എന്റെ പല സംശയങ്ങളും, ഞാനാരോടും പങ്കിടാറില്ല. ചിലപ്പോളതൊരു ബുദ്ധിമോശമായെങ്കിലോ എന്നു കരുതിയാണ് അത്തരം ഒഴിവാക്കലുകൾ നടത്താറ്……

ഒരു കയ്യബദ്ധം

എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്

വർഷം 1991 ഡിസംബർ; പുതുക്കാട്ടേ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ, ഏഴാം ക്ലാസ്സു സി ഡിവിഷനിൽ പഠിക്കുന്ന കാലം.
ക്ഷിപ്രകോപിയായിരുന്ന ലില്ലിട്ടീച്ചറായിരുന്നു ക്ലാസ് ടീച്ചർ.
ഇംഗ്ലീഷിനു മാത്യു മാഷും, ഹിന്ദിക്കു ലൂസി ടീച്ചറും, കണക്കിനു മാധവി ടീച്ചറും, സയൻസിനു എൽസി ടീച്ചറും, സാമൂഹ്യപാഠത്തിനു മാലതി ടീച്ചറുമൊക്കെയായി പഠനം മുന്നോട്ടു പോയിക്കൊണ്ടിരുന്ന അതേ കാലം. എട്ടാം ക്ലാസ്സിലെത്തിയിട്ടു വേണം, ട്രൗസർ മാറ്റി മുണ്ടാക്കുവാൻ എന്നു തീരുമാനിച്ച കാലഘട്ടം.

അങ്ങനെയുള്ള പന്ത്രണ്ടു വയസ്സിന്റെ കൗമാരപ്പടിക്കെട്ടിലെത്തി നിൽക്കും നാളിലാണ്, എന്റെ ഏറ്റവും പ്രിയമുള്ളൊരു കൂട്ടുകാരന് നാട്ടിലുള്ളൊരു സഹപാഠിയോടു വല്ലാത്തൊരു പ്രണയം തോന്നിയത്.
എന്റെയും അവന്റെയും വീടുകൾ തൊട്ടടുത്തായിരുന്നു. ഞങ്ങളുടെ വീടുകൾക്കു അധികം ദൂരെയല്ലാതെ അവളുടെ വീടും നിലകൊണ്ടു.
വെളുത്തു കൊലുന്നനെ ട്യൂബ് ലൈറ്റിന്റെ നിറമുള്ള അവൾ, അസ്സലായി നൃത്തം ചെയ്യുമായിരുന്നു.

സ്കൂളിലേക്കു പോകുമ്പോൾ, തല താഴ്ത്തി സ്വന്തം കാൽപ്പാദങ്ങളെ മാത്രം ശ്രദ്ധിച്ചു നടക്കുന്നവൾ. ആരോടും ഉരിയാടാത്തവൾ.?കടുത്ത നിറമുള്ള പട്ടുപാവാടയും മുഴുജാക്കറ്റും വിശേഷദിനങ്ങളിൽ ധരിക്കുന്നവൾ.
നീണ്ടുമെല്ലിഞ്ഞ കൈത്തണ്ടുകളിൽ ചുവന്ന കുപ്പിവളകൾ കിലുങ്ങുന്നു.
സമൃദ്ധമായ മുടിക്കെട്ടിൽ, പതിവായി ചൂടുന്ന ലാങ്കിലാങ്കിപ്പൂക്കൾ.
ചിത്രശലഭച്ചിറകുകൾ പോലുള്ള സ്ളേഡുകൾ. അവളുടെ സൗഭഗം അനുദിനം ഏറിവന്നു. കൂട്ടുകാരന് അവളോടുളള ഒറ്റവഴിപ്രണയവും നാൾക്കണക്കു വർദ്ധിച്ചു.

സ്കൂൾ യാത്രകളിൽ, അവളിൽ നിന്നും നിശ്ചിത ദൂരം പിൻപറ്റി ഞാനും അവനും നടന്നു. ചെമ്മൺ പാതയ്ക്കും, പാതയോരത്തെ കാശിത്തു മ്പകൾക്കും, മുക്കുറ്റിയ്ക്കും, മഷിപ്പച്ചകൾക്കും, കുട്ടുറവൻ തത്തകൾക്കും, പൂത്താങ്കീരികൾക്കും വരെ ഞങ്ങളുടെ സുഖക്കേടു മനസ്സിലായി.
എന്നിട്ടും, അവളതറിഞ്ഞില്ല. അനുക്രമമായൊരു താളത്തിൽ പാദസരങ്ങൾ കിലുക്കി, അവളെന്നും ഞങ്ങൾക്കു മുന്നിലായി നടന്നു.

