എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
അiറുത്ത കൈയ്യിൽ ഉപ്പ് തേക്കാത്ത പരമ പിശുക്കനും ക്രൂiരനു മായിരുന്നു എന്റെ അച്ഛൻ. അമ്മയുടെ ഇടം കണ്ണിന് മുകളിലൊരു പാടുണ്ട്. അതൊരു നാൾ അച്ഛന്റെ കൈയ്യിലെ വാച്ചുകൊണ്ട് പൊiട്ടിയതാണ്. എന്റെ വലം തൊiടയിൽ അതിലും വലിയയൊരു പാടുണ്ട്. പത്താം വയസിൽ അച്ഛന്റെ പോക്കറ്റിൽ നിന്ന് പത്ത് രൂപ മോഷ്ട്ടിച്ചതിന് തിരണ്ടി വാലുകൊണ്ട് കിട്ടിയ സമ്മാനമാണ്.
ഒരിക്കൽ ചിലവ് ചുരുക്കത്തിന്റെ ഭാഗമായി അച്ഛൻ ചില നിയന്ത്രണങ്ങളൊക്കെ കുടുംബത്ത് കൊണ്ട് വന്നു. അടുക്കളയിൽ നിന്ന് പാലിന് ഭ്രഷ്ട്ട് കൽപ്പിച്ച് കട്ടൻ ചായയെ സ്വാഗതം ചെയ്തു. മുറ്റത്തെന്നും വന്ന് വീഴുന്ന ദിനപത്രം നിർത്തി. സ്കൂൾ ബസിൽ പോയിക്കൊണ്ടിരുന്ന എന്നെ രണ്ട് കിലോമീറ്ററോളം കാൽനട യാത്രക്കാരനാക്കി.
എല്ലാം സഹിക്കാമായിരുന്നു… പക്ഷെ, ചെക്കന് മുടിവെട്ടുന്നത് തന്നെ ചിലവാണെന്നും പറഞ്ഞ് ഓരോ വേളയിലും അച്ഛൻ എന്നെ മൊട്ടയടിപ്പിക്കുന്നത് എന്നെ പാടേ തളർത്തിയിരുന്നു.
സ്കൂളിലെ എല്ലാവർക്കും മൊട്ടേയെന്ന് കളിയാക്കാൻ ഒരാളെ കിട്ടിയത് പോലെ…. തലയുടെ തൊലിയിൽ മൈതാനത്ത് പുല്ല് പൊടിയുന്നത് പോലെ രോമം കിളിർത്താലും, വളർന്നാലും രക്ഷയില്ല. ഓരോ നാലുമാസത്തിലും എന്നെ പിടിച്ച് മൊട്ടയടിപ്പിക്കുന്നത് അച്ഛൻ ആവർത്തിച്ചു. അതോടെ, സ്കൂളിലെ എല്ലാവരും എന്റെ പേര് മറന്നു. പത്താം തരം വരെ ഒരേ സ്കൂളിൽ പഠിച്ച ഞാൻ അവിടെ നാലുമാസ മൊട്ടായെന്നാണ് അറിയപ്പെട്ടിരുന്നത്.
പൊതുപരീക്ഷയിൽ എട്ടുനിലയിൽ പൊട്ടിയ എന്നെ കാത്തിരുന്നത് അച്ഛന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമായിരുന്നു. അമ്മ കേണ് പറഞ്ഞിട്ടും അച്ഛൻ എന്നെയന്ന് പൊതിരെ തiല്ലി. എന്തുകൊണ്ടോ തുടക്കത്തിൽ ഞാനൊന്ന് തൊണ്ട പൊട്ടി കരഞ്ഞുവെങ്കിലും പിന്നീട് വേദനിച്ചില്ല. വാശി പോലെ അiടികളൊക്കെ കരയാത്തയൊരു മരപ്പലക പോലെ ഞാൻ കൊണ്ട് നിന്നു.
പിന്നെ ഞാൻ അച്ഛന്റെ മെക്കാനിക്കൽ വർക്ക് ഷോപ്പിലെ അiടിമയായിരുന്നു. ഒരിക്കൽ അച്ഛൻ എട്ടേ പത്തിന്റെ സ്പാനറ് ചോദിച്ചപ്പോൾ ഞാൻ തെറ്റി പത്തേ പണ്ട്രണ്ടിന്റേത് എടുത്ത് കൊടുത്തു. അന്നെന്റെ നേരേക്ക് ആ സ്പാനർ എടുത്തെറിയുന്നത് കണ്ടവരുടെ കണ്ണുകളെല്ലാം ഞെട്ടിയിട്ടുണ്ടാകും. അത്രക്കും ശക്തിയിലെറിഞ്ഞ ആ സ്പാനർ എന്റെ ദേഹത്ത് കൊള്ളാതെയൊരു പഴയ സ്കൂട്ടറിന്റെ കണ്ണാടി തകർത്തു.
