എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
മംഗലാപുരത്തെ ഒരു ഹോട്ടലിൽ പൊറോട്ട അടിച്ച് ജീവിച്ചിരുന്ന കാലമായിരുന്നുവത്. ഉച്ച മുതൽ രാത്രിവരെ മൈദയിൽ എണ്ണ ചേർത്ത് കുഴച്ച് അടിച്ചാൽ എനിക്ക് ഇരുന്നൂറ്റി അമ്പത് രൂപ കിട്ടും. അത് മതിയായിരുന്നു എന്റെ ഒറ്റയാൾ ജീവിതത്തിന് അല്ലലില്ലാതെ മുന്നോട്ട് പോകാൻ…
‘രവീ…. വരുമ്പോ പത്ത് പൊറോട്ട കൊണ്ടരണേ.. രാത്രിത്തേക്ക് ഒന്നും ഇണ്ടാക്കൂല…’ സാവിത്രിയുടെ അമ്മയുടെ ശബ്ദമാണ്.
ഞാൻ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ തൊട്ടടുത്ത ഭാഗമൊരു മലയാളി കുടുംബമായിരുന്നു താമസിച്ചിരുന്നത്. മിക്കവാറും ദിവസങ്ങളിൽ സാവിത്രിയുടെ അമ്മ എന്നോടിത് പറയാറുണ്ട്. പറയുന്നത് ആ സ്ത്രീയാണെങ്കിലും കൊണ്ടുവന്നെന്ന് പറഞ്ഞാൽ വാങ്ങിക്കാൻ സാവിത്രിയായിരുന്നു വരാറുള്ളത്. ആ കുടുംബത്തിന് പൊറോട്ടയോട് എന്തായിത്ര താൽപ്പര്യമെന്ന് അന്നൊക്കെ ഞാൻ ഓർക്കാറുണ്ട്…
‘എന്നും പൊറോട്ട തിന്നുന്നത്.. അത്ര നല്ലതൊന്നുമല്ലാട്ടോ…. ‘
പൊതുവേ പൊറോട്ടയോട് വലിയ താല്പര്യമില്ലാതിരുന്ന ഞാൻ ഒരുനാൾ സാവിത്രിയോട് പറഞ്ഞു.
എന്നെ കേട്ടുകൊണ്ട് ഞാൻ നീട്ടിയ പൊറോട്ടക്കെട്ടും വാങ്ങി അവൾ പോകുമ്പോൾ ഇവിടെ എല്ലാവർക്കും ഇത് ഇഷ്ട്ടമാണെന്ന് പറഞ്ഞ് അവൾ കണ്ണുകൾ ഇറുക്കിയിരുന്നു. അതിന്റെ അർത്ഥം പിറ്റേന്ന് കാലത്ത് തന്നെ കുളിച്ച് വൃത്തിയുള്ള ഉടുപ്പുമിട്ട് പുറത്തിറങ്ങുമ്പോഴാണ് എനിക്ക് മനസ്സിലായത്. അതേ ഇറുങ്ങുന്ന കണ്ണുകളുമായി അവൾ പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു…
കാലത്ത് തന്നെ ഒരുങ്ങിക്കെട്ടി എങ്ങോട്ടാണെന്ന് ചോദിച്ചാൽ പാട്ട് പഠിക്കാനാണെന്ന് പറയേണ്ടി വരും. കുട്ടിക്കാലത്തേ പാടാൻ ഇഷ്ടമുള്ളത് കൊണ്ട് രാവിലെ മുതൽ ഉച്ചവരെയുള്ള നേരത്ത് ഞാൻ സംഗീതം പഠിച്ചു. എന്തിനാണ് സംഗീതമെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ആയുസ്സിന്റെ ആ നേരത്തിന് അങ്ങനെ തോന്നി..
എല്ലാം നേരമാണല്ലോ… ഒരാളുമായി നമ്മൾ അടുക്കാനും… അകറ്റാനും… മടുക്കാനും… വെറുക്കാനും, എല്ലാം ജീവന്റെ പരിസര നേരത്തിന്റെ ഇടപെടലാണല്ലോ…
പിന്നീടുള്ള നാളുകളിൽ എന്റെ നാവിന്റെ തുമ്പത്തിരുന്ന് മൂളാൻ പാകം സാവിത്രി ഹൃദയത്തിൽ കയറിയിരുന്നു. പൊറോട്ടക്കെട്ട് കൊടുക്കുമ്പോൾ അവൾ എനിക്ക് അതിന്റെ കാശ് തരാറുണ്ട്. വൈകാതെ അതിനോടൊപ്പം ഞങ്ങൾ പ്രേമലേഖനങ്ങൾ കൈമാറാൻ തുടങ്ങി.
