കൊണ്ടാട്ടം
എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്
കല്യാണത്തലേന്നുകൾ എന്നും ഹർഷങ്ങളുടേതാണ്. പ്രത്യേകിച്ചും, ഉറ്റ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വിവാഹമാണെങ്കിൽ. രണ്ടായിര മാണ്ടിലെ ഒരു വിവാഹത്തലേന്നു രാത്രി ഇപ്പോളും ഓർമ്മയിലുണ്ട്.
സന്ധ്യയാകാറായി, പന്തലിൻ്റെ മേലാപ്പിൽ അരങ്ങു കെട്ടാനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ചു നടക്കുകയാണ്. ചാക്കുചരടിൽ മൈദ കുറുക്കിത്തേച്ച്, അതിൻമേൽ വെട്ടിയൊരുക്കിയെടുത്ത വെള്ളക്കടലാസരങ്ങുകൾ ഭംഗിയായി ഒട്ടിച്ചു. ഒട്ടിച്ചവയേ കൃത്യമായ അകലം പാലിച്ച് മേലെ വലിച്ചുകെട്ടി. നിറയേ വെളുത്ത അരങ്ങുകൾ നിറഞ്ഞപ്പോൾ പന്തലിൻ്റെ ചാരുത ഇരട്ടിയായി. ചെറുകാറ്റടിച്ചപ്പോൾ ഉലഞ്ഞ കടലാസ് അരങ്ങുകളിൽ നിന്നും ചറപറ ശബ്ദമുണ്ടായി.
വൈദ്യുതിയെത്താത്ത വീടാണ്. അയലത്തേ വീട്ടിൽ നിന്നും വയറു വലിച്ചാണ്, താൽക്കാലിക വെട്ടം ഒരുക്കിയിരിക്കുന്നത്. കല്യാണവീടിൻ്റെ ചുവരിൽ ചുമ്മാ തൂക്കിയിട്ട വലിയ സ്വിച്ച് ബോർഡിലെ ചുവന്ന വെളിച്ചവും, ഇലക്ട്രീഷ്യൻ്റെ ടെസ്റ്ററിൽ ഇതൾ വിരിയുന്ന പ്രകാശങ്ങളും ചെറുബാല്യക്കാരിൽ കൗതുകം ജനിപ്പിച്ചു.
ആംഫ്ലിഫയറും, സ്പീക്കറുമൊക്കെ ഉഷാറായി. ‘വല്യേട്ടനിലെ’ “ശിവമല്ലിപ്പൂ പൊഴിക്കും മാർഗ്ഗഴിക്കാറ്റേ” യും, ‘നരസിംഹം’ സിനിമയിലേ, “ധാങ്കണക്ക ധില്ലം ധില്ല”വും അത്യുച്ചത്തിൽ പെയ്തിറങ്ങി.
സന്ധ്യയെ അനുഗമിച്ച്, രാത്രിയെത്തി.?വിവാഹവീട് ജനനിബിഢവും, ശബ്ദമുഖരിതവുമായി.?കലവറയുടെ ഭാഗത്തു നിന്നും, വിറകിൻ്റെ പുകയുയരുവാനാരംഭിച്ചു. ആവശ്യത്തിനും അനാവശ്യത്തിനും തിരക്കുണ്ടാക്കുന്ന വയസ്സൻ കാരണവൻമാർ. പണിയെടുത്തു നടുവൊടിഞ്ഞ കല്യാണവീട്ടിലേ പെണ്ണുങ്ങൾ. തിരക്കിനിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പായുന്ന കുട്ടികൾ.?ഏതു തിരക്കിനിടയിലും, തെല്ലു പരദൂഷണവും പരസ്പര ആഭരണപരിശോധനയു മൊക്കെയായി സ്ത്രീജനങ്ങൾ.
ഏഴു മണി. വിവാഹവീടിൻ്റെ തെക്കേ ഭാഗത്ത് ബൾബ് ഒന്നു കെട്ടു. അവിടെ യിപ്പോൾ ചെറിയൊരു വിളക്കാണ് പ്രകാശിക്കുന്നത്. ഞാൻ അങ്ങോട്ടു നീങ്ങി. നാട്ടിലെ ചേട്ടൻമാരും കാരണവൻമാരും ചുളുവിൽ മiദ്യപിക്കുകയാണ്. കല്യാണ ത്തലേന്നുകളിൽ, ഒഴിച്ചുകൂട്ടാനാകാത്ത ചടങ്ങ്. ഇവിടം മുതലാണ്, ഈ കഥയിലെ നായകനായ വർഗ്ഗീസേട്ടൻ എൻ്റെ ശ്രദ്ധയേ ആകർഷിക്കുന്നത്.
