എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
വർഷങ്ങൾക്ക് മുമ്പ് അവളുമായുള്ള എന്റെ ആദ്യ രാത്രിയിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. ആ രാത്രിയൊരു നീരാളിയുടെ കൈകൾ പോലെ എന്നെയിടക്ക് പൊതിയാറുണ്ട്. ശ്വാസം മുട്ടിയാലും ഞാൻ രക്ഷപ്പെടാൻ ശ്രമിക്കാറില്ല… ആ നീരാളിപ്പിടുത്തത്തിന് പേരിടാൻ സാധിക്കാത്ത യൊരു വൈകാരികതയുണ്ടായിരുന്നു…
ഞങ്ങൾ വിവാഹിതരായിരുന്നില്ല. സ്നേഹമെന്ന വികാരം ഒരിക്കൽ പോലും പങ്കുവെച്ച സുഹൃത്തുക്കളോ അയൽക്കാരോ ബന്ധുക്കളോ ആയിരുന്നില്ല. പിന്നെ ആരായിരുന്നു..? ഒരു സ്വപ്നമെന്ന പോലെ ഞാൻ പറയാൻ ശ്രമിക്കാം….
അന്ന്, ഞാൻ ബിലാസ്പൂരിൽ ജോലി ചെയ്യുകയായിരുന്നു. സാങ്കേതിക ലോകം ലാപ്ടോപ്പിലേക്ക് പോലും എത്തി നിൽക്കാത്ത കാലം. ഒരു അവധിക്കാലം നാട്ടിൽ ചിലവഴിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയത് പുലർച്ചയ്ക്കായിരുന്നു. പ്ലാറ്റ്ഫോമിൽ നിന്ന് പല്ല് തേക്കുകയായിരുന്നു ഞാൻ. തുടർന്ന് ബസ്റ്റാന്റിൽ പോയി സിiഗരറ്റ് കiത്തിച്ചുകൊണ്ട് ഒരു കപ്പ് കാപ്പി കുടിക്കണം. ആദ്യത്തെ ബസിൽ കയറി താമസിക്കുന്ന ഇടത്തേക്ക് ചലിക്കണം. അത്രേ ഉണ്ടായിരുന്നു എന്റെയുള്ളിൽ..
ഒരു കവിൾ പെപ്സുഡൻ പത ട്രാക്കിലേക്ക് തുപ്പുമ്പോഴാണ് ഒരു പെണ്ണിനെ ഞാൻ കാണുന്നത്. തിരക്കൊഴിഞ്ഞ ഉത്സവപറമ്പിൽ ഒറ്റപ്പെട്ടു പോയ ഒരു കുട്ടിയെ പോലെയായിരുന്നു അവളുടെ നടത്തം. ആരെയോ കാത്തിരിക്കുന്നത് പോലെ… കാത്തിരുന്ന് മുഷിഞ്ഞ കണ്ണുകളുമായി അവൾ ട്രാക്കിന്റെ ഇരുവശത്തേക്കും നോക്കുകയാണ്. ഇത്രയും അക്ഷമയോടെ ആരെങ്കിലും തീവണ്ടിയെ കാത്തിരിക്കുമോ എന്നായിരുന്നു അപ്പോഴെന്റെ ചിന്ത…!
ഞാൻ ട്രാക്കിലേക്ക് തലക്കുനിച്ച് നാവുതുടച്ചു. തുടർന്ന് കാറിയ എന്റെ തൊണ്ടയുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ എന്നെ ശ്രദ്ധിക്കുന്നത്. ഞാൻ ചിരിച്ചു. അവൾ ചൊടിച്ചു! വായയും മുഖവുമൊക്കെ കഴുകി അവളുടെ അരികിലൂടെ ഞാൻ നടന്നപ്പോൾ എന്നെയൊന്ന് സഹായിക്കുമോ എന്ന് അവൾ ഹിന്ദിയിൽ ചോദിക്കുകയായിരുന്നു…
പെണ്ണൊരുത്തി പുലർച്ചയുടെ തണുപ്പിൽ നിന്ന് സഹായിക്കുമോ എന്ന് ചോദിച്ചപ്പോൾ പൊതുവേ ആ വിഷയത്തിൽ ദുർബലനായ ഞാൻ തീർച്ചയായുമെന്ന് പറഞ്ഞു.
ലഖ്നൗവിൽ നിന്ന് തന്റെ കാമുകന്റെ കൂടെ ജീവിക്കാൻ രാത്രിയിൽ എത്തിയതാണ് പോലും അവൾ. സ്റ്റേഷനിൽ കാത്തിരിക്കുമെന്ന് പറഞ്ഞ കാമുകൻ ഇരുട്ട് കൊഴിഞ്ഞ് പുലർച്ചയിലേക്ക് വീണിട്ടും വന്നില്ല. അവളെയാകെ വല്ലാത്തയൊരു ഭയം വിഴുങ്ങിയിരിക്കുന്നു..
