ഒരു ദിവസം ഞാൻ തണുത്ത് മരവിച്ചു കിടക്കുമ്പോ പോലും ആരും അറിയില്ല ചിലപ്പോൾ.. പുഴു അരിച്ചു മണം വരുമ്പോ ആവും നീ പോലും അറിയാ…….

Story written by Unni K Parthan

“ഒരു നിമിഷമെങ്കിലും നിങ്ങൾ എനിക്ക് വേണ്ടി ജീവിച്ചിട്ടുണ്ടോ..’
ജാനകിയുടെ ചോദ്യം അജയനിൽ അമ്പരപ്പ് ഉണ്ടാക്കി..

“എന്തേ ഇപ്പൊ ഇങ്ങനെ ഒരു തോന്നൽ..”

“ഏയ്‌.. ഏട്ടന്റെ ഈ തിരക്ക് തന്നെ കാരണം..”

“എനിക്കെന്ത് തിരക്ക്.. എത്ര തിരക്ക് ഉണ്ടേലും ഞാൻ നീ വിളിക്കുന്ന നേരം കൂടെ ഇല്ലേ..”

“ഉവ്വോ..”

“ഇല്ലേ..”

“ഒന്ന് ആലോചിച്ചു നോക്ക്.. സ്വന്തമായി ബിസിനസ് തുടങ്ങിയതിനു ശേഷം അജയേട്ടൻ എങ്ങനെ ആണ് ന്ന്..” ഇത്തവണ അജയന്റെ ഉള്ളൊന്നു പിടച്ചു..

“ജാനകി..”

“മ്മ്..” ആ മൂളലിൽ നാളുകളായി അടക്കി വെച്ചിരുന്ന സങ്കടം തികട്ടി വരുന്നുണ്ടായിരുന്നു..

“അങ്ങനെ തോന്നിയോ നിനക്ക്..” നെഞ്ചിലേക്ക് ജാനകിയെ ചേർത്ത് പിടിച്ചു അജയൻ..

“മ്മ്..” ഇത്തവണ മൂളൽ വിങ്ങലായി പുറത്തേക്ക് തേങ്ങി..

“എനിക്ക് ഏട്ടനല്ലേ ഉള്ളൂ..ആരോരും ഇല്ലാത്ത ഒരു പൊട്ടി പെണ്ണല്ലേ ഏട്ടാ ഞാൻ.. ഇങ്ങനെ ശ്വാസം മുട്ടി എങ്ങനെ..”

“ഇപ്പൊ എന്താ ഉണ്ടായേ ഡീ..”

“അമ്മ വന്നിട്ടുണ്ട്..”

“ആരുടെ..”

“ദേ മനുഷ്യ ഒരൊറ്റ കീറു വെച്ചു തരും ഞാൻ..” അജയന്റെ നെഞ്ചിൽ തന്റെ വിരലുകൾ മെല്ലെ ആഴ്ത്തി കൊണ്ട് അവൾ പറഞ്ഞു..

“ഹോ.. എന്താ ഡീ..”

“എനിക്ക് അച്ഛനും, അമ്മയും ഉണ്ടോ.. നിങ്ങളുടെ അമ്മ വന്ന കാര്യം ആണ് ഞാൻ പറഞ്ഞത്..”

“അമ്മയോ.. എന്തിന്..” നെഞ്ചിൽ നിന്ന് പതിയെ ജാനകിയുടെ താടി മെല്ലെ ഉയർത്തി അജയൻ..

“അമ്മയെ ഇപ്പൊ കാണാൻ ചെല്ലുന്നില്ല.. വിളിക്കുന്നില്ല എന്നൊക്ക പരാതി..”

“മ്മ്.. പിന്നെ എന്ത് പറഞ്ഞു..”

“എന്നോട് ഒരാഴ്ച അമ്മയുടെ കൂടെ പോയി നിക്കാൻ പറഞ്ഞു..”

“എന്തിന്.. അമ്മയ്ക്ക് ഇവിടെ വന്നു നിക്കാം ലോ..”

“അതൊന്നും എനിക്ക് അറിയില്ല.. ഞാൻ അമ്മയുടെ കൂടെ ഇന്ന് പോകും..”

“പോണോ..” അജയന്റെ ശബ്ദം നേർത്തു..

“അമ്മ ഒരുപാട് നിർബന്ധിക്കുന്നു ഏട്ടാ..”

“മ്മ്..”

“മോള് കുറച്ചു ദിവസം അവിടെ വന്നു നിക്കട്ടെ അജി കുട്ടാ.. അമ്മയ്ക്ക് തനിയെ നിന്ന് മടുത്തു.. അത്ര വലിയ വീട്ടിൽ ആ പണിക്കാരി പെണ്ണും ഞാനും മാത്രമായി എത്ര കാലമായി..

