എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
മകൾക്ക് പതിനാറ് തികഞ്ഞിട്ടില്ല. ആ കുഞ്ഞ് വയറിൽ മറ്റൊരു കുരുന്ന് ജീവൻ വളരുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ദേഹം വിറക്കുകയാണ്. എന്നിൽ നിന്ന് എന്റെ കണ്ണും കൈയ്യും കാണാതായത് പോലെയൊരു പരവേശം. ഒറ്റമോളാണ്. എത്രത്തോളം കൊഞ്ചിക്കാൻ പറ്റും, അത്രത്തോളം തോളിലേറ്റി വളർത്തിയതാണ് ഞങ്ങൾ അവളെ. സ്കൂളിൽ പഠിക്കുന്ന പെണ്ണിന്റെ ശരീരം കൊച്ച് മനസ്സിലേ ഗർഭം ധരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നതേയില്ല…
ഏത് സാഹചര്യത്തിലാണ് ഈ വിഡ്ഢിത്തം മകൾക്ക് സംഭവിച്ചതെന്ന് ഓർത്താണ് ഞാൻ കരഞ്ഞത്. കരഞ്ഞ് കരഞ്ഞ് കുതിർന്നു. ഒടുവിൽ, കരിയില പോലെ കട്ടിലിൽ ഉള്ള് പൊടിഞ്ഞ് കിടന്നു..
ജോലി കഴിഞ്ഞ് എത്താൻ പോകുന്ന അവളുടെ അച്ഛനോട് എങ്ങനെയിത് പറയുമെന്ന് ഓർക്കുമ്പോൾ ചങ്ക് കൂടുതൽ പിടയുകയാണ്. രമേശേട്ടന് സഹിക്കില്ല. മോളാണെങ്കിൽ ഒരക്ഷരം മിണ്ടുന്നുമില്ല. എന്ത് ചോദിച്ചാലും കരച്ചിലോട് കരച്ചിൽ തന്നെ. അവളുടെ കണ്ണുകൾ ചുകന്ന് ചുകന്ന് കറുത്തിരിക്കുന്നു…
ആ രാത്രിയിൽ പതിവിലും സന്തോഷത്തോടെയാണ് രമേശേട്ടൻ വീട്ടിലെത്തിയത്. വന്ന പാടെ മകൾക്ക് വേണ്ടി വാങ്ങിയ പതിനൊന്നാം തരത്തിന്റെ ചോദ്യോത്തര പതിപ്പെടുത്ത് മേശമുകളിൽ വെച്ചു. ശേഷം, കുളിക്കാനായി ഇത്തിരി വെള്ളം ചൂടാക്കെടീയെന്നും പറഞ്ഞു. കേട്ടിട്ടും ഞാൻ അങ്ങനെ വിങ്ങി വിങ്ങി ചുരുണ്ടു.
‘എന്താ നിനക്ക് പറ്റിയത്….?’
കട്ടിലിലിരുന്ന് എന്റെ നെറ്റിയിൽ കൈവെച്ച് കൊണ്ടാണ് രമേശേട്ടനത് ചോദിച്ചത്. കറന്റ് അടിച്ചപ്പോൾ തെറിച്ച ഇരുമ്പ് ദണ്ഡ് പോലെ ഞാൻ അദ്ദേഹത്തിലേക്ക് തെറിച്ച് വീണു. രണ്ട് കൈയ്യും കഴുത്തിലൂടെയിട്ട് രമേശേട്ടനെ ശ്വാസം മുട്ടിക്കും വിധമാണ് കെട്ടിപ്പിടിച്ചതും, പൊട്ടിക്കരഞ്ഞതും. യാതൊന്നും മനസ്സിലായില്ലെന്ന ഭാവം തരാൻ അദ്ദേഹം എന്നെ അടർത്തി മാറ്റി.
‘ രമേശേട്ടാ…. മ്മളെ മിനിമോൾക്ക്..!’
