ഒറ്റ ഒരു ദിവസമെങ്കിലും നീ എനിക്ക് മാത്രം സ്വന്തമാവണം. വരുൺ ഓപ്പണായിട്ട് തന്നെ അവളോട് പറഞ്ഞു.അവളുടെ മറുപടി കാത്ത് നിൽക്കാതേ വരുൺ നെറ്റ് ഓഫാക്കി പോയിരുന്നു…..

_upscale
നയന

എഴുത്ത്:- ഷെര്‍ബിന്‍ ആന്റണി

വരുണിൻ്റെ മെസ്സേജ് വായിച്ച നയനയുടെ മുഖമാകേ വിളറി വെളുത്തു.മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് നയന എഫ്ബിയിലൂടെ വരുണിനെ വീണ്ടും കണ്ടുമുട്ടുന്നത്. അവനിപ്പോഴും വിവാഹം കഴിച്ചിട്ടില്ലെന്നും, വേറൊരുത്തിയെ ഉൾകൊള്ളാൻ തയ്യാറല്ലെന്ന അവൻ്റെ തീരുമാനവും നയനയെ ആകേ ഞെട്ടിച്ചു കളഞ്ഞു.

മിഡിൽ ക്ലാസ്സ് ഫാമിലിയിലായിരുന്നു നയനയുടെ ജനനം. കഷ്ടപ്പാടും ദുരിതങ്ങൾക്കുമിടയിൽ നിന്നും രക്ഷപ്പെടുവാൻ പഠിച്ച് ജോലി വാങ്ങുവാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവൾ. അതിനിടയിൽ പ്രണയം പറഞ്ഞ് പുറകേ നടക്കുന്നവരോടൊക്കെ അവൾക്ക് പുച്ഛമായിരുന്നു.

പ്രണയിക്കാൻ താത്പര്യമില്ലെന്ന് മുഖത്തടിച്ച് പറയാൻ അവൾക്ക് യാതൊരു മടിയും ഇല്ലായിരുന്നു.അത് മൂലം സൗന്ദര്യം ഉള്ളതിൻ്റെ അഹങ്കാരമാണ്, ധിക്കാരി, ജാഢക്കാരി എന്നീ നിരവധി പട്ടങ്ങൾ അവളിൽ ചാർത്തപ്പെട്ടു.

പല തവണ നിരസിച്ചിട്ടും അഖിലൻ പിന്മാറാൻ തയ്യാറല്ലായിരുന്നു. കോളേജ് പഠനം കഴിഞ്ഞിട്ടും അവനവളെ മറക്കാൻ സാധിച്ചില്ല.നേവിയിൽ ജോലി സ്ഥിരപ്പെടുത്തിയതിന് ശേഷം അഖിലൻ അവളുടെ വീട്ടിലെത്തി, പെണ്ണ് ചോദിക്കാൻ….

എനിക്ക് നയനയെ ഇഷ്ട്ടമാണ്… നിങ്ങളുടെയൊക്കെ സമ്മതത്തോടേ ഞാനവളെ ജീവിത പങ്കാളിയാക്കുവാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്.

അഖിലനെ പറ്റി തിരക്കിയപ്പോൾ തരക്കേടില്ലാത്ത കുടുംബത്തിലെയാണെന്ന് മനസ്സിലാക്കാൻ സാധിച്ചു.തൻ്റെ മകൾക്ക് നല്ലൊരു ഭാവി ജീവിതം കണ്ടെത്തിയ സന്തോഷത്തിൽ നയനയുടെ മാതാപിതാക്കൾ അഖിലനേയും കുടുംബത്തേയും വീട്ടിലേക്ക് ക്ഷണിച്ചു, നിശ്ചയം ഉറപ്പിക്കുകയും ചെയ്തു.

നയനയുടെ ലക്ഷ്യം മനസ്സിലാക്കിയ അഖിലൻ അവൾക്കൊരു ഉറപ്പ് കൊടുത്തു.നിനക്ക് ഇഷ്ട്ടമുള്ളത്രയും പഠിക്കാം, ജോലി കിട്ടിയതിന് ശേഷമേ വിവാഹത്തിന് താത്പര്യം ഉള്ളെങ്കിൽ അത് വരെയും ഞാൻ കാത്തിരിക്കാം. അതിനായ് എന്ത് സാമ്പത്തിക സഹായത്തിനും എന്നെ മടികൂടാതേ സമീപിക്കാം.

