സീതക്കുട്ടി
എഴുത്ത്:- അഞ്ജു തങ്കച്ചന്‍
സീതക്ക് ദിവാകരനെ കാണണമെന്നു തോന്നി. മകൾക്കു വന്ന സൗഭാഗ്യത്തേക്കുറിച്ച് ഓർത്തു സന്തോഷത്തോടെ ഇരിക്കുന്ന തന്റെ അമ്മയോട് ഇനിയും ദിവാകരനെക്കുറിച്ചു പറയാൻ അവൾക്കു ധൈര്യം തോന്നിയില്ല. ഉണ്ണിയെ ധിക്കരിച്ചാൽ ഈ നാട്ടിൽ ജീവിക്കാൻ തന്നെ കഴിഞ്ഞെന്നു വരില്ല.
അവളുടെ ഉള്ളം വല്ലാതെ പിടയുകയായിരുന്നു. എല്ലാത്തിൽ നിന്നും ഓടിയൊളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…..
പലവട്ടം അവൾ ദിവാകരനെ കാണാൻ ശ്രമിച്ചിട്ടും അയാൾ അവളെ ശ്രദ്ധിച്ചതേയില്ല. അതവളെ ദുഃഖത്തിലാഴ്ത്തി.
അവളുടെ ചെറിയ വീടിനു മുന്നിൽ കൂറ്റൻ പന്തൽ ആയിരുന്നു ഉയർന്നു. വിവാഹത്തിന് രണ്ട് നാൾ മുന്നേ അവൾക്കുള്ള സ്വർണാഭരണങ്ങളും, ചെഞ്ചോര ചുവപ്പിൽ സ്വർണ കസവ് തുന്നിയ പട്ടുസാരിയും എത്തി. അയൽവാസികൾ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ ആഭരണങ്ങൾ നോക്കുന്നുണ്ടായിരുന്നു.
*******************
ദിവാകരനെ കാണുവാൻ അവളുടെ ഉള്ളം വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.
ദിവാകരൻ പാടത്തെ പണി കഴിഞ്ഞ് തോട്ടിലെ വെള്ളത്തിൽ കാലുകൾ കഴുകികൊണ്ടു നിന്നപ്പോഴാണ് അവൾ അയാൾക്കരികിലേക്ക് ചെന്നത്.
അയാളെ കണ്ടതും അത്ര ദിവസം അവൾ അടക്കി വച്ച എല്ലാ സങ്കടങ്ങളും പെരുമഴ പോലെ പെയ്തിറങ്ങി.
എനിക്ക് ഉണ്ണിയുടെ ഭാര്യ ആയി ജീവിക്കണ്ട ദിവാകരേട്ടന്റെ പെണ്ണായാൽ മതി. അവൾ കണ്ണീരോടെ പറഞ്ഞു.
എന്റെ ഇല്ലായ്മകളിലേക്ക് നിന്നെ വിളിക്കുന്നതിനേക്കാൾ, തമ്പുരാന്റെ ഭാര്യആയി നീ കഴിയുന്നതാണ് എനിക്കിഷ്ടം . നീ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതിയെനിക്ക്. അയാൾ പറഞ്ഞു.
ഇല്ല, എനിക്കതിനു കഴിയില്ല. പട്ടിണിയാണെങ്കിലും ഞാൻ സഹിച്ചോളാം, നമ്മുടെ ചെറിയ സന്തോഷങ്ങളുമായ് നമുക്കു ജീവിച്ചാൽ മതി.
അദ്ദേഹത്തിന്റെ ഭാര്യയാകാൻ പോകുന്ന ആൾ ഇങ്ങനെയൊന്നും എന്നോട് സംസാരിക്കരുത്. നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കുവാനായി അയാൾ വേഗത്തിൽ നടന്നുനീങ്ങി.
കണ്ണീരോടെ തിരിഞ്ഞു നടന്ന സീത പെട്ടന്ന് ഉണ്ണിയെ അവിടെ കണ്ട് പകച്ചു പോയി
അദ്ദേഹം തങ്ങളുടെ സംസാരം കേട്ടിട്ടുണ്ടെന്ന് ആ മുഖം കണ്ടപ്പോൾ അവൾക്കു മനസിലായി.
തെല്ലു പേടിയോടെ അവൾ അയാളെ കടന്നു മുന്നോട്ട് നടന്നു.
അയാളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരുന്നു. ഒരു റാണിയെ പോലെ താൻ കൊണ്ടുനടക്കാൻ ആഗ്രഹിച്ച പെണ്ണിന് തന്റെ കീഴ്ജോലിക്കാരനോട് ഇഷ്ട്ടം. ഇല്ല ഇവളെ താൻ മറ്റാർക്കും വിട്ടുകൊടുക്കില്ല. അയാളുടെ കവിളുകൾ ദേഷ്യം കൊണ്ടു വിറച്ചു.
*******************
ആ പ്രേദേശത്തെ ജനങ്ങളൊക്കെ അവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു.
സുന്ദരിയായി അവൾ അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ഉണ്ണി അവളുടെ മുഖത്തേക്കു നോക്കി. ദുഖഭാരത്താൽ കുനിഞ്ഞിരിക്കുന്നൊരു ദേവതയുടെ മുഖമായിരുന്നു അപ്പോഴവൾക്ക്.
നാദസ്വര മേളം ഉയർന്നു. അവളുടെ കണ്ണുകൾ തുളുമ്പുന്നത് അയാൾ തിരിച്ചറിഞ്ഞു.
അയാൾ ആളുകൾക്കിടയിലേക്കു നോക്കി. ദിവാകരൻ ഏറ്റവും പിന്നിലായ് നിൽപ്പുണ്ട്.
അയാൾ ദിവാകരനെ അരികിലേക്കു വിളിച്ചു.
താലി അയാളുടെ കൈകളിൽ കൊടുത്തു. നിനക്കായി പിറന്നതാണ് ഇവൾ, എന്റെ വീട്ടിൽ ജീവിക്കുന്നതിനേക്കാൾ അവൾക്കിഷ്ടം തന്റെ കുടിലിൽ കഴിയുന്നതാണ്.
താൻ അന്ന് ഇവളോട് പറഞ്ഞില്ലേ തനിക്കിഷ്ടം ഇവൾ സന്തോഷത്തോടെ ജീവിക്കുന്നതാണെന്ന്. ഇവൾക്ക് നല്ലത് വരണം എന്ന് മാത്രം ആഗ്രഹിക്കുന്ന തന്നേ പോലെ അത്ര ആഴത്തിൽ എനിക്ക് സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലോ, അതുകൊണ്ട്ഇ ഷ്ടമുള്ളവർ ഒരുമിച്ച് ജീവിക്കൂ.
അവിശ്വാസത്തോടെ സീത അയാളെ നോക്കി. അയാളുടെ മുഖം ശാന്തമായിരുന്നു. താലി ദിവാകരന്റെ കൈകളിൽ കൊടുത്തുകൊണ്ട് അയാൾ പുഞ്ചിരിച്ചു. നേർത്തൊരു കാറ്റ് അപ്പോഴവരെ തഴുകിതലോടി കടന്നു പോയി.
***************


 
                         
                        