Story written by Shaan Kabeer
“മനസ്സിലെ സങ്കടം വിട്ട് ഒന്നു കരയാൻ പോലും വയ്യ അതിന്. അതിനെ വിട്ട് നിങ്ങള്‍ എങ്ങോട്ടാ ഉണ്ണിയേട്ടാ പോകുന്നത്. ഈ കുടുംബത്തിന്റെ മൊത്തം ശാപം നേടിയിട്ട് നമുക്ക് ഒന്നും നേടേണ്ട.., ഉണ്ണിയേട്ടനെ ഞാന്‍ ശപിക്കില്ല, ഞങ്ങള്‍ ആരും ശപിക്കില്ല. വിധവയുടെ വേഷവും കെട്ടില്ല. ആ മിണ്ടാ പ്രാണിക്ക് ഒരു ജീവിതം കൊടുത്താല്‍ എന്റെ മനസ്സില്‍ ഉണ്ണിയേട്ടൻ ഇനിയും വലുതാവുകയേയുള്ളൂ, നിറഞ്ഞ മനസ്സോടെയാ ഞാനീ പറയുന്നേ “
സന്തോഷത്തോടെ സുജാത ഉണ്ണിയേയും പൂജയേയും ചേര്‍ത്തുവച്ചു. സങ്കടങ്ങൾ എല്ലാം മറന്ന് എല്ലാവരും ആട്ടവും പാട്ടുമായി അവരുടെ വിവാഹം ആഘോഷമാക്കി.
വർഷങ്ങൾക്ക് ശേഷം…
മനോഹരമായ ഒരു ഗ്രാമം. ആ ഗ്രാമത്തിലാണ് സുജാതയും കുടുംബവും താമസിക്കുന്നത്. ഭർത്താവ് ചെറിയ ഒരു പലചരക്ക് കട നടത്തുകയാണ്. കുറച്ചു കാലം മുമ്പ് വരെ ഒരു സൂപ്പര്‍ മാർക്കറ്റിന്റെ മുതലാളിയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ മകന്‍ സന്ദീപ് പഠിത്തമെല്ലാം കഴിഞ്ഞ്, ചെയ്ത ജോലിയിലൊന്നും ഒരു ആത്മ സംതൃപ്തിയും കിട്ടാത്തത്കൊണ്ട് ജോലിയെല്ലാം ഉപേക്ഷിച്ച് ബിസിനസ്സ് എന്ന ലോകത്തേക്ക് കാലെടുത്ത് വെച്ച ആ ദിവസം.
അച്ഛന്റെ സൂപ്പര്‍ മാർക്കറ്റ് ലുലു മാളാക്കിത്തരാം എന്ന് പറഞ്ഞ് അച്ഛന്റെ ശവപ്പെട്ടിയിലെ ആദ്യ ആണി അടിച്ചു കൊണ്ടായിരുന്നു സന്ദീപ് ബിസിനസ്സിൽ ഹരിശ്രീ കുറിച്ചത്. ആദ്യത്തെ സംരംഭം പരാജയപ്പെട്ടങ്കിലും തോറ്റു പിൻമാറാൻ സന്ദീപ് തയ്യാറായില്ല. ജോലിചെയ്യാനുള്ള മനസ്സും പുതിയ ആശയങ്ങളും അവന്റെയുള്ളിൽ തിങ്ങി നിറഞ്ഞ് കിടക്കായിരുന്നു. പക്ഷെ ഭാഗ്യം എന്ന രണ്ടക്ഷരം അവനെ കണ്ട ഭാവം നടിച്ചില്ല. ചെയ്ത ബിസിനസ്സെല്ലാം എട്ട് നിലയില്‍ പൊട്ടി. ഒടുവില്‍ വാട്ടര്‍ ബോട്ടിലിന്റെ ഡിസ്ട്രിബ്യൂഷൻ ആരംഭിച്ചപ്പോൾ, അത് വരെ പെയ്യാതെയിരുന്ന മഴ കാലവർഷം തെറ്റി തകര്‍ത്തു പെയ്തു. മഴ വന്നപ്പോള്‍ വെള്ളത്തിന്റെ ബിസിനസ്സ് അൺ സീസൺ ആയി. അങ്ങനെ അതും പൊട്ടി.
ഒരുഭാഗത്ത് ബിസിനസ്സ് തകര്‍ന്നടിയുമ്പോൾ മറുവശത്ത് കടം എന്ന ഊരാക്കുടുക്ക് കുന്ന് കൂടുകയായിരുന്നു. അപ്പോഴെല്ലാം സന്ദീപിനെ ആശ്വസിപ്പിച്ചതും പുതിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ചതും അവളായിരുന്നു… ഭാഗ്യം… ഭാഗ്യ ലക്ഷ്മി. വീട്ടുകാരുടെ എതിർപ്പെല്ലാം അവഗണിച്ച് ഭാഗ്യലക്ഷ്മി സന്ദീപിനെ ജീവനുതുല്യം സ്നേഹിച്ചു. സാമ്പത്തിക മായി അവള്‍ സന്ദീപിനെ ഒരുപാട് സഹായിച്ചു. അവളുടെ വളയും മാലയുമെല്ലാം അവനുവേണ്ടി ഊരി കൊടുത്തു. അവന്റെ പ്രശ്നങ്ങള്‍ എല്ലാം കഴിഞ്ഞ് നല്ലൊരു കുടുംബ ജീവിതം അവള്‍ സ്വപ്നം കണ്ടു. പക്ഷേ ഓരോ ദിവസം കഴിയും തോറും സന്ദീപിന്റെ പ്രശ്നങ്ങള്‍ കൂടിക്കൊണ്ടിരുന്നു. കാശ് കൊടുക്കാനുള്ളവർ അവനെ തേടിയെത്തി. ഒടുവില്‍ അവര്‍ സന്ദീപിന്റെ വീട്ടിലുമെത്തി.
