ഒരുമിച്ച് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന പരുവത്തിലേക്ക് ഞങ്ങളുടെ പ്രണയം മാറി. അതിന്റെ പരിണിത ഫലമെന്നോണം, ചേർന്ന് പങ്കിടുന്ന നേരത്തിന്റെ കണക്കെടുക്കാൻ…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

വിരോധമില്ലെങ്കിൽ ഹോസ്റ്റലിലേക്ക് കൊണ്ട് വിടാമോയെന്ന് മഞ്ജുവിനോട്‌ ചോദിക്കുമ്പോൾ ചമ്മൽ ഉണ്ടായിരുന്നു. കൂട്ടുകാരികൾ ഉൾപ്പെടുന്ന കൂട്ടത്തിൽ നിന്നാണ് ചോദ്യം. പറ്റില്ലെന്നെങ്ങാനും കേട്ടാൽ മാനം പോകും. വിപരീതമായി യാതൊന്നും സംഭവിച്ചില്ല. മഞ്ജു സമ്മതിച്ചു. ആ സന്തോഷത്തിൽ മനസ്സ് ഭൂമിയിൽ നിന്ന് ഒരടി മുകളിലേക്ക് ചാടിയോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു…

‘പ്ലീസ്…’

മഞ്ജു കാറിന്റെ മുൻ ഡോറ് തുറന്ന് തന്നു. ഉറ്റ് നോക്കുന്ന കണ്ണുകളിലെല്ലാം അസൂയ ജനിപ്പിച്ച് ഞാൻ അതിലേക്ക് കയറി. ഞാനും അവനും മാത്രം…

കൂട്ടുകാരിയായ മഞ്ജുളയുടെ ചേട്ടനാണ് മഞ്ജുനാഥ്‌. അസാധ്യ പാട്ടുകാരൻ. അവന്റെ പാട്ട് പരിപാടിയിലേക്ക് എത്തുന്ന ആൾക്കാർക്ക് കണക്കില്ല. പെട്ടെന്നായിരുന്നു ആ വളർച്ച. അടുത്ത കൂട്ടുകാരിയുടെ സഹോദരൻ ആയത് കൊണ്ട് തുടക്കത്തിലേ ഞാൻ ശ്രദ്ധിച്ചു. ശ്വാസം വിടാതെ മലയാള അക്ഷരങ്ങളെയെല്ലാം ചേർത്തുകൊണ്ടുള്ള മഞ്ജുവിന്റെ പാട്ടുണ്ട്. എഴുന്നേറ്റ് നിന്ന് കൈയ്യടിക്കാൻ തോന്നും. ഒരു മനുഷ്യന്റെ ശ്വാസത്തിന് ഇത്രയും നീളമോയെന്ന് അത്ഭുതപ്പെട്ട് പോകും.

‘നമ്മൾ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ…?’

ഏതൊയൊരു ഹിന്ദി പാട്ട് പ്ലേ ചെയ്തതിന് ശേഷം മഞ്ജു ചോദിച്ചതാണ്. ഉണ്ടെന്ന് ഞാൻ പറഞ്ഞു. കഴിഞ്ഞ പിറന്നാളിന് വന്നിരുന്നുവെന്നും ചേർത്തു. മഞ്ജുളയുടെ കാര്യമാണ്. അവളുടെ കഴിഞ്ഞ പിറന്നാളിന്റെ വേളയിൽ കണ്ട മുഖമാണ് മഞ്ജു. അന്ന് ശ്രദ്ധിക്കാൻ പാകം ഒന്നുമുണ്ടെന്ന് തോന്നിയില്ല. പക്ഷെ, ഇപ്പോൾ…

‘എങ്ങനെയുണ്ട് കോളേജ് ലൈഫൊക്കെ… അവള് പഠിക്കുന്നുണ്ടോ…?’