അവളെ ഇഷ്ടമറിയിക്കാൻ വഴിയേതുണ്ട്? കൊപ്പക്കായയും പയറും, പാളയംകോടനും മുതിരയും, പരിപ്പുകുത്തിപ്പൊടിയും ഉണക്കമാന്തളും, തക്കാളിക്കൂട്ടാനും കഴിച്ചുണ്ടായ ബുദ്ധിവളർച്ചയിൽ, ഞാനൊരഭിപ്രായം പറഞ്ഞു.

“ക്രിസ്തുമസ്സല്ലേ വരണത്; നമുക്ക് അവൾക്കൊരു ക്രിസ്തുമസ് കാർഡയയ്ക്കാം”

അക്കാര്യത്തിൽ തീരുമാനം, ഐക്യകണ്ഠേനെയുണ്ടായി. ഐസ് ഫ്രൂട്ടിനോടും, പുന്നക്കായോടും സബർജില്ലിനോടും, കമ്മർക്കട്ട് മിഠായിയോടുമെല്ലാം സുല്ലു പറഞ്ഞ്, കാശൊരു വിധത്തിലൊപ്പിച്ച് , ക്രിസ്തുമസ് കാർഡൊരെണ്ണം വാങ്ങിച്ചു. തുറക്കുമ്പോൾ, ചുവന്ന റോസാപ്പൂക്കൾ ഇതൾ വിടരുന്ന?കാർഡ്. അതിലെഴുതാനുള്ള വാചകം, ഞാനൊരു പൈങ്കിളി വാരികയിൽ നിന്നും കടമെടുത്തിരുന്നു.

“നിന്റെ ചുണ്ടുകൾ, ഞാൻ ചോദിച്ചില്ലല്ലോ; താനെ ചുവന്നുതുടുത്ത ചുണ്ടത്തെ, ഒരു വാക്കു ചോദിച്ചു. നിന്റെ ഹൃദയവികാരങ്ങൾ എന്നോടു പറയുമെന്ന് കരുതുന്നു”

ഞാൻ പറഞ്ഞു കൊടുത്ത വാക്കുകൾ, അവൻ ചേലിൽ കോറിയിട്ടു.
‘ആഹാ, എത്ര മികച്ച വാചകങ്ങൾ’ എന്ന്, എന്റെ മനസ്സു മന്ത്രിച്ചു. അടുത്ത ദിനം പുലരുമ്പോൾ, അങ്ങാടിയിലെ എഴുത്തുപെട്ടിയിൽ നിക്ഷേപിക്കാനായി അവനാ കാർഡിനെ പുസ്തകത്തിനുള്ളിൽ എടുത്തു വച്ചു. ഒരു പകലിനെ ഞങ്ങളിരുവരും തള്ളിനീക്കി.

പിറ്റേന്നു പ്രഭാതം. ഞാൻ, അവന്റെ വീട്ടുപടിയ്ക്കൽ ചെന്നു. അവനെ ന്നെയും പ്രതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നു.?കാർഡിന്റെ കവറിൽ, ചേലായിട്ട് വിലാസം എഴുതിയിരിക്കുന്നു. പക്ഷേ, അതു വായിച്ചപ്പോൾ എനിക്കൊരു സംശയം തോന്നി. എന്റെ പല സംശയങ്ങളും, ഞാനാരോടും പങ്കിടാറില്ല. ചിലപ്പോളതൊരു ബുദ്ധിമോശമായെങ്കിലോ എന്നു കരുതിയാണ് അത്തരം ഒഴിവാക്കലുകൾ നടത്താറ്. കാർഡും കത്തുമെല്ലാം വീട്ടിലെത്താറുണ്ട്. അതെല്ലാം, സഹകരണ ബാങ്കിന്റെ ലോണടയ്ക്കാത്തതിന്റെ മുന്നറിയിപ്പുകളായിരുന്നു. തികട്ടി വന്ന സംശയത്തേ, അതേപടി ഞാൻ വിഴുങ്ങി.

ഞങ്ങൾ, പുതുക്കാട്ടേയ്ക്കു നടന്നു. ധനുമാസം ഗ്രാമത്തെയാകെ മഞ്ഞു പുതപ്പിച്ചിരിക്കുന്നു. വഴിയോരത്തെ വീടുകളിൽ പലതിൽ നിന്നും റേഡിയോയുടെ ശബ്ദമുയരുന്നുണ്ട്. ആറേമുക്കാലിന്റെ പ്രാദേശിക വാർത്തകളാണ് കേൾക്കുന്നത്. അവതാരകൻ രാമചന്ദ്രന്റെ പരിചിത സ്വരം. ഓരോ അടുക്കളയിൽ നിന്നും, ഓരോരോ ഗന്ധങ്ങൾ പിറവി കൊള്ളുന്നു. തക്കാളിക്കൂട്ടാനിൽ ഉള്ളി കാച്ചുന്ന, ഉണക്ക മാന്തൾ വറുക്കുന്ന, പരിപ്പു കുiത്തിക്കാച്ചുന്ന തുടങ്ങിയ വിവിധ മണങ്ങൾ.
ഒരിടത്തെ ഗന്ധം മാത്രം, തെല്ലു വേറിട്ടു നിന്നു. തലേന്നത്തെ വളിച്ച സാമ്പാറിനെ പുത്തനാക്കാൻ തിളപ്പിക്കുമ്പോൾ വന്ന മണം, തീരെ സുഖകരമായി തോന്നിയില്ല.

