എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
രക്ഷിക്കണമേയെന്ന് മാത്രമല്ല. പരിചയക്കാരെ ആരെയും എന്നോളം വളർത്തരുതേയെന്ന് കൂടി പ്രാർത്ഥിച്ചതിന് ശേഷമാണ് നടു നിവർത്തിയത്. ക്ഷേത്രത്തിന്റെ പുറത്തേക്ക് എത്തിയപ്പോൾ ചെരുപ്പുകൾ കാണാനില്ല. കണ്ടാൽ ആരും കൊതിക്കുന്ന ലദറാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തൊട്ട് മുമ്പ് കുമ്പിട്ട് തൊഴുത ദൈവത്തിന്റെ കൂമ്പിന് ഇടിക്കാൻ തോന്നി.
‘ചെരുപ്പ് കാണാനില്ലെന്നേ… പുതിയതായിരുന്നു… ഏത് മാങ്ങാണ്ടി മോറാനാണ്പ്പാ അതെടുത്ത് പോയത്…’
അരികിലുണ്ടായിരുന്ന ചെരുപ്പുകളുടെ ഉടമസ്ഥൻ വന്നപ്പോൾ ഞാൻ പറഞ്ഞതാണ്. അയാൾ എന്റെ മുന്നിലുള്ള ഒഴിഞ്ഞ ഇടത്തിലേക്ക് നോക്കി ചെറുതായൊന്ന് ചിരിച്ചു. എനിക്ക് ദേഷ്യം വന്നു. കോടതിയിൽ പോകാനുള്ളതാണ്. വിധി പറയുന്ന നാളാണ്. സ്വത്ത് കൈക്കലാക്കി അച്ഛനെയും അമ്മയേയും അനാഥാലയത്തിൽ തള്ളിയതിന്റെ കേസാണ്.
നിനക്ക് നോക്കാൻ കഴിയില്ലെങ്കിൽ എവിടെയെങ്കിലും കൊണ്ട് പോയി കളയൂയെന്ന് പറഞ്ഞതും അവർ തന്നെയായിരുന്നു. പെറ്റവളും, പോറ്റിയവനും അല്ലേയെന്ന് കരുതി സേഫായ സ്ഥലത്തേക്ക് ആക്കിയ ഞാൻ ഇപ്പോൾ കുറ്റക്കാരൻ. ലോകം വിചിത്രം തന്നെ…
ഏതോ യുട്യൂബ്കാർക്ക് കാശ് ഉണ്ടാക്കാൻ ആകെയുള്ള മകനെ റ്റിക്കൊടുത്ത യൂദാസുകളാണ് എന്റെ മാതാപിതാക്കൾ. വർഷത്തിൽ ഒരിക്കലെങ്കിലും പോയി കാണണമെന്ന് ഉണ്ടായിരുന്നു. ഇനിയില്ല. കേസ് കൊടുക്കാനുള്ള മനസ്സ് അവർ കാട്ടിയില്ലേ… ഇനി മരിച്ചാലും പോകില്ല… പക്ഷേ, ഇന്ന് കോടതിയിലേക്ക് പോകാതിരിക്കാൻ കഴിയില്ലല്ലോ… വിധി അനുകൂലമാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഉള്ളം കാലിൽ മണ്ണ് കൊള്ളുമ്പോൾ അസ്വസ്ഥമാകുന്നുണ്ട്. തൽക്കാല ആശ്വാസമെന്നോണം കണ്ടാൽ കുഴപ്പമില്ലെന്ന് തോന്നുന്ന മറ്റൊരു ജോഡി ചെരുപ്പുകളിലേക്ക് കാലുകൾ കയറി. ആരെങ്കിലും നോക്കുന്നുണ്ടോയെന്നൊന്നും നോക്കിയില്ല. തിരിഞ്ഞപ്പോൾ കണ്ട് പരിചയമുള്ള ഒരാൾ അടുത്തേക്ക് വന്നു.
