എന്തു കാരണത്തിലാണ് ഞാൻ കൂകുന്നതെന്ന് സംശയിക്കാത്ത ഒരേയൊരു ആള് എന്റെ അമ്മ മാത്രമായിരിക്കും. ഞാൻ ഒന്നും മറന്നിട്ടില്ലായെന്ന് അമ്മയ്ക്ക് മനസിലായിട്ടുണ്ടാകും……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഞാൻ ശ്രദ്ധിക്കുമ്പോൾ അയൽക്കാരിയായ സുശീല നിങ്ങളുടെ മോൻ കുറക്കനാണോയെന്നാണ് എന്റെ അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നത്. വേണമെങ്കിൽ നേരിട്ട് അന്വേഷിച്ചോയെന്ന് അമ്മയും പറഞ്ഞു. അതു നന്നായി. അല്ലെങ്കിലും, എന്നോട് ചോദിക്കാനുള്ള ധൈര്യമൊന്നും പരിസരത്ത് ആർക്കുമില്ല.

എന്റെ തലവട്ടം കണ്ടപ്പോൾ തന്നെ കുiത്തികയറ്റിയ മാക്സി താഴേക്ക് ഇറക്കി സുശീല അവളുടെ വീടിന്റെ അകത്തേക്ക് പോകുകയും ചെയ്തു.

ഓർമ്മ ശരിയാണെങ്കിൽ ഇതിനു മുമ്പ് കഴിഞ്ഞ വിഷുവിന് ശേഷമുള്ള ഞായറാഴ്ച്ചയാണെന്ന് തോന്നുന്നു. രാത്രി ഏതാണ്ട് പതിനൊന്നര മണിയായിട്ടു ണ്ടാകും. എനിക്കു തൊണ്ടപൊട്ടി കൂകാൻ തോന്നി. തുടങ്ങിയാൽ അലർച്ച യോടെയാണ് അവസാനിക്കുക. ശേഷം നാട്ടുനായകളുടെ കുരയും, പക്ഷികളുടെ ചിറകടികളുമായി ആ രാത്രി നീണ്ടുപോയി. ആശ്വാസത്തോടെ ഞാൻ ഉറങ്ങുകയും ചെയ്തു.

‘അശോകാ … നീയെന്തിനാണ് ഇങ്ങനെ കൂകുന്നേ? അയൽവാസികൾക്ക് ഉറങ്ങണ്ടേ…’

പിറ്റേന്ന് മുറ്റത്തു തന്നെ നിന്നുകൊണ്ട് മെമ്പറ് പറഞ്ഞതാണ്. മെമ്പറ് കാണാൻ വന്നിരിക്കുന്നുവെന്ന് അമ്മ പറഞ്ഞപ്പോഴേ വിഷയം ഇതായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. നേരിട്ടു പറയാൻ ധൈര്യമില്ലാത്തതു കൊണ്ട് മെമ്പറെ പറഞ്ഞയിച്ചിരിക്കുകയാണ്.

‘എപ്പോഴെങ്കിലുമല്ലെ മെമ്പറെ…. അതിത്ര കാര്യക്കാനുണ്ടോ…?’

മെമ്പർക്കും ഒരു പരിധിവിട്ട് എന്നോട് മോശമാകാൻ പറ്റില്ല. പുള്ളീടെ വീടിന്റെ മരപ്പണി ഞാനാണ് ചെയ്യേണ്ടത്. നാട്ടിൽ വേറെ ആശാരിയൊന്നുമില്ല. കൈയ്യിൽ ഉളിയും ചുറ്റികയുമൊക്കെ സദാ സമയം ഉള്ളതു കൊണ്ടാണ് നാട്ടുകാർക്കും എന്നോടൊരു ചെറുതല്ലാത്ത ഭയം.

ചില നട്ട പാതിരാത്രിക്ക് തൊണ്ടപൊട്ടി കൂകിയലറുന്ന ആളുടെ കൈയ്യിൽ ആയുധം കാണുമ്പോൾ എങ്ങനെ ഭയപ്പെടാതിരിക്കുമല്ലേ…!