“മിനിമോൾക്ക്…!?’
മിനിമോൾക്ക് വയറ്റിലുണ്ടെന്ന് പറഞ്ഞപ്പോഴേക്കും രമേശേട്ടന്റെ കണ്ണുകളൊരു മഴമേഘം പോലെ ഇരുണ്ടു. പുറത്ത് കൊടുങ്കാറ്റ് വീശുന്നുണ്ടോയെന്ന് ഞാൻ സംശയിക്കുകയാണ്. എന്നാൽ, രമേശേട്ടൻ തന്റെ പ്രായോഗിക ബുദ്ധിയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്തിയിരുന്നു.
‘ആരാണെന്നവൾ പറഞ്ഞോ…!?’
“ഇല്ല.”
അദ്ദേഹം പറഞ്ഞത് പോലെ ഞാൻ വീണ്ടും മകളുടെ മുറിയിലേക്ക് പോയി. ആരാണ് കാരണക്കാരാനെന്ന് സൗമ്യമായി ചോദിക്കുകയും ചെയ്തു. അവളപ്പോൾ തലയിണയിലേക്ക് കൂടുതൽ മുഖം പൂഴ്ത്തി കരയുകയായിരുന്നു. തിരിച്ച് വന്ന് ഒരു രക്ഷയുമില്ലെന്ന് ഞാനൊരു നെടുവീർപ്പോടെയാണ് പറഞ്ഞത്. നേരം വെളുക്കട്ടെയെന്നും എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമെന്നും പറഞ്ഞ് രമേശേട്ടൻ എന്നെ ആശ്വസിപ്പിച്ചു.
ആ രാത്രിയിൽ ഞങ്ങൾ മൂന്നും മൂന്ന് ലോകത്തിലായിരുന്നു. നേരം വെളുക്കുന്നത് വരെ കണ്ണുകൾ അടഞ്ഞില്ല. എപ്പോഴോ ഒന്ന് മയങ്ങിപ്പോയി ഉടൻ ഉണരുകയും ചെയ്തു. അങ്ങനെ ഒരു ഉത്സാഹവുമില്ലാതെ എഴുന്നേറ്റ് നോക്കിയപ്പോൾ മിനിമോളെ കണ്ടില്ല. രമേശേട്ടനെ ഉണർത്തി കാര്യം പറഞ്ഞപ്പോൾ ഒരു ദുഃസ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നത് പോലെ അദ്ദേഹത്തിന്റെ കണ്ണുകൾ മിഴിച്ച് നിന്നു. ഒരു ഷർട്ടും വലിച്ചിട്ട് മോളെ തിരഞ്ഞ് ആ മനുഷ്യൻ പുറത്തേക്ക് പോകുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റോപ്പിലും അവളുടെ കൂട്ടുകാരികളുടെ വീട്ടിലുമൊക്കെയായി രമേശേട്ടൻ മകളെ തിരഞ്ഞ് ഭ്രാന്തമായി അലഞ്ഞു. എന്നാൽ അതിലും ഭ്രാന്തമായ ലോകത്തിലെ എല്ലാ വിഭ്രാന്തിയും ഒരു അമ്മയിൽ കൊണ്ടെത്തിക്കുന്ന പത്രവാർത്തയിൽ സംശയത്തോടെ തുറിച്ച് നോക്കുകയായിരുന്നു ഞാൻ ആ നേരം…
എന്തൊക്കെയാണ് ഈ ലോകത്ത് നടക്കുന്നതെന്ന് ഓർത്തപ്പോൾ തളർന്ന പാവപോലെ ഞാൻ കുഴഞ്ഞ് പോയി.