തുടർച്ചയായ മൂന്നു പെഗ് വിഴുങ്ങിയ ശേഷം, വർഗ്ഗീസേട്ടൻ നിഷ്കളങ്കമായൊരു ചിരിയോടെ പകർത്തുകാരനിലേക്ക് ഗ്ലാസ് നീട്ടി. ഇത്തവണ, ഇത്തിരി മiദ്യവും നിറയേ സോഡയുമാണ് ഒഴിച്ചു കൊടുത്തത്. ഗ്ലാസ് ചുണ്ടോടു ചേർത്ത്, ഒറ്റ ശ്വാസത്തിനു കുടിച്ചിറക്കിയ വർഗ്ഗീസേട്ടൻ, താൽക്കാലിക കൗണ്ടറിലേ ഏട്ടനോടു പരാതി പറഞ്ഞു.
“മോനേ, വർഗ്ഗീസേട്ടനോടു വേണോയിത്? സോഡ മാത്രം ഒഴിച്ചു തന്നാൽ എനിക്കറിയില്ലേ? ഒരെണ്ണം, കനത്തിൽ ഒഴിച്ചു തന്നേ, ഏട്ടൻ പൊയ്ക്കോളാം”
ഒരു നിറഗ്ലാസ് ഒഴിച്ചു കൊടുത്തപ്പോൾ വർഗ്ഗീസേട്ടൻ്റെ മുഖം, നേർത്ത ഇരുളിലും വിളങ്ങി. ഇപ്പോൾ ആ കണ്ണുകൾ ചുവന്നിരുന്നു. മുഖത്ത് മെഴുക്കുമയം പടർന്നു നിന്നു. വർഗ്ഗീസേട്ടൻ പന്തലിലേക്കു മടങ്ങിയപ്പോൾ, ഞാനും അങ്ങോട്ടു പോന്നു. എട്ടുമണി യാകാറായിരിക്കുന്നു. വന്നവർക്ക് ഭക്ഷണം കൊടുക്കണം. അതു കഴിഞ്ഞു വേണം, കറികൾക്കരിയാനും, നാളികേരം പിഴിയാനും, ബാക്കി സമയം ചീട്ടുകളിക്കാനും.കലവറയിൽ തിരക്കുകൾ മൂർധന്യത്തിലേക്കു നീങ്ങി. ജോലിക്കു കയ്യാളായി എത്തിയ ചേച്ചിയെ നോക്കിയിരുന്നു, ഏതോ വയസ്സൻ കാരണവർ കാജാ ബീiഡി എരിഞ്ഞു വലിച്ചു.
ആദ്യ പന്തി ഇരുന്നു. ഞാനും കൂട്ടുകാരും നല്ല വിളമ്പുകാരായി. ഏതോ സുന്ദരിപ്പെൺ കുട്ടികളും എത്തിയിട്ടുണ്ട്. ഇതറിഞ്ഞിരുന്നുവെങ്കിൽ, ഇത്തിരി ‘ഫെയർ & ലവ് ലി’ തേക്കാമായിരുന്നു. സാരമില്ലാ… എല്ലാം വിധി.
ഉപ്പേരി വറുക്കാൻ ഉപയോഗിച്ച നേന്ത്രക്കായുടെ തോടും പയറും ചേർത്ത ഉപ്പേരി. ഒരു ഒഴുക്കൻ സാമ്പാർ, പച്ചമാങ്ങ കുനുകുനേ അരിഞ്ഞ്, മുളകുപൊടിയും വെളിച്ചെണ്ണയും ചേർത്ത കിടിലൻ അച്ചാർ, ഇത്തിരി പുളിയിഞ്ചി, ശകലം മോരുകറി. ഇത്രയുമാണ് വിഭവങ്ങൾ. എത്ര രുചിയാണ്, കായത്തോടും പയറുമിട്ട തോരന്. ആ അച്ചാറിനും.
