എല്ലാവരും അവരവരുടെ മക്കളുടെ മാർക്ക് ലിസ്റ്റ് പോസ്റ്റ് ചെയ്ത് മക്കളുടെ പേരിൽ അഭിമനിക്കുവാണ്നീ വേഗം അവൻ്റെ മാർക്ക് ലിസ്റ്റ് പോസ്റ്റ് ചെയ്ത് നല്ലൊരു ക്യാപ്ഷനിട്…..

എഴുത്ത്:-സജി തൈപ്പറമ്പ് .

പുഴയിൽ പോയി ഒന്ന് നനച്ച് കുളിച്ചിട്ട് വരാമെന്ന് കരുതി ഈറൻ മാറാനുള്ള തുണി എടുക്കുമ്പോഴാണ് പുറത്ത് ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടത്, ജനാല വഴി പുറത്തേയ്ക്ക് നോക്കിയപ്പോൾ എട്ടൻ്റെ വണ്ടിയാണ്

ഏട്ടനെന്താ ഇത്ര നേരത്തെ വന്നത് ? സാധാരണ ഒരു മണിക്കല്ലേ ഊണ്ക ഴിക്കാൻ വരുന്നത് ,ഇപ്പോൾ മണി പതിനൊന്നല്ലേ ആയുള്ളു?

ആകാംക്ഷയോടെ ഞാൻ തിരക്കി

എടീ നിന്നെ വിളിച്ചിട്ട കിട്ടുന്നില്ല അത് കൊണ്ടാണ് നേരെ ഇങ്ങോട്ട് വന്നത് , റിസൾട്ട് വന്നല്ലോ ?അബീടെ മാർക്ക് ലിസ്റ്റ് കിട്ടിയില്ലേ?

റിസൾട്ടും വന്നു മാർക്ക് ലിസ്റ്റും കിട്ടി നിങ്ങള് വരുമ്പോൾ പറയാമെന്ന് കരുതി

എടീ അതിന് ഞാൻ വരും വരെ കാത്തിരിക്കണമായിരുന്നോ? നീ ഫെയ്സ് ബുക്കും വാട്സ്ആപ് സ്റ്റാറ്റസുമൊക്കെ കണ്ടില്ലേ ? എല്ലാവരും അവരവരുടെ മക്കളുടെ മാർക്ക് ലിസ്റ്റ് പോസ്റ്റ് ചെയ്ത് മക്കളുടെ പേരിൽ അഭിമനിക്കുവാണ്നീ വേഗം അവൻ്റെ മാർക്ക് ലിസ്റ്റ് പോസ്റ്റ് ചെയ്ത് നല്ലൊരു ക്യാപ്ഷനിട്

ങ്ഹാ ബെസ്റ്റ്.. സ്റ്റാറ്റസ് ഇടാൻ പറ്റിയ മാർക്കാണല്ലോ മോൻ വാങ്ങിച്ചോണ്ട് വന്നിരിക്കുന്നത് ?എൻ്റേട്ടാ അവൻ്റെ മാർക്ക് ലിസ്റ്റിൽ മരുന്നിന് പോലും ഒരു എ പ്ളസ് ഇല്ല ഉള്ളതിൽ കൂടുതലും ബി യാണ് പിന്നെ എന്ത് കണ്ടിട്ടാണ് നമ്മൾ അഭിമാനിക്കുന്നത് ?

എടീ അവൻ തോറ്റില്ലല്ലോ അത് തന്നെ വലിയ കാര്യമല്ലേ ? അല്ല നീ പത്താം ക്ളാസ്സ് ജയിച്ചത് രണ്ടാമത് എഴുതിയിട്ടല്ലേ ? ഞാനാണെങ്കിൽ മൂന്നവസരവും പാഴാക്കി അങ്ങനെ നോക്കുമ്പോൾ അവൻ നമ്മളെക്കാൾ മിടുക്കനല്ലേ ?

ങ്ഹാ അത് കൊള്ളാല്ലോ ?ഏട്ടാ നമ്മള് പഠിച്ച സാഹചര്യമാണോ ഇപ്പോഴുള്ളത് ?അവനെ നമ്മള് ഫീസ് കൊടുത്ത് ഏറ്റവും നല്ല സ്കൂളിലല്ലേ പഠിപ്പിച്ചത് ?

