എന്റെ നെഞ്ചിൽ ഒരു പ്രകമ്പനം. അതേ അവൻ തന്നെ. അതേ ഫെലിക്സ്. ഒരു കാലത്ത് ഞാൻ ജീവനെക്കാളേറെ സ്നേഹിച്ച, പിന്നീടതിലേറെ വെറുത്ത അതേ ഫെലിക്സ്…….

Story written by Jainy Tiju

ഷിഫ്റ്റ്‌ കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കാർഡിയോളജി ഓപി യിലേക്കൊരു ഫയൽ കൊടുത്തിട്ട് പോകാമോ എന്ന് മെഡിക്കൽ റെക്കോർഡ് ഓഫീസർ വന്നു ചോദിച്ചത്. സാധാരണ ഫയൽ കൊടുക്കാൻ ഒന്നും പോകാറില്ല.. അതിനൊക്കെ വേറെ ആളുകൾ ഉണ്ട്.. എനിക്ക് റെക്കോർഡ് റൂമിൽ ഫയൽ സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും ഓർഡർ അനുസരിച്ചു എടുത്തു വെക്കുകയുമൊക്കെയാണ് എന്റെ ജോലി. എന്തായാലും പഞ്ച്ഔട്ട്‌ ചെയ്യാൻ അതിലേയാണ് പോകേണ്ടത്. ചേതമില്ലാത്ത ഉപകാരം ആണല്ലോ കൊടുത്തേക്കാം എന്നോർത്തു. ഡോക്ടർ ഫെലിക്സ്, കാർഡിയോളജിയിൽ ഈയടുത്ത് വന്നതാണ്.. ചെറുപ്പക്കാരനാണ്, ലണ്ടനിൽ പഠിച്ചതാണ് എന്നൊക്കെ കേട്ടിരുന്നു. ഇയാൾക്ക് സിറ്റിയിൽ എത്രനല്ല ഹോസ്പിറ്റലിൽ കിട്ടും, എന്തിനാണോ ഈ പട്ടിക്കാട്ടിൽ തന്നെ വന്നത്.. എന്തായാലും പേഷ്യന്റ്സിന്റെ ഇടയിൽ നല്ല പേരാണ്. പാവങ്ങൾക്ക് ഉപകാരം ആവുന്നെങ്കിൽ നല്ലത്.

ഓപിയിൽ ചെന്നപ്പോൾ വെയ്റ്റിംഗ് ഏരിയയിൽ ആരുമില്ല. അകത്തുണ്ടാവണം, ഫയൽ നോക്കിയിരിക്കുകയാവണം. ഡോക്ടർ ഫെലിക്സ് തോമസ് എന്ന ബോർഡ് കണ്ടപ്പോൾ നെഞ്ചിൽ എന്തോ കൊളുത്തിവലിച്ചു. എക്സാമിനേഷൻ റൂമിന്റെ വാതിൽ തട്ടിത്തുറന്നു ഞാൻ അകത്തേക്ക് നോക്കി തങ്കമ്മചേച്ചിയെ വിളിച്ചു. ചേച്ചിയാണ് ഓപി അസിസ്റ്റന്റ്. ഫയലുകൊണ്ട് സൈഡ് ഡോർ വഴിയാണ് കേറാറുള്ളത്.. ചേച്ചിയുടെ അനക്കം കേൾക്കാഞ്ഞിട്ടാണ് പതുക്കെ അകത്തേക്ക് കയറിയത്. ഡോക്ടറുടെ ചെയറിൽ കണ്ണടച്ച് അയാൾ. എന്റെ നെഞ്ചിൽ ഒരു പ്രകമ്പനം. അതേ അവൻ തന്നെ. അതേ ഫെലിക്സ്. ഒരു കാലത്ത് ഞാൻ ജീവനെക്കാളേറെ സ്നേഹിച്ച, പിന്നീടതിലേറെ വെറുത്ത അതേ ഫെലിക്സ്.. എട്ടുവർഷങ്ങൾ.

അയാളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കോളേജിലെ ചോക്ലേറ്റ് പയ്യനിൽ നിന്ന് പക്വത വന്ന ഒരു യുവാവിലേക്ക് മാറിയിരിക്കുന്നു.. ആരും ഇഷ്ടപ്പെടുന്ന സൗമ്യരൂപം..

എന്റെ കാലൊച്ച കേട്ടിട്ടാവണം കണ്ണു തുറന്നു നോക്കിയത്. ഞാൻ സംയമനം വീണ്ടെടുത്തു.

” ഇതാ ഡോക്ടർ ചോദിച്ച ഫയൽ. തങ്കമ്മ ചേച്ചിയെ ഇവിടെ കണ്ടില്ല. “

ഫയൽ മേശപ്പുറത്ത് വെച്ചിട്ട് ഞാൻ തിരിച്ചു നടക്കാൻ ഒരുങ്ങി.

” നേഹാ… “
അതേ പഴയ വിളി.. അതേ ആർദ്രത. പുച്ഛമാണ് തോന്നിയത്.

” നേഹാ, നിൽക്കൂ. നീ എന്നെക്കണ്ടിട്ടും മിണ്ടാതെ പോവുകയാണോ? നിനക്ക് എന്നോട് ഇപ്പോഴും വെറുപ്പാണ് എന്നറിയാം.. പക്ഷെ, നേഹ, നിന്നെത്തേടിയാണ് ഞാൻ ഈ ഹോസ്പിറ്റലിൽ വന്നത്..നിന്നെ കാണാൻ ഒരവസരത്തിന് വേണ്ടിയാ ഇത്രയും കാത്തിരുന്നത്. നിന്നോട് എങ്ങനെയാ ക്ഷമ ചോദിക്കേണ്ടതെന്ന് എനിക്ക്… “

പറഞ്ഞു പൂർത്തിയാക്കാൻ ഞാൻ സമ്മതിച്ചില്ല.

” സോറി ഡോക്ടർ, നിങ്ങൾക്ക് ആള് മാറിയെന്ന് തോന്നുന്നു.. എനിക്ക് നിങ്ങളെ അറിയില്ല. “

പിന്നെ ഞാൻ അവിടെ നിന്നില്ല.. പെട്ടെന്ന് വാതിൽ തുറന്നിറങ്ങി.. അയാൾ പുറകെ വാതിൽക്കൽ വരെ എത്തിയെങ്കിലും ഞാൻ നിന്നില്ല. അങ്ങനെ ഒരു വാക്കിൽ മറക്കാനും പൊറുക്കാനും കഴിയുന്ന ഒരു ചതിയല്ലല്ലോ അയാൾ എന്നോട് ചെയ്തത്. ആറുവർഷം, ആറുവർഷമാണ് ഞാൻ ജയിൽ ശിക്ഷ അനുഭവിച്ചത്. അതും ചെയ്യാത്ത കുറ്റത്തിന്..

എട്ടുവർഷങ്ങൾക്ക് മുൻപ്, ഫെലിക്സും ഞാനും ഒന്നിച്ചാണ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിച്ചിരുന്നത്.അവനെന്നും എല്ലാവരുടെയും നല്ല കുട്ടിയായിരുന്നു. പഠിക്കാൻ എന്നും ഒന്നാമൻ, സ്വഭാവവഗുണത്തിൽ എല്ലാവർക്കും മാതൃക, അച്ഛനമ്മമാരുടെ അനുസരണയും ദൈവഭയവുമുള്ള പൊന്നോമന. കോളേജിലെ ഒരലമ്പു സീനിലും അവൻ ഉണ്ടായിരുന്നില്ല. ഒരുപക്ഷെ, അവന്റെയുള്ളിലെ വികൃതി തിരിച്ചറിഞ്ഞത് ഞാൻ മാത്രമായിരുന്നു. അവന്റെ നേരെ ഓപ്പോസിറ്റ് ആയിരുന്നു എന്റെ സ്വഭാവം.. പഠിക്കാൻ മോശമായിരുന്നില്ലെങ്കിലും എല്ലാ പ്രശ്നങ്ങളിലും എന്റെ പേരുണ്ടാവും. ക്ലാസ്സ് കട്ട്‌ ചെയ്യുന്നതിൽ, സമരങ്ങളിൽ, റാഗിങ്ങിൽ അങ്ങനെ എല്ലാത്തിലും.. അങ്ങനെയുള്ള ഞങ്ങൾ എങ്ങനെയാണ് പരസ്പരം സ്നേഹിച്ചതെന്നറിയില്ല.. അതുപക്ഷേ കോളേജിലോ പുറത്തോ മറ്റൊരാൾക്കും അറിയില്ലായിരുന്നു. അറിയുന്നത് അവനിഷ്ടമല്ലായിരുന്നു. കാര്യം ഞാൻ എല്ലാ കാര്യത്തിലും ഓപ്പൺ ആയിരുന്നെങ്കിലും ഇക്കാര്യത്തിൽ അവന്റെ സ്വകാര്യത ഞാൻ മാനിച്ചിരുന്നു.

