന് അദ്ദേഹം പറഞ്ഞപ്പോഴേക്കും എന്തിലോ തട്ടി ഞാൻ താഴേക്ക് വീണിരുന്നു. ബോധം മറഞ്ഞിരുന്നു…

മഴ പെയ്യുന്നുണ്ടെന്ന് തോന്നുന്നു! നനഞ്ഞപ്പോൾ ചുളിഞ്ഞ കണ്ണുകൾ പതിയേ ഞാൻ തുറന്നു. ആദ്യം പതിഞ്ഞത് ഒരു കടലാസ്സിലേക്കായിരുന്നു. ശേഷമാണ് അതുമായി നിൽക്കുന്ന മമ്മയുടെ കൈയ്യിൽ തല തിരിച്ച് പിടിച്ചയൊരു ചൂല് ഞാൻ കാണുന്നത്. അതിന് പിറകിലായി ഇളിയോടെ സെബിയുമുണ്ട്. മമ്മയുടെ കൈയ്യിലുള്ള കടലാസ് എന്റെ ആത്മഹoത്യാക്കുറിപ്പാണെന്ന് അപ്പോഴായിരുന്നു എനിക്ക് ഓർത്തെടുക്കാൻ സാധിച്ചത്…

പരിസരബോധം ഉണ്ടായപ്പോൾ പറമ്പിന്റെ മൂലയിലെ കവുങ്ങിൻ ചുവട്ടിലാണ് ഞാൻ കിടക്കുന്നതെന്ന് എനിക്ക് മനസ്സിലായി. നല്ല ക്ഷീണമുണ്ട്. മമ്മയുടെ നിൽപ്പ് കാണുമ്പോൾ തന്നെ പേടിയാകുന്നു. വീണ്ടും ഉറങ്ങിപ്പോകുമോയെന്ന നെഞ്ചിൽ കിതപ്പ് തോന്നുന്നു. കണ്ണുകൾ അടയുന്നുണ്ടെന്ന് കണ്ട മമ്മ സെബിയെക്കൊണ്ട് വീണ്ടും എന്റെ മുഖത്തേക്ക് വെള്ളം കുടയിപ്പിച്ചു. പിടഞ്ഞ് തുറന്ന കണ്ണുകളിൽ കഴിഞ്ഞതിലും വ്യക്തമായി മമ്മയുടെ മുഖം തന്നെ തെളിഞ്ഞു. കൊഴിഞ്ഞുപോയ നിമിഷങ്ങളുടെ ഏതോയൊരു ഓർമ്മപ്പെടുത്തൽ പോലെ ഉള്ളിന്റെ ചുണ്ടുകൾ വീണ്ടും ആ വരികളിൽ രണ്ടെണ്ണം അറിയാതെ മൂളുകയായിരുന്നു…

‘ഷീ ഈസ്‌ സൊ ഡെയ്ഞ്ചറസ്

ദ ഗേൾ ഈസ്‌ സൊ ഡെയ്ഞ്ചറസ്..!!!’

Leave a Reply

Your email address will not be published. Required fields are marked *