Story written by Adam John
ചങ്കിന് ഭയങ്കര സങ്കടം. ഭാര്യയെ തീരെ അടുത്ത് കിട്ടുന്നില്ലാത്രേ.
എന്റെ പരാതി ഭാര്യ അടുത്തൂന്ന് മാറാത്തതാണ്. സ്വസ്ഥവായി മൊബൈൽ ഒന്ന് നോക്കുമ്പഴേക്കും ഇച്ചായ ദെ ഈ കൊച്ചിനെയൊന്ന് കുളിപ്പിക്കാവോ.. ദെ ഈ വെളുത്തുള്ളി ഒന്ന് തൊലി കളയാവോ എന്നൊക്കെയുള്ള അശരീരി കേക്കാം. തൊലി കളഞ്ഞ് മനവും മണമടിച്ച് മൂക്കും മടുത്തപ്പോഴാണ് ചൈനീസ് വെളുത്തുള്ളി വാങ്ങിച്ചേ. ഇപ്പോ നല്ല ആശ്വാസവുണ്ട്.
ചങ്കിന്റെ കാര്യം പറയുവാണേൽ രാത്രി വീട്ട് ജോലിയും പ്രാർത്ഥനയുവൊക്കെ കഴിഞ്ഞേച്ച് അവള് കിടക്കുമ്പഴേക്കും നേരം പതിനൊന്നാവുത്രേ. സ്വഭാവികം.
ഇവിടേം അങ്ങനൊക്കെ തന്നാരുന്നു. അതീപ്പിന്നെ അവള് നേരത്തെ വന്ന് കിടക്കാൻ വേണ്ടി മാത്രം അടുക്കളയേൽ ഞാനും അവൾക്കൊപ്പം കൂടുന്നതോണ്ട് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യവുണ്ടായി.
ഇല്ലേൽ ഇപ്പഴും വിശേഷവൊന്നും ആയില്ലെന്നുള്ള നാട്ട്കാരുടേം ബന്ധുക്കളുടേം ചോദ്യങ്ങൾ കൊണ്ട് പൊറുതി മുട്ടിയേനെ.
ചങ്കിന്റെ കാര്യം പറയുവാന്നേൽ കാത്തിരുന്ന് മുഷിഞ്ഞ് മുഷിഞ്ഞ് അവളെത്തുമ്പോഴേക്കും ഉറക്കവായിക്കാണും. എപ്പോഴേലും ക്ഷമിച്ചോണ്ട് കിടന്ന് ഉറങ്ങാതിരിക്കാവെന്ന് വെച്ചാലൊ. മന്ദം മന്ദം മണിയറയിലോട്ട് വരുന്നതൊക്കെ സിനിമയിലെ കാണത്തുള്ളൂന്നാ അവൻ പറയുന്നേ. വാതിൽ തള്ളി തുറന്നോണ്ട് ഇടിച്ചു കേറി വരുവാത്രേ ചെയ്യാ. അതൊക്കെ കാണുമ്പോ തന്നെ ഉള്ള റൊമാൻസ് പോയിക്കിട്ടുവെന്നത് സത്യവാ.
മാത്രവല്ല അവനുറങ്ങാതിരിക്കുന്ന കണ്ടാൽ നിങ്ങക്കിങ്ങനെ ഒന്നുമറിയാതെ കിടന്നെച്ചാ മതിയല്ലോ. ഈ വീട്ടിലെ സകല പണിയും ഞാനൊറ്റക്ക് ചെയ്യണവല്ലോന്നൊക്കെ പറഞ്ഞോണ്ട് അവനിട്ട് കുത്തുവേം ചെയ്യും. അവളെ കുറ്റം പറയാൻ ഒക്കുകേല. അബദ്ധത്തി പോലും അടുക്കള ഭാഗത്തോട്ട് പോവാത്ത മുതലാണ്.