ഞങ്ങൾ നാലാം വർഷം പഠിക്കുന്ന സമയം. പുതിയ ബാച്ചിൽ വന്ന സ്വപ്ന എന്നൊരു പെൺകുട്ടിയുമായി റാiഗിങ്ങിന്റെ ഭാഗമായി ചെറുതായൊന്നു ഉടക്കി. അവൾ കംപ്ലയിന്റ് ചെയ്തു. അതിന്റെ പേരിൽ എനിക്ക് ഒരാഴ്ച സസ്‌പെൻഷൻ. പേരെന്റ്സ് വന്നിട്ടേ തിരിച്ചു കേറ്റൂ എന്ന് പ്രിൻസിപ്പൽ. കാലുപിടിച്ചിട്ടാണ് പപ്പ വന്നത്. അദ്ദേഹത്തെ പറഞ്ഞിട്ട് കാര്യമില്ല. എറണാകുളത്തെ ഹോസ്പിറ്റലിൽ ന്യൂറോ വിഭാഗം പ്രൊഫസർ ആയ അദ്ദേഹത്തിനു ഏറ്റവും വലിയ തലവേദന തന്നെയായിരുന്നു എന്റെ ഈ പ്രവർത്തികൾ. അന്നു പതിവിലധികം ദേഷ്യപ്പെട്ടാണ് പപ്പ പോയത്. അതും എന്റെ ഫ്രണ്ട്‌സിന്റെ മുന്നിൽ വെച്ച്. അതിന്റെ വാശിക്കാണ് ” ഇനിയവൾ മര്യാദക്ക് ഇവിടെ പഠിക്കുന്നത് ഞാൻ ഒന്ന് കാണട്ടെ ” എന്നൊക്കെ വച്ചു കാച്ചിയത്. സത്യത്തിൽ ഞാനെല്ലാം അവസാനി പ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്റെ കുസൃതികൾ ഒരു പരിധിവരെ ആസ്വദിച്ചിരുന്ന പപ്പയുടെ ഇന്നത്തെ മുഖം എന്നെയും വേദനിപ്പിച്ചു.

അന്നായിരുന്നു എന്റെയും ജീവിതം മാറിമറിഞ്ഞത്. അന്ന് ഫെലിക്സ് ന്റെ ബർത്ത് ഡേ ആയിരുന്നു. അവൻ താമസിച്ചിരുന്ന വീട്ടിൽ അവന്റെ സുഹൃത്ത് നാട്ടിൽ പോയിരുന്നതിനാൽ അവൻ അവിടെ തനിച്ചായിരുന്നു. ആ ധൈര്യത്തിലാണ് അവൻ എന്നെ വിളിച്ചതും ഞാൻ പോയതും. ഒരുപാട് നാൾ കാത്തിരുന്നു കിട്ടിയ ചില സ്വകാര്യ നിമിഷങ്ങൾ തന്നെയായിരുന്നു ഞങ്ങൾക്കത്. ഫെലിക്സിന്റെ ഉള്ളിലെ നല്ല കുട്ടി എന്റെ മുന്നിൽ മാത്രം ചീiത്തകുട്ടിയാവുന്ന അപൂർവം ചില നിമിഷങ്ങൾ. തിരിച്ചു ഹോസ്റ്റലിന്റെ മതിലൊക്കെ ചാടി ഞാൻ ഓടിവരുമ്പോൾ ഹോസ്റ്റലിന്റെ മുന്നിൽ ആൾക്കൂട്ടം. സ്വപ്ന ടെറസിൽ നിന്ന് വീണു കിടക്കുന്നു.. രക്തം ഒഴുകിപ്പരക്കുന്നു, ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നീട് കേസായി, അന്വേഷണമായി.. അവളുടെ കാരക്റ്റർ വെച്ച് അവളൊരിക്കലും സൂiയിസൈഡ് ചെയ്യില്ലെന്ന് അവളുടെ വീട്ടുകാർ. ആരെങ്കിലും അവളെ അപകടപ്പെടുത്തുമെങ്കിൽ അതിനുള്ള സാധ്യത ഞാൻ മാത്രം..