ഓരോരോ കള്ളങ്ങൾ പറഞ്ഞ് വീട്ടുകാരുടേയും കടക്കാരുടേയും മുന്നില്‍ കുറച്ചു നാൾ പിടിച്ചു നിന്നു. ജീവിതം ഒന്ന് കരക്കടുപ്പിക്കാൻ വേണ്ടി കള്ളം പറഞ്ഞു തുടങ്ങിയ സന്ദീപ് പിന്നീട് പറയുന്നതെല്ലാം കള്ളമായി മാറി. അവനെ ആരും വിശ്വസിക്കാതെയായി. കാശ് കൊടുക്കാനുള്ളവർ അവന് അന്ത്യശാസനം നൽകി.
സന്ദീപിന്റെ അടുത്ത കൂട്ടുകാരാണ് ശർമാജിയും, ജോജിയും. ശർമ്മാജി കുറേ കാലം ഗൾഫിലായിരുന്നു. പ്രവാസ ജീവിതം മടുത്തപ്പോൾ , അതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യവും കൊണ്ട് നാട്ടില്‍ ഒന്നു സെറ്റൽഡ് ആകാന്‍ തീരുമാനിച്ചപ്പോൾ പുതിയ പ്രൊജക്റ്റിൽ സന്ദീപ് ശർമ്മാജിയെ പാർട്ണറാക്കി. അതോടെ ശർമ്മാജി ശരിക്കും നാട്ടില്‍ സെറ്റൽഡ് ആയി. അയാളുടെ പാസ്പോർട്ട് വരെ ഇപ്പോള്‍ കടക്കാരുടെ കയ്യിലാണ്. തന്റെ കൂട്ടുകാരന്‍ കാരണം സ്വന്തം വീട്ടില്‍ വരെ കയറാന്‍ പറ്റാത്ത അവസ്ഥയിലാണ് ജോജി. ഇപ്പോ തരാം, പിന്നെ തരാം എന്നൊക്കെ പറഞ്ഞ് ജോജിയുടെ അനിയത്തിയുടേയും, ചേട്ടത്തിയമ്മയുടേയും മാലയും വളയുമെല്ലാം സന്ദീപിന് വേണ്ടി പണയം വച്ചിരുന്നു. പലിശക്കാർ സന്ദീപിന് നൽകിയ അന്ത്യശാസനം, ഒരു മാസത്തിനകം മേടിച്ച കാശെല്ലാം തിരിച്ചേൽപ്പിക്കണമെന്നാണ്. അല്ലാത്ത പക്ഷം അവര്‍ താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റ് കടങ്ങൾ തീർക്കാമെന്ന് അച്ഛന്‍ കടക്കാർക്ക് ഉറപ്പു നൽകി. സ്വന്തം മോനേക്കാൾ വലുതായിരുന്നില്ല ആ അച്ഛനും അമ്മക്കും ഒന്നും.
തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന അച്ഛനും അമ്മയും താന്‍ കാരണം പെരുവഴിയിലാകുന്നത് ചിന്തിക്കാന്‍ പോലും വയ്യായിരുന്നു സന്ദീപിന്. വീടിനടുത്തുള്ള മൈതാനത്താണ് സന്ദീപും, ശർമ്മാജിയും, ജോജിയും ഒത്തു കൂടാറുള്ളത്. അവരുടെ സങ്കടങ്ങളും, പ്രതീക്ഷകളുമെല്ലാം അവിടെ വച്ചായിരുന്നു പങ്ക് വച്ചിരുന്നത്. ചില ദിവസങ്ങള്‍ അർദ്ധ രാത്രി വരെ അവിടെ ഇരിക്കാറുണ്ട്. ചിലപ്പോള്‍ അവിടെ കിടന്നുറങ്ങാറുമുണ്ട്. മൈതാനത്തിനോട് ചേർന്നുള്ള റെയില്‍വേ പാളത്തിലൂടെ ഇടയ്ക്കിടെ ചീറി പാഞ്ഞു പോകുന്ന തീവണ്ടിയുടെ ശബ്ദം അവര്‍ക്ക് കവിത പോലെ ആയിരുന്നു.
അന്നും അവര്‍ മൂന്നുപേർ അവിടെ ഒത്തു കൂടി. ഒരു മാസത്തിനുള്ളിൽ പണം കൊടുക്കാന്‍ പറ്റിയില്ലെങ്കിൽ തനിക്കെല്ലാം നഷ്ടപ്പെടും എന്ന് സന്ദീപിന് ഉറപ്പായിരുന്നു. സ്നേഹിച്ച പെണ്ണും അമ്മയും, അച്ഛനും എല്ലാം. മനസ്സിലെ സങ്കടങ്ങളെല്ലാം പറഞ്ഞ് സന്ദീപ് വിതുമ്പി. ജോജിക്കും ശർമ്മാജിക്കും എല്ലാം കേട്ടിരിക്കാനെ കഴിഞ്ഞുള്ളൂ. സമയം ഒരുപാട് വൈകി, ദൂരെ നിന്നും തീവണ്ടിയുടെ ശബ്ദം അവരുടെ കാതുകളിൽ മുഴങ്ങി. അവരുടെ മുന്നിലൂടെ തീവണ്ടി കടന്നുപോയി. തീവണ്ടിയിൽ നിന്നും എന്തോ ഒന്ന് പുറത്തേക്ക് തെറിച്ച് വീഴുന്നത് ജോജി ശ്രദ്ധിച്ചു. ജോജി അവരേയും കൂട്ടി അതിന്റെ അടുത്തേക്ക് പോയി. അപ്പോ ശർമ്മാജിക്കൊരു സംശയം അവരുടെ പ്രശ്നങ്ങള്‍ എല്ലാം കണ്ടിട്ട് ദൈവം തീവണ്ടിയിലൂടെ പണച്ചാക്കോ മറ്റോ എറിഞ്ഞുകൊടുത്തതാണോ എന്ന്. അവര്‍ അതിന്റെ അടുത്തെത്തി. അത് ഒരു മനുഷ്യന്‍ ആയിരുന്നു. ഒരു പഞ്ജാബി.
