എഴുതിയത്:-ശ്രീജിത്ത് ഇരവിൽ
ഒറ്റയ്ക്ക് എത്രകാലം പോകുമെന്റെ സതീശായെന്നും ചോദിച്ച് ഇടയ്ക്കൊക്കെ ഭാർഗ്ഗവേട്ടൻ വരാറുണ്ട്. അച്ഛന്റെ കൂട്ടുകാരനാണ്. ആ കാരണത്തിൽ മുഖം കറുപ്പിച്ച് ഇന്നേവരെ ഞാൻ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ, ഒരുനാൾ…
കക്ഷി വന്ന് കഴിഞ്ഞാൽ സ്വന്തം വീടെന്ന പോലെയൊരു പെരുമാറ്റമാണ്. അടുക്കളയിൽ കയറി ഉള്ളതെല്ലാം തുറന്ന് നോക്കും. ഞാൻ ഉണ്ടാക്കി വെച്ചതെല്ലാം എടുത്ത് കഴിക്കും. ചോദിച്ചാൽ നല്ല ക്ഷീണമുണ്ടെന്ന് പറയും. ആരോഗ്യം ശരിയല്ലെങ്കിൽ എന്തിനാണ് വന്നതെന്ന് ചോദിച്ചാൽ നിന്നെ കാണാതെ എങ്ങനെയാണെന്ന് പറഞ്ഞ് ചിണുങ്ങും.
‘മാധവൻ ജീവിച്ചിരിപ്പുണ്ടായിരുന്നേൽ നീയിങ്ങനെ പറയുമായിരുന്നോ…?’
ശേഷം ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഇതായിരിക്കും മറുപടിയിലെ ചോദ്യം. അച്ഛന്റെ പേരെടുത്ത് പറഞ്ഞാൽ യാതൊന്നും മിണ്ടില്ലല്ലോ… ഒന്നോ രണ്ടോ ദിവസം സഹിച്ചാൽ മതിയല്ലോയെന്ന് കരുതി പിന്നെ ഞാൻ മിണ്ടാനൊന്നും പോകാറില്ല. എന്തെങ്കിലും കാട്ടട്ടേയെന്ന് കരുതി ഞാൻ എന്റെ കാര്യങ്ങളുമായി പോകും.
അവസാനമായി ഭാർഗ്ഗവേട്ടൻ വന്നത് കഴിഞ്ഞ ബുധനാഴ്ച്ചയാണ്. രണ്ടുനാൾ കഴിഞ്ഞിട്ടും പോകാതിരുന്നപ്പോൾ കനത്ത ശബ്ദത്തിൽ ഞാൻ ചിലതൊക്കെ പറഞ്ഞിരുന്നു. ഇങ്ങനെ വലിഞ്ഞ് കയറി വരാൻ നാണമില്ലല്ലോ എന്നായിരുന്നു അതിലെയൊരു പ്രധാനപ്പെട്ട വാചകം. അത് കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടു. ഒരു വാക്ക് പോലും മിണ്ടാതെ അയാൾ ഇറങ്ങി പോകുകയായിരുന്നു.
എന്നെ ശല്ല്യം ചെയ്യാതെ ഒരോരത്ത് ചുരുളുമായിരുന്നുവെങ്കിൽ ഭാർഗവേട്ടനെ ഞാൻ സഹിക്കുമായിരുന്നു. കാര്യം അച്ഛന്റെ കൂട്ടുകാരനൊക്കെ തന്നെയാണ്! എന്നാലും, എന്നെ അതിഥിയാക്കുന്ന വിധം വീട് കയ്യേറുകയെന്ന് പറഞ്ഞാൽ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുക! എന്നെ തോളിലിട്ട് വളർത്തിയ പഴം കഥകൾ കേട്ട് കാതുകൾ പൊട്ടും ചില നേരത്ത്. എന്തായാലും നന്നായി. ഇനിയെങ്കിലും വരാതിരിക്കട്ടെ…
ആഴ്ച്ചകൾക്ക് അപ്പുറമുള്ള ഒരു നാളിൽ തന്റെ അച്ഛനെ അന്വേഷിച്ച് ഒരു ചെറുപ്പക്കാരൻ കാലത്ത് തന്നെ വീട്ടിലേക്ക് വന്നു.?നോക്കുന്നവർ ക്കെല്ലാം പ്രകടമാകുന്ന വിധം അവന്റെ കണ്ണിൽ നിരാശ കലങ്ങിയിട്ടുണ്ടായിരുന്നു.
‘ഭാർഗ്ഗവേട്ടന്റെ മോനാണ്. സുകുമാരൻ.’
അപ്പോഴാണ് എനിക്ക് ആളെ മനസ്സിലാകുന്നത്. അങ്ങേരെ കണ്ടിട്ട് ഏറെ നാളായല്ലോയെന്ന് ഞാൻ മറുപടി കൊടുത്തു. എന്തുകൊണ്ടോ അയാളുടെ അവസാന വരവിനെ കുറിച്ച് യാതൊന്നും സുകുമാരനോട് പറയാൻ എനിക്ക് തോന്നിയില്ല.
‘അല്ല.. ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്… ഏതാണ്ട് ഒരു മാസമായി…’
ഞാൻ മിണ്ടാതെ നിന്നു. തനിക്ക് മാധവന്റെ മോനുണ്ടെന്ന് പറഞ്ഞിട്ടാണ് പോലും വീട്ടിൽ നിന്ന് ഇറങ്ങിയത്. ജോലിയുടെ തിരക്കിൽ പെടുന്നത് കൊണ്ട് അച്ഛനെ തീരേ ശ്രദ്ധിക്കാൻ പറ്റിയില്ല. ചെറിയ കാരണം മതി ഇങ്ങനെ ഇറങ്ങിപ്പോകാൻ. സതീശന്റെ അടുത്തേക്കാണ ല്ലോയെന്ന് ഓർക്കുമ്പോൾ ഒരു സമാധാനമുണ്ടാകും. കൂടി വന്നാൽ മൂന്ന് നാൾ. അതിനും അപ്പുറമൊന്നും ഞങ്ങളെ വിട്ട് അച്ഛന് എവിടേയും നിൽക്കാൻ പറ്റില്ലെന്നും ചെറു വിങ്ങലോടെ സുകുമാരൻ പറഞ്ഞു. അപ്പോഴും ഞാൻ മിണ്ടാതെ നിൽക്കുകയായിരുന്നു.
‘മാധവേട്ടന്റെ കൂടെ ഉണ്ടായിരുന്ന കഥ പറയാനെ അച്ഛന് നേരമുള്ളൂ… ഇനിയിപ്പോൾ എവിടെപ്പോയി തേടാനാണ്..! ഇവിടേക്ക് വന്നാൽ വിളിക്കണേ…’
മറന്ന് പോയ എത്രയോ ചിത്രങ്ങൾ തലയിൽ തെളിയിച്ചിട്ടാണ് സുകുമാരൻ പോയത്. ശരിയാണ്. അന്ന്, അഞ്ചോ ആറോ വർഷങ്ങളുടെ മൂപ്പേയുള്ളൂ.. അമ്മയുടെ മരണ ശേഷം എന്നേയും കൂട്ടി അച്ഛൻ പോയത് ഭാർഗ്ഗവേട്ടന്റെ വീട്ടിലേക്കായിരുന്നു. സത്യമാണ്. ആ തോളിൽ എത്രയോ വട്ടം എന്റെ ഭാരം പതിഞ്ഞിട്ടുണ്ട്. അച്ഛനും ഭാർഗവേട്ടനും പങ്ക് കച്ചവടം ചെയ്താണ് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയത്. നാലഞ്ച് വർഷങ്ങൾക്കുള്ളിൽ ഞങ്ങൾ അവിടെ നിന്ന് മാറി താമസിക്കുകയായിരുന്നു.
സുകുമാരൻ വന്ന് പോയതിൽ പിന്നെ ശരിക്കുമൊന്ന് ഉറങ്ങാൻ പറ്റിയിട്ടില്ല. ഭാർഗ്ഗവേട്ടന് എന്ത് സംഭവിച്ചെന്ന് ഓർക്കുമ്പോൾ തന്നെ കുറ്റബോധത്തിൽ നീറുന്നു. നന്ദികേട് കാട്ടിയോയെന്ന സംശയം തോന്നിപ്പോകുകയാണ്. ഭാർഗവേട്ടനുമായുള്ള കഥകൾ അച്ഛനും പറഞ്ഞിരുന്നില്ലേയെന്ന് ആരോ ചോദിക്കുന്നുണ്ട്. കണ്ണുകൾ മുറുക്കെ അടിച്ചിട്ടും രക്ഷയില്ല. നിന്നെക്കാളും വലുത് തനിക്ക് തന്റെ ഭാർഗ്ഗവനാണെന്ന് അച്ഛൻ സ്വകാര്യം പറയുകയാണ്. ആ താരാട്ടിൽ എപ്പോഴോ ഉറങ്ങിപ്പോയി…
ഇരുപത്തിയാറാമത്തെ പ്രായത്തിലാണ് അച്ഛൻ മരിക്കുന്നത്. വർഷങ്ങൾ പതിനഞ്ചോളമായി ഇങ്ങനെ തനിച്ച് താമസിക്കാൻ തുടങ്ങിയിട്ട്. തനിയേ അല്ലാതാകുമ്പോൾ എന്തെന്നില്ലാത്ത വെപ്രാളമാണ്. ആരെയെങ്കിലും ചേർത്ത് വെച്ച് ജീവിക്കാനുള്ള സ്നേഹമൊന്നും തലയിലില്ല. പക്ഷേ, ഭാർഗ്ഗവേട്ടനെ വേദനിപ്പിച്ച് ഇറക്കി വിടരുതായിരുന്നു..
എങ്ങനെയാണ് ഒരു മനുഷ്യനോട് ഇത്രയും ക്രൂരമായി പെരുമാറാൻ കഴിയുന്നതെന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്തൊക്കെ കേട്ടാലും, കുറയാത്ത അടുപ്പവുമായി മുട്ടി നിൽക്കുന്നവരെ ശല്ല്യമായി കാണുന്നവരാണ് മിക്ക മനുഷ്യരും. തട്ടി കുടഞ്ഞാലും വിട്ട് പോകാത്ത അത്തരക്കാരുടെ മൂല്യം അവർ അപ്രത്യക്ഷമാകുന്നത് വരെ ആർക്കും മനസ്സിലാകില്ല. ആ നേരങ്ങളിലൊന്നും ഇവരൊക്കെ എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ആരും ചിന്തിക്കാറുമില്ല. തിരിഞ്ഞ് നോക്കാൻ കെൽപ്പില്ലാത്ത എന്നെ പോലെയുള്ളവർക്ക് എങ്ങനെയാണല്ലേ മനുഷ്യരുടെ സ്നേഹ തലങ്ങളെ മനസിലാക്കാൻ സാധിക്കുക…
പിറ്റേന്ന് നേരത്തേ ഉണരേണ്ടി വന്നു. കാളിംഗ് ബെല്ല് പോരാത്തതിന് കതകിലും ആരോ മുട്ടുന്നുണ്ട്. അഴിഞ്ഞ് തുടങ്ങിയ മുണ്ട് ചുറ്റി കെട്ടി ഞാൻ നടന്നു. കതക് തുറന്നപ്പോൾ,
‘നീയിങ്ങനെ ഒറ്റയ്ക്ക് എത്രകാലം പോകുമെന്റെ സതീശാ…!’
എന്നും മൊഴിഞ്ഞ് മുഷിഞ്ഞ വേഷത്തിൽ ഭാർഗ്ഗവേട്ടൻ മുന്നിൽ നിൽക്കുന്നു! ചെറു ചിരിയോടെ എന്റെ കണ്ണുകൾ കലങ്ങി. ക്ഷമിക്കൂവെന്ന് ചുണ്ടുകൾ വിതുമ്പി. ആ കൈയ്യിൽ പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ എന്നോട് ദേഷ്യമില്ലേയെന്ന് ഭാർഗവേട്ടനോട് ഞാൻ ചോദിച്ചു.
‘നീയെന്റെ മാധവന്റെ മോനല്ലെടാ…’
അങ്ങനെ കേട്ടപ്പോൾ കൺ മുന്നിൽ അച്ഛൻ മിന്നി മറഞ്ഞോയെന്ന് പോലും സംശയിച്ച് പോയി. ഒരിക്കലെങ്കിലും തിരിഞ്ഞ് നോക്കേണ്ടതിലുള്ള ആവശ്യകതയിലേക്ക് പ്രേരിപ്പിക്കുന്ന മറുപടി ആയിരുന്നുവത്. വള്ളി നിക്കറിട്ട ബാല്യകാലത്തെ കണ്ണീരോടെ കുലുക്കി ഇടാനുള്ള ശബ്ദം ആയിരുന്നുവത്…
ഉയരത്തിൽ വളർന്നിട്ടും ഞാൻ ഇപ്പോഴും ഒരു മനുഷ്യന്റെ തോളിൽ തന്നെയാണ്. അമ്മ മറഞ്ഞപ്പോൾ തളർന്ന അച്ഛനെ നിലനിർത്തിയ ഭാർഗ്ഗവേട്ടനെന്ന കൂട്ടുകാരനെ ആ ചുമലിൽ ഇരിക്കുമ്പോൾ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. എത്രത്തോളം പിറകിലേക്ക് നോക്കുന്നുവോ അത്രത്തോളം തെളിച്ചത്തോടെ മുന്നോട്ട് ചലിക്കാമെന്ന് പറയുന്നത് എത്ര ശരിയാണല്ലേ….!!!