നേരിട്ട് സാക്ഷികളൊന്നുമില്ലെങ്കിലും സാഹചര്യത്തെളിവുകൾ വെച്ച് ഞാൻ അവളെ കൊiന്നു എന്നായി. ഞാനാണെങ്കിൽ ഫെലിക്സ് നെ കാണാൻ പോകുന്നതിന് മുൻപ് അവളെ കണ്ടു സംസാരിക്കുന്നത് കണ്ടവരുണ്ട്. പിന്നീട് അവളെയോ എന്നെയോ മറ്റാരും കണ്ടിട്ടില്ല.

അവളോട് സംസാരിച്ചത് ക്ഷമ പറയാനായിരുന്നെന്നും ടെറസിൽ പോയത് മറ്റുള്ളവർ ഞാൻ ക്ഷമ പറയുന്നത് കണ്ടാലുള്ള നാണക്കേട് മറയ്ക്കാനാണെന്നും ഉള്ള എന്റെ വാദമൊന്നും വിലപ്പോയില്ല. അവൾ മരിക്കുന്ന സമയത്ത് ഞാൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ എനിക്ക് ഫെലിക്സിന്റെ ഒറ്റ മൊഴി മതിയായിരുന്നു. പക്ഷെ അവൻ…

അവനെന്നും അവന്റെ ഇമേജ് ആയിരുന്നു വലുത്.. സ്വന്തം മാതാപിതാക്കളുടെയും അധ്യാപകരുടെയും മുന്നിൽ കാമുകിയോടൊപ്പം ഒരു രാത്രി സമയം പങ്കിട്ടവനെന്ന് സമ്മതിക്കാൻ അവന്റെ ദുരഭിമാനം അവനെ അനുവദിച്ചില്ല.. ഒരുപക്ഷെ, അവനോളം ഭീരുവായിരിക്കില്ല മറ്റൊരു ആൺകുട്ടിയും. അവന്റെ ഒരു വാക്കിന് എന്റെ ജീവന്റെ വിലയുണ്ടെന്നറിഞ്ഞിട്ടും അവൻ എന്നിൽ നിന്ന് മുഖം തിരിച്ചു. ഞാനു മായി ഒരു ബന്ധവും ഇല്ലെന്ന് അവൻ തീർത്തുപറഞ്ഞു. ഇതുവരെയുള്ള അനുഭവം വെച്ച് അവന്റെ വാക്കുകൾ അവിശ്വസിക്കേണ്ട കാര്യ മില്ലായിരുന്നു ആർക്കും. അവരുടെ മുന്നിൽ രക്ഷപെടാൻ എന്ത് കഥയുണ്ടാക്കാനും മടിയില്ലാത്തവളായിരുന്നല്ലോ ഞാൻ. ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു.