എടീ എന്ന് വച്ച് അവൻ്റെ ബുദ്ധിയും ഓർമ്മശക്തിയും വച്ചല്ലേ അവന് പഠിക്കാൻ പറ്റു , പിന്നെ എല്ലാ കുട്ടികൾക്കും ഫുൾ A+ വാങ്ങിക്കാനൊന്നും പറ്റില്ലല്ലോ? മാത്രല്ല എല്ലാവരും നന്നായി പഠിച്ച് ഡോക്ടറും എഞ്ചിനീയറും കളക്ടറുമൊക്കെ ആയാൽ മതിയോ? മറ്റ് എന്തെല്ലാം ജോലികളുണ്ട് ഇലക്രീഷ്യനും പ്ളംബറും മെക്കാനിക്കും ഡ്രൈവറും ഈ നാടിനാവശ്യ മുള്ളവരല്ലേ? ഇതൊന്നുമായില്ലെങ്കിലും മറ്റെന്തെല്ലാം തൊഴിലുകളുണ്ട് ,അതിനൊക്കെ ആള് വേണ്ടേ? ഒരു ജോലിയും കിട്ടിയിയില്ലെങ്കിൽ നമുക്ക് സ്വന്തമായി കുറച്ച് ഭൂമിയില്ലേ? അവിടെ കൃഷി ചെയ്ത് അവൻ നല്ലൊരു കർഷകനെങ്കിലുമാകുമല്ലോ?

അത് ശരി മോനെ കർഷകനാക്കാൻ വേണ്ടിയാണോ നമ്മളവനെ പഠിപ്പിക്കുന്നത് ?

എടീ മക്കളെ പഠിപ്പിക്കുന്നത് കേവലം ജോലി കിട്ടാൻ വേണ്ടി മാത്രമല്ല പഠനത്തിലൂടെ അവർക്ക് എന്തെല്ലാം അറിവുകളാണ് കിട്ടുന്നത്? അതിലൂടെ സമൂഹത്തെ അറിയാനും മറ്റുള്ളവരോട് നന്നായി പെരുമാറാനും അവര് പഠിക്കും ,ജീവിതം ശരിയായ ദിശയിൽ കൊണ്ട് പോകാനും നല്ലൊരു മനുഷ്യനാകാനും അവൻ വാങ്ങിയ
ബി ഗ്രേഡ് തന്നെ ധാരാളമാണ് പിന്നെ നമ്മളവന് എത്ര പ്രാധാന്യം കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സമൂഹം അവനെ വിലയിരുത്തുന്നത് ഇപ്പോൾ അവൻ വാങ്ങിയ മാർക്ക് ഒട്ടും മോശമല്ലെന്ന് നമ്മളവനെ ബോധ്യപ്പെടുത്തിയാൽ അവനിൽ ചില പ്രതീക്ഷകളുണ്ടാകും അത് അവനൊരു പ്രോത്സാഹനമാകും മറിച്ച് നമ്മള് അവഗണിക്കുകയാണെങ്കിൽ അവൻ്റെ എല്ലാ ആത്മവിശ്വാസവും തകരുകയും ഭാവിയിൽ അവൻ എല്ലായിടത്തും പരാജിതനായി നില്ക്കേണ്ടിയും വരും അത് കൊണ്ട് നീ അവൻ്റെ മാർക്ക് ലിസ്റ്റിൻ്റെ ഫോട്ടോയും ഒപ്പം നമ്മളവനുമായി നില്ക്കുന്ന മറ്റൊരു ഫോട്ടോയും ചേർത്ത് വേഗം സ്റ്റാറ്റസിട്

ഏട്ടൻ പറഞ്ഞത് കാര്യമാണെന്ന് എനിയ്ക്ക് തോന്നി നമ്മുടെ മക്കളെ നമ്മളല്ലാതെ മറ്റാരാണ് മോട്ടിവേറ്റ് ചെയ്യേണ്ടത് ?

Leave a Reply

Your email address will not be published. Required fields are marked *