എന്നാലും കെട്ട്യോൻ മരിച്ച് ദിവസങ്ങൾ കഴിയും മുൻപേ ആ കൊച്ചിനേം നോക്കാതെ ഒരുങ്ങി കെട്ടി പോകാണു അവൾ; ജോലിക്കാന്നും പറഞ്ഞ്;എങ്ങോട്ടാന്ന് ആർക്കറിയാം……..

_upscale

പരദൂഷണം ആരോഗ്യത്തിനു ഹാനികരം

Story written by Sajitha Thottanchery

കാലത്ത് മക്കളേം ഭർത്താവിനേം പറഞ്ഞയച്ചു സിറ്റ് ഔട്ടിൽ ഇരുന്ന് പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് തുറന്ന് ദേവകിയമ്മ വരുന്നത്.

“ആരുടേയോ കുറ്റം പറയാനുള്ള വരവാണ് ” അനു മനസ്സിൽ പിറുപിറുത്തു.

ചുണ്ടിൽ ഒരു ചിരിയും ഫിറ്റ് ചെയ്ത് അവർ അനുവിന് എതിരെ ഉള്ള കസാരയിൽ ഇരുപ്പുറപ്പിച്ചു.

ആ നേരത്താണ് അടുത്ത വീട്ടിലെ സൗമ്യ കയറി വരുന്നത്.

” മോൾ വരുമ്പോൾ ഒന്നു ശ്രദ്ധിച്ചേക്കണേ അനു ചേച്ചീ ” സൗമ്യ വീടിൻ്റെ താക്കോൽ അനുവിനെ ഏൽപ്പിച്ച് പറഞ്ഞു.

“നീയിത് എന്നും പറയൊന്നും വേണ്ട എൻ്റെ സൗമ്യേ ,ഞാൻ ശ്രദ്ധിച്ചോളാം. നീ പൊയ്ക്കോ.” സ്നേഹം നിറഞ്ഞ ചിരിയോടെ അനു പറഞ്ഞു.

“ആ കൊച്ച് വന്നാൽ അനുവിന് ബുദ്ധിമുട്ടാകുമല്ലേ? ” സൗമ്യ ഗേറ്റ് കടന്നു പോയതും ദേവകിയമ്മ പറഞ്ഞു.

“എന്ത് ബുദ്ധിമുട്ട് ദേവകിയമ്മേ; എനിക്കും ഇല്ലേ മക്കൾ ; അതിലൊരാൾ ആയേ ഞാൻ കണ്ടിട്ടുള്ളൂ ” അനു സൗമ്യമായി പറഞ്ഞു.

“എന്നാലും കെട്ട്യോൻ മരിച്ച് ദിവസങ്ങൾ കഴിയും മുൻപേ ആ കൊച്ചിനേം നോക്കാതെ ഒരുങ്ങി കെട്ടി പോകാണു അവൾ; ജോലിക്കാന്നും പറഞ്ഞ്;എങ്ങോട്ടാന്ന് ആർക്കറിയാം”ദേവകിയമ്മ വിടാനുള്ള ഭാവമില്ല.

“നിങ്ങൾ ഇതെന്താ പറയുന്നേ, കെട്ട്യോൻ മരിച്ചെന്നും പറഞ്ഞ് അവൾക്ക് ആ കൊച്ചിനെ നോക്കണ്ടെ. അതിനെ പട്ടിണിക്കിടാൻ പറ്റോ? പഠിപ്പിക്കണ്ടെ. മരിച്ചവര് പോയി. ആ ദു:ഖം പറഞ്ഞ് അകത്തു വാതിലടച്ചിരിക്കാൻ അവൾക്ക് പറ്റോ? ഇനിയിപ്പോ ആരുടേയെങ്കിലും സഹായം സ്വീകരിച്ചാൽ അപ്പോഴും ആളുകൾ എന്തേലും പറഞ്ഞുണ്ടാക്കും.” അനു തെല്ല് ദേഷ്യത്തോടെ പറഞ്ഞു.

“അതല്ല ഞാൻ പറഞ്ഞത് മോളേ.കെട്ട്യോൻ മരിച്ചതാന്നു ഒരു ബോധമൊക്കെ വേണ്ടേ? ഉടുത്തൊരുങ്ങി എന്താ ഒരു ഭാവം. എൻ്റെ കെട്ട്യോൻ പോയിട്ട് ഒരു കൊല്ലം ഞാൻ വീട്ടിൽന്നു പുറത്തിറങ്ങിയിട്ടില്ല” ദേവകിയമ്മ തുടരുകയാണ്.