നിന്നോട് അവിടെ വന്നു താമസിക്കാൻ പറഞ്ഞ നിനക്ക് തിരക്ക്..

ഒരു ദിവസം ഞാൻ തണുത്ത് മരവിച്ചു കിടക്കുമ്പോ പോലും ആരും അറിയില്ല ചിലപ്പോൾ.. പുഴു അരിച്ചു മണം വരുമ്പോ ആവും നീ പോലും അറിയാ.. അല്ലെ അജി കുട്ടാ..”

അജിയും, ജാനകിയും ഒന്ന് പിടഞ്ഞു..

“ഇത്ര നാളും ഒരാളുടെ കീഴിൽ ആയിരുന്നു.. അപ്പൊ ആ കാരണം പറഞ്ഞു നീ മാറി താമസിച്ചു.. കാരണം അതൊന്നും അല്ലായിരുന്നു എന്ന് എനിക്കും മോൾക്കും അറിയാം.. ബാക്കി നമ്മുടെ എല്ലാ ബന്ധുകൾക്കും നാട്ടുകാർക്കും അറിയാം..

ആരോരും ഇല്ലാത്ത ഒരു പെൺകുട്ടിയെ നീ സ്നേഹിച്ചു കൂടെ കൂട്ടി അവൾക്ക് നല്ലൊരു ജീവിതം കൊടുത്തു.. പക്ഷെ നിന്റെ അച്ഛന് അത് പിടിച്ചില്ല..?നിന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു.

ഇപ്പൊ വർഷം മൂന്നു കഴിഞ്ഞു.. നീ വീട്ടിൽ നിന്ന് ഇറങ്ങിട്ട്.. ഒരിക്കൽ പോലും നീ വന്നില്ല.. വന്നില്ല എന്ന് പറയുന്നില്ല.. അച്ഛൻ മരിച്ചപ്പോൾ നീ വന്നു . ചിയ്ക്ക് തീ കൊളുത്താൻ.. ചടങ്ങുകൾ തീർന്ന അവസാന ദിവസം എന്നോട് നീ ഒരു ചോദ്യം ചോദിച്ചു..

അമ്മ ഞങളുടെ കൂടെ പോരുന്നോവെന്ന്.. ഉള്ളിൽ തികട്ടി വന്ന ഒരു തേങ്ങൽ ഉണ്ട്.. അത് ഇന്നും ഈ നെഞ്ചിൽ കിടന്നു പിടയുന്നുണ്ട് ആരും അറിയാതെ.. ആരെയും അറിയിക്കാതെ..

ഞാൻ ഇല്ല എന്നുള്ള മറുപടിയിൽ.. നിങ്ങൾ അവിടെ നിന്ന് ഇറങ്ങി . ഇപ്പൊ മൂന്ന് മാസം കഴിഞ്ഞു..

ഇടയ്ക്ക് ഒരു ഫോൺ വിളിയിൽ അല്ലാതെ.. ഒന്ന് കാണാൻ പോലും നീ ആ പടിക്കെട്ട് കയറി വന്നിട്ടില്ല..

ആരോടാ ഇനിയും നിനക്ക് വാശി.. മരിച്ചു പോയ നിന്റെ അച്ഛനോടോ.. അതോ എന്നോടോ..

മരിക്കും വരെ അദ്ദേഹം നിന്നോട് പൊറുത്തിട്ടില്ല എന്ന് നീ കരുതരുത്..
പലവട്ടം എന്നോട് പറഞ്ഞു.. അവനെ പോയി ഞാൻ വിളിക്കട്ടെയെന്ന്..

വേണ്ടാ എന്ന് പറഞ്ഞത് ഞാൻ ആണ്.. പെറ്റ വയറിന്റെ വേദന പോലും അറിയാതെ പോകുന്ന മകൻ അവർക്ക്‌ എങ്ങനെ അച്ഛന്റെ മനസറിയും എന്ന് ഞാൻ ചോദിച്ചു.. പിന്നെ അദ്ദേഹം ഒന്നും മിണ്ടിയില്ല.. അധികം വൈകാതെ അദ്ദേഹം പോയി.. ഒരുപാട് നല്ല ഓർമ്മകൾ മാത്രം നൽകി അദ്ദേഹം പോയപ്പോൾ മിഴികൾ നനഞ്ഞില്ല എന്റെ.. എന്താണ് എന്ന് അറിയോ നിനക്ക്..

എന്റെ കണ്ണ് കലങ്ങുന്നത് അദ്ദേഹത്തിന് സഹിക്കില്ലായിരുന്നു.. എല്ലാം നെഞ്ചിൽ വെച്ചു മൂടി നടക്കുന്ന അദ്ദേഹത്തിന്റെ ആത്മാവിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശാന്തി എന്റെ കണ്ണുകൾ നിറയാതിരിക്കുക എന്നത് മാത്രം ആണ്.. അത് ഈ നിമിഷം വരെ ഞാൻ ചെയ്തു..