മറ്റേതോ ഒരിടത്ത് അച്ഛനാൽ മകൾ ഗർഭം ധരിച്ചുവെന്ന ആ വാർത്ത എന്നെ മനസ്സിനെ വല്ലാത്തയൊരു ഉൾഭയത്തിലേക്കാണ് എത്തിച്ചത്. മകളെ കാണാതെ നെഞ്ച് തകർന്ന് തിരിച്ചെത്തിയ രമേശേട്ടനെ ഞാൻ സംശയത്തോടെ നോക്കിപ്പോയി… ആ നോട്ടം കൃത്യം ആ അച്ഛന്റെ നെറ്റിയിൽ തന്നെ കൊണ്ടു. എന്റെ കയ്യിലെ പത്ര വാർത്ത അദ്ദേഹവും ശ്രദ്ധിച്ചു.
ഒരു കുറ്റവാളിയെ പോലെ ഭാര്യ തന്നെ സസൂഷ്മം നിരീക്ഷിക്കുക യാണെന്ന് ബോധ്യമായ ആ മനുഷ്യൻ ഒരു യന്ത്രമായി തലയനക്കാതെ വീട്ടിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു…
മൗനം വിഴുങ്ങിയ ആ വീട്ടിൽ ഞാൻ ആ പത്രവുമായി ഉമ്മറത്ത് തനിച്ചങ്ങനെ ഇരുന്നു. ചുറ്റും കുഞ്ഞുങ്ങളുടെ നിലവിളി കേൾക്കുന്നത് പോലെ…! അതിലൊന്ന് എന്റെ മിനിമോളുടേതാണെന്ന് തിരിച്ചറിഞ്ഞത് പോലെ..! രമേശേട്ടന് കൊമ്പുകൾ മുളയ്ക്കുന്നത് പോലെ..! ലോകം അവസാനിക്കുന്നത് പോലെ..!
മനുഷ്യരുടെ വിദ്യാഭ്യാസത്തിൽ സ്നേഹമെന്ന വിഷയമേയില്ല. അറിവിന്റെ അലമാരയിൽ അലിവിന്റെ ഒരൊറ്റ പുസ്തകം പോലുമില്ല. കുഞ്ഞുങ്ങളോട് പോലും കരുണ ഇല്ലാത്തവരായി വാർത്തെടുക്കപ്പെട്ട ജനതയുള്ള ദേശത്തിൽ ജീവിക്കുമ്പോൾ ലജ്ജ തോന്നുന്നുണ്ട്. വാർത്തകളിൽ ലിംiഗഭേദമില്ല. പ്രായഭേദവുമില്ല. ഇത്രയും ലൈംiഗീക അതിക്രമങ്ങൾ അരങ്ങ് വാഴുന്ന ലോകത്തിൽ ഏതൊരു അമ്മയ്ക്കാണ് സമാധാനം ഉണ്ടാകുക… അവൾ ആരെയാണ് വിശ്വസിക്കുക…
ഭൂമി പിളർന്ന് പോയിരുന്നുവെങ്കിൽ എത്ര നന്നാകുമായിരുന്നുവെന്ന് തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നുവത്…
സന്ധ്യയായപ്പോൾ മകൾ തിരിച്ച് വന്നു. കൂടെ കൂട്ടുകാരിയും, അവളുടെ അമ്മയും ഉണ്ട്. ഞാൻ അപ്പോഴും അതേ ഇരുപ്പായിരുന്നു. മകളെ കണ്ടതും ഒരു കാളിയെപ്പോലെ ഉറഞ്ഞ് തുള്ളിയാണ് എനിക്ക് എഴുന്നേൽക്കാൻ തോന്നിയത്. ശേഷം, ഇടം കരണത്തൊന്ന് പൊട്ടിക്കുകയും ചെയ്തു. ഇതെങ്ങനെ സംഭവിച്ചതാടിയെന്നും ചോദിച്ച് രണ്ടാമതുമൊന്ന് കൊടുക്കാൻ തുടങ്ങിയപ്പോഴേക്കും എന്റെ കൈ താനേ നിന്നിരുന്നു.
