എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
അങ്കണവാടി കുട്ടി കടലാസ്സിൽ കുത്തി വരഞ്ഞത് പോലെയുള്ള ഊടുവഴികൾ. ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് പെട്ട് പോയെന്ന് പറഞ്ഞാൽ മതിയല്ലോ… റോഡ് നിന്നു! ഇനിയെങ്ങോട്ട് പോയാലാണ് കസ്റ്റമറുടെ മാളത്തിലേക്ക് എത്തുകയെന്നതിൽ ഒരു പിടുത്തവുമില്ല.
‘ഹലോ… ഊബർ വേണ്ടെന്ന് വെച്ച് റാപ്പിഡിൽ ബുക്ക് ചെയ്തത് വേഗം എത്താൻ വേണ്ടിയാണ്… നിങ്ങളിത് എവിടെയാണ് ഭായ്…?’
‘ദേ, എത്തി… അടുത്ത് തന്നെ ഉണ്ട്….’
എന്നും പറഞ്ഞ് ഓട്ടോയിൽ നിന്ന് ഇറങ്ങി പുറകിലേക്ക് നടന്നു. അൽപ്പം വീതിയുണ്ടെന്ന് കണ്ട റോഡ് ഇടത്തോട്ട് കണ്ടപ്പോൾ അതിലൂടെ പോകാമെന്ന് കരുതി. അങ്ങോട്ടേക്ക് തിരിക്കുമ്പോഴാണ് ഭാര്യ വിളിക്കുന്നത്. കുഞ്ഞ് കരയുന്നു പോലും…
‘നിങ്ങളല്ലേ അവനെ സിനിമയ്ക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞത്… ദേ ചെറുക്കൻ കിടന്ന് കരയുന്നു…’
‘അതൊക്കെ വെറുതേ പറഞ്ഞതല്ലേ… അവന് സിനിമയൊക്കെ മനസിലാകാനായോ…? നീ ഫോൺ വെച്ചേ…’
എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഊഹം തെറ്റിയില്ല. അൽപ്പം മുന്നോട്ട് പോയപ്പോൾ ഒരാൾ കൈ പൊക്കി കാണിക്കുന്നു. മാപ്പിൽ നോക്കിയപ്പോൾ ലൊക്കേഷൻ കിറുകൃത്യം.
‘അമ്മേ… ഓട്ടോ വന്നു… വേഗം വാ…’
എന്റെ മോന്റെ പ്രായമേയുള്ളു… കൈ നീട്ടിയ ആ മെലിഞ്ഞ മനുഷ്യന്റെ പുറകിൽ നിന്നാണ് ആറോ എഴോ വയസ്സ് പ്രായം തോന്നിക്കുന്ന ആ വിരുതൻ ഒച്ചവെച്ചത്.
വീടും പൂട്ടി ഗേറ്റും ചാരി വൈകാതെ അവന്റെ അമ്മയും റോഡിലേക്ക് വന്നു. ഒരു കുടുംബം മുഴുവൻ ഓട്ടോയിൽ കയറിയപ്പോൾ എന്തുകൊണ്ടോ അസ്വസ്ഥത തോന്നി. പക്ഷെ, ജോലിയെന്ന് വരുമ്പോൾ അസ്വസ്ഥതകൾക്ക് പ്രസക്തിയില്ലല്ലോ…
പിൻ നമ്പർ അടിച്ചതിന് ശേഷം ഞങ്ങൾ പുറപ്പെട്ടു. മെയിൻ റോഡിലേക്ക് എത്തുന്നത് വരെ ആ മെലിഞ്ഞ മനുഷ്യൻ വഴി പറഞ്ഞ് തന്നിരുന്നു.
‘പതിയേ പോയാൽ മതി. നേരമുണ്ട്.