എന്താണ് നിങ്ങൾക്ക് വേണ്ടി ചെയ്ത് തരേണ്ടതെന്ന് ഞാൻ അവളോട് ചോദിച്ചു. തന്റെ കാമുകനെ കണ്ടെത്താൻ സഹായിക്കുമോ എന്നായിരുന്നു അവളുടെ ആവിശ്യം.. ചെമ്പൻ മുടിയോട് കൂടി വാടിയ മുഖത്തോടെ അവൾ അങ്ങനെ ചോദിച്ചപ്പോൾ സഹായിക്കാമെന്നേ എനിക്ക് പറയാൻ തോന്നിയുള്ളൂ.. അങ്ങനെ അവളുടെ കൂടെ ആ കാമുകനേയും അന്വേഷിച്ച് ഒരു സിനിമാക്കഥ പോലെ ഞാനും കൂടി.
കൈയ്യിലുണ്ടായിരുന്ന ഒരുതുണ്ട് കടലാസ്സിൽ നിന്ന് അവൾ പറഞ്ഞ സ്ഥലത്തേക്ക് ആദ്യത്തെ ബസ്സിൽ തന്നെ ഞങ്ങൾ യാത്ര പുറപ്പെട്ടു. ടിക്കറ്റ് എന്നെക്കൊണ്ട് എടുപ്പിച്ചപ്പോൾ തന്നെ കൂടെ പോകാൻ തീരുമാനിച്ചത് അബദ്ധമായിപ്പോയോയെന്ന് പേഴ്സിൽ തൊട്ട് കൊണ്ട് ഞാൻ ഓർത്തിരുന്നു…
ചെമ്പൻ മുടികൾ പറപ്പിച്ച് ബസിന്റെ മുൻവശ സീറ്റുകളിൽ ഒന്നിൽ ഇരുന്ന് അവൾ മയങ്ങുകയാണ്.. പിറകിൽ അനാഥമായി ഇരിക്കുന്ന എന്നെ അവൾ ശ്രദ്ധിച്ചതേയില്ല…
ഉച്ചയോട് കൂടി ഞങ്ങൾ ബസിൽ നിന്ന് ഇറങ്ങി. ഇനിയെങ്ങോട്ട് പോകുമെന്ന ചിന്ത പോലെ അവൾ അൽപ്പനേരം മാനത്തോട്ട് നോക്കി ആലോചിച്ചു. അതിന് ശേഷം എന്നെ നോക്കി വിശക്കുന്നുവെന്ന് പറഞ്ഞു. എന്റെ പേഴ്സ് പിന്നേയും ചുരുങ്ങി…
ശേഷം, അവളുടെ നിർദ്ദേശ പ്രകാരം സൈക്കിൾ ഓട്ടോയിൽ കയറി ആ പ്രദേശമാകെ ഞങ്ങൾ അലയുകയായിരുന്നു. തന്റെ ചുറ്റുപാടുകളിലെ എല്ലാ ചെറുപ്പക്കാരുടെ മുഖങ്ങളിലും അവൾ അവനെ തിരഞ്ഞു. സന്ധ്യയായിട്ടും തന്റെ കാമുകനെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ അവൾ കരഞ്ഞു. തെരുവ് വെളിച്ചം വളരേ കുറഞ്ഞ ആ ഇടം വിട്ട് ബിലാസ്പൂരിലേക്ക് തിരിച്ച് പോകാമെന്ന് ഞാൻ പറഞ്ഞിട്ടും അവൾ സമ്മതിച്ചിരുന്നില്ല. കയ്യിലെ പണമെല്ലാം തീർന്നെന്ന് പറഞ്ഞപ്പോൾ കഴുത്തിൽ കിടന്നയൊരു സ്വർണ്ണ മാല അവൾ ഊരിത്തരാൻ തുടങ്ങി. എന്തുകൊണ്ടോ അതെനിക്ക് വാങ്ങാൻ തോന്നിയില്ല…
അവസാന ബസ് പോയാൽ ഇവിടം കുടുങ്ങി പോകുമെന്ന് കെഞ്ചി പറഞ്ഞിട്ടും അവൾ കേട്ടതായി ഭാവിച്ചില്ല. തളർച്ച മാറ്റണമെന്ന് വളരേ ക്ഷീണിതയായി അവൾ പറഞ്ഞു. അങ്ങനെയാണ് ബസ് സ്റ്റാന്റിന് അടുത്തുള്ള ഒരു ചെറിയ ലോഡ്ജിലേക്ക് ഞങ്ങൾ നടക്കുന്നത്. ഒരു അന്യപുരുഷനുമായി മുറി പങ്കിടാൻ അവൾക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. എന്നെ അത്രയ്ക്കും വിശ്വാസമാണോ എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും പറഞ്ഞതുമില്ല…
കഴിക്കാനുള്ള ഭക്ഷണം വാങ്ങി വന്നപ്പോഴേക്കും അവൾ കുളിച്ച് വേഷമൊക്കെ മാറിയിരുന്നു. ഞാനും ഒരുങ്ങി. അപ്പോഴേക്കും കൊണ്ടുവെച്ച ഭക്ഷണത്തിന്റെ പാതി കഴിച്ച് അവൾ കിടക്കാൻ ഒരുങ്ങുകയായിരുന്നു. ഒരുവളെ സഹായിക്കാൻ ഇറങ്ങി പുറപ്പെട്ടതിന്റെ നിർവൃതിയാണൊ, അവളുമായി തുടക്കത്തിൽ ആഗ്രഹിച്ചത് പോലെ ഇടപെടാൻ പറ്റാത്തതിന്റെ നിരാശയാണോ എന്നറിയില്ല.. എനിക്ക് ഭക്ഷണം ഇറങ്ങിയതേയില്ല…
ഒരേ ഭാഷ പോലും അല്ലാത്ത ഒരുവനെ വിശ്വസിച്ച് കൂടെ കൂട്ടാനും മുറി പങ്കിടാനുമുള്ള അവളുടെ ധൈര്യത്തെ ഓർത്തപ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി. തുടർന്ന് അവളുടെ കാമുകന് എന്ത് സംഭവിച്ചിരിക്കു മെന്ന് ഓർക്കുകയും ചെയ്തു. ചതിച്ചതായിരിക്കും… അല്ലാതെയെന്ത്….!
കിടക്കയുടെ അറ്റത്തോട് ചേർന്ന് അവൾ ഉറങ്ങിയപ്പോൾ മറ്റേ അറ്റത്തിൽ ഞാനും വീണു. വിശ്വസിച്ച് കൂടെ കൂട്ടിയ അവളോട് ഒരുതരത്തിലും മോശമായി പെരുമാറരുതെന്ന ചിന്തയിൽ ഞാൻ കണ്ണുകൾ അടച്ചു. ഒരു മുൻപരിചയവുമില്ലാത്ത അവളുമായി പങ്കിട്ട ആ രാത്രിയെ എനിക്ക് ഇന്നും ഓർത്തെടുക്കാം…
പിറ്റേന്ന് ഉണരുമ്പോൾ മുറിക്കകത്ത് അവൾ ഉണ്ടായിരുന്നില്ല.. ഒരു വാക്ക് പോലും പറയാതെ അവൾ പോയിരിക്കുന്നു. മേശമുകളിൽ തലേന്ന് അവൾ ഊരിത്തരാൻ ശ്രമിച്ച മാലയും കൂടെയൊരു കുറിപ്പുമുണ്ടായിരുന്നു. ഒരു ദിവസം കൂടി തന്നെ ജീവിപ്പിച്ചതിന് നന്ദിയെന്ന് മാത്രമായിരുന്നു അതിൽ കുറിച്ചിട്ടുണ്ടായിരുന്നത്…
ഒരു സ്വപ്നത്തിൽ നിന്ന് ഉണർന്നത് പോലെ ഞാൻ ബിലാസ്പൂരിലേക്ക് യാത്ര തിരിച്ചു. ട്രാക്കിന്റെ ഇരുവശത്തേക്കും നോക്കി ക്ഷമയില്ലാതെ തലേന്ന് പുലർച്ചക്ക് അവൾ കാത്തിരുന്നത് മരണത്തിന്റെ വണ്ടിയെ ആയിരിക്കണം.. മരിക്കാൻ തീരുമാനിച്ചവർക്ക് കിട്ടുന്ന ധൈര്യത്തിൽ നിന്ന് ആയിരിക്കണം തന്റെ കാമുകനെ തിരയാൻ എന്നേയും കൂട്ടുപിടിച്ച് അവളൊന്ന് ശ്രമിച്ചത്.. അത് പരാജയപ്പെട്ടത് കൊണ്ടായിരിക്കണം അങ്ങനെയൊരു കുറിപ്പ്…
എന്തായാലും ജീവിതകാലം മുഴുവൻ ഓർക്കാനൊരു യക്ഷികഥയെന്ന പോലെ അവൾ എന്റെ തലയിൽ ഉണ്ട്! ആ മാല എന്റെ നെഞ്ചിലും…
പ്രിയപ്പെട്ടവർക്കായുള്ള കാത്തിരിപ്പിന്റെ അവസാനം നിരാശയാണെങ്കിൽ തുടർന്ന് ഭയവും മരവിപ്പും അതിന് ശേഷം മരണവുമാണെന്ന് അവൾ പറയാതെ പറയുകയായിരുന്നു. വികാര മെന്ന് വന്നാൽ മനുഷ്യരെത്ര വിചിത്രരാണല്ലേ….!!!