‘മെമ്പറെ… വിഷുവിന് ഞാൻ പടക്കം പൊട്ടിക്കാറില്ല. എന്നിട്ടും നിങ്ങളൊക്കെ പൊട്ടിക്കുന്നത് ഞാൻ സഹിക്കുന്നില്ലേ…?’

മെമ്പറ് തല ചൊറിഞ്ഞു. കളിയിൽ ജയിച്ചാലും രാഷ്ട്രീയത്തിൽ തോറ്റാലും പടക്കം പൊട്ടിച്ചു കൊണ്ടുള്ള ആഘോഷമാണ്. അതിനു പുറമേ നാലു ഭാഗത്തു നിന്നും മനുഷ്യരെ ശാന്തമായി നിലനിർത്താനെന്ന വ്യാജേനയുള്ള ദൈവങ്ങളുടെ ശബ്ദമാണ്. ആ ഉടയോരെ കുiനിച്ചു നിർത്തി കൂiമ്പിനിടിക്കാൻ തോന്നിയിട്ടും ഞാൻ സഹിക്കുന്നില്ലേ മെമ്പറേയെന്ന് പറഞ്ഞപ്പോൾ ആ പാവം ജനപ്രതിനിധി ഒന്നും മിണ്ടാതെ തിരിച്ചു പോകുകയായിരുന്നു.

എന്തു കാരണത്തിലാണ് ഞാൻ കൂകുന്നതെന്ന് സംശയിക്കാത്ത ഒരേയൊരു ആള് എന്റെ അമ്മ മാത്രമായിരിക്കും. ഞാൻ ഒന്നും മറന്നിട്ടില്ലായെന്ന് അമ്മയ്ക്ക് മനസിലായിട്ടുണ്ടാകും. ഒരു പക്ഷെ, കണ്ടും കേട്ടും നിന്ന ഈ നാട്ടുകാർ എല്ലാം മറന്നിട്ടുണ്ടാകും. അതു കൊണ്ടായിരിക്കും എന്താണ് എന്റെ കുഴപ്പമെന്നൊക്കെ അറിയണമെന്ന് പലർക്കും തോന്നുന്നത്. അവരേയും കുറ്റം പറയാൻ പറ്റില്ല. വർഷങ്ങൾ പതിനെട്ടെണ്ണം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ അഞ്ചാറു വർഷങ്ങൾ മാത്രമേ ആയുള്ളൂ ഇത്തരത്തിൽ ആ ഓർമ്മ തൊണ്ട പൊട്ടി പുറത്തു വരാൻ തുടങ്ങിയിട്ട്.

മൂന്നിൽ പഠിക്കുന്ന മോനുമായി ടൗണിൽ തുണിയെടുക്കാൻ പോയതായിരുന്നു എന്റെ ഭാര്യ. കുഴഞ്ഞു വീണുപോയി. ആശുപത്രിയിൽ നിന്നായിരുന്നു മരണം. ഓടിക്കിതച്ചെത്തിയ ഞാൻ ആകെ പരിഭ്രമിച്ചു. അവളുടെ തണുത്ത കൈകൾ മുഖത്തേക്ക് ചേർത്ത് പൊട്ടിക്കരയുമ്പോഴാണ് എന്റെ മോനെ ഞാൻ ഓർത്തത്. ആശുപത്രി ജീവനക്കാർക്കൊ, അവളെ ആശുപത്രിയിൽ എത്തിച്ചവർക്കോ അങ്ങനെയൊരു കുഞ്ഞിനെ കുറിച്ച് യാതൊരു വിവരവുമില്ല. എനിക്ക് ജീവനുണ്ടെന്ന് ഞാൻ അറിയുന്നതു അപ്പോഴാണ്. തുടിപ്പു നിന്നു പോകുന്ന എന്തോയൊന്നിനെ ഞാൻ ആ നേരം അനുഭവിച്ചിരുന്നു…

മരണത്തേക്കാളും ദുഃഖകരമായ വിഷയം കാത്തു സൂഷിക്കേണ്ടവരെ എന്നെന്നേക്കുമായി കളഞ്ഞു പോകുമ്പോഴാണ്. അതു മക്കളാകുമ്പോഴുള്ള വേദന മരണത്തിലും മരിപ്പ് അനുഭവപ്പെടുന്നതു പോലെയൊരു മരവിപ്പാണ്. ഒരു തുള്ളി കണ്ണീരു പോലും ആദ്യ വർഷങ്ങളിൽ ഞാൻ പൊഴിച്ചിട്ടില്ല. അതിന്റെ കനം എന്റെ കരളിൽ ഇല്ലാതിരിക്കുമൊ..!

