ഒരിക്കൽ അമ്മ ഓമനിച്ചു വളർത്തിയിരുന്ന റോസാച്ചെടിയിൽ നിന്നും പൂവിറുത്തു ആരും കാണാതെ അവൾക്കു സമ്മാനിച്ചതും അവൾ അത് തലയിൽ ചൂടിക്കൊണ്ടു കൂട്ടുകാരികൾക്കൊപ്പം……

പ്രേമം

എഴുത്ത്:-രാജീവ് രാധാകൃഷ്ണ പണിക്കർ

പ്രേമം
അതൊരു ലഹരിയാണ്.

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രേമിക്കാത്തവരായി ആരുമുണ്ടാവില്ല.

  ചിലർ പുറത്തേക്കു പ്രകടിപ്പിക്കും.ചിലർ  മനസ്സിലെ ചില്ലലമാരിയിൽ പൂട്ടിവയ്ക്കും.

പക്ഷെ പ്രേമം എന്തായാലും പ്രേമം തന്നെയാണ്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾ ഞങ്ങളുടെ സ്‌കൂളിലേക്ക് വരുന്നത്.

അന്ന് ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും വേറെ വേറെ ക്ലാസ് മുറികളാണ്.

എന്റെ തൊട്ടടുത്ത ക്ലാസിലായിരുന്നു അവൾ.

കാണാൻ ഐശ്വര്യമുള്ള  ഇരുനിറത്തിലുള്ള മെലിഞ്ഞ പെൺകുട്ടി.

അവൾ  ഒരു സകലകലവല്ലഭ ആയിരുന്നതിനാൽ സ്‌കൂളിൽ പെട്ടെന്ന് പ്രശസ്തയായി.

അക്കാലത്തു ചെറിയ ക്‌ളാസുകളിൽ പോലും ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സംസാരിക്കില്ല.അതാണ് നാട്ടുനടപ്പ്.

അക്കൊല്ലം സാഹിത്യസമാജത്തിന്റെ പ്രസിഡന്റ് ഞാനും സെക്രെട്ടറി അവളുമായിരുന്നു.

സയൻസ് ക്ളബ്ബിന്റെ   പ്രസിഡന്റ് അവളും സെക്രെട്ടറി ഞാനും.

ഞങ്ങൾ തമ്മിൽ പലപ്പോഴും ഒന്നിച്ചിടപഴകേണ്ടിയിരുന്നു.

കൗമാരത്തിന്റെ ചാപല്യം എന്തോ ഒരിഷ്ടം അവളോടെനിക്കും അവൾക്കെന്നോടും തോന്നിപ്പിച്ചു.

അതൊരിക്കലും പ്രേമമാണെന്ന് അറിഞ്ഞിരുന്നില്ല.

ഒരിക്കൽ അമ്മ ഓമനിച്ചു വളർത്തിയിരുന്ന റോസാച്ചെടിയിൽ നിന്നും പൂവിറുത്തു ആരും കാണാതെ അവൾക്കു സമ്മാനിച്ചതും അവൾ അത് തലയിൽ ചൂടിക്കൊണ്ടു കൂട്ടുകാരികൾക്കൊപ്പം നടന്നുപോകുമ്പോൾ എന്നെ ഒളികണ്ണിട്ടു നോക്കിയതുമെല്ലാ  ആൺകുട്ടികൾ ക്കിടയിൽ എന്റെ നിലവാരം ഉയർത്തി.

ആയിടെ എറണാകുളത്തു വച്ചു നടന്ന രണ്ടു ദിവസത്തെ സയൻസ് എക്സിബിഷൻ ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.

എറണാകുളത്തെ തിരക്കിനിടയിൽ റോഡ് ക്രോസ്സ് ചെയ്യാൻ പേടിച്ചുനിന്ന അവളെ എന്റെ കൈപിടിച്ചു റോഡ് മുറിച്ചു കടത്തിയതും അതിനു പ്രതിഫലമായി കാന്റീനിൽ നിന്നും കിട്ടിയ പപ്പടവടയുടെ പകുതി മുറിച്ചു അവൾ എന്റെ വായിൽ വച്ചു തന്നതും ചോറുണ്ണുമ്പോൾ തന്റെ പാത്രത്തിൽ നിന്നും മറ്റാരും കാണാതെ മീൻകഷ്ണം എന്റെ പാത്രത്തിലേക്കിട്ടതുമെല്ലാം കൗമാരപ്രേമത്തിന്റെ ചാപല്യങ്ങളായിരുന്നു എന്നു തിരിച്ചറിയുവാൻ വൈകിപ്പോയി.

പിറ്റേ കൊല്ലം അച്ഛന് ട്രാൻസ്ഫർ ആയി അവൾ ഞങ്ങളുടെ സ്കൂളിൽ നിന്നും പോയി.

പിരിയാൻ നേരം തന്റെ ബുക്കിനുള്ളിൽ നിധിപോലെ വച്ചിരുന്ന മയിൽപ്പീലി അവൾ എനിക്ക് സമ്മാനിച്ചു കൊണ്ട് പറഞ്ഞു ഒരിക്കലും മറക്കില്ലെന്ന്.

കാലത്തിന്റെ കുത്തൊഴുക്കിൽ അവളും ആ മയിൽപ്പീലിയുമെല്ലാം മനസ്സിൽ നിന്നും മാഞ്ഞു പോയി.

പക്ഷെ ജീവിതമെന്ന മാരത്തോൺ അവസാന ലാപ്പുകളിലേക്ക് കടക്കുന്ന ഈ വേളയിൽ അവളെ കുറിച്ചുള്ള ഓർമകൾ ഒരു സുഖമുള്ള തെന്നലായി തഴുകി വരുന്നു.

ഇന്നവൾ എവിടെയാണാ ആവോ………

ശുഭം

Leave a Reply

Your email address will not be published. Required fields are marked *