‘ദേ, അയാളുടെ കാലിലെ ചെരുപ്പ് മാറിയിട്ടുണ്ടല്ലോ…’
നടന്ന് പോകുന്ന മറ്റൊരാളെ ചൂണ്ടിയാണ് അയാളത് പറഞ്ഞത്. ശ്രദ്ധിച്ചപ്പോൾ ശരിയാണ്. രണ്ടും രണ്ട് ചെരുപ്പ്. അതിൽ ഒന്ന് എന്റേതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
‘അതാ, അരണയാ… മനസ്സിലായില്ലേ.. അരവിന്ദൻ… മറവിയാ…’
ഏത് അരണ അരവിന്ദനായാലും, ഇങ്ങനെയുണ്ടോ ഒരു മറവി. ഇന്നാള് സ്വന്തം വീടാണെന്ന് കരുതി മറ്റ് എവിടെയോ കയറിയ അയാളെ എനിക്കും അറിയാം. അയാളുടെ സഹോദരൻ കൂടെ പഠിച്ചതുമാണ്. എന്നിട്ടും, ദേഷ്യം കൂടിയതേയുള്ളൂ…
‘ഹേയ്…’
അരണ നിന്നു. എന്നെ കണ്ടതും ഒറ്റ ഓട്ടമായിരുന്നു. എന്നാൽ പിന്നെ പിടിച്ചിട്ട് തന്നെയെന്ന് ഞാനും തീരുമാനിച്ചു. കിതക്കുകയാണ്. അയാൾ ഏറെ മുന്നിലുമാണ്. പള്ള കോച്ചി പിടിച്ചപ്പോൾ ഞാൻ നിന്നു. ശ്രദ്ധിച്ചപ്പോൾ അരവിന്ദനും നിന്നിരിക്കുന്നു. ഇത് നല്ല കഥ. അയാൾ കളിപ്പിക്കുകയാണോ?
നിരീക്ഷിച്ചപ്പോൾ അരണ അടുത്തുള്ള പെട്ടി കടയിലേക്ക് കയറുകയാണ്. അയാൾ എല്ലാം മറന്നിരിക്കുന്നുവെന്ന് തോന്നുന്നു…
തന്റെ മറവി ഇന്നത്തോടെ തീരുമെന്ന് പിറുപിറുത്ത് ഞാൻ അങ്ങോട്ടേക്ക് നടന്നു. അരണ പഴം തിന്നുകയാണ്. തുടർന്ന് ഒരു ബോട്ടിൽ കുപ്പി വെള്ളവും വാങ്ങി. താൻ എന്തിനാടോ ഓടിയതെന്ന് ചോദിച്ച് ഞാൻ അടുത്തു. ഊഹിച്ചത് പോലെ അയാൾ എല്ലാം മറന്നിരിക്കുന്നു. നെല്ല് കണ്ട ചുണ്ടെലിയെ പോലെ ചിരിക്കുന്നു. എന്റെ കണ്ണുകൾ താഴേക്ക് സഞ്ചരിച്ചു. കാലുകളിൽ ഒരെണ്ണം എന്റെ ചെരുപ്പും ധരിച്ചാണ് നിൽക്കുന്നത്.
‘തനിക്കെന്താടോ കണ്ണില്ലേ? മറ്റേ ചെരുപ്പ് എവിടെയാടോ?’
എന്നും പറഞ്ഞ് അരണ അരവിന്ദനെ ഞാൻ തള്ളി. വായിലേക്ക് ഇടാൻ വെച്ച അവസാന തുണ്ട് പഴവും, കുപ്പി വെള്ളവും താഴെ വീണു. പരിസരത്ത് ഉണ്ടായിരുന്നവർ കൂടിയപ്പോൾ ചെരുപ്പ് പോയ കാര്യം ഞാൻ പറഞ്ഞു. കോടതിയിൽ പോകേണ്ട എന്നെയാണ് ഇങ്ങനെ ഓടിപ്പിച്ചത്. ഉരുണ്ട് പോയ വെള്ളക്കുപ്പിയും എടുത്ത് അരണ എഴുന്നേറ്റു. ശേഷം, എന്തൊക്കെയോ ഓർക്കുന്നത് പോലെ തല ചൊറിയുകയാണ്.