അയാൾ പറഞ്ഞു. സിനിമ കാണാൻ പോകുന്ന കുടുംബമാണ് പുറകിൽ ഇരിക്കുന്നതെന്ന് അവരുടെ സംസാരത്തിൽ വ്യക്തമാകുകയാണ്. കുട്ടിയുടെ ആഗ്രഹ പ്രകാരമാണ് തീയേറ്ററിൽ പോകുന്നതെന്നും മനസ്സിലായി. ഭയപ്പെടരുതെന്നും, കരയരുതെന്നും, ഒച്ചയുണ്ടാക്കരുതെന്നും അവർ കുട്ടിയെ ഉപദേശിക്കുകയാണ്. ഞാൻ ഇന്നേവരെ കേൾക്കാത്ത ഏതോ ദൈവത്തിന്റെ പേരും പറഞ്ഞ് ആ വിരുതൻ സത്യവും ചെയ്തു. ആ നേരം ഞാൻ കൂടുതൽ അസ്വസ്ഥമാകുകയായിരുന്നു….
‘സിനിമാന്ന് പറഞ്ഞാൽ എന്താന്നച്ഛാ…’
കഴിഞ്ഞ നാൾ എന്റെ മോൻ ചോദിച്ചതാണ്. എഡിറ്റ് ചെയ്ത് ഉണ്ടാക്കുന്ന വീഡിയോയാണെന്ന് മറുപടി പറഞ്ഞു. കണ്ണിൽ കാണുന്നവരെയൊക്കെ യൂട്യൂബിൽ സബ്സ്ക്രൈബ് ചെയ്യുന്ന അവന് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലായി. ശേഷമാണ് തീയേറ്റർ എന്നാൽ എന്താണെന്ന് മോൻ ചോദിച്ചത്. സിനിമ പ്രദർശിപ്പിക്കുന്ന സ്ഥലമെന്ന് പറഞ്ഞിട്ട് അവന് മനസ്സിലായില്ല. വീതിയിൽ ടീവിയുള്ള വലിയ മുറിയാണെന്ന് പറഞ്ഞപ്പോൾ ചെറുക്കനത് കാണണം പോലും.
ആ ദുർബല നിമിഷത്തിൽ നമുക്ക് പോകാമെന്ന് പറഞ്ഞ് പോയി. അതും പിടിച്ച് അവൻ കരയുന്ന കാര്യമാണ് തുടക്കത്തിൽ ഭാര്യ വിളിച്ച് പറഞ്ഞത്. ഹോ എന്തൊരു ആയുസ്സ്… ദേ.. വിളിക്കുന്നു… എടുത്തില്ല… മനുഷ്യൻ ഇവിടെ യന്ത്രം പോലെ മുഷിഞ്ഞ് ഇരിക്കുമ്പോഴാണ് അമ്മയുടെയും മോന്റെയും സിനിമ… ലോകം തിരിയാത്ത മോനെ പിരികേറ്റി സിനിമയ്ക്ക് പോകാനുള്ള അവളുടെ സൂത്രമാണോയെന്ന സംശയവും ഇല്ലാതേയില്ല…
‘അല്ലെങ്കിലും, മോനുണ്ടായതിന് ശേഷം നിങ്ങളെന്നെ എവിടേക്കെങ്കിലും കൊണ്ടുപോയിട്ടുണ്ടോ?’
ഭാര്യയ്ക്ക് എപ്പോഴുമുള്ള പരാതിയാണ്. ആ പരിഭവം കാട്ടുന്ന നേരം അവൾ എന്നെ ഓർക്കാറുണ്ടോയെന്ന് അറിയില്ല. ഓർത്തുന്നുവെങ്കിൽ, ഈ കാലയളവിൽ ജോലിയുടെ ആവിശ്യത്തിനല്ലാതെ ഞാൻ എവിടേക്കെങ്കിലും പോയിട്ടുണ്ടോയെന്ന് കൂടി ചിന്തിച്ച് കാണണം. തന്റെ ഭാഗത്തിൽ നിന്ന് മാത്രം കാണാനുള്ള കാഴ്ച്ചയുള്ളവരുടെ തലയിൽ പരാതികൾ കുമിഞ്ഞ് കൂടുമെന്നാണ് തോന്നുന്നത്…
‘ദേ… ഇവിടെ നിർത്തിയാൽ മതി….’