അയാള്‍ക്ക് ജീവനുണ്ടായിരുന്നു. അയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചാൽ ജീവന്‍ രക്ഷപ്പെടും എന്ന് ശർമ്മാജി പറഞ്ഞു. ജീവിതത്തില്‍ ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ട് അതിന്റെകൂടെ ഈ ഒരു തലവേദനയും കൂടെ വേണ്ട എന്ന് പറഞ്ഞ് സന്ദീപ് അത് തടഞ്ഞു. പക്ഷെ ശർമ്മാജിയുടെ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ പഞ്ജാബിയെ ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റതിനാൽ ബോധം തിരിച്ചു കിട്ടാന്‍ കുറച്ച് ദിവസമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. അയാള്‍ ആരാണ് എന്താണ് എന്നതിന് ഒരു തെളിവും ഇല്ലാത്തതിനാല്‍ ബോധം വരുന്നത് വരെ കൂടെനിൽക്കാൻ പോലീസ് ആവശ്യപ്പെട്ടു. ഇത് കേട്ട ഉടന്‍ അയാളുടെ എല്ലാ കാര്യങ്ങളും ഒരു കുറവും വരാതെ ഞങ്ങള്‍ നോക്കാം എന്ന് ജോജി കയറി പറഞ്ഞു. ഇത് കേട്ട രണ്ടു പേരും അവനെ തുറിച്ചു നോക്കി. പോലീസ് പോയ ഉടന്‍ ശർമ്മാജി അവന്റെ കഴുത്തിന് പിടിച്ചു ആ കൈകള്‍ തട്ടി മാറ്റിയിട്ട് രണ്ട് പേരേയും ജോജി മാറിമാറി നോക്കി
“ആ കിടക്കുന്നത് ആരാന്നാ നിങ്ങളുടെ വിചാരം…? കോടീശ്വരനാ, കോടീശ്വരൻ. നമ്മുടെ പ്രശ്നങ്ങള്‍ കണ്ട് ദൈവം പഞ്ജാബിയുടെ രൂപത്തില്‍ അവതരിച്ചതാ”
ഒന്ന് നിറുത്തിയിട്ട് ജോജി പോക്കറ്റിൽ നിന്നും ഒരു കടലാസെടുത്ത് ഉയര്‍ത്തി കാണിച്ചു
“ഇതെന്താണെന്ന് അറിയോ, കടലാസ്. വെറും കടലാസല്ല, കോടികള്‍ വിലമതിക്കുന്ന കടലാസ്. പഞ്ജാബിയുടെ പോക്കറ്റില്‍ നിന്നും കിട്ടിയതാ. ആരൊക്കെ എത്രയൊക്കെ കൊടുക്കാനുണ്ടന്ന് ഈ കടലാസ്സില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. പണം കൊടുക്കാനുള്ള ആരോ പഞ്ജാബിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതാണ്”
ജോജിയുടെ കയ്യില്‍ നിന്നും ആ കടലാസ് വാങ്ങി രണ്ടുപേരും മാറി മാറി നോക്കി. അതെ സത്യമാണ് കോടികളുടെ കണക്കാണ് അതിലുള്ളത്. അല്പം തല ഉയര്‍ത്തി ജോജി തുടര്‍ന്നു
“ഈ പഞ്ജാബിക്ക് ബോധം തിരിച്ചു കിട്ടാന്‍ ഇനിയും ദിവസങ്ങളെടുക്കും. അതിനുള്ളിൽ നമ്മള്‍ ഈ കടലാസ്സിലുള്ള വിലാസത്തിൽ പോകുന്നു. ലിസ്റ്റിലുള്ള എല്ലാവരോടും പണം നൽകാൻ ആവശ്യപ്പെടുന്നു, തന്നില്ലെങ്കിൽ കൊട്ടേഷൻ പിള്ളേര് അവിടെ കിടന്ന് മേയുമെന്ന് ഭീഷണിപ്പെടുത്തുന്നു. അവര്‍ പേടിച്ച് കാശ് തരുന്നു. ബോധം തിരിച്ച് കിട്ടുന്ന പഞ്ജാബി തന്റെ ജീവനും പണവും രക്ഷിച്ച നമുക്ക് ആ കാശിന്റെ പകുതി തരുന്നു. പിന്നെ നമ്മള്‍ ആരാ”
ജോജിയുടെ ഈ വാക്കുകള്‍ കേട്ട് സന്ദീപും ശർമ്മാജിയും പരസ്പരം നോക്കി. എന്നിട്ട് അവരുടെ പോക്കറ്റില്‍ നിന്നും അതു പോലത്തെ കടലാസ്സെടുത്ത് ജോജിയെ കാണിച്ചു. ആ കടലാസിലും ലക്ഷങ്ങളുടെ കണക്കുണ്ടായിരുന്നു. പക്ഷെ ലക്ഷങ്ങള്‍ കിട്ടാനുള്ളതല്ല, അങ്ങോട്ട് കൊടുക്കാനുള്ളതാണ്. ഒരു ശരാശരി ഇന്ത്യന്‍ പൗരന്റെ പോക്കറ്റില്‍ ഇങ്ങനെയുള്ള കടലാസ്സുകൾ സർവ്വ സാധാരണമാണെന്നും അവര്‍ ജോജിയോട് പറഞ്ഞു.