അച്ഛന്റെ കടയിലേക്ക് വന്നയൊരു കേടായ വാഹനം പോലെ പതിയേ ഞാൻ മാറുകയായിരുന്നു. എല്ലാം യാന്ത്രീകം… കരിയും പുകയും ഗ്രീസുമൊക്കെയായി മുഷിഞ്ഞ് വീട്ടിലെത്തിയൊരു കുളി കഴിഞ്ഞ്, അമ്മ വിളമ്പി തരുന്ന എന്തെങ്കിലുമെടുത്ത് തിന്നുമ്പോഴാണ് ജീവിച്ചിരിക്കുന്നു വെന്ന് തന്നെ തോന്നിപ്പോകുക…
അങ്ങനെ ഒരിക്കൽ വർക്ക്ഷോപ്പിൽ നിന്നൊരു ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ട് തളർന്ന് വീണ അച്ഛനെ മറ്റ് പണിക്കാരും ഞാനും ചേർന്ന് ആശുപത്രിയിൽ കൊണ്ടെത്തിച്ചു. എന്തുകൊണ്ടോ ഡോക്റ്റർമ്മാർക്ക് അതികം കൈ വെക്കേണ്ടി വന്നില്ല. അച്ഛൻ മരിച്ചു..!
ബോഡി വീട്ടിലേക്ക് കൊണ്ട് വന്നു. പായയും, വിളക്കും, തയ്യാറാക്കി വെച്ച ഉമ്മറത്തേക്ക് വെക്കുമ്പോഴേക്കും അച്ഛന്റെ കുടുംബക്കാരും അടുത്തറിയുന്ന ചിലരും അയൽക്കാരുമെല്ലാം മുറ്റത്ത് തമ്പടിച്ചിട്ടുണ്ടായിരുന്നു…
‘അയ്യോ… എന്റെ മോൻ പോയല്ലോ…!’
അച്ഛന്റെ അമ്മയുടെ നെഞ്ചത്തടിയോടെയുള്ള നിലവിളിയായിരുന്നു. അത് കേട്ടവരിൽ ചിലർ മുക്കിയും വിങ്ങിയും കൂടെ കൂടി. തുളുമ്പിയ കണ്ണുകളുമായി അച്ഛന്റെ തലയ്‌ക്കരികിൽ അമ്മയൊരു പ്രതിമ പോലെ ഇരിക്കുന്നുണ്ട്. ആൾക്കാരെ ബോധിപ്പിക്കാനെങ്കിലും എനിക്കൊന്ന് കരയണമെന്ന് ഉണ്ടായിരുന്നു.. പക്ഷേ, മരിച്ച് കിടക്കുന്ന അച്ഛനെ ഓർത്ത് കരയാൻ എന്റെ ബോധത്തിന് കഴിഞ്ഞതേയില്ല…
ക്രൂiരനും ഏകാധിപതിയുമായ രാജ്യതലവന്റെ മiരണം ആശ്വാസ നമസ്കാരം മാണെന്ന് കരുതുന്ന സാധു പ്രജയുടെ മനസ്സായിരുന്നു എനിക്കന്ന്! അങ്ങനെ തോന്നിയപ്പോൾ സ്വതന്ത്രനായ ഒരു അടിമയുടെ എല്ലാ ആഹ്ലാദത്തോടും കൂടി ആ മരണവീട്ടിൽ നിന്ന് എനിക്ക് നൃത്തം ചെയ്യാൻ തോന്നി…
അല്ലെങ്കിലും, ബലഹീനരായ പലർക്കും ജീവിതം തിരിച്ച് കിട്ടുന്നത് അവരെ അടക്കി വാഴുന്ന മനുഷ്യരുടെ മരണത്തോടപ്പമാണല്ലോ… അച്ഛന്റെ മരണനാളൊരു പിറന്നാളിന്റെ സന്തോഷത്തോടെ ഇന്നുമെനിക്ക് ഓർക്കാൻ പറ്റുന്നതും അത് കൊണ്ടായിരിക്കും….!!!