എല്ലാം വിശദീകരിച്ച് കഴിഞ്ഞപ്പോൾ ആ ഭാര്യയോട് ഞാൻ പറഞ്ഞതാണ്. ഇരുന്നപ്പോൾ കുനിഞ്ഞ അയാളുടെ തല അപ്പോഴും ഉയർന്നിട്ടുണ്ടായിരുന്നില്ല. എന്താണ്…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

വീടിനോട് ചേർന്നാണ് ക്ലിനിക്ക്. ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ പരിശോധനയുള്ളൂ. അതും, വൈകുന്നേരം അഞ്ചുമണി തൊട്ട് എട്ടുമണി വരെ. ഒരു മനഃശാത്രജ്ഞനെ കാണാൻ ആരൊക്കെ വരുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ…

അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. നാല് മണിയാകുമ്പോൾ മനസ്സിന് കേടുപാട് സംഭവിച്ച ഒരാൾ തന്റെ ഭാര്യയുടെ കൂടെ വന്നു. അച്ഛനു മായുള്ള ഓർമ്മയുടെ കണ്ണുനീർ തുടച്ച് കളഞ്ഞ് ഞാനവരെ ക്ലിനിക്കിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു.

മiദ്യപാനം നിർത്തിയതിന് ശേഷം രാത്രിയിൽ പതിവായി ഞെട്ടി യുണരുന്നുവെത്രെ. എങ്ങനെയെയും മiദ്യപിക്കണമെന്ന ചിന്തയിൽ പിന്നീടൊരു പരാക്രമണമാണ്. അൽപ്പ നേരത്തേക്ക് മാത്രമേ ആ അക്രമണ സ്വഭാവം ഉണ്ടാകുകയുള്ളൂ… തന്റേടിയായ ഭാര്യയുടെ കൈയ്യിൽ നിന്ന് ഒന്ന് കിട്ടുമ്പോൾ ആൾക്ക് സ്വബോധം തിരിച്ച് കിട്ടും. തന്റെ ഭർത്താവിനെ മിക്കപ്പോഴും ഇങ്ങനെ തല്ലേണ്ടി വരുന്നയൊരു ഭാര്യയുടെ വിഷമവും ഞാൻ കേട്ടു.

‘നിങ്ങളൊന്ന് പുറത്ത് നിൽക്കൂ… ഇയാളോട് ഞാനൊന്ന് സംസാരിക്കട്ടെ…’

എല്ലാം വിശദീകരിച്ച് കഴിഞ്ഞപ്പോൾ ആ ഭാര്യയോട് ഞാൻ പറഞ്ഞതാണ്. ഇരുന്നപ്പോൾ കുനിഞ്ഞ അയാളുടെ തല അപ്പോഴും ഉയർന്നിട്ടുണ്ടായിരുന്നില്ല. എന്താണ് പേരെന്ന് ഞാൻ ചോദിച്ചു. സുശീലൻ എന്നായിരുന്നു മറുപടി. എന്ന് മുതലാണ് ഈ ശീലമെന്ന് ആരാഞ്ഞപ്പോൾ അയാൾ തലയുയർത്തി. ശേഷം, കുടി നിർത്തിയപ്പോൾ തൊട്ടെന്ന് മറുപടി തന്നു. സർക്കാരിന്റെ ഡീയഡിക്ഷൻ സെന്ററിൽ നിന്ന് ചികിത്സിച്ചതായിരുന്നുവെന്നും സുശീലൻ ചേർത്തിരുന്നു.

‘എന്തുകൊണ്ടാണ് കുടി നിർത്തിയത്…?’

കരളിനെ ബാധിച്ചുവെന്നായിരുന്നു ഉത്തരം. അപ്പോൾ പിന്നെ, എന്തിനാണ് പാതിരാത്രിയിൽ കുടിക്കണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി ഭാര്യയുടെ കൈയ്യിൽ നിന്ന് അiടി വാങ്ങിക്കുന്നതെന്ന് ഞാൻ ചോദിച്ചു. മറുപടിയായി സുശീലനിലൊരു നാണം കലർന്ന ചിരി മാത്രമായിരുന്നു. തുടർന്ന് അതുമൊരു സുഖമെന്ന് പറഞ്ഞ് വീണ്ടും ആ ചിരിയെ മനോഹരമായി വിടർത്തുകയായിരുന്നു…

‘അപ്പോൾ, സ്വബോധത്തോടെ തന്നെയാണല്ലേ ഇതൊക്കെ ചെയ്യുന്നത്…?’