“ബോധം തിരിച്ചുകിട്ടിയാൽ പഞ്ജാബിയെ എവിടെയെങ്കിലും കൊണ്ട് പോയി കളഞ്ഞോണം, നാട്ടിലുള്ള കടക്കാരെ കൊണ്ട് തന്നെ ഇവിടെ നിൽക്കാൻ വയ്യ അത് പോരാഞ്ഞിട്ടാണ് പഞ്ജാബിലുള്ള കടക്കാര്”
സന്ദീപ് ജോജിക്കു നേരെ കണ്ണുരുട്ടി. അങ്ങനെ മൂന്നു പേരും ഒരുമിച്ച് ആ തീരുമാനത്തില്‍ എത്തി. ബോധം തിരിച്ചു കിട്ടിയ ഉടനെ പഞ്ജാബിയെ ഉപേക്ഷിച്ച് മെല്ലെ തടിയൂരുക എന്ന്.
ദിവസങ്ങൾക്കു ശേഷം പഞ്ജാബിക്ക് ബോധം തിരിച്ചു കിട്ടി. അവര്‍ പഞ്ജാബിലേക്കുള്ള ടിക്കറ്റ് എടുത്ത് അയാളെ ട്രയിനിൽ കയറ്റി വിട്ടു. അപ്പോഴാണ് മൂന്നുപേർക്കും ആശ്വാസമായത്. തലയില്‍ നിന്നും ഒരു വലിയ ഭാരം ഇറക്കി വച്ചതുപോലെ തോന്നി അവർക്ക്. അന്ന് രാത്രി മൂന്നുപേരും മൈതാനത്ത് ഒത്തു കൂടി ഒരുപാട് മ ദ്യപിച്ചു. പരസ്പരം കാണാന്‍ പറ്റാത്ത അത്രയും ഇരുട്ടായിരുന്നു അന്ന്. റെയിൽ പാളത്തിലൂടെ തീവണ്ടി ചീറിപ്പാഞ്ഞു പോയപ്പോള്‍ അതിന്റെ വെളിച്ചത്തില്‍ അവർ മൂന്നുപേരെ കൂടാതെ വേറെ ആരോ തങ്ങളുടെ കൂടെ ഇരിക്കുന്നുണ്ട് എന്നവർക്ക് മനസ്സിലായി. മൂന്നു പേരും ഉച്ചത്തില്‍ നിലവിളിച്ച് അവിടെ നിന്നും ഓടാന്‍ ശ്രമിച്ചപ്പോള്‍ ആ രൂപം അവരെ തടഞ്ഞു. അപ്പോഴാണ് അവർ അയാളുടെ മുഖം കാണുന്നത്. അത് അന്ന് അവർ രക്ഷപ്പെടുത്തിയ പഞ്ജാബിയായിരുന്നു.
പഞ്ജാബി അവരോട് ഒരു സഹായം ആവശ്യപ്പെട്ടു. തന്റെ പോക്കറ്റില്‍ നിന്നും കിട്ടിയ കടലാസ്സിലുള്ള കാശിന്റെ കണക്ക് താന്‍ കൊടുക്കാനുള്ളതല്ലാ എന്നും തനിക്ക് കിട്ടാനുള്ളതാണന്നും, തനിക്ക് കിട്ടാനുള്ള കാശ് മേടിച്ചു തന്നാല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാമെന്നും പഞ്ജാബി അവരോട് പറഞ്ഞു.
“പഞ്ജാബിയായ നിങ്ങൾ വിചാരിച്ചിട്ട് കാശ് മേടിക്കാൻ പറ്റണില്ല, പിന്നെയാണോ മലയാളികളായ ഞങ്ങള്‍ ഒരു പരിചയവുമില്ലാത്ത പഞ്ജാബിലേക്ക് കാശിനു വേണ്ടി പോകുന്നത്. അവര് ഞങ്ങളെ പഞ്ഞിക്കിടില്ലേ”
അവരുടെ മറുചോദ്യത്തിന് മറുപടിയായി പഞ്ജാബി പറഞ്ഞു
“നിങ്ങള്‍ പോകേണ്ടത് പഞ്ജാബിലേക്കല്ല. പഞ്ജാബിഹൗസിലേക്കാണ്. കേരളത്തിലെ പഞ്ജാബിഹൗസിലേക്ക്. എനിക്കവിടെ കയറിച്ചെന്ന് കാശ് ചോദിക്കാന്‍ പറ്റില്ല. പഞ്ജാബിഹൗസിന്റെ ഏഴകലത്ത് ഞാന്‍ കാലുകുത്തിയാൽ അവർ എന്നെ അഭായപ്പെടുത്തും. എനിക്ക് ഈ കേരളത്തില്‍ നിങ്ങളെ മാത്രമേ പരിചയമൊള്ളൂ. നിങ്ങള്‍ വിചാരിച്ചാല്‍ എന്റെ കാശ് കിട്ടും”
പഞ്ജാബി അവരോട് അഭ്യര്‍ത്ഥിച്ചു ഇത് കേട്ടപ്പോള്‍ അവര്‍ മൂന്നു പേരും ഒരേ സ്വരത്തില്‍ ചോദിച്ചു
“എങ്ങനെ “
പഞ്ജാബിഹൗസിലെ അവസാന വാക്ക് ഉണ്ണി എന്ന മലയാളിയുടേതാണന്നും, നിങ്ങള്‍ എങ്ങനെയെങ്കിലും പഞ്ജാബിഹൗസിൽ കയറിപറ്റി ഉണ്ണിയുടെ വിശ്വാസം നേടിയെടുത്ത്, ഉണ്ണിയെകൊണ്ട് തനിക്ക് കാശ് കിട്ടാനുള്ള എല്ലാവരുടേയും അടുത്ത് നിന്ന് കാശ് തിരികെ മേടിച്ചു തരണമെന്നും പഞ്ജാബി അവരോട് അപേക്ഷിച്ചു. ഇതൊക്കെ കേട്ട് ആദ്യം ഇതൊന്നും ശരിയാകില്ല എന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ജോജിക്ക് എന്തോ ഒരു ആത്മവിശ്വാസം.