കണ്ണുകളിൽ മുഴുവൻ മകളുടെ അസ്വഭാവികമായ നോട്ടമാണ്. എനിക്ക് ഭയം തോന്നി. എന്തായാലും അമ്മയോട് പറയെന്ന് പറഞ്ഞ് ഞാൻ അവളെ കെട്ടിപ്പിടിച്ചു. നീ എവിടെ പോയതായിരുന്നുവെന്ന് ചോദിച്ചപ്പോഴാണ് ഭാഗികമായി ചിലതൊക്കെ അവൾ പറഞ്ഞത്. ഒരാളെ കാണാൻ പോയതാണ് പോലും…
‘ആരെ…!?’
“അത്….. അമ്മേ…. പുതിയ സാറ്…! നോട്സ് തരാമെന്ന് പറഞ്ഞു… അന്ന് വീട്ടിൽ…. ഞങ്ങൾക്ക് ജ്യൂസിൽ…. ചതിക്കുകയായിരുന്നു അമ്മേ….!”
എന്നും പറഞ്ഞ് മകൾ ഒരു ഇളം മുളന്തണ്ട് കീറുന്ന ശബ്ദത്തിൽ കരഞ്ഞു. എന്ത് ചെയ്യുമെന്നറിയാതെ, രമേശേട്ടനെ സംശയിച്ച തലയ്ക്ക് കയ്യും വെച്ച് വീണ്ടും അതേ ഇടത്ത് തന്നെ ഞാൻ ഇരിക്കുകയായിരുന്നു. അധികം വൈകാത്തത് കൊണ്ട് കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മ മുഖാന്തരം ഞങ്ങളൊരു ഡോക്റ്ററെ കണ്ടു. ഇരുചെവി അറിയാതെ മകൾക്ക് സംഭവിച്ച അപകടത്തെ അലസിപ്പിക്കാനും തീരുമാനിച്ചു. തെറ്റ് എന്റേതാണ്. ഞാൻ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു. മകൾ ഇടപെടുന്ന ഇടങ്ങളിലെ സുരക്ഷ ആവർത്തിച്ച് അന്വേഷിക്കണ മായിരുന്നു…
മകളെ അന്വേഷിച്ച് പോയ രമേശേട്ടൻ വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്ക് ഉണ്ടായിരുന്നില്ല. മകളേയും കൂട്ടി ഞങ്ങൾ ക്ലിനിക്കിലേക്ക് പോയി. ശേഷം മുഴുവൻ കാര്യങ്ങൾ ധരിപ്പിച്ച് ഒരു പരാതിയും എഴുതി. പോലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ച് വീട്ടിലെത്തു മ്പോഴേക്കും അദ്ദേഹം വന്നിട്ടുണ്ടാകും. കാര്യങ്ങളെല്ലാം ഒരുവിധം തീർപ്പാക്കിയെന്ന് അറിയുമ്പോൾ അദ്ദേഹത്തിന് സമാധാ നമാകുമെന്നും കരുതി. ഒന്നിനും അല്ലെങ്കിലും, വെറുതേ ആ കാല് പിടിച്ച് മാപ്പ് പറയണമെന്നും ഞാൻ തീരുമാനിച്ചിരുന്നു.
പക്ഷേ, എന്ത് ചെയ്യാം..! അന്ന് ഒരു യന്ത്രം പോലെ വീട്ടിൽ നിന്ന് തല അനക്കാതെ ചലിച്ച് മറഞ്ഞ രമേശേട്ടൻ പിന്നീട് ഒരിക്കലും തിരിച്ച് വന്നില്ല. ഉണരുന്ന ഓരോ വേളയിലും ആ കാലുകളിലേക്ക് തന്നെ മനസ്സ് മറിഞ്ഞ് വീഴുന്നു. മരിക്കുന്നതിന് മുമ്പ് ഒന്നുകൂടി അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നുവെങ്കിലെന്നേ ഇപ്പോൾ ആഗ്രഹിക്കുന്നുള്ളൂ….!!!


 
                         
                        