കൊiലപാതകം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും ആത്മഹiത്യാ പ്രേരണക്കുറ്റം, മാനസികമായി പീiഡിപ്പിക്കൽ തുടങ്ങിയ ഒരുപാട് വകുപ്പുകളിലായി എനിക്ക് ആറുവർഷത്തെ തടവാണ് കിട്ടിയത്. കോയമ്പത്തൂരിലെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയക്കാരന്റെ മകളായിരുന്നു സ്വപ്ന. അവരുടെ സ്വാധീനം വെച്ച് ഏതറ്റം വരെ വേണമെങ്കിലും പോകാൻ അവർ തയ്യാറായിരുന്നു. അന്ന് തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു ഇത്. റാഗിങ്ങനെതിരെ അന്ന് എല്ലാ കോളേജുകളിലും വലിയ സമരങ്ങൾ വരെ നടന്നു. സീറോ ടോളെറൻസ് ടു റാഗിംഗ് എന്ന് മെയിൻ കോളേജുകളൊക്കെ സർക്കുലർ ഇറക്കി. എന്നെ യൂണിവേഴ്സിറ്റി ആജീവനാന്തം ബാൻ ചെയ്തു.. എന്നെപ്പോലുള്ള ഒരാൾ ഇനി ഡോക്ടർ ആവില്ല എന്നുള്ള ഉറപ്പാണ് സ്വപ്നയുടെ പേരെന്റ്സ് ആ യുദ്ധത്തിലൂടെ നേടിയെടുത്തത്.

എല്ലാം കൈവിട്ടു പോകുന്നു എന്ന് തിരിച്ചറിയാൻ ഞാൻ വൈകി. ഞാൻ സ്വപ്നം കണ്ട എന്റെ ജീവിതം, എന്റെ പ്രൊഫഷൻ, എന്റെ കുടുംബം എല്ലാം. പക്ഷെ, ഞാൻ മനസ്സിലാക്കിയ സ്വപ്ന, നിസ്സാരമൊരു റാഗിംഗ് കേസിൽ ആത്മഹiത്യ ചെയ്യില്ലായിരുന്നു. എന്നെ കേൾക്കാൻ പോലീസോ അവളുടെ വീട്ടുകാരോ തയ്യാറായിരുന്നെങ്കിൽ അവളുടെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കാമായിരുന്നു. എന്നിൽ കുറ്റം അടിച്ചേൽപ്പിക്കാൻ ആരൊക്കെയോ തിരക്ക് കൂട്ടിയത് പോലെ. എല്ലാം കണ്ട് പകച്ചു നിൽക്കാനേ പാവം പപ്പക്ക് പറ്റിയുള്ളൂ.

ശിക്ഷ കഴിഞ്ഞു നാട്ടിലെത്തിയ ഞാൻ നിരാശയിലും തകർച്ചയിലും ആയിരുന്നു. പുറത്ത് ഇറങ്ങാതെ, ആർക്കും മുഖം കൊടുക്കാതെ ഒരു വർഷത്തോളം വീടിനുള്ളിൽ തന്നെ. പൂർണമായും ഡിപ്രെഷനിലേക്ക് വീണു പോകുമെന്ന് തോന്നിയപ്പോഴാണ് പപ്പയുടെ സുഹൃത്തിന്റെ ഹോസ്പിറ്റലിൽ റെക്കോർഡ് സെക്ഷനിൽ ജോലി ശരിയാക്കിയത്. ചെറിയ ഒരു ഹോസ്പിറ്റൽ. സിറ്റിയിൽ നിന്നൊരുപാട് മാറി, അധികമാരും അറിയാത്ത ഒരു നാട്ടിൻപുറത്താണ്. അവിടെ ഞാൻ പെട്ടെന്ന് സെറ്റായി.

കൈവിട്ടുപോയ ജീവിതത്തേക്കുറിച്ച് ഒരു പ്രതീക്ഷയൊക്കെ തോന്നിത്തുടങ്ങിയിരുന്നു.. പഴയതൊക്കെ മറക്കാൻ ഞാൻ ശീലിച്ചു തുടങ്ങിയിരുന്നു. അവളുടെ മരണത്തിനു ഉത്തരവാദി ഞാനല്ല എന്ന് എന്റെ മനസ്സാക്ഷിയെങ്കിലും വിശ്വസിച്ചു തുടങ്ങി. അതിനിടയിൽ എല്ലാം ഓർമ്മിപ്പിക്കാൻ ഒരാൾ.പിന്നീട് കുറച്ചു ദിവസം ഞാനയാളുടെ മുന്നിൽ പോയി പെട്ടില്ല. തങ്കമ്മചേച്ചിയോട് എന്നെപ്പറ്റി ചോദിച്ചെന്നു കേട്ടു..

