Story written by Adam John
നമുക്കേറ്റവും സന്തോഷം ഉണ്ടാവുന്നതെപ്പോഴൊക്കെ ആരിക്കും എന്നത് പറയാൻ ബുദ്ധിമുട്ടുള്ള കാര്യവാണ്.
പക്ഷെ നമ്മുടെ വീട്ടിൽ കറന്റ് പോവുമ്പോ അയല്പക്കത്തെ വീട്ടിലും പോയെന്നറിയുമ്പോ ആരിക്കും ചിലർക്ക് സന്തോഷം ഉണ്ടാവാ. അമ്മായിക്കും അങ്ങനാരുന്നു.
അതോണ്ട് തന്നെ കറന്റ് പോവുമ്പോ ഒക്കെ ജനാല തുറന്ന് അയല്പക്കത്തൊട്ട് നോക്കി ആശ്വസിച്ചു പോന്നു..
അങ്ങനെയിരിക്കെ ഒരു ദിവസം നോക്കുമ്പോഴുണ്ട് അയല്പക്കത്ത് എന്തൊക്കെയോ പണികൾ നടക്കുന്നു.
എന്താന്ന് ചോദിക്കണം എന്നുണ്ടേലും എന്തേലും നല്ല കാര്യവാണേൽ മനസ്സമാധാനം പോവുലോ എന്നോർത്ത് അമ്മായി ചോദിക്കാനൊന്നും മെനക്കെട്ടില്ല.
ഒന്ന് രണ്ട് ദിവസം കഴിഞ് ഒരു കാറ്റും മഴയും ഉള്ള രാത്രി പതിവ് പോലെ കറന്റ് പോയി. അമ്മായി അപ്പോ തന്നെ ഓടിച്ചെന്ന് അയല്പക്കത്തോട്ട് നോക്കിയപ്പഴുണ്ട് ദോണ്ടേ അവിടെ വെളിച്ചം കാണുന്നു.
ഒള്ളതാണോ എന്നറിയാൻ വേണ്ടി അമ്മായി കണ്ണ് തുറന്ന് ഒന്നൂടെ നോക്കി. കയ്യിൽ നുള്ളി നോക്കി. വേദനയുണ്ട്. അപ്പോ സത്യവാ അവിടെ കറന്റുണ്ട്.
അതോടെ മനസ്സമാധാനം പോയീന്ന് പറയണ്ടാലോ..
പിറ്റേന്ന് പതിവ് പോലെ അയല്പക്കത്ത് നടക്കുന്ന വാർത്തകൾ ചൂടോടെ എത്തിക്കാൻ വന്ന ചേച്ചി പറഞ്ഞാണ് അവര് പുതിയ ഇൻവെർട്ടർ വാങ്ങിയ കാര്യമറിയുന്നേ.
അമ്മാവൻ ജോലി കഴിഞ്ഞെത്തുമ്പോ സന്ധ്യയാവും.അന്നും പതിവ് പോലെ ജോലി കഴിഞ്ഞേത്തിയ അമ്മാവനോട് അമ്മായി പറയാ എനിക്കും ഇൻവെർട്ടർ വേണമെന്ന്.
വല്ല ബേക്കറി സാധനവുമാണെന്ന് കരുതി അമ്മാവൻ സമ്മതിക്കേം ചെയ്തു. പിന്നീടല്ലേ കാര്യവറിയുന്നേ.
പോരാത്തതിന് ഭാര്യയുടെ ആഗ്രഹവല്ലേ സാധിച്ചു കൊടുക്കാതിരിക്കാനും പറ്റത്തില്ലാലോ.
എന്തേലും പറ്റുകേല എന്ന് പറഞ്ഞാൽ അല്ലേലും നിങ്ങൾക്കെന്നോട് പഴയ സ്നേഹമില്ലെന്നാ പറഞ്ഞോണ്ട് പരിഭവിക്കും. അതിൽ വീഴാത്ത ഭർത്താക്കന്മാരുണ്ടോന്ന് സംശയവാ. അതോണ്ടന്നെ അമ്മാവൻ സമ്മതിച്ചെന്ന് പ്രത്യേകം പറയേണ്ടല്ലോ.
ഇൻവെർട്ടർ വന്നേ പിന്നേ അമ്മായി നിലത്തൊന്നും അല്ലാരുന്നു. വൈന്നാരാവുമ്പൊ കറന്റ് പോണെന്ന് പ്രാർത്ഥിച്ചോണ്ടിരിപ്പാവും.
എന്നാലല്ലേ ഇതുണ്ടെന്ന് നാലാളെ അറിയിക്കാൻ ഒക്കത്തുള്ളൂ.
പക്ഷെ ദിവസം ഒന്ന് കഴിഞ്ഞു രണ്ടായി മൂന്നായി കറന്റ് പോണില്ല..അതോടെ അമ്മായിക്ക് സങ്കടവായി. ഭാര്യ സങ്കടപ്പെടുന്നത് ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവിന് സഹിക്കോ. അമ്മാവനും സഹിച്ചില്ല.
അങ്ങേരെന്നാ ചെയ്തു.വീടിന് മുന്നിലൂടെയുള്ള പോസ്റ്റിൽ നിന്നാണ് ചുറ്റ് വട്ടത്തുള്ള വീട്ടുകാർക്കുള്ള ലൈൻ വലിച്ചേക്കുന്നെ.
ഒരു സന്ധ്യാ സമയത്ത് അമ്മായി അറിയാതെ അതിന്മേൽ വലിഞ്ഞു കയറി ലൈൻ കട്ട് ചെയ്യാനെങ്ങാണ്ട് ശ്രമിച്ചതാരുന്നു.
ഒരു മിന്നലും ഒപ്പം ഒരു ശബ്ദവും കേട്ടാരുന്നു. ശബ്ദം അമ്മാവൻ വീണതിന്റെയാ. അപ്പോഴേക്കും കറന്റ് പോയി വീട്ടിൽ വെളിച്ചം തെളിഞ്ഞു. ഒപ്പം അമ്മായിടെ മുഖവും.
സന്തോഷ വാർത്ത അമ്മാവനെ അറിയിക്കാനായി പുറത്തേക്കൊടി വന്ന അമ്മായി കാണുന്ന കാഴ്ച വീണ് കിടക്കുന്ന അമ്മാവനെയാ.
ഇതെന്നാ പറ്റിയെന്ന് പറഞ്ഞോണ്ട് അമ്മായി ഓടിച്ചെന്നപ്പോ അമ്മാവൻ പറയാ ഒന്ന് വീണാലെന്താ കറന്റ് പോയല്ലോന്ന്.