ആ ഓർമ്മകളെല്ലാം ഉണങ്ങിയ വിറകുകൾ പോലെ തലയുടെ മച്ചിൻ പുറത്തുണ്ട്. ഇടയ്ക്കൊക്കെ വാലിനു തീ പിടിച്ച എലിയെ പോലെ ബോധം അതിലൂടെ പരക്കം പായും. ഒടുവിൽ താലോലിച്ചു ഉറക്കിയതിൽ തന്നെ വാലുരസ്സും. പൊള്ളുന്നത് സഹിക്കാൻ പറ്റാത്ത ഉൾവേദനയിലാണ് ഞാൻ കൂകി അലറാറുള്ളത്. ആ തൊണ്ട പൊട്ടലിന് ശേഷമൊരു നീണ്ട മൗനമായിരിക്കും. അതിൽ തന്നെയാണ് എന്റെ ആശ്വാസത്തിന്റെ ശ്വാസവും.

ഒടുവിൽ ഇനിയും അലറാനുള്ള ആയുസ്സുണ്ടാകണമേയെന്ന ആഗ്രഹവും കൊണ്ടാണ് ഞാൻ സുഖമായി ഉറങ്ങാറുള്ളത്.

അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്ത ഈ ജീവിതം ജീവിച്ചു തീർക്കാൻ ഞാനും ബാധ്യസ്ഥനാണ്. ഇതല്ലെങ്കിൽ മറ്റൊന്നെന്ന തലത്തിൽ നോവുകൾ കൂടി നിറയാനുള്ളതാണ് ജീവിതമെന്ന് കരുതുമ്പോഴും മനസ്സ് ഇടക്ക് കൈവിട്ടു പോകും!

മെമ്പറോട് പറഞ്ഞതുപോലെ പലതും ഞാൻ സഹിക്കുമ്പോൾ എന്നെയും ഈ ലോകം ചിലപ്പോഴൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കണം. അല്ലെങ്കിൽ എന്നെ കൊണ്ടുപോയി തുറങ്കിൽ അടക്കണം. അപ്പോഴും പൂട്ട് എന്റെ വായക്കല്ലെങ്കിൽ ഇതുപോലെ ചിലപ്പോഴൊക്കെ നെഞ്ചു കീറി എന്റെ തൊണ്ട പൊട്ടുമായിരിക്കും…

അങ്ങനെ ഓർക്കുമ്പോൾ തന്നെ തലയോട്ടിയിൽ ഒരെലിയുടെ വാലുരയുന്നതു പോലെ! ശ്രദ്ധിച്ചാൽ അതിന്റെ മൂളക്കവും കേൾക്കാം!

രാത്രിയാണ്. കിടന്നിരുന്ന ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു. പതിനെട്ടു വർഷങ്ങൾക്കു മുമ്പുള്ളയൊരു ആശുപത്രി രംഗമാണ് തെളിയുന്നത്. ഒന്നും ചെയ്യാൻ പറ്റാതെ മുട്ടു കുiത്തി വിതുമ്പുന്നയൊരു ചെറുപ്പക്കാരൻ. ഭാര്യയും മോനും നഷ്ട്ടപ്പെട്ടെത്രെ! അതു ഞാൻ തന്നെ ആയിരുന്നുവെന്ന് ബോധം പറഞ്ഞു തന്നപ്പോൾ തലക്ക് തീ പിടിച്ചതു പോലെയായിരുന്നു. നെഞ്ചാംകൂടുവരെ പൊള്ളിപ്പോയി. ഞാൻ പോലും അറിഞ്ഞില്ല എന്റെ തൊണ്ട പൊട്ടിപ്പോയത്…

‘കൂ….. ഹ്ഹ്ഹ്ഹ് ഹ് ഹ് ഹാഘ്രാഘ്രാ..!!!

Leave a Reply

Your email address will not be published. Required fields are marked *