മൂന്നും നാലും പന്തികൾ തീർന്നു. മ്മടെ വർഗ്ഗീസേട്ടനും, ചങ്ങാതിമാരും ഭക്ഷണത്തിനിരുന്നു. എല്ലാം വിളമ്പുന്നതിനിടയിലാണ് എൻ്റെ ശ്രദ്ധയിലേക്ക് ഒരു കാര്യം പറന്നു വന്നെത്തിയത്. വർഗ്ഗീസേട്ടൻ, അപ്പുറത്തേ ആളോട് എന്തോ കാര്യമായി പറയുകയാണ്. സ്വന്തം ഇലയിലേക്ക് അശേഷം ശ്രദ്ധയില്ല. അന്നേര മാണ്, ഒരു വലിയ വണ്ട് പറന്നു വന്ന് അദ്ദേഹത്തിൻ്റെ ഇലത്തുമ്പത്തു വന്നിരുന്നത്.
തെങ്ങിനെ ആക്രമിക്കുന്ന കൊമ്പൻചെല്ലി കണക്കേയുള്ളൊരു വണ്ട്.
പൊടുന്നനേ കറണ്ടു പോയി. ഈശ്വരാ, ലോഡ് ഷെഡിംഗ്!! റെക്കോർഡറിൽ മുഴങ്ങി നിന്ന ‘ശ്രദ്ധ’ സിനിമയിലേ, ”ചോലമരം കാറ്റടിയ്ക്കണ്” എന്ന പാട്ട് പാതിയിൽ നിന്നു. ജനറ്റേറിൻ്റെ അടുത്തേക്കോടി. എൻ്റെ കൂട്ടുകാരൻ തന്നെയാണ് ഇലക്ട്രീഷ്യൻ. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ, അവൻ ഒരുപാടു നേരമെടുത്തു. മൂലമറ്റം പവർ സ്റ്റേഷനീന്നു വയറു വലിച്ചു വെളിച്ചമെത്തിക്കാൻ ഇതിലും എളുപ്പമാണെന്നു തോന്നിപ്പോയി.
ജനറേറ്റർ പ്രവർത്തിച്ചു. വെളിച്ചം നിറഞ്ഞു. പാട്ടുകൾ തുടർന്നു.?അപ്പോഴേക്കും, വർഗ്ഗീസേട്ടൻ്റേയും കൂട്ടുകാരൻ്റേയും ഊണു പൂർത്തിയായിരുന്നു. കൈ കഴുകാൻ പോകുന്നതിനിടയിൽ വർഗ്ഗീസേട്ടൻ കൂട്ടുകാരനോടു പറഞ്ഞു.
“സദ്യ നന്നായിരുന്നു. കായും പയറും പൊരിച്ചു.?അച്ചാറ് കിടുക്കി;പുളിയിഞ്ചി തകർത്തു.?പക്ഷേ, കൊണ്ടാട്ടം മുളകു മാത്രം രുചിയുണ്ടായിരുന്നില്ല”
കൂട്ടുകാരൻ ഒന്നു നിന്നു.
” കൊണ്ടാട്ടം മുളകോ? എനിക്കു കിട്ടീല്യല്ലോ?”
വർഗ്ഗീസേട്ടൻ്റെ മുഖത്ത്, ഒരു പുച്ഛം വിടർന്നു.?പിന്നേ, തുടർന്നു.
“ബ്രാiണ്ടി മുഴുവൻ മോന്തീട്ട്, സദ്യേൽക്ക് നോക്കാണ്ട് കഴിച്ചാൽ എങ്ങന്യാ കൊണ്ടാട്ടം കാണ്വാ??നീ കഴിക്കാത്തത് ഭാഗ്യായി.സദ്യേരെ ഭംഗി കളഞ്ഞു ആ “……..”
ഞാൻ, അമ്പരന്നു. കൊണ്ടാട്ടമോ? അപ്പോൾ ആ വണ്ട്…..? എൻ്റെ വായിൽ വെള്ളം നിറഞ്ഞു. ഞാൻ, തൊടിയിലേ തെങ്ങിൻ കടയ്ക്കലേക്കോടി. വാ പൊത്തിക്കൊണ്ട്.
വർഗ്ഗീസേട്ടനും, കൂട്ടുകാരനും ഇരുളിൽ മറഞ്ഞിരുന്നു.