ഒക്കെ കേട്ടോണ്ട് മിണ്ടാതെ ഉരിയാടാതെ എങ്ങനേലും അവള് വേഷവൊക്കെ മാറി വന്നൊന്ന് കിടന്നോട്ടെന്ന് വിചാരിച്ചോണ്ട് ക്ഷമിച്ചാലും വല്യ കാര്യവൊന്നുല്ല. ഒന്ന് നീങ്ങിക്കിടന്നേ മനുഷ്യാന്നും പറഞ്ഞോണ്ട് അവനെ തള്ളി മാറ്റി ചെന്ന് കിടക്കുന്ന അവളുടെ കാതിൽ സ്നേഹത്തോടെ അതിലേറെ പ്രണയത്തോടെ ഒരു ചും ബനവെങ്കിലും കൊടുക്കാനുള്ള തീവ്ര ശ്രമത്തിനിടയിലും അവള് പറയുന്നത് കേട്ടാലാണ് ആരും തളർന്ന് പോവാ.
ഈശോയെ കതക് ശരിക്കും പൂട്ടിയാരുന്നോ എന്തോ. കോഴിക്കൂട് അടച്ചാരുന്നോ. ഗ്യാസ് ഓഫ് ചെയ്താരുന്നോ. എന്ന് തുടങ്ങി ആധികളുടെ ഹോൾസെയിൽ കച്ചവടം മുഴുവനും നടത്തുന്നത് ആ സമയത്താന്നേ. ഇതൊക്കെ കേട്ട് കഴിഞ്ഞാൽ അവന്റെ പ്രണയവൊക്കെ റെയിൽവേ ട്രാക്കിലോ കായലിലോ ചാടി ആത്മഹ ത്യ ചെയ്തില്ലേൽ മാത്രവല്ലെ അത്ഭുതള്ളൂ.
സ്നേഹത്തോടെ അതിലേറെ പ്രണയത്തോടെ ഒരു ലി പ് ലോ ക്കേലും അവൾക്ക് സമ്മാനിച്ചോണ്ട് കണ്ണടച്ചാൽ മതിയെന്ന് മാത്രവേ എനിക്കാഗ്രഹവുള്ളൂടാന്നും പറഞ്ഞോണ്ട് അവനെന്നെ കെട്ടിപ്പിടിച്ചോണ്ട് കൊച്ചുങ്ങളെ പോലെ കരഞ്ഞു. മൂക്ക് പിഴിഞ്ഞോണ്ട്ഷ ർട്ടേൽ ഉരച്ചു.
ഒക്കെ കേട്ടപ്പോ വിഷമിക്കണ്ടടാ നിനക്ക് ഞാനില്ലെന്ന് പറഞ്ഞോണ്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ച എന്നെ തള്ളി മാറ്റിക്കൊണ്ട് അവനൊരു വല്ലാത്ത നോട്ടം നോക്കുവാന്നെ. ഞാനുദ്ദേശിച്ചത് ലി പ് ലോക്കിന് ഞാനുണ്ടെന്നല്ലായെന്ന് വിശദീകരിച്ചോണ്ട് പറഞ്ഞപ്പഴാ അവന് സമാധാനവായെ.
അല്ലേലും അവന്റെ വിഷമം മാറ്റേണ്ടത് സുഹൃത്തെന്ന നിലക്ക് എന്റേം കൂടേ ഉത്തരവാദിത്വവാന്നല്ലോ. കല്യാണം കഴിഞ്ഞ ആദ്യ നാളിലൊക്കെ സ്നേഹത്തിന്റെ വീര്യം കൂട്ടാൻ വേണ്ടി ചുണ്ടിൽ ചോക്ലേറ്റ്,തേനൊക്കെ പുരട്ടിക്കൊണ്ട് ചില കുസൃതികൾ ഞാനും ഒപ്പിക്കാറുണ്ടാരുന്നേ. ഏറെക്കുറെ അതൊക്കെ അത് സക്സസാരുന്നു താനും. ആരോടും ഷെയർ ചെയ്യാതെ എന്നോടൊപ്പം മണ്ണടിഞ്ഞോട്ടെന്ന് കരുതിയ രഹസ്യം അവന് ചിലപ്പോ ഉപകരിച്ചാലോന്ന് കരുതി മാത്രം ഷെയർ ചെയ്തെയാ. അവനത് കേട്ടപ്പോ തന്നെ സന്തോഷത്തോടെ വീണ്ടുവെന്നെ കെട്ടിപ്പിടിച്ചു ആനന്ദക്കണ്ണീർ വാർത്തു. മൂക്ക് പിഴിയുന്ന ഘട്ടം എത്തിയപ്പോ ഞാൻ മെല്ലെ പിൻവലിഞ്ഞു. അല്ലേൽ ആ തെ ണ്ടി വീണ്ടും ഷർട്ടേൽ ഉരച്ചാലോ. അവസാനം മാർക്കറ്റീന്ന് തേനും വാങ്ങിച്ചോണ്ട് മടങ്ങിയ അവനെ യാത്രയാക്കുമ്പോ ഹൃദയത്തിൽ എന്തെന്നില്ലാത്ത സന്തോഷവാരുന്നു. ഒരാൾക്കൊരു ഉപകാരം ചെയുമ്പോ കിട്ടുന്ന ഒരിതില്ലേ അത് തന്നെ.