“എന്തായാലും ഒരു മാസം കൊണ്ട് നമ്മുടെ പ്രശ്നങ്ങള്‍ ഒന്നും തീരില്ല. എന്തായാലും നമുക്ക് ഇവിടെ നിന്ന് ഒന്ന് മാറി നിൽക്കണം. അതെന്തുകൊണ്ട് പഞ്ജാബിഹൗസിലേക്കായിക്കൂടാ…? എന്നാ കടക്കാരെ പേടിക്കുകയും വേണ്ട. കിട്ടിയാ ഓണം ബമ്പർ പോയാ കഞ്ഞീം പയറും”
പഞ്ജാബിക്ക് കിട്ടാനുള്ള മൊത്തം കാശും മേടിച്ചുകൊടുക്കാമെന്ന് അവര്‍ ഏറ്റു. അങ്ങനെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച അവര്‍ അവസാന കച്ചിതുരുമ്പും തേടി പഞ്ജാബിഹൗസിലേക്ക്… ഉണ്ണിസിങ് ഭരിക്കുന്ന പഞ്ജാബി ഹൗസിലേക്ക്.
ഉണ്ണിയുടെ മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു പഞ്ജാബിഹൗസ്. രാജകീയമായ ഒരുക്കങ്ങളായിരുന്നു അവിടെ നടന്നിരുന്നത്. അവിടെ പന്തലിടാനുള്ള ക്വട്ടേഷന്‍ കിട്ടിയിരിക്കുന്നത് ആശാനായിരുന്നു. അവര്‍ മൂന്നു പേരും സൂത്രത്തിൽ ആശാന്റെ ജോലിക്കാരായി കയറിപറ്റി. ആശാന്റെയും കൂട്ടരുടേയും കൂടെ അവര്‍ യാത്രയായി.പഞ്ജാബിഹൗസിലെ രാജകീയ കല്യാണത്തിന് പന്തെലൊരുക്കാൻ.
അങ്ങനെ അവര്‍ പഞ്ജാബിഹൗസിലെത്തി പണിതുടങ്ങി. കൊട്ടാരം പോലത്തെ പന്തലാണ് അവര്‍ ഒരുക്കുന്നത്. ജോലിക്കിടയിൽ അവര്‍ ഉണ്ണിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ആ കൊട്ടാരം പോലത്തെ വീട്ടിനകത്ത് അവരുടെ ശ്രമങ്ങളെല്ലാം പരാജയമയി. ഉണ്ണി വിദേശത്താണന്നും കല്യാണത്തിന് രണ്ടു ദിവസം മുമ്പേ എത്തുകയൊള്ളൂ എന്നും പഞ്ജാബിഹൗസിലെ മാനേജര്‍ രമണൻ പറഞ്ഞാണ് അവര്‍ അറിയുന്നത്. എന്തായാലും ഉണ്ണി വരുന്നതിന് മുമ്പ് കടലാസ്സില്‍ പേരുള്ളവരെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു അവര്‍. കാശ് കൊടുക്കാനുള്ളവരെ കണ്ടു പിടിച്ചപ്പോൾ മൂന്നു പേരും ഒരുമിച്ച് ഞെട്ടി..!!! അവിടുത്തെ പ്രമുഖരുടെ മക്കളായിരുന്നു എല്ലാവരും. അതില്‍ പ്രധാനി ഉണ്ണിയുടെ മകന്‍ യുവരാജും. ഈ കാര്യം ഉണ്ണിയോട് പറഞ്ഞാല്‍ അയാളുടെ അടിയായിരിക്കും തങ്ങളുടെ ശരീരത്ത് ആദ്യം വീഴുക എന്നവർക്ക് ഉറപ്പായിരുന്നു. ഇതൊന്നും ശരിയാകില്ല എങ്ങനെ യെങ്കിലും പഞ്ജാബിഹൗസിന് പുറത്ത് കടക്കണം എന്നവര്‍ തീരുമാനിച്ചു. പക്ഷേ, ആകാശം തന്നെ ഇടിഞ്ഞു വീണാലും ഏറ്റെടുത്ത ജോലി തീരാതെ ഒരുത്തനേയും പഞ്ജാബിഹൗസ് വിട്ട് പറഞ്ഞയക്കില്ലന്ന് ആശാന്റെ രോദനം.
