എഴുത്ത്:- നൗഫു ചാലിയം
“ഒരാൾക്കു ഏറ്റവും വേദന ഉണ്ടാവുന്നത് എപ്പോഴാണ്…??? “
മോട്ടിവിക്കേഷൻ ക്ലാസ് എടുക്കാൻ വന്ന സുജയുടെ ചോദ്യം കേട്ടപ്പോൾ മുന്നിൽ ഇരിക്കുന്ന കുട്ടികൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പെട്ടന്ന് തന്നെ അവർ ഓരോരുത്തരായി ഉത്തരം പറയാൻ തുടങ്ങി…
അതിൽ ഒരാൾ ആദ്യമേ പറഞ്ഞു..
“മരണം അല്ലെ മിസ്…”
ഞാൻ ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു…
“ ആണോ എന്ന് ചോദിച്ചാൽ ആണ്… നമുക്കെറെ പ്രിയപെട്ടവരുടെ മരണം വല്ലാത്ത വേദന തന്നെ ആയിരിക്കും…
പക്ഷെ അത് നമ്മൾ പെട്ടന്ന് തന്നെ മറക്കും…
മറവി ഒരു അനുഗ്രഹം ആണെന്ന് പറയുന്നത് അത് കൊണ്ടാണ്…”
“ഞാൻ ക്ലാസിൽ ഉണ്ടായിരുന്ന എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞപ്പോൾ
പെട്ടന്ന് ഒരു വിരുദ്ധൻ കയറി പറഞ്ഞു..
രാത്രിയിൽ വരുന്ന പല്ല് വേദനയാണ് മിസ് ഏറ്റവും കൂടുതൽ വേദന ഉണ്ടാക്കുന്നത്…
ആ സമയം ക്ലാസിൽ ഉണ്ടായിരുന്ന എല്ലാവരും ചിരിച്ചു പോയി…
ഒരാൾ ഒഴിച്ചു…
എന്റെ മുന്നിൽ തന്നെ ഇരിക്കുന്ന സുന്ദരിയായ പെൺകുട്ടി ആയിരുന്നു അത്… (ബാഹ്യമായ സൗന്ദര്യം അല്ലെ…എന്റെ മുന്നിൽ ഇരിക്കുന്നവർ എല്ലാം എനിക്ക് സുന്ദരികളും സുന്ദരന്മാരും തന്നെ ആയിരുന്നു )
അവൾ ചിരിക്കുക പോലും ചെയ്യാതെ ആലോചിച്ചു ഇരിക്കുകയായിരുന്നു…
എന്റെ ചോദ്യത്തിനുള്ള ഉത്തരം തന്നെ ആയിരിക്കാം അവൾ ഓർത്തു കൊണ്ടിരിക്കുന്നതെന്ന് എനിക്ക് തോന്നി..”
“പിന്നെയും കുറെ ഏറെ ഉത്തരങ്ങൾ എനിക്ക് കിട്ടി…
തലവേദന ഊര വേദന…കൈ വേദന…അങ്ങനെ പലതും…
ഭാര്യ വിട്ടിട്ട് പോകുന്നതാണ് മിസ് ഏറ്റവും വേദന ഉണ്ടാകുന്നതെന്ന് പറഞ്ഞപ്പോൾ പെൺകുട്ടികളുടെ ഭാഗത്തു നിന്നും അതിന് ഉത്തരം ഉണ്ടായി..
ഭർത്താക്കന്മർ വിട്ടു പോകുന്നതാണ് ഏറ്റവും വേദന എന്ന്..”
“അങ്ങനെ അവിടെ ഒരു ബഹളം പോലെയായി എനിക്ക് വേണ്ട ഉത്തരം കിട്ടാഞ്ഞത് കൊണ്ട് തന്നെ ഞാൻ ചോദിക്കുന്നവർ ഉത്തരം പറഞ്ഞാൽ മതിയെന്ന് പറഞ്ഞു..
നേരത്തെ മുന്നിലെ സീറ്റിൽ ഉണ്ടായിരുന്ന കുട്ടിയുടെ നേരെ കൈ ചൂണ്ടി ഞാൻ ചോദിച്ചു..
മോളു പറ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത വേദന മനസിന് ഉണ്ടാവുന്നത് എപ്പോഴാണ്…”
“അവൾ പെട്ടന്ന് തന്നെ എഴുന്നേറ്റു നിന്നു…
അവളുടെ രണ്ടു ഭാഗത്തേക്കും പരിഭ്രമത്തോടെ ഒന്ന് നോക്കി.. വീണ്ടും എന്നെ നോക്കി കൊണ്ട് പറഞ്ഞു..
നമ്മളോട് എപ്പോഴും സംസാരിച്ചു കൊണ്ടിരുന്ന ഒരാളുടെ മൗനമാണ് അവഗണനയാണ് നമുക്ക് ഏറ്റവും വേദന നൽകുന്നത്..
അതൊരു പക്ഷെ നമ്മുടെ പാട്ണർ ആയിരിക്കാം…ഒരു ഫ്രണ്ട് ആയിരിക്കാം… അതും അല്ലേൽ നമുക്ക് വേണ്ട പെട്ട നമുക്ക് ഏറ്റവും ഇഷ്ട്ടപെട്ട ആരും ആയിരിക്കാം..
അവർ നമ്മോട് സംസാരിക്കാതെ ഇരിക്കുമ്പോൾ തോന്നുന്ന വേദനയില്ലേ അതാണ് സഹിക്കാൻ പറ്റാത്ത വേദന.. “
അവൾ പറഞ്ഞു നിർത്തിയതും ചുറ്റിലും ഉണ്ടായിരുന്ന കുട്ടികൾ മുഴുവൻ കയ്യടിച്ചു…
“അവൾ പറഞ്ഞ ഉത്തരം ശരിയായിരുന്നു ഞാൻ മനസിൽ കണ്ട അതേ ഉത്തരം തന്നെ ആയിരുന്നു…
നമുക്ക് ഏറ്റവും വേദന നൽക്കുന്നത് നമ്മുടെ പ്രിയപെട്ടവരുടെ മൗനം തന്നെയാണ്…
നമ്മുടെ തെറ്റ് കൊണ്ടോ അതും അല്ലേൽ വേറെ എന്ത് കൊണ്ട് തന്നെ ആണെങ്കിലും ശരി..
സംസാരിച്ചു കൊണ്ടിരുന്നവരുടെ പെട്ടന്നുള്ള ഉൾവലിവ് നമുക്ക് സഹിക്കാൻ പറ്റാത്ത വേദന നൽകും…”
ഇഷ്ട്ടപെട്ടാൽ…👍👍👍