കാലത്തെ ചങ്ക് വന്നിട്ടുണ്ടെന് ഭാര്യ പറഞ്ഞപ്പഴാ ഉറക്കം വിട്ടേഴുന്നേൽക്കുന്നെ. ഇന്നലത്തെ രാത്രി പൊളിച്ചടുക്കിയതിന്റെ സന്തോഷം അറിയിക്കാൻ വന്നതാരിക്കുവോ. ചെന്ന് നോക്കിയപ്പോ കണ്ട കാഴ്ച ചുണ്ടൊക്കെ ആഫ്രിക്കൻ വാളയുടെ ചുണ്ടിൽ കടന്നൽ കടിച്ച കൂട്ടിരിക്കുവാ. ഈശോയെ സംഗതി ഏറ്റെന്നാ തോന്നുന്നേ. കലക്കില്ലോടാന്നും പറഞ്ഞോണ്ട് നീട്ടിയ എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് ആ തെ ണ്ടി പറയുവാ. ശത്രുക്കളോട് പോലും ഇങ്ങനൊരു ദ്രോഹം ചെയ്യരുതെന്ന്. ഞാനെന്നാ ചെയ്തിട്ടാ.
പിന്നീടല്ലേ കാര്യവറിയുന്നേ. തേൻ പുരട്ടുന്നതിനിടയിൽ സ്വല്പം അകത്തോട്ടും പോയത്രേ. ശേഷം അവളേം കാത്ത് കിടക്കുന്നതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോവേം ചെയ്തു. ഉണരുമ്പോഴേക്കും ഉറുമ്പുകള് കേറിയങ്ങ് മേഞ്ഞു. എന്നാലും ഉറുമ്പ് കടിച്ചെന്ന് വെച്ച് ഇത്രേം പ്രശ്നാവൊന്ന് ചോദിച്ചപ്പോ അവൻ പറയാ. ഉണ്ടായ കാര്യങ്ങളൊക്കെ ഭാര്യ അറിഞ്ഞപ്പോ അങ്ങനൊരു ആഗ്രഹവുണ്ടെൽ കണ്ണിക്കണ്ട വിവരം കെട്ടവമ്മാരോട് ചോദിക്കാൻ നിക്കാതെ നേരെ ചൊവ്വേ പറഞ്ഞൂടാരുന്നോന്നും ചോദിച്ചോണ്ട് അവനെ ചേർത്ത് പിടിച്ച് ഉമ്മ വെച്ചത്രേ. അതോടെ അവന്റെ ദുരന്തം പൂർണവായിന്ന് പറയേണ്ടല്ലോ.
വിവരം കെട്ടവനെന്നുദ്ദേശിച്ചത് എന്നെയാവണം. എല്ലാറ്റിനും കാരണം ഞാനാണെന്നാ അവൻ പറയുന്നേ. ശ്ശെടാ അവന്റെ പറച്ചില് കേട്ടാ തോന്നുവ ഞാനാണ് അവന്റെ ചുണ്ടേൽ കേറി പണിഞ്ഞതെന്നാ. ഇതാ പറയുന്നേ ഇന്നത്തേക്കാലത്ത് ആർക്കും ഒരുപകാരവും ചെയ്യാൻ പാടില്ലെന്ന്.