അടുത്ത ദിവസം സന്ദീപും കൂട്ടുകാരും ഒരുപാട് മ ദ്യപിച്ചു. മൂന്നുപേരും അവരുടെ സങ്കടങ്ങൾ പരസ്പരം പറഞ്ഞു. കഴിച്ച മ ദ്യത്തിന്റെ ധൈര്യത്തിൽ ആശാനും കൂട്ടരുമറിയാതെ അവര്‍ അവിടെനിന്നും പുറത്ത് കടക്കാൻ ശ്രമിച്ചു. പക്ഷെ അവര്‍ പിടിക്കപ്പെട്ടു. ഉണ്ണിയുടെ മകൾ രുദ്രയാണ് അവരെ കയ്യോടെ പിടികൂടിയത്. മാത്രമല്ല അവര്‍ മൂന്നു പേരും സംസാരിച്ചതെല്ലാം അവള്‍ കേട്ടിരുന്നു. അതുകൊണ്ട് തന്നെ അവരുടെ ഉദ്ദേശവും രുദ്രക്ക് മനസ്സിലായി. തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം സന്ദീപ് അവളോട് തുറന്ന് പറഞ്ഞു. വേറൊരു വഴിയും ഇല്ലാത്തത് കൊണ്ടാണ് പഞ്ജാബിഹൗസിലേക്ക് ഈ വേഷവും കെട്ടി വന്നതെന്ന് നിറകണ്ണുകളോടെ സന്ദീപ് അവളോട് പറഞ്ഞു.
കഥകളെല്ലാം കേട്ടപ്പോള്‍ രുദ്രക്ക് സന്ദീപിനോട് എന്തോ ഒരു സഹതാപം തോന്നി. അച്ഛനോട് പറഞ്ഞ് രുദ്ര അവനെ സഹായിക്കാമെന്നേറ്റു. സന്ദീപും കൂട്ടുകാരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഉണ്ണിയുടെ വരവും കാത്ത് ദിവസങ്ങള്‍ എണ്ണി കഴിഞ്ഞു അവര്‍. ഇതിനിടക്ക് സന്ദീപും രുദ്രയും നല്ല കൂട്ടായി. സന്ദീപിന് അവള്‍ നല്ലൊരു കൂട്ടുകാരി മാത്രമായിരുന്നു. പക്ഷെ രുദ്രയുടെ മനസ്സില്‍ സന്ദീപിനോട് പ്രണയം മൊട്ടിട്ടു. അവര്‍ അടുത്തിടപഴുകുന്നത് പഞ്ജാബിഹൗസിലെ പലരേയും ചൊടിപ്പിച്ചു. പക്ഷെ ഉണ്ണിയുടെ മകളായത് കൊണ്ട് ആരും പ്രതികരിച്ചില്ല. പക്ഷെ സിക്കന്ദർ സിങ് സന്ദീപിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആളെ ഏർപ്പാടാക്കി.
പഞ്ജാബിഹൗസിലെ കല്യാണത്തിന് ഇനി രണ്ടു ദിവസം മാത്രം. ഇന്നാണ് ഉണ്ണി വരുന്നത്. ഇന്നത്തോടെ തങ്ങളുടെ പ്രശ്നങ്ങളെല്ലാം തീരുമെല്ലോ എന്നോർത്തപ്പോൾ മൂന്നുപേരുടെ മനസ്സിലും സന്തോഷം നിറഞ്ഞു. ഉണ്ണിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പഞ്ജാബിഹൗസിലെ മുഴുവന്‍ ആളുകളും, കൂടെ അവര്‍ മൂന്നുപേരും.
ഉണ്ണിയെത്തുന്നതിന് കുറച്ചു മുമ്പാണ് സിക്കന്ദർ സിങിന്റെ ചാരൻ ആ വാർത്തയുമായി എത്തിയത്. ഉണ്ണിയുടെ പഴയ കാമുകിയുടെ മകനാണ് സന്ദീപ് എന്നും തന്റെ അമ്മയെ പണ്ട് ഉണ്ണി ചതിച്ചതിന് പകരം ചോദിക്കാന്‍ വന്നതാണന്നും അവന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവനാണന്നും, ഒരുപാട് പേരെ പറ്റിച്ച് മുങ്ങി നടക്കുകയാണന്നും ചാരൻ സിക്കന്ദർ സിങിനോട് പറഞ്ഞു. ഇത് കേൾക്കേണ്ട താമസം സിക്കന്ദർ സിങ് സന്ദീപിനെ തല്ലിചതച്ചു. അവന് പറയാനുള്ളത് കേൾക്കാൻ സിങ് കൂട്ടാക്കിയില്ല. അപ്പോഴാണ് ഉണ്ണി അവിടേക്ക് വരുന്നത്. ശരിക്കും ഒരു പഞ്ജാബിയായി മാറിയിരുന്നു ഉണ്ണി. രൂപം കൊണ്ടും, ഭാവം കൊണ്ടും. നിലത്ത് കിടക്കുന്ന സന്ദീപിനെ ഉണ്ണി മെല്ലെ പിടിച്ച് എഴുന്നേൽപ്പിച്ചു. അവനെ അടിക്കാന്‍ വന്നവരെ തടഞ്ഞു. സന്ദീപ് ആകെ അവശനായിരുന്നു. ഉണ്ണി അവനോട് കാര്യങ്ങള്‍ തിരക്കി. അവന്‍ സംഭവിച്ചതെല്ലാം ഉണ്ണിയോട് പറഞ്ഞു. ആരോടും പകരം വീട്ടാനോ, പറ്റിക്കാനോ വന്നതല്ലാ എന്നും, തന്റെ നിവർത്തി കേടോണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചതാണന്നും സന്ദീപ് ഉണ്ണിയോട് വിങ്ങി പറഞ്ഞു.