ഞങ്ങൾ, അങ്ങാടിയിലെ തപാൽപ്പെട്ടിയിൽ ക്രിസ്തുമസ് കാർഡു നിക്ഷേപിച്ചു. പതിയെ, തിരികേ നടന്നു.

“ഇന്നുതന്നെ കാർഡ് അവൾക്കു കിട്ടും. അവൾക്കേ കിട്ടൂ, അവൾക്ക് അച്ഛനില്ലല്ലോ, അമ്മയാണെങ്കിൽ പിയർലസ് ഇൻഷൂറൻസിന്റെ ജോലിക്കു പോകും. സ്കൂളു വിട്ട്, അവളു വരുമ്പോൾ, കാർഡ് വാതിലിന്റെ സാക്ഷയിൽ പോസ്റ്റുമാൻ വച്ചേക്കണതു കാണും. അവൾ കാർഡെടുക്കും, തുറന്നു നോക്കും. പ്രണയം പൂവിടും”

അവൻ പറഞ്ഞു നിർത്തി. ഞാനാ രംഗം ഭാവനയിൽ കണ്ടു.

അന്നും രാവിലെ, അവൾ ഞങ്ങൾക്കു മുന്നിലായി സ്കൂളിലേക്കു നടന്നു.
അവനവളെ പ്രണയാർദ്രമായ മിഴികൾ കൊണ്ടു നോക്കി നടന്നു.
സായന്തനമാകാൻ കൊതിച്ചു. ഇന്നെന്താണാവോ നേരം പോകാത്ത പോലെ തോന്നുന്നു. പക്ഷേ,സമയക്രമം പോലെ ഉച്ചതിരിഞ്ഞു. ഞങ്ങൾ, അവൾക്കു പുറകിലായിത്തന്നെ വീട്ടിലേക്കു നടന്നു. തീരെ പതുക്കെയാണു, പതിവു മടക്കങ്ങൾ. ആദ്യം അവന്റെ വീടാണ്. വീടിനു മുന്നിലായി, അവന്റെ മൂത്ത കൂടപ്പിറപ്പു നിൽപ്പുണ്ടായിരുന്നു. അവളുടെ കയ്യിലൊരു കാർഡിരിപ്പുണ്ട്. രാവിലെ ഞങ്ങളയച്ച അതേ കാർഡ്.

“ഡാ, ഒരു കത്തയയ്ക്കുമ്പോൾ ഫ്രമ്മും, ടുവും മാറിപ്പോകരുത്. മനസ്സി ലായോ. അവന്റെയൊരു തുടുത്ത ചുണ്ടുകളും, ഹൃദയവിചാരങ്ങളും. അച്ഛനിങ്ങോട്ടു വരട്ടേ, ശരിയാക്കിത്തരാം”

ഞാൻ, തിരിഞ്ഞുനോക്കാതെ നടന്നു. ശബരിമലയ്ക്കു പോകാൻ വീട്ടിൽ നിന്നും തേങ്ങായുടച്ചു തിരിഞ്ഞുനോക്കാതെ പോകുന്ന കണക്കേ വീട്ടിലേക്കു സഞ്ചരിച്ചു. മനസ്സു പറഞ്ഞു.

“രഘൂ, രാവിലെ കാർഡു കണ്ടപ്പോൾ, നിനക്കു തോന്നിയ സംശയം വളരെ ശരിയായിരുന്നു. നിനക്ക് അത് അവനോടു പറയാമായിരുന്നു”

ഞാൻ മനസ്സിനെ ശാസിച്ചു. ഉപദേശങ്ങൾ എനിക്കിഷ്ടമില്ലെന്നു മനസ്സിനറിയുന്നതല്ലേ; സാരമില്ല, അവളെ വീഴ്ത്താൻ, ഒരു പുതിയ ആശയവുമായി നാളെ അവന്റെ അരികിലെത്താം. പോയതു പോട്ടെ,
മ്മളോടാണോ കളി. വീട്ടിലെത്തുമ്പോൾ, പടിഞ്ഞാറൻ വെയിലു ചുവന്നിരുന്നു. ചേലുള്ള ചോപ്പ്…..

Leave a Reply

Your email address will not be published. Required fields are marked *