ആ വീക്കേൻഡിൽ വീട്ടിൽ ചെന്നപ്പോൾ എന്നെക്കാത്ത് ഒരഥിതി.. ഫെലിക്സ്. പപ്പയെയും മമ്മിയെയും കണ്ട് ക്ഷമ പറയാൻ വന്നതാണ്. കൂടെ എന്നെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് പറയാനും. തീരുമാനം എന്റേതാണെന്ന് പറഞ്ഞത് പപ്പയാണ്.

” വേണ്ട ഫെലിക്സ്. നമ്മൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്. എവിടെ പ്പോയാലും എത്ര മറക്കാൻ ശ്രമിച്ചാലും മാഞ്ഞുപോകാത്തൊരു പേരുണ്ടെനിക്ക്. അതെന്നെ പിന്തുടരും. തനിക്കു എന്നോടുള്ളത് ഇപ്പോൾ സഹതാപമോ കുറ്റബോധമോ ആണ്. ജീവിക്കാൻ അതുപോര. നിങ്ങളെ ഞാനൊരുപാട് വെറുത്തിരുന്നു. പക്ഷെ, ഇപ്പോൾ അതില്ല. എനിക്ക് നിങ്ങളെ മനസ്സിലാവും. മാതാപിതാക്കളുടെ ചട്ടക്കൂടിനുള്ളിൽ എല്ലാത്തിനെയും പേടിച്ചു വളർന്ന ഒരു ഇരുപതിയൊന്നുകാരന്റെ അന്നത്തെ മാനസികാവസ്ഥ എനിക്കിപ്പോൾ മനസ്സിലാവും. ഞാൻ ക്ഷമിച്ചു നിങ്ങളോട്.. ഇതെന്റെ വിധിയാണ്. ഇതിങ്ങനെ പോകട്ടെ. നമ്മൾ തമ്മിൽ ഇനി കാണരുതെന്നാണ് എന്റെ ആഗ്രഹം. ഞാൻ മറ്റൊരു ജോലി അന്വേഷിക്കുന്നുണ്ട്. എളുപ്പമല്ല എങ്കിലും. “

ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയവന്റെ കണ്ണ് നിറഞ്ഞിരുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു. പിന്നീട് ഫെലിക്സ് റിസൈൻ ചെയ്‌തെന്ന് കേട്ടു. ലണ്ടനിലേക്ക് തിരിച്ചു പോകുകയാണത്രേ. പോകുമ്പോൾ എനിക്ക് തരാനായി തങ്കമ്മ ചേച്ചിയുടെ കയ്യിൽ ഒരു കുറിപ്പ് കൊടുത്തിരുന്നു.
” നിന്നോട് ചെയ്തതിനു വീണ്ടും മാപ്പ് ചോദിക്കുന്നു. പക്ഷെ, നീ പറഞ്ഞത് പോലെ ഇപ്പോൾ എനിക്കുള്ളത് കുറ്റബോധമോ സഹതാപമോ അല്ല. സ്നേഹം മാത്രമാണ്. ആരുടെ മുന്നിലും തുറന്നു സമ്മതിക്കാൻ തന്റെടമുള്ളവന്റെ പ്രണയം. അടുത്ത മാസം പതിനഞ്ചിനു ഞാൻ തിരിച്ചു പോകും. അതുവരെ നിനക്ക് ആലോചിക്കാം. ” .. കൂടെ അയാളുടെ ഫോൺ നമ്പറും അഡ്രസ്സും.

ഒരു പുഞ്ചിരിയോടെ ആ ലെറ്റർ കീറി ഞാൻ വേസ്റ്റ് ബിന്നിലിട്ടു. ഒരിക്കൽ മുറിഞ്ഞുപോയാൽ പലതും കൂട്ടിച്ചേർക്കനാവില്ല..ചേർത്താലും അത് ഭംഗിയുമാവില്ല.

Leave a Reply

Your email address will not be published. Required fields are marked *