എല്ലാ കാലത്തും പരസ്പരം തുണയാകുമെന്ന വാഗ്ദാനങ്ങൾ പ്രേമത്തിന്റെ പേരിൽ ഞങ്ങൾ പങ്കുവെച്ചു. വർഷം രണ്ട് കഴിഞ്ഞപ്പോൾ പെണ്ണിന് ബുദ്ധി വന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ…
മൈദ വിശപ്പിനുള്ളതല്ലായെന്നും, പശയാണെന്നും, ശരീരത്തിന് ദോഷമാണെന്നും, സാവിത്രി തിരിച്ചറിഞ്ഞിരിക്കുന്നു. ഒരുനാൾ അവളുടെ അമ്മ പറഞ്ഞത് പ്രകാരം പൊറോട്ടക്കെട്ട് കൊടുക്കുമ്പോൾ അവൾ വാങ്ങിച്ചില്ല. ഇനി പൊറോട്ട വേണ്ടായെന്ന് തറപ്പിച്ച് പറയുകയും ചെയ്തു. ആ തറപ്പിക്കലിൽ ഈ പൊറോട്ടക്കാരനേയും വേണ്ടായെന്ന് അവൾ പറയാതെ പറയുകയായിരുന്നു…
അന്ന് എന്റെ ഹൃദയത്തിന്റെ അങ്കലാപ്പ് എല്ലാ അർത്ഥത്തിലും ഒരു പൊറോട്ട പോലെയായിരുന്നു. എണ്ണ പുരട്ടിയ കൈകൊണ്ട് കുഴച്ച മൈദ ഉരുട്ടിയെടുക്കുന്നത് പോലെ… തുടർന്ന് പരത്താൻ വേണ്ടി വലിച്ച് നീട്ടി ചുരുട്ടുന്നത് പോലെ…. ചുട്ടെടുത്ത് രണ്ട് കൈകളും ചേർത്ത് അടിച്ച് വിടർത്തുന്നത് പോലെ… ചൂടോടെ കഴിക്കുമ്പോൾ മാത്രം രുചി തോന്നുന്ന ഗുണമില്ലാത്തയൊരു പൊറോട്ട പോലെ മനസ്സ് വേവുന്നു…
അല്ലെങ്കിലും, നേരത്തേ പറഞ്ഞത് പോലെ നേരമാണല്ലോ എല്ലാം. സാവിത്രിക്ക് എന്നോട് ഇഷ്ടം തോന്നിപ്പിച്ച നേരം കഴിഞ്ഞിരിക്കുന്നു. അത് പലകാരണങ്ങൾ കൊണ്ടും എന്നെ വേണ്ടെന്ന് വെപ്പിക്കുന്നു…
ഒരു പൊറോട്ട അടിക്കുന്നവന്റെ കൂടെ പങ്കിടാനുള്ളതല്ല ജീവിതമെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകും. എന്നോടൊപ്പമുള്ള ജീവിതം സുരക്ഷിതമായിരിക്കില്ലെന്നും ചിന്തിരിച്ചിരിക്കും. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സാവിത്രിയുടെ കൺവെട്ടത്തിൽ നിന്ന് മാറിപ്പോകാൻ മാത്രം ആ നേരം എന്നോട് ഉപദേശിച്ചു. അക്ഷരംപ്രതി ഞാൻ അനുസരിക്കുകയും ചെയ്തു…
എന്തായാലും സംഗീതം പഠിച്ചത് നന്നായി. തുടർന്ന് മയങ്ങാൻ വീഴുന്ന ബഹളത്തിന്റെ തെരുവുകളിലെല്ലാം എന്റെ രാത്രികളെ ഞാൻ പാടിയുറക്കാൻ പഠിച്ചു. സാവിത്രിയെ ഓർത്ത് എന്ന് പാടിയാലും പ്രേമത്തിന്റെയൊരു പൊറോട്ടയുടെ സ്വാദ് ശ്വാസത്തിൽ കലരും. ഒരു ഗുണവുമില്ലെന്ന് അറിഞ്ഞിട്ടും, ഉയരുന്ന ഈണത്തിൽ വെറുതേ പടർന്ന് രുചിക്കാറുണ്ട് ഞാൻ ആ പഴയ പൊറോട്ടയെ….!!!