ഉണ്ണി തന്റെ മകനേയും പഞ്ജാബിക്ക് കാശ് കൊടുക്കാനുള്ള മറ്റുള്ളവരെയും വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പഞ്ജാബിക്ക് കാശ് കൊടുക്കാനുള്ള കാര്യം ആദ്യം അവര്‍ നിഷേധിച്ചെങ്കിലും ഉണ്ണിയുടെ മുന്നില്‍ കൂടുതല്‍ നേരം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല അവർക്ക്. അവര്‍ എല്ലാം ഏറ്റു പറഞ്ഞു. കൂടെ പഠിച്ച പഞ്ജാബി സുഹൃത്തിന്റെ കൂടെ ബിസിനസ്സ് ചെയ്തതും, അതിനുള്ള പണം ഒരു രേഖയുമില്ലാതെ ഒരു ബ്ലേഡ്കാരന്റെ കയ്യില്‍ നിന്ന് കൊള്ള പലിശക്ക് കൂട്ടുകാരൻ തന്നെ വാങ്ങി കൊടുത്തതും, ഒടുവില്‍ ബിസിനസ്സ് പൊളിഞ്ഞപ്പോൾ കൂട്ടുകാരന്‍ കയ്യൊഴിഞ്ഞതും അവർ ഉണ്ണിയോട് പറഞ്ഞു. ഇതെല്ലാം കേട്ട് ഉണ്ണി തന്റെ മകനോടോ മറ്റുള്ളവരോടോ ഒന്നും പറഞ്ഞില്ല. കാരണം ഉണ്ണി തന്റെ മകനോട് ചെറുപ്പത്തിലേ കൊടുത്തിരുന്ന ഉപദേശം ഒരു കാരണവശാലും ബിസിനസ്സ് ചെയ്യാന്‍ കാശ് ചോദിച്ച് തന്റെ അടുത്തേക്ക് വരരുത് എന്നും, പഠിക്കാവുന്നത്ത്ര പഠിച്ച് നല്ല ജോലി നേടി അതുകൊണ്ടുള്ള വരുമാനം കൊണ്ട് ജീവിക്കണം എന്നാണ്. ഉണ്ണിയെകൊണ്ട് ഇങ്ങനെ പറയിച്ചത് ഉണ്ണിയുടെ ഭൂതകാല അനുഭവങ്ങള്‍ ആയിരുന്നു. പക്ഷെ തന്റെ മകനോട് എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് ഉണ്ണിക്ക് ഇപ്പോഴാണ് മനസിലായത്. കാരണം തന്റെ മകന്റെ ശരീരത്തിലൂടെ ഒഴുകുന്നത് തന്റെ രക്തമാണല്ലോ.
ഉണ്ണി സന്ദീപിനേയും, ശർമ്മാജിയേയും ജോജിയേയും കൂട്ടി പഞ്ജാബിയുടെ അടുത്ത് പോയി കൊടുക്കാനുള്ള കാശെല്ലാം കൊടുത്തു തീർത്തു. ഇതിനിടയില്‍ ജോജി കാശുകൊടുക്കാനുള്ളവരെയല്ലാം വിളിച്ച് നാളെ രാവിലെ കൃത്യം പത്ത് മണിക്ക് തന്റെ വീട്ടിലെത്താന്‍ പറഞ്ഞു.
കാശ് തിരികെ കിട്ടിയ പഞ്ജാബി മൂന്നുപേരേയും സന്തോഷത്തോടെ കെട്ടിപ്പിടിച്ചു
“നിങ്ങളുടെ ദുഃഖം മാത്രം കേട്ടിട്ടുള്ള, നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയ ആ മൈതാനം സാക്ഷിയായി തന്നെ ആകട്ടെ നിങ്ങളുടെ നല്ല കാലവും. ഇന്ന് രാത്രി നിങ്ങള്‍ക്ക് തരാമെന്നേറ്റ കാശുമായി ഞാന്‍ അവിടെ വരും. നമുക്ക് ആ മൈതാനത്ത് വെച്ച് സന്തോഷത്തോടെ യാത്ര പറഞ്ഞ് പിരിയാം”
പഞ്ചാബിയുടെ വാക്ക് കേട്ട് മൂന്നുപേരും സന്തോഷം കൊണ്ട് നൃത്തം വെച്ചു. വൈകീട്ട് കാണാം എന്നും പറഞ്ഞ് പഞ്ജാബിയും അവരും പിരിഞ്ഞു. അവര്‍ മൂന്നുപേരും പഞ്ജാബിഹൗസിലെത്തി എല്ലാവരോടും യാത്ര പറഞ്ഞു. അവിടെ നിന്നും തിരച്ച് വരുന്ന വഴി രുദ്രയെ കണ്ടു
“ഞാന്‍ കാരണം കുട്ടിയുടെ മനസ്സ് വിഷമിച്ചിട്ടുണ്ടങ്കിൽ മാപ്പ്. പരിചയമില്ലാത്ത പല വേഷങ്ങളും ഒന്ന് മനസ്സമാധാനത്തോടെ ജീവിക്കാന്‍ വേണ്ടി കെട്ടിയാടിയവനാണ് ഞാന്‍. എന്റെ എല്ലാ പ്രശ്നങ്ങളും ഇന്നത്തോടെ അവസാനിക്കുകയാണ്. ഇനി എനിക്ക് എന്റെ അമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങണം ഒരു ടെന്‍ഷനും കൂടാതെ. എന്റെ നാട്ടിലെ ആൽതറയിൽ കൂട്ടുകാരുമൊത്ത് മതിവരുവോളം ഇരിക്കണം കടക്കാരെ പേടിക്കാതെ. പിന്നെ എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാഗ്യലക്ഷ്മിയുടെ കഴുത്തില്‍ താലിചാർത്തണം”
സന്ദീപ് പറയുന്നത് കേട്ട് കുറച്ച് സമയം രുദ്ര ഒന്നും മിണ്ടിയില്ല. പിന്നെ ഒരു ചെറു പുഞ്ചിരിയോടെ അവനോട് ആശംസകള്‍ പറഞ്ഞു.