പിന്നെ.. നിങ്ങളുടെ മോനെ.. അതായത് എന്റെ പേരകുട്ടിയെ ഞാൻ ഇന്ന് അവന്റെ സ്കൂളിൽ ചെന്ന് വിളിച്ചു കൊണ്ട് പോകും… പിന്നെ ദാ..
നിന്റെ ഭാര്യയേയും.. നിനക്ക് സൗകര്യമുണ്ടേൽ വരിക.. ഇല്ലെങ്കിൽ.. നിന്റെ വാശിയും കെട്ടിപിടിച്ചു ഇവിടെ ഇരുന്നോ..

മോള് പോയി റെഡി ആയിക്കോ..” ജാനകിയുടെ കൈയിൽ പിടിച്ചു ശ്രീവിദ്യ അകത്തേക്ക് നടന്നു..

ജാനകി തിരിഞ്ഞു അജയനെ നോക്കി..

“തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടക്ക് പെണ്ണെ..” ശ്രീവിദ്യ സ്നേഹത്തോടെ ജാനകിയുടെ തോളിൽ മെല്ലെ നുള്ളി. ഒന്നും മിണ്ടാതെ അജയൻ അവരെ ഇരവരെയും നോക്കി നിന്നു..

രാത്രി.. മേലെ തൊടി തറവാട് വീടിന്റെ ഗേറ്റ് കടന്നു അജയന്റെ കാർ മുറ്റത്തെക്ക് വന്നതും..

“അച്ഛമ്മാ.. അച്ഛൻ വന്നു എന്ന് ഉറക്കെ വിളിച്ചു കൊണ്ട് കാശി അജയന്റെ അടുത്തേക്ക് ഓടി വന്നു.. ഉമ്മറ കോലായിൽ ശ്രീദേവിയും, ജാനകിയും അജയനെ നോക്കി നിന്നു..

അജയൻ മെല്ലെ തെക്കേ പറമ്പിലേക്ക് ഒന്ന് കണ്ണ് പായിച്ചു..
ആ നിമിഷം തെക്കേ തൊടിയിൽ നിന്നും ഒരു നേർത്ത കാറ്റ് അവരെ പുൽകി കടന്നു പോയി..

“എന്ത ഡാ പിണക്കം മാറിയോ അച്ഛനോട്..” അത്താഴം കഴിഞ്ഞു അമ്മയുടെ മടിയിൽ കിടക്കുമ്പോ അമ്മയുടെ ചോദ്യം കേട്ട് അജയന്റെ ഉള്ളം തേങ്ങി..

“പിണക്കം അന്നും ഇല്ല.. ഇന്നും ഇല്ല..nബഹുമാനം മാത്രം.. ജീവിതം എന്താണ് എന്നും.. എങ്ങനെ ജീവിക്കണം എന്നും എന്നെ പോലെ താന്തോന്നിയായി ജീവിച്ച ഒരാൾക്കു നൽകിയ പാഠം ആയിരുന്നു വീട്ടിൽ നിന്ന് എന്നെ ഇറക്കി വിട്ടത് എന്നറിയാൻ വൈകി എന്നുള്ളത് ആണ് സത്യം..” അജയൻ വിതുമ്പി..

“ഏയ്‌.. ഒന്നൂല്യ ഡാ..?ഇങ്ങനെ നിന്നെ കാണുമ്പോ അച്ഛന്റെ ആത്മാവ് എത്ര സന്തോഷിക്കുന്നുണ്ടാവും എന്ന് അറിയോ നിനക്ക്..” മുടിയിൽ മെല്ലെ തലോടി കൊണ്ട് അമ്മ പറയുന്നത് കേട്ട് അജയൻ പൊട്ടി കരഞ്ഞു.. ഒടുവിൽ കരച്ചിൽ നേർത്തു വന്നു..

“അമ്മാ..”

“മ്മ്..”

നഷ്ടപ്പെടാൻ പോകുന്നുവെന്നുള്ള തോന്നൽ ഉണ്ടല്ലോ.. അത് ഹൃദയത്തിന് തരുന്ന മരവിപ്പിന് പകരം നൽകാൻ കഴിയുന്ന മരുന്ന് ഒന്നേയുള്ളൂ.. നഷ്ടപ്പെടില്ല ഒരിക്കലും എന്നുള്ള തിരിച്ചറിവ്.. അല്ലെ അമ്മാ.. “

“മ്മ്..” ആ മൂളലിൽ ഒരു ജീവിതമുണ്ടായിരുന്നുവെന്ന് അജയൻ അറിഞ്ഞു പോയ നിമിഷം.. തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിന് മേലെ ഒരു കാറ്റ് വട്ടമിട്ടു പറന്നു..

Leave a Reply

Your email address will not be published. Required fields are marked *