അത് കൂടി കേട്ടതോടേ നയനയ്ക്ക് അഖിലനോട് ചെറിയൊരു താത്പര്യമൊക്കെ തോന്നി തുടങ്ങി.തൻ്റെ ഉള്ളിലെ ഇഷ്ട്ടമൊക്കെ മനസ്സിലാക്കാൻ പറ്റിയൊരാൾ ജീവിത പങ്കാളിയായ് കിട്ടിയ സന്തോഷത്തിലായിരുന്നു അവളും!

അങ്ങനെയിരിക്കെ പി.ജിക്ക് അഡ്മിഷൻ കിട്ടിയത് പട്ടണത്തിലെ നല്ലൊരു കോളേജിലാണ്. അഡ്മിഷൻ ഫീയും മറ്റു കാര്യങ്ങളുമൊക്കെ അഖിലൻ കണ്ടറിഞ്ഞ് ചെയ്തിരുന്നു.

ആദ്യ ദിനം അഖിലനോടൊപ്പം ബൈക്കിൻ്റെ പിന്നിലിരുന്നായിരുന്നു അവളുടെ യാത്ര.കോളേജിൽ കൊണ്ട് വിട്ടതും അവനവളോട് പറഞ്ഞു ദേ പെണ്ണേ എന്നും ഇത് പോലേ നിന്നെ കൊണ്ട് വിടണമെന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ എൻ്റെ ലീവ് തീർന്നു, നാളെ തന്നെ എനിക്ക് മടങ്ങണം

അത് സാരമില്ല, ഞാൻ ഉടനെ തന്നെ മാമൻ്റെ വീട്ടിലേക്ക് താമസം മാറുന്നുണ്ട്, അതിവിടെ അടുത്ത് തന്നെ ആയത് കൊണ്ട് കോളേജിൽ പോകാനും വരാനുമൊക്കെ സൗകര്യവുമാണ്.

മാമനും മാമിക്കും ഒരു മോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ചിന്നുക്കുട്ടി. നയന വീട്ടിലേക്ക് വന്നപ്പോൾ ചിന്നുക്കുട്ടിക്ക് ഒത്തിരി സന്തോഷമായി. ഇച്ചേച്ചീ ഇച്ചേച്ചീന്ന് പറഞ്ഞ് ഏത് നേരോം നയനയുടെ പിന്നാലെയായ് ചിന്നുക്കുട്ടി ഏത് നേരോം. എട്ടാം തരത്തിൽ പഠിക്കുന്ന ചിന്നൂനും കൂടെ പഠിക്കുന്ന രണ്ട് പിള്ളേർക്കും കൂടി ട്യൂഷൻ എടുക്കാനും തുടങ്ങി നയന. അവര് താമസിക്കുന്ന ടെറസ്സിന് മുകളിൽ തന്നെയായിരുന്നു അതിന് പറ്റിയ സ്ഥലവും.

രണ്ട് നിലയുള്ള വീടിൻ്റെ മുകൾഭാഗത്താണ് മാമൻ വാകയ്ക്ക് താമസിച്ചിരുന്നത്. താഴെ ഹൗസ് ഓണർ രാമകൃഷ്ണനും ഫാമിലിയും ആയിരുന്നു.രാമകൃഷ്ണന് രണ്ട് ആൺമക്കളായിരുന്നു ഉള്ളത്. മൂത്തത് വരുൺ, ഇളയത് കിഷോറും. വരുൺ പഠനമൊക്കെ കഴിഞ്ഞ് Psc കോച്ചിംഗും ഫുട്ബോൾ കളിയൊക്കെ ആയിട്ട് നടക്കുവായിരുന്നു.

നയന അവിടേക്ക് വന്ന് ഒരാഴ്ചയോളം ആയെങ്കിലും അവൾക്കിത് വരെ വരുണിനെ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല. ബാക്കി ഉള്ളവരോടൊക്കെ അവൾ വളരെ വേഗം അടുക്കുകയും ചെയ്തിരുന്നു.

ചിന്നുക്കുട്ടിക്ക് വരുണിനെ വല്യ കാര്യമായിരുന്നു, ഏത് നേരോം വരുണേട്ടൻ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ നയനയ്ക്കും ഉള്ളിലൊരു മോഹമുണ്ടായി വരുണിനെ ഒന്ന് പരിചയപ്പെടാൻ. മാമിക്കും ഏത് നേരോം വരുണിനെ പറ്റി പറയാനായിരുന്നു താത്പര്യം.