സന്ദീപും കൂട്ടുകാരും മൈതാനത്ത് നേരത്തെയെത്തി പഞ്ജാബിയെ കാത്തിരുന്നു. സമയം ഏഴായി എട്ടായി പഞ്ജാബിയെ കുറിച്ച് ഒരു വിവരവുമില്ല. രാത്രി പന്ത്രണ്ട് മണിയായിട്ടും ഒരു വിവരവുമില്ല. നേരം പുലർന്നു പക്ഷേ, ആരും വന്നില്ല. പഞ്ജാബി പണി തന്നതാണന്ന് അവര്‍ക്ക് മനസ്സിലായി. കാശ് കിട്ടും എന്ന ഉറപ്പിൻമേൽ കടക്കാരോട് രാവിലെ പത്തു മണിക്ക് തന്റെ വീട്ടിലേക്ക് വരാന്‍ പറഞ്ഞ കാര്യം ജോജി അപ്പോഴാണ് സന്ദീപിനോട് പറയുന്നത്. എന്തു ചെയ്യണമെന്നറിയാതെ മൂന്നു പേരും പകച്ചു നിന്നു.
സമയം രാവിലെ പത്തു മണി സന്ദീപ് രണ്ടും കൽപിച്ച് വീട്ടിലേക്ക് പോയി. വീടിന്റെ പുറത്ത് കടക്കാർ അവനേയും കാത്ത് നിൽപുണ്ടായിരുന്നു. സന്ദീപിനെ കണ്ടതും കടക്കാർ അവന്റെ അടുത്തേക്ക് പോയി. എന്ത് പറയണമെന്ന് അറിയാതെ അവന്‍ പരുങ്ങി. അപ്പോള്‍ അതില്‍ ഒരാൾ വന്ന് അവനെ ചേര്‍ത്ത് പിടിച്ചു
“ഒരിക്കലും കിട്ടില്ലാന്ന് വിചാരിച്ച കാശാ പക്ഷെ പലിശ സഹിതം കിറുകൃത്യമായി നീ തന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ”
അയാളുടെ വാക്കുകള്‍ കേട്ട് സന്ദീപ് വാ പൊളിച്ചു നിന്നു. അവന് ഒന്നും മനസ്സിലായില്ല. ബാക്കിയുള്ളവരും വന്ന് കാശ് തിരിച്ച് കിട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചപ്പോഴാണ് അവന് കാര്യം മനസ്സിലായത്. താന്‍ കൊടുക്കാനുള്ള കാശ് വേറെ ആരോ കൊടുത്ത് വീട്ടിയിരിക്കുന്നു.
ആരായിരിക്കും അത്…? അവര്‍ മൂന്നു പേരും മൈതാനത്തിരുന്ന് തലപുകഞ്ഞാലോചിച്ചു. ഒടുവില്‍ ജോജി ആ നിഗമനത്തിൽ എത്തി. പഞ്ജാബിയാണ് നമ്മളെ സഹായിച്ചെതെന്നും, അദ്ദേഹം നമുക്കൊരു സർപ്രൈസ് തന്നതാകുമെന്നും അവന്‍ പറഞ്ഞു. അങ്ങനെ അവര്‍ മൂന്നു പേരും പഞ്ജാബിയെ അവരുടെ മനസ്സില്‍ ദൈവമായി പ്രതിഷ്ഠിച്ചു. പക്ഷെ യഥാര്‍ത്ഥത്തില്‍ അവരെ സഹായിച്ചത് ഉണ്ണിയുടെ ഭാര്യ പൂജയായിരുന്നു. ഒരിക്കല്‍ തന്റെ പ്രാണനായ ഉണ്ണിയെ പൂജക്ക് വിട്ടുകൊടുത്തതിനുള്ള സുജാതയോടുള്ള കടപ്പാടായിരുന്നു അത്.
പഞ്ജാബിലുള്ള കൊള്ള പലിശക്കാരുടേയും ബ്ലേഡ് മാഫിയകളുടേയും വിശ്വസ്ഥനായിരുന്നു ആ പഞ്ജാബി. താന്‍ ഏറ്റെടുക്കുന്ന ക്വട്ടേഷന്‍ യാതൊരു ബഹളവുമില്ലാതെ പൂർത്തിയാക്കുന്ന അതീവ കൗശലക്കാരൻ…
പഞ്ചാബിഹൗസ് ഒരുപാട് ഇഷ്ടമുള്ള മൂവിയാണ്. വെറുതേ ഇരുന്നപ്പോൾ ഒരു കൗതുകത്തിന് വേണ്ടി അതിന്റെ സെക്കന്റ് പാർട്ട് എഴുതി നോക്കിയതാണ്🙄