‘ക്ഷമിക്കെടാ… ഞാൻ പെട്ടെന്ന് മറന്ന് പോയി…’
എന്നും പറഞ്ഞ് കുപ്പിയിലും കൈമുട്ടിലും പുരണ്ട മണ്ണ് മുണ്ടുകൊണ്ട് അയാൾ തട്ടി കളഞ്ഞു. ശേഷം, തന്റെ കാലുകളിലെ രണ്ട് ചെരുപ്പും ഉപേക്ഷിച്ച് നടന്നും തുടങ്ങി. മറ്റേ ചെരുപ്പ് എവിടെയാണെന്ന് ചോദിക്കാൻ തുനിയുമ്പോഴേക്കും ആരോ എന്റെ ചെകിടത്ത് അടിച്ചിരുന്നു. തുടർന്ന്, ചെരുപ്പുകൾ ഊർന്ന് വീഴാൻ പാകം എന്നെയെടുത്ത് കുലുക്കുകയും, താഴേക്ക് ഇടുകയും ചെയ്തു.
‘ചെരുപ്പ് കക്കുന്നോടാ… ‘
പരുക്കൻ ശബ്ദം. കരുത്തൻ കൈകൾ. മുഖം വ്യക്തമാകുന്നില്ല. എന്നേക്കാളും അത്യാവശ്യമായി എവിടെയോ പോകാനുണ്ടെന്ന് തോന്നുന്നു. അത്തരത്തിലാണ് അയാൾ സംസാരിക്കുന്നത്. വ്യക്ത മായി കേൾക്കുന്നില്ല! ചെരുപ്പ് കാണാതായെന്ന് കണ്ട നിമിഷത്തിൽ കൂമ്പിനിടിച്ച ദൈവത്തെ തന്നെ ആ നേരം വിളിച്ച് പോയി. കണ്ണുകളിൽ ആരോ പൂത്തിരി കത്തിച്ചത് പോലെ…
വീണ ഇടത്ത് നിന്ന് എഴുന്നേൽക്കുമ്പോഴേക്കും തന്റെ ചെരുപ്പുകളും ധരിച്ച് അടിച്ച മനുഷ്യൻ പോയിരുന്നു. അടക്കം പറച്ചിലും, ചിരിയുമായി കൂട്ടവും പിരിഞ്ഞു. ഒരാൾ മാത്രം അവിടെ അവശേഷിച്ചു. അരണ! ഭാവം വിഷമം. ഞാൻ തള്ളി താഴെയിട്ടതൊക്കെ അരവിന്ദൻ മറന്നെന്ന് തോന്നുന്നു. ആ മനുഷ്യൻ തന്റെ കുപ്പി വെള്ളം എനിക്ക് നേരെ നീട്ടിയിരിക്കുകയാണ്. അത് വാങ്ങുമ്പോൾ കൈകൾ വിറച്ചിരുന്നു. തൊണ്ടയുടെ കൂടെ കണ്ണുകളും നിറഞ്ഞു.
മനുഷ്യരെല്ലാം ഓരോ ജോഡി ചെരുപ്പുകളാണെന്ന് തോന്നുന്നു. അബദ്ധവശാൽ മറവികളെ ധരിക്കുമ്പോൾ മാറി പോകുന്ന ജീവിതങ്ങൾ. സ്വയം തേഞ്ഞ് പോകാൻ വിധിക്കപ്പെട്ടവർ. പുതുക്കി പണിയാൻ അറിയാത്തവർ. വള്ളി പൊട്ടിയാലും, തുന്നൽ ഇളകിയാലും, ഉപേക്ഷിക്കപ്പെടേണ്ടവർ. അച്ഛനെയും അമ്മയേയും ഓർത്ത് പോയി. ഇന്നത്തെ വിധിയെ പാടെ മറന്ന് പോയി. മനുഷ്യനാകാൻ ഞാൻ എത്രത്തോളം മിനുക്കാനുണ്ടെന്ന് മാത്രമായിരുന്നു തുടർന്നുള്ള സംശയം….!!!