സുശീലന്റെ ചിരി മാഞ്ഞു. അല്ലായെന്ന് പറയുമ്പോൾ അയാളിലൊരു ഭയം നിഴലിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.

‘ഡോക്റ്ററേ… എനിക്കെന്റെ അച്ഛനെപ്പോലെ ആകണമെന്നായിരുന്നു ആഗ്രഹം… പക്ഷെ..!’

ആ പക്ഷേയ്ക്ക് അപ്പുറം പറയാൻ സുശീലന് കഴിഞ്ഞില്ല. വളർച്ചയുടെ ഓരോ ഘട്ടത്തിലും കണ്മുന്നിൽ കാണുന്ന തന്റെ അച്ഛനെ പോലെ ആകാൻ ഏത് മക്കളും ശ്രമിക്കും. എന്നാൽ, അനുകരിക്കാൻ പാടില്ലാത്ത വ്യക്തിത്വത്തെയാണ് മാതൃകയാക്കുന്നതെങ്കിൽ ജീവിതത്തിലെന്നും കുഴപ്പങ്ങൾ തന്നെയായിരിക്കും. അത് തന്നെയാണ് സുശീലനും സംഭവിച്ചത്.

പതിനാറാമത്തെ പ്രായത്തിൽ അച്ഛനോടൊപ്പം തന്നെയാണ് സതീശൻ കുടി തുടങ്ങിയത്. പരസ്പരം വലിയ സ്നേഹമായിരുന്നു. ഉത്സവങ്ങളായ ഉത്സവങ്ങളെല്ലാം കൂട്ടുകാരെപ്പോലെ ആഘോഷിച്ച ജീവിതം. കുടിച്ച്, കുടിച്ച് കരള് വീർത്തിട്ടാണ് സുശീലന്റെ അച്ഛൻ മരിച്ചത്. ശേഷമാണ് ജീവിതത്തിലേക്ക് പെണ്ണൊരുത്തി വരുന്നത്. അയാൾക്ക് മാറ്റമുണ്ടാകുന്നതും അങ്ങനെയാണ്.

പക്ഷെ, ഒരുകാലത്ത് താൻ ആകണമെന്ന് ആഗ്രഹിച്ച ആൾ കൺമുന്നിൽ നിന്ന് ഇല്ലാതായതിന്റെ ദുഃഖം സുശീലനിൽ ഉണ്ടായിരുന്നു. നടത്തിയത് തെറ്റായ വഴിയിലൂടെ ആയിരുന്നുവെങ്കിലും ത്രസ്സിപ്പിച്ച ജീവിതമായിരുന്നു അച്ഛനോടൊപ്പം ഉണ്ടാകുമ്പോൾ അയാൾ അനുഭവിച്ചത്. ആ മനസ്സ് സുശീലനെ വെറുതേ വിട്ടില്ല. ഈയിടെയായി തന്റെ സ്വപ്നത്തിൽ അച്ഛൻ വരുന്നുവെന്നാണ് സുശീൻ വ്യക്ത മാക്കിയത്. തന്നെ തട്ടിയുണർത്തി കുടിച്ച് ചാകടായെന്ന് പറയാനാണ് പോലും ആ വരവ്. അച്ഛൻ എന്ത് പറഞ്ഞാലും അനുസരിക്കുന്നയൊരു മകന്റെ സ്ഥിരതയില്ലായ്മയാണ് പിന്നീട് നടക്കുക.