സിനിമാ തീയേറ്ററിന്റെ ഗേറ്റിൽ നിർത്താനാണ് ആ മെലിഞ്ഞ മനുഷ്യൻ പറഞ്ഞത്. അനുസരിച്ചു. എല്ലാവരും പുറത്തേക്ക് ഇറങ്ങി. സ്കാൻ ചെയ്യാനുള്ള ക്യു ആർ കോഡ് കാട്ടുമ്പോൾ ആ കുട്ടി എന്നോട് ചിരിച്ചിരുന്നു. അവന്റെ അമ്മയാണ് പേ ചെയ്യുന്നത്.
‘ഏത് സിനിമ കാണാനാണ് മോൻ പോകുന്നേ…?’
കാതുകളിൽ നിൽക്കാത്ത ഏതൊയൊരു ഇംഗ്ലീഷ് പേര് അവൻ പറഞ്ഞു. സിനിമയൊക്കെ മനസ്സിലാകുമോ നിനക്കെന്നായിരുന്നു തുടർന്ന് എനിക്ക് ചോദിക്കാനുണ്ടായിരുന്നത്. തന്റെ ആഗ്രഹം നടക്കാൻ പോകുന്നുവെന്ന ആകാംഷ നിറച്ച കണ്ണുകളുമായി അതിന് അവൻ സ്റ്റൈലായി മറുപടി തന്നു. അവർ പോയിട്ടും ഇരുത്തി ചിന്തിക്കാൻ പാകാം തലയിൽ ആ ശബ്ദം മുഴങ്ങി…
‘മനസ്സിലാകുമോയെന്ന് അറിയില്ല അങ്കിൾ… സിനിമയും തിയേറ്ററും എന്താണെന്ന് ചോദിച്ചു. എക്സ്പീരിയൻസ് ചെയ്യാൻ പോകാമെന്ന് അച്ഛൻ പറഞ്ഞു. അമ്മയാ ടിക്കറ്റ് ബുക്ക് ചെയ്തത്… അങ്ങനെ വന്നതാ…’
ചെറിയ വായിൽ നിന്ന് വന്ന വലിയ വാക്കുകളായാണ് തോന്നിയത്. അതിന്റെ പൊരുൾ തേടി പോയ ഞാൻ നിർത്തിയിട്ട ഓട്ടോയിൽ തല കുനിച്ച് ഇരുന്ന് പോയി. മനസിലാക്കലുകൾക്കും അപ്പുറം അനുഭവങ്ങൾക്കുള്ള പ്രസക്തി അറിയുകയാണ്. മുതിർന്നവരിലും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു. ഒരേ കാഴ്ച്ചയിൽ തന്നെ എത്രയെത്ര മനസിലാക്കലുകൾ…
മക്കളുടെ നിസ്സാരമായ ആഗ്രഹം പോലും നടത്തിക്കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്ത് മാതാപിതാക്കളെന്ന് ലോകത്തിലെ സകല കുഞ്ഞുങ്ങളും ചോദിക്കുന്നത് പോലെയൊക്കെ തോന്നുകയാണ്. അതിൽ എന്റെ മോന്റെ ശബ്ദവും ഉണ്ടല്ലോയെന്ന് ഓർക്കുമ്പോൾ ഉള്ള് വിങ്ങുകയാണ്. തുടർന്ന് തെളിയുകയാണ്. ആ തെളിച്ചം അടുത്ത ഷോയിലേക്ക് മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്യിപ്പിക്കാൻ എന്നോണം തിയേറ്ററിന്റെ അകത്തേക്ക് എന്നെ നടത്തിപ്പിക്കുകയായിരുന്നു….!!!