“കെട്ട്യോൻ മരിച്ചവർക്ക് നല്ല വസ്ത്രം ധരിക്കാൻ പാടില്ലന്നു നിങ്ങളോട് ആരാ പറഞ്ഞെ. അവൾ എന്തു വേണം പിന്നെ. മരിച്ചവരുടെ കൂടെ പോണോ? നിങ്ങൾക്കും ഇല്ലേ ഒരു മോൾ, നാളെ അവരുടെ ഗതി എന്താകുമെന്ന് ആർക്കറിയാം. നിങ്ങൾക്ക് കൊണ്ടു വന്നു തരാൻ വീട്ടുകാർ ഉണ്ടായിരുന്നു. നിങ്ങളുടെ മകൻ പ്രാപ്തി ആയിരുന്നു. അപ്പോൾ വീടsച്ച് ഇരിക്കാം .അവളുടെ അവസ്ഥ അതാണോ. പിന്നെ നിങ്ങടെ കെട്ട്യോൻ്റെ കാര്യം; ജീവിച്ചിരിക്കുമ്പോ അയാൾ വയ്യാതെ കിടന്നപ്പോ സ്നേഹത്തോടെ നിങ്ങൾ ഒന്നു നോക്കീട്ടുണ്ടോ? പിന്നെ മരിച്ചിട്ട് വീട്ടിനുള്ളിൽ ഇരിക്കുന്നതാണോ കാര്യം. ആ പെൺകുട്ടി എങ്ങനേലും ജീവിച്ചോട്ടെ; അതിനെ വെറുതെ വിടൂ ” അനു രൂക്ഷമായി തന്നെ പറഞ്ഞു.

ദേവകിയമ്മ പ്രതീക്ഷിക്കാതെ അടി കിട്ടിയ മട്ടിൽ അനങ്ങാതെ ഇരുന്നു ഒരു നിമിഷം .

“ഞാൻ ഒന്നും ഉദ്ധേശിച്ച് പറഞ്ഞതല്ല അനുവെ. നാട്ടുകാർ പൊതുവെ പറയുന്നത് പറഞ്ഞതാ ” ദേവകിയമ്മ ഒരു ന്യായീകരണത്തിനു ശ്രമം നടത്തി.

“അങ്ങിനെ പറയുന്നത് ഏതു നാട്ടുകാർ ആയാലും കരണത്തു ഒരെണ്ണം കൊടുത്തേ മറുപടി പറയാവൂ” അനു വിട്ടില്ല.

ഇനിയും ഇരുന്നാൽ ആ അടി തൻ്റെ കരണത്തു വീഴുമെന്ന പേടി കൊണ്ട് ദേവകിയമ്മ എഴുന്നേറ്റു.

“ഞാനിന്നാ പോയിട്ട് പിന്നെ വരാം അനൂ ” വളിഞ്ഞ ചിരിയോടെ ദേവകിയമ്മ പറഞ്ഞു.

“എന്നാൽ ശരി ,എനിക്കും പണിയുണ്ട് ദേവകിയമ്മേ …. പിന്നെ വരു” ഒഴിവാക്കുന്ന മട്ടിലായിരുന്നു അനുവിൻ്റെ മറുപടി.

തോറ്റ മട്ടിൽ ഇറങ്ങുമ്പോഴും അനുവിനെതിരെ എന്ത് കഥയുണ്ടാക്കാം എന്ന ആലോചനയിൽ ആയിരുന്നു ദേവകിയമ്മ.

സ്വന്തം കുറ്റങ്ങൾ മൂടി വച്ച് അന്യൻ്റെ കുഴി തോണ്ടുന്ന ഒരാളോടെങ്കിലും മറുപടി പറയാൻ പറ്റിയതിൻ്റെ സന്തോഷത്തോടെ അനു തൻ്റെ ബാക്കി പണികളിലേക്ക് കടന്നു ………

( ചിലർ ഇങ്ങനെയാണ്. അപ്പുറത്ത് ശരിയാക്കാൻ അവനവൻ്റെ ആയിരം കാര്യങ്ങൾ ഉണ്ടെങ്കിലും അന്യനെ കുറ്റം പറയുന്നതിൽ രസം കണ്ടെത്തും.നമുക്ക് അനു ആവാൻ ശ്രമിക്കാം. ദേവകിയമ്മമാർ ഒന്നു വിശ്രമിക്കട്ടെ)

Leave a Reply

Your email address will not be published. Required fields are marked *