എല്ലാം കേട്ടപ്പോൾ, ഭാര്യ തiല്ലിക്കെടുത്തുന്ന സുശീലന്റെ മനസിക ചിത്രത്തിലൊരു അപകടമുണ്ടെന്ന് എനിക്ക് തോന്നി. നോക്കൂ… ഒരാൾ, ഒരിക്കൽ ആകണമെന്ന് ആഗ്രഹിച്ച അച്ഛനെ പതിവായി സ്വപ്നം കാണുന്നു. കുiടിച്ച് മരിക്കാൻ പ്രേരിപ്പിക്കപ്പെടുന്ന ശബ്ദം കേൾക്കുന്നു. തന്റേതല്ലാത്ത സ്വഭാവം പ്രകടമാക്കുന്നു. തടയാൻ പറ്റാത്തയൊരു സാഹചര്യത്തിലേക്ക് സുശീലന്റെ ഭാവം മാറിയാൽ എന്തായിരിക്കും സ്ഥിതി! അയാളെ പുറത്തിരുത്തി ആ ഭാര്യയെ ഞാൻ അകത്തേക്ക് വിളിച്ചു…

‘നിങ്ങളുടെ ചികിത്സ തന്നെ തുടർന്നാൽ മതി. തiല്ലിന് പകരം വെള്ളമൊക്കെ പരീക്ഷിക്കാം. ആക്രമണം കൂടുകയാണെങ്കിൽ കിടത്തി ചികിത്സിക്കണം…വേണമെങ്കിൽ കുറച്ചുനാൾ പുറത്ത് നിന്ന് അടച്ചിട്ട മുറിയിൽ ഒറ്റക്ക് കിടത്തി നോക്കൂ…’

എങ്ങനെയെങ്കിലും അങ്ങേരുടെ ഈ സ്വഭാവം മാറ്റണമെന്ന് പറഞ്ഞ സുശീലന്റെ ഭാര്യക്ക് ഞാൻ കൊടുത്ത മറുപടിയാണ്. ഒരാഴ്ച്ച കഴിഞ്ഞ് വരണമെന്ന എന്റെ ഉപദേശവും കേട്ടാണ് അവർ പോയത്. ഫീസായി തന്നത് എണ്ണിപോലും നോക്കാതെ മേശയിലേക്കുമിട്ടു. വല്ലാത്തയൊരു നിരാശ തോന്നുന്നുണ്ട്. കുറച്ചുകൂടി സുശീലനെ കേൾക്കാമായിരുന്നു. ഞാനുമായി മാറ്റുരച്ച് നോക്കിയാൽ അങ്ങനെയൊരു അച്ഛനോടൊപ്പമുള്ള സുശീലന്റെ ജീവിതം എന്റെ വിപരീത ദിശയിലാണ്. ഞാനും അച്ഛനെ അനുകരിക്കുന്ന മകനാണ്. അച്ഛന്റെ ആഗ്രഹം പോലെ സഞ്ചരിക്കാൻ തന്നെയാണ് ജീവന് ഇഷ്ടവും.

വിസ്മയപരമെന്ന് പറയുമ്പോഴും തീർത്തും സങ്കീർണ്ണമായ മനഃശാസ്ത്രമെന്ന ദിശയിൽ നിന്നാണ് അച്ഛൻ മരിച്ചത്. എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായിട്ടും ആ ഗതിയെ പിന്തുടരുന്നതും അതുകൊണ്ടാണ്. ഈ ലോകത്തോളം ഞാനെന്റെ അച്ഛനെ സ്നേഹിക്കുന്നു…

സുശീലനെക്കുറിച്ച് തന്നെയാണ് പിന്നീടുള്ള നിമിഷങ്ങളിൽ ചിന്തിച്ചത്. അയാളുടെ മരുന്ന് ആ ഭാര്യയാണ്. അത് ആ തiല്ലിന്റെ കാര്യം പറഞ്ഞപ്പോൾ വിരിഞ്ഞ ചിരിയിൽ വ്യക്തമായി ഞാൻ കണ്ടിരുന്നു. കുഴഞ്ഞ് വീഴുന്ന വഴികളിലൂടെ സഞ്ചരിക്കുന്ന എല്ലാ ജീവിതങ്ങൾക്കും മാറി നിവരാൻ ഇങ്ങനെയൊരു ഭാഗ്യം ചേരണമെന്നില്ല. തൽക്കാലത്തേക്ക് ആ സ്നേഹം മാത്രമേ സുശീലന്റെ ചികിത്സയായി എഴുതാൻ പറ്റുകയുള്ളൂ… ആ കാര്യത്തിൽ അയാളോട് എനിക്ക് അസൂയ തോന്നിയിരുന്നു.