‘ഉം.. പഠിക്കും.. ഞാൻ ഉഴപ്പാ… ക്ലാസിലൊന്നും കേറാറില്ല…’

ആ തുറന്ന് പറച്ചിൽ മഞ്ജുവിന് ഇഷ്ടപ്പെട്ടു. പരസ്പരം പലതും പറഞ്ഞ് ചിരിച്ചു. ഹോസ്റ്റലിലേക്ക് എത്തുമ്പോഴേക്കും ഫോൺ നമ്പറുകൾ ഞങ്ങൾ കൈമാറിയിരുന്നു. ഹൃദയത്തിലേക്ക് ചേർത്താണ് ഞാൻ ഇറങ്ങിയതെ ന്ന് മഞ്ജുവിന് മനസ്സിലായെന്ന് രാത്രിയാണ് കണ്ടത്. പരിചയപ്പെട്ടതിൽ സന്തോഷമെന്ന ആ ഇംഗ്ളീഷ് മെസ്സേജിന്റെ തുമ്പും പിടിച്ച് ഞാൻ അവനിലേക്ക് വലിഞ്ഞ് കയറി. കൂടുതൽ അടുത്തെന്ന തോന്നലോട് തന്നെയാണ് ഞങ്ങളന്ന് മയങ്ങിയത്

ഒരു പാട്ടുകാരന്റെ ദിശയിലേക്കാണ് ജീവിതം പോകുന്നതെന്ന് കാണുമ്പോൾ സന്തോഷമുണ്ട്. അത്രയ്ക്കും ആകർഷകമാണ് മഞ്ജുവിന്റെ ശബ്ദവും ശ്വാസത്തിന്റെ നീളവും. ആയുസ്സ് മുഴുവൻ ആ താളം കൂടെ ഉണ്ടാകണമെന്ന് തീവ്രമായി ആഗ്രഹിക്കുകയാണ്. മഞ്ജുവിനെ പ്രണയിക്കുകയാണ്…

‘ഇങ്ങനെയൊരു ബന്ധം നമുക്കിടയിൽ ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല…!’

നാളുകൾക്കുള്ളിൽ തന്നെ അത് സംഭവിച്ചു. അവന്റെ മാറിലേക്ക് ചായാൻ എനിക്ക് അനുവാദം ലഭിച്ചു. പോകുന്ന ഇടങ്ങളിലേക്കെല്ലാം എന്നെയും കൊണ്ടുപോയി. ഒരുമിച്ച് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന പരുവത്തിലേക്ക് ഞങ്ങളുടെ പ്രണയം മാറി. അതിന്റെ പരിണിത ഫലമെന്നോണം, ചേർന്ന് പങ്കിടുന്ന നേരത്തിന്റെ കണക്കെടുക്കാൻ ഞാൻ നിർബന്ധിത ആകുകയായിരുന്നു…

‘ഇതെന്താ… എന്നുമിത് ചെയ്യണോ… പാടാനുള്ള കഴിവൊക്കെ ജന്മസിദ്ധമല്ലേ…’

ഉണർന്നതിന് ശേഷമുള്ള ഒരു മണിക്കൂർ മഞ്ജുവിനെ കിട്ടില്ല. ഓരോ അക്ഷരങ്ങളുടേയും താഴ്ച്ചയും ഉയർച്ചയും നാക്ക് കൊണ്ട് അളക്കുകയായിരിക്കും. തുടക്കത്തിൽ കേൾക്കാൻ സുഖമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ…!

ഷോ ഇല്ലാത്ത നാളുകളും പരിശീലനമാണ്. കൂടെ ഒരുത്തി ഉണ്ടെന്നുള്ള ചിന്ത പോലും ഇല്ല. പോകുന്ന ഇടങ്ങളിലേക്കെല്ലാം കൊണ്ട് പോകുന്നുണ്ടെന്നത് സത്യമാണ്. കേൾക്കുന്ന പാട്ടും ആരവും മാറുന്നില്ലെങ്കിൽ ആർക്കായാലും മടുക്കില്ലേ… കാതുകൾ തഴമ്പിക്കില്ലേ…

‘ഇങ്ങനെ ശ്രമിച്ചാൽ ആർക്കും പാടാമല്ലോ…’

സാധകം ചെയ്ത് കൊണ്ടിരിക്കുന്ന മഞ്ജുവിനോട് ഒരുനാൾ വെറുതേ എന്നോണം ഞാൻ പറഞ്ഞതാണ്. ശ്രമിച്ച് നോക്കൂവെന്ന് മൊഴിഞ്ഞ് അവൻ ചിരിച്ചു. ഞാൻ മലർന്നടിച്ച് വീണ ശബ്ദത്തിന്റെ രഹസ്യം മനസ്സിലായത് കൊണ്ടാണോയെന്ന് അറിയില്ല; മഞ്ജുവിന്റെ ശബ്ദത്തോടുള്ള മമത പതിയേ കുറയുന്നത് പോലെ അനുഭവപ്പെടുകയാണ്…

‘ഞാൻ ഹോസ്റ്റലിലേക്ക് പോകുന്നു…’

“നീയല്ലേ പറഞ്ഞത് ഇനി എന്റെ കൂടെയാണെന്ന്… ഇപ്പോഴെന്താ, മടുത്തോ…?’