വായാടിയായ ചിന്നുവിനേയും രാമകൃഷ്ണനും ഫാമിലിക്കും ഒത്തിരി ഇഷ്ട്ടമായിരുന്നു. വാടകയ്ക്ക് താമസിക്കുന്നതാണെങ്കിലും അവരെല്ലാം ഒരു ഫാമിലി പോലായിരുന്നു.

നയന രാവിലെ ക്ലാസ്സിൽ പോകും നേരമൊക്കെ താഴത്തെ വീട്ടിലേക്ക് ഒളി കണ്ണിട്ട് നോക്കുമായിരുന്നു, വരുണിനെ ഒന്ന് കാണാൻ. ക്ലാസ്സ് കഴിഞ്ഞ് വന്നാലുടൻ ചിന്നുക്കുട്ടിയുമായ് താഴത്തെ വീട്ടിൽ കളിയും ചിരിയുമായ് ഏറേ സമയം ചിലവിട്ടിരുന്നു, അതിന് ശേഷമായിരുന്നു ട്യൂഷൻ ക്ലാസ്സ്. പക്ഷേ ആ സമയങ്ങളിൽ ഒന്നും തന്നെ വരുണിനെ കാണാൻ അവൾക്ക് പറ്റിയുമില്ല.

നയന വളരെ വേഗം തന്നെ അവർക്കെല്ലാം പ്രീയപ്പെട്ടവളായ് തീർന്നിരുന്നു. വരുൺ ആ പ്രദേശത്തെ ചെറുപ്പക്കാർക്ക് ഒക്കെ വേണ്ടപ്പെട്ടവനായിരുന്നു. വരുണിൻ്റെ മുന്നിൽ സിiഗരറ്റ് വലിക്കാനോ മiദ്യപിക്കാനോ പേടിയായിരുന്നു അവിടുള്ള താന്തോന്നി പിള്ളേർക്ക് പോലും.

ഒരിക്കൽ ഒരു സന്ധ്യ നേരത്ത് ടെറസ്സിലിരുന്ന് പിള്ളേർക്ക് ക്ലാസ്സ് എടുക്കുവായിരുന്നു നയന, താഴെ ബഹളം കേട്ട ചിന്നുക്കുട്ടി എത്തി നോക്കിയിട്ട് പറഞ്ഞു വരുണേട്ടൻ്റെ നിഴല് കണ്ടാൽ അവന്മാരൊക്കെ ഇപ്പോ പറക്കുമെന്ന്. പറഞ്ഞ് തീർന്നതും വരുണിൻ്റെ ബുള്ളറ്റിൻ്റെ ശബ്ദം കേട്ട് തുടങ്ങിയപ്പോൾ നയനയുടെ കണ്ണുകളിൽ ആകാംക്ഷ ചിറകടിച്ച് ഉയർന്നു. അതോടേ കടത്തിണ്ണയിലിരുന്ന് കലപില കൂടിയ ചെക്കന്മാരൊക്കെ നാലും നാല് വഴിക്ക് പാഞ്ഞു. അതൊക്കെ കണ്ട നയനയ്ക്ക് ശരിക്കും അതിശയം തോന്നി.

ഇത് വരെ നേരിട്ട് കാണാത്ത ഒരു വ്യക്തി, മറ്റുള്ളവർ പറഞ്ഞ് കേട്ട ഒരു പരിവേഷം മാത്രമായിരുന്നുള്ളൂ നയനയ്ക്കുള്ളിൽ അത് വരെ വരുണിനെ പറ്റിയുള്ള കാഴ്ചപ്പാട്. താനിപ്പോൾ അയാളെ ഫേസ് ചെയ്യാൻ പോവുകയാണ് എന്നറിഞ്ഞപ്പോൾ അവളുടെ നെഞ്ചിടിപ്പിന് പതിവിലും വേഗതയേറി.

മറഞ്ഞിരുന്നാണ് നയനയും ചിന്നുക്കുട്ടിയും ഇതൊക്കെ വീക്ഷിച്ചിരുന്നത്. വണ്ടിയിൽ നിന്ന് ഇറങ്ങിയ വരുൺ നോക്കിയത് നേരേ ടെറസ്സിലേക്കായിരുന്നു.

അപ്രതീക്ഷിതമായ ആ നോട്ടം നയനയുടെ ഉള്ളിൽ എന്തോ ഒന്ന് കൊളുത്തി വലിക്കുന്നത് പോലൊരു തോന്നൽ. അല്പനേരത്തെ നോട്ടത്തിന് ശേഷം വരുണിൻ്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. കട്ടി മീശയും താടിയുമായ് വിടർന്ന മുഖമായിരുന്നു വരുണിൻ്റേത്. അവൻ്റെ ചിരി കണ്ട് നയനയുടെ മനസ്സും മുഖവും ഒന്ന് തുടുത്തു.

മുകളിലെ വീട്ടിൽ പുതിയതായ് ഒരു മിടുക്കി കുട്ടി പഠിക്കാൻ വന്നിട്ടുണ്ടെന്ന കാര്യം എന്നോ ഒരിക്കൽ അമ്മ പറഞ്ഞത് വരുണിന് ഓർമ്മയുണ്ടായിരുന്നു. പക്ഷേ അവളിത്രയും സുന്ദരിയാണെന്ന കാര്യം അവൻ ഇന്നാണറിഞ്ഞത്.

നയന മറ്റുള്ളവരുടെ അടുത്ത് വളരെ ഫ്രീ ആയിട്ടാണ് ഇടപ്പെട്ടിരുന്നതെങ്കിലും വരുണിനോട് അല്പം അകലം പാലിച്ചിരുന്നു. വരുൺ കാണാതേ അവനെ നോക്കി ഇരിക്കാനും, അവൻ്റെ നോട്ടം തന്നിലേക്ക് എത്തുമ്പോഴൊക്കെ വെട്ടി ഒഴിഞ്ഞ് മാറാനും നയന പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഒരിക്കൽ രാമകൃഷ്ണൻ അവളോട് പറഞ്ഞു മോളുടെ പഠനമൊക്കെ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോവണ്ടാട്ടോ…. ഇവിടെ ഞങ്ങളോടൊപ്പം നിന്നോളൂന്ന്.

അതിനെന്താ…. എനിക്ക് വീട്ടിൽ നിൽക്കുന്നതിനേക്കാളും ഇവിടെ നില്ക്കാനാണിഷ്ട്ടമെന്ന് നയനയും ചിരിച്ചോണ്ട് മറുപടി നൽകി.

അന്ന് രാത്രി കിടക്കാം നേരം രാമകൃഷ്ണൻ ഭാര്യയോട് ഇക്കാര്യം പറഞ്ഞു, നയന നല്ല കുട്ടിയാ നമ്മുടെ വരുണിന് വേണ്ടി ആലോചിച്ചാലോന്ന്. അത് കേട്ട് അവർക്കും സന്തോഷമായ് ഞാനീ കാര്യം അങ്ങോട്ട് പറയുവാനിരിക്കുവായിരുന്നു.

പിറ്റേ ദിവസം നയനയുടെ മാമിയോട് വരുണിൻ്റെ അമ്മ ഇക്കാര്യം അവതരിപ്പിച്ചു. അഖിലനുമായ് നയനയുടെ വിവാഹം ഉറപ്പിച്ച വിവരം മാമനും മാമിക്കുമൊന്നും അറിയില്ലായിരുന്നു.

വരുണിനെ പോലൊരു ചെക്കനെ കിട്ടാൻ ഭാഗ്യം വേണം. അവളുടെ പഠിത്തം കഴിയട്ടെ നമ്മുക്കിത് നടത്താമെന്ന് വളരെ സന്തോഷത്തോടെ മാമിയും പറഞ്ഞു. ഈ സംസാരങ്ങളൊക്കെ കേട്ടോണ്ട് വരുൺ റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോഴാണ് അവൻ അകത്തുള്ള വിവരം അവരറിയുന്നത്. എതിരഭിപ്രായം പ്രകടിപ്പിക്കാത്തതിനാൽ വരുണിൻ്റെ ഇഷ്ട്ടം അവർ മനസ്സിലാക്കി.

ഒരു വിശേഷ ദിവസം അമ്പലത്തിൽ നിന്ന് മടങ്ങുന്ന വഴി നയനയുടെ അടുത്ത് കൊണ്ട് വന്ന് വണ്ടി നിർത്തിയിട്ട് വരുൺ അവളോട് പറഞ്ഞു വാ കയറ് ഞാൻ കൊണ്ട് വിടാമെന്ന്.

ഫുട്ബോൾ പ്രാക്ടീസും കഴിഞ്ഞ് വരുന്ന വഴിയായിരുന്നു വരുൺ. ബുള്ളറ്റിൽ പോയി കൊണ്ടിരിക്കുമ്പോൾ അവൻ നയനോട് പറഞ്ഞു പോലീസിലേക്ക് സെലക്ടായിട്ടുണ്ട് മിക്കവാറും അടുത്തമാസം ജോയിൻ ചെയ്യാൻ പറ്റും, അത് കഴിഞ്ഞിട്ട് വേണം നയനയുടെ വീട്ടിൽ വന്ന് സംസാരിക്കാൻ.

പിന്നിലിരുന്ന നയന പെട്ടെന്ന് വരുണിൻ്റെ തോളിൽ പിടിമുറുക്കിയതും,അവൻ വഴിയരികിലുള്ള തണൽ മരച്ചുവട്ടിലേക്ക് വണ്ടി ഒതുക്കി.

നയനയ്ക്ക് അവനോട് എന്താ പറയേണ്ടതെന്ന് അറിയില്ലായിരുന്നു. പക്ഷേ പറയാതിരുന്നാൽ അതിലും വലിയൊരു അപകടം വരാനില്ലെന്നും അവൾക്ക് അറിയാമായിരുന്നു!

അഖിലൻ വീട്ടിൽ വന്നതും തൻ്റെ വിവാഹ നിശ്ചയം ഉറപ്പിച്ച വിവരമൊക്കെ നയന അവനോട് ഒന്നും മറച്ച് വെക്കാതേ തുറന്ന് പറഞ്ഞു.

ഞാനല്പം വൈകിയല്ലേ…. അത് സാരമില്ല നിന്നെ കാണാൻ വൈകി എന്ന് പറയാം…..ല്ലേ?

ഒന്നും മിണ്ടാനാവാതേ അവൾ വരുണിനെ തന്നെ നോക്കി നിന്നു.

വിഷയം മാറ്റാൻ വരുൺ പറഞ്ഞു പണ്ടിത് പോലൊരു സംഭവം ഉണ്ടായി തെങ്ങ് കയറാൻ വന്നയാൾ തെങ്ങിൻ്റെ മുകളിൽ നിന്ന് തെന്നി താഴെ വീണു. ഓടിക്കൂടിയ നാട്ട്കാര് അപ്പോ തന്നെ മൂപ്പരേം എടുത്തോണ്ട് തൊട്ടടുത്തുള്ള ഹോസ്പ്പിറ്റെലിൽ ചെന്നു. പരിശോധിച്ചതിന് ശേഷം ഡോക്ടറ് പറയുവാ ഒരു അര മണിക്കൂർ മുന്നേ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്ന്. അത് കേട്ട് കൂടെ നിന്നൊരാൾ പറയുവാ അതിന് മൂപ്പിലാൻ തെങ്ങേന്ന് ഒന്ന് വീണ് കിട്ടണ്ടേന്ന് അത് പോലായ് ഇപ്പോ എൻ്റെ കേസും.

ഉള്ളില് സങ്കടം പുറത്തറിയിക്കാതിരിക്കാൻ വരുൺ പറഞ്ഞ തമാശ കേട്ട് നയനയ്ക്ക് ചിരി വന്നില്ലെങ്കിലും അവനെ അവൾക്ക് മനസ്സിലാക്കാനായി.

കോഴ്സിൻ്റെ റിസൾട്ട് വരും മുന്നേ നയന വീട്ടിലേക്ക് മടങ്ങി. പിന്നീട് ഒരിക്കൽ പോലും അവൾ വരുണിനെ കണ്ടിട്ടില്ല, മന: പൂർവ്വം കാണാതിരുന്നതാണ്. അഖിലനുമായുള്ള കല്ല്യാണം ഇനിയും വൈകരുതെന്ന് അവൾക്ക് തോന്നി തുടങ്ങി.

വിവാഹ ശേഷം അഖിലനോടൊത്ത് അന്യ സംസ്ഥാനത്തായിരുന്നു നയനയും. ജോലി കിട്ടിയതിന് ശേഷമാണ് അവൾ നാട്ടിലേക്ക് മടങ്ങിയത്. അവളുടെ ജോലി സൗകര്യത്തിന് വേണ്ടി സിറ്റിയിലുള്ള ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. അഖിലൻ്റെ തീരുമായിരുന്നു അതൊക്കെയും.

ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ വിരസതയകറ്റാൻ എഫ്ബീല് കേറിയതായിരുന്നു നയന. വരുണിൻ്റെ മെസേജ് അവളെയാകേ ഉലച്ച് കളഞ്ഞു.

വരുണിനെ ആശ്വസിപ്പിക്കാൻ നയനെ നന്നേ പാട് പെട്ടു.

നയനാ….എനിക്ക് നിന്നോടൊന്ന് നേരിട്ട് സംസാരിക്കണം

പക്ഷേ വരുണിനെ ഫേസ് ചെയ്യാൻ അവൾക്ക് ആകുമായിരുന്നില്ല. എങ്കിലും താൻ ഒരുവൾ കാരണം വരുൺ നശിക്കുന്നത് കാണാൻ അവൾ ഒട്ടും ആഗ്രഹിച്ചിരുന്നില്ല.

ഒറ്റ ഒരു ദിവസമെങ്കിലും നീ എനിക്ക് മാത്രം സ്വന്തമാവണം. വരുൺ ഓപ്പണായിട്ട് തന്നെ അവളോട് പറഞ്ഞു.

അവളുടെ മറുപടി കാത്ത് നിൽക്കാതേ വരുൺ നെറ്റ് ഓഫാക്കി പോയിരുന്നു.

അവന് റിപ്ലൈ കൊടുക്കാനോ ബ്ലോക്ക് ചെയ്യാനോ അവൾക്കായില്ല.

കുറച്ച് ദിവസത്തിന് ശേഷം ഓഫീസിലെത്തിയ നയന ലീവ് ആപ്ലിക്കേഷൻ കൊടുത്തിട്ട് അഖിലന് മെസേജ് അയച്ചു. ഞാനുടനെ അങ്ങോട്ട് വരുന്നുണ്ട്, ടിക്കറ്റ് കൺഫോം ആയാൽ പറയാമെന്ന്.

സന്ധ്യയ്ക്കത്തെ ട്രെയിനിന് തന്നെ നയന ട്രെയിനിൽ കയറിയിരുന്നു. വിൻഡോ സീറ്റിൽ തല ചായ്ച്ച് മയങ്ങുമ്പോൾ അവളെല്ലാം മറക്കാൻ ശ്രമിക്കുവായിരുന്നു.

സിഗ്നലിൽ ട്രെയിൻ നിർത്തിയിട്ടപ്പോഴാണ് വെളിയിലെ ആൾക്കൂട്ടവും ബഹളവും കേട്ട് അവൾ കണ്ണ് തുറന്നത്. ആരോ ഒരാൾ വട്ടം ചാiടിയെന്നും ചിiന്നിച്ചിiതറിയ ശiരീരാവശിഷ്ടങ്ങൾ എടുത്ത് മാറ്റി കൊണ്ടിരിക്കുകയാണെന്നും പറയുന്നത് കേട്ടാണ് അവൾ പുറത്തേക്ക് നോക്കിയിരുന്നത്.

ട്രെയിൻ മെല്ലെ ചലിക്കാൻ തുടങ്ങിയപ്പോഴാണ് വഴിയോരത്ത് ഒതുക്കി നിർത്തിയ ടൂ വീലർ നയനയുടെ കണ്ണിൽ പെടുന്നത്! ഒരിക്കൽ താൻ പിന്നിലിരുന്ന് സഞ്ചരിച്ച ആ വണ്ടി തിരിച്ചറിയാൻ അവൾക്ക് പ്രയാസമുണ്ടായില്ല!

വരുൺ തന്നെ കാണാൻ ഫ്ലാറ്റിൽ വന്നതും, ഡോറ് തുറക്കാതെ നിറ കണ്ണുകളോടെ വാതിലിൽ ചാരി നിന്നതുമൊക്കെ അവളുടെ മനസ്സിൽ ഒരു വട്ടം കൂടി കടന്ന് പോയി.

Leave a Reply

Your email address will not be published. Required fields are marked *