‘ആരാ ഇതൊക്കെ തുറന്നിട്ടത്? വേണൂ… ‘

എന്നും പറഞ്ഞ് നരച്ച തലയുള്ള ഒരാൾ ക്ലിനിക്കിന്റെ അകത്തേക്ക് വന്നു. ഞാൻ ഇരിക്കാൻ പറഞ്ഞെങ്കിലും അയാൾ ഇരുന്നില്ല. പകരം, തന്റെ കണ്ണട ഒന്നുകൂടി മൂക്കിലേക്ക് അമർത്തിവെച്ച് എന്നെ തുറിച്ച്‌ നോക്കി. ശേഷം, നിങ്ങൾ ആരായെന്ന് എന്നോട് ചോദിക്കുകയായിരുന്നു. ഞാനോ! എന്നോടാണൊ ചോദ്യം! എന്നിങ്ങനെ എന്റെ കണ്ണുകൾ അനങ്ങിയപ്പോൾ മറ്റൊരാൾ കൂടെ അകത്തേക്ക് വന്നു. അയാളെ ഞാൻ എവിടെയോ കണ്ടത് പോലെ…

‘എന്തായിത് വേണൂ…?’

ആദ്യം വന്ന മനുഷ്യൻ വളരേ സൗമ്യതയോടെയാണത് ചോദിച്ചത്. പക്ഷേ, വന്ന വേണുവിന് യാതൊരു സമാധാനവും ഉണ്ടായിരുന്നില്ല. നിന്നോട് കാത്തിരിക്കാനല്ലേ പറഞ്ഞതെന്നും പറഞ്ഞ് അയാൾ എന്റെ കോളറിൽ പിടിച്ചു. താൻ വീടിന് പിറകിലായിരുന്നു സാറേയെന്നും വേണു പറയുന്നുണ്ടായിരുന്നു…

ശരിയാണ്. ഞാൻ വരുമ്പോൾ കണ്ട മനുഷ്യനാണ് വേണു. അഞ്ച് മണിക്ക് ഡോക്റ്റർ വരുമെന്നും ഇരിക്കൂവെന്നും അയാളാണ് എന്നോട് പറഞ്ഞത്. ക്ലിനിക്കിനൊരു ചെറിയ വരാന്തയും, അവിടെ ഏഴെട്ട് കസേരകളുമുണ്ട്. ഞാൻ ഇരുന്നതും അവിടെ തന്നെയായിരുന്നു. മുഷിഞ്ഞപ്പോൾ വെറുതേ വട്ടം ചുറ്റി നടന്നു. അതിലും വെറുതേ ക്ലിനിക്കിന്റെ കതക് തള്ളി നോക്കിയതാണ്. അത് തുറക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല.

ഒരു സ്വപ്നം പോലെയാണ് അകത്തേക്ക് പ്രവേശിച്ചത്. ഡോക്റ്ററുടെ കസേരയിൽ ഇരിക്കുമ്പോൾ രോമാഞ്ചം സംഭവിച്ചിരുന്നു. തന്റെ മകനുമൊരു മാനസികാരോഗ്യ വിദഗ്ധനാകണമെന്ന അച്ഛന്റെ ആഗ്രഹത്തെ ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു. ആ നേരത്തായിരുന്നു സുശീലന്റേയും ഭാര്യയുടേയും ആഗമനം.

‘നിങ്ങൾ ആരാണ്…? എന്താ പ്രശ്നം…?’

വേണുവിനോട് പുറത്ത് പോകാൻ പറഞ്ഞതിന് ശേഷം ആ തല നരച്ച മനുഷ്യൻ എന്നോട് ചോദിച്ചതാണ്. ശേഷം, അതുവരെ ഞാൻ ഇരുന്നിരുന്ന കസേരയിൽ അയാൾ ഇരുന്നു. സുശീലൻ ഉണ്ടായിരുന്ന ഇടത്ത് ഞാനും സ്ഥാനം പിടിച്ചു. എന്റെ മുന്നിലിരിക്കുന്നതാണ് ഡോക്റ്റർ. ആ ശാന്തമായ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞ് തുടങ്ങി…

‘ഡോക്റ്ററേ… എനിക്കെന്റെ അച്ഛനെപ്പോലെ ആകണമെന്നായിരുന്നു ആഗ്രഹം… പക്ഷെ….!!!’

Leave a Reply

Your email address will not be published. Required fields are marked *