മറുപടിയില്ലാതെ ഇത്തിരി നേരം ഞാനൊന്ന് വിയർത്തു. ശേഷം, നിനക്ക് തിരക്കല്ലേയെന്ന് ചോദിച്ചു. നമ്മൾ പരിചയപ്പെടുമ്പോഴും താൻ തിരക്കിൽ ആയിരുന്നുവല്ലോ എന്നായിരുന്നു അവന്റെ മറുപടി. ശരിക്കും ഉത്തരം മുട്ടിപ്പോയി. അതിനേക്കാൾ ഉപരി മഞ്ജുവിനോടുള്ള കൗതുകം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് പോയി..

എന്തുകൊണ്ടാണ് അങ്ങനെയെന്ന് ചിന്തിച്ചപ്പോൾ ഉത്തരം വ്യക്തമാണ്. പൂർണ്ണമായി അറിഞ്ഞെന്ന് തോന്നുന്ന ഏത് കാര്യങ്ങളേയും മനുഷ്യർക്ക് വൈകാതെ മടുക്കും. ബന്ധങ്ങളെന്ന് വരുമ്പോഴാണ് ഇതിലെ ശരി തെറ്റുകൾ തല ഉയർത്തുന്നത്. ഈ വർഗ്ഗ നിർമ്മിത ലോകത്തിന് അടിസ്ഥാനമായ വീണ്ടുവിചാരമാണ് ആരും ഉപയോഗിക്കാത്തത്. എനിക്ക് പറ്റിയ അബദ്ധവും അത് തന്നെയായിരുന്നു….

‘ബൈ, വിളിക്കാം..’

മഞ്ജുവിന്റെ ഫ്ലാറ്റിൽ നിന്ന് ഞാൻ ഇറങ്ങി. മടുത്ത് പിരിയുന്നതാണെന്ന് അവൻ മനസിലാക്കിയിട്ടുണ്ടാകണം. യാത്ര പറഞ്ഞപ്പോൾ മുഖത്തോട്ട് പോലും നോക്കിയില്ല. തിരിച്ച് പോക്കിൽ മുഴുവൻ പിടിച്ച് കുലുക്കിയത് തെറ്റുകാരി ആയോയെന്ന ചിന്തയായിരുന്നു.

നാൾവഴിയിൽ ചിലർ മായാജാലക്കാരെ പോലെ അതിശയപ്പെടുത്തും. ആ നേരം അറിയാതെ നമ്മൾ ആഗ്രഹിച്ച് പോകുകയാണ്. ആ വ്യക്തി തന്റേത് ആയിരുന്നുവെങ്കിലെന്ന് മോഹിച്ച് പോകുകയാണ്. ഒരു കാര്യവുമില്ല. രഹസ്യം അറിയുന്നത് വരെ മാത്രമേ ഏതൊരു അതിശയങ്ങൾക്കും ആയുസ്സുള്ളൂ…

മഞ്ജുവുമായി അത്രത്തോളം ഒട്ടി നിൽക്കരുതായിരുന്നു. ആ ശ്വാസത്തിന്റെ രഹസ്യം അറിയാൻ പാടില്ലായിരുന്നു. ഇതൊക്കെ എനിക്ക് മാത്രം തോന്നുന്നതാണോയെന്ന് ചോദിക്കാൻ ഒരു കാറ്റ് പതിയേ വരുന്നുണ്ട്. ജനാല തുറന്ന്വീ ശുന്ന ആ തെന്നലിന് ശബ്ദം ഉണ്ടോയെന്ന് ഞാൻ കാതോർത്തു. ഏതൊയൊരു അപൂർവ്വമായ രാഗത്തിൽ നിന്നാണ് ഈ ലോകം ഉണ്ടായതെന്ന് മാത്രം കേൾക്കുന്നു… യാതൊന്നും നിരന്തരമല്ലാത്ത ഈ മണ്ണിൽ, മനുഷ്യരുടെ ബലമെന്ന് പറഞ്ഞാൽ വീണ്ട് വിചാരമാണെന്നും, അത് ഇല്ലാതിരുന്നതിന്റെ പിഴവായിരുന്നു മഞ്ജുവുമായുള്ള ബന്ധമെന്നും തല അറിയുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *