ഓൻ കഴിഞ്ഞയാഴ്ച്ച മൂകാംബികയ്ക്ക് പോയത് കൂട്ടുകാരോടൊപ്പമല്ല.. കൂട്ടുകാരിയുടെ ഒപ്പമാണ്. കൂടെ രണ്ട് കുഞ്ഞുങ്ങളും ഉണ്ടെന്നാണ് കേട്ടെ…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അലക്കാൻ പോകുമ്പോഴാണ് അടുക്കളയിൽ നിന്ന് ഫോൺ ശബ്ദിക്കുന്നത്. ആരാണെന്ന് ചിന്തയിൽ ബക്കറ്റ് താഴെ വെച്ച് ഞാനത് എടുക്കാനായി നടന്നു.

‘നിന്റെ ഭർത്താവിനെ സൂക്ഷിച്ചൊ… ഓന് വേറെ ഭാര്യയും പിള്ളേരുമുണ്ടെന്നാണ് കേൾക്കുന്നെ…’

അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ച് അമ്മയുടെ ഉത്തരത്തിനായി അക്ഷമയോടെ ഞാൻ കാത്തിരുന്നു.

‘ഓൻ കഴിഞ്ഞയാഴ്ച്ച മൂകാംബികയ്ക്ക് പോയത് കൂട്ടുകാരോടൊപ്പമല്ല.. കൂട്ടുകാരിയുടെ ഒപ്പമാണ്. കൂടെ രണ്ട് കുഞ്ഞുങ്ങളും ഉണ്ടെന്നാണ് കേട്ടെ..’

”ന്റെ പറശ്ശിനിക്കടവ് മുത്തപ്പാ…! ”

അറിയാതെ വിളിച്ച് പോയി. കാലത്ത് ഞാൻ ഉണ്ടാക്കി വിളമ്പിയ ഉപ്പുമാവും വാരി തിന്ന് വർക്ക് ഷോപ്പിൽ പോയ മനുഷ്യന് മറ്റൊരു കുടുംബമുണ്ടെന്ന് എനിക്ക് വിശ്വസിക്കാനേ ആയില്ല.

ആള് മാറിയതാകുമെന്ന് പറഞ്ഞപ്പോൾ കണ്ടത് തൊഴാൻ പോയ നിന്റെ അമ്മാവനാണെന്ന് അമ്മ പറഞ്ഞു. അമ്മാവനെയൊന്ന് വിളിച്ച് നോക്കാം.

‘അമ്മാവാ.. ഇങ്ങള് എന്റെ കെട്ട്യോനെ കണ്ടോ…? മൂകാംബികയില് വെച്ച്…?’

“ഓനെ മാത്രല്ല… വിളിച്ചപ്പോ തിരിഞ്ഞ് നോക്കാതെ ഒറ്റ നടത്തം…”

ഭർത്താവ് ഇട്ടിരുന്ന തുണിയുടെ നിറം വരെ അമ്മാവൻ പറഞ്ഞു. ശരിയാണ്. അങ്ങനെയൊരു ആകാശ നീല നിറത്തിൽ ആ മനുഷ്യന് ഒരു കുർത്തയുണ്ട്. മൂകാംബികയ്ക്ക് പോകുമ്പോൾ കൊണ്ട് പോയിരുന്നോയെന്ന് ഓർമ്മയില്ല. കൂട്ടുകാരുമൊത്ത് പോകുന്നുവെന്ന് പറഞ്ഞാൽ കിട്ടിയതെടുത്ത് ഇറങ്ങാറാണ് പതിവ്. കഴിഞ്ഞ ആഴ്ച്ചയിലെ മൂകാംബിക യാത്രയും അങ്ങനെ സംഭവിച്ചതാണ്.

തുടർന്ന് എന്താണ് അമ്മാവനോട് ചോദിക്കേണ്ടതെന്ന് അറിയാതെ വന്നപ്പോൾ ഞാൻ ഫോൺ വെക്കുകയായിരുന്നു. അലക്ക് കല്ലിന്റെ അടുത്തേക്ക് നടക്കുമ്പോൾ ആരായിരിക്കും ഭർത്താവിന്റെ കൂടെ ഉണ്ടായിരുന്നതെന്ന് ഞാൻ ആലോചിച്ചു.

മുഷിഞ്ഞ് പതഞ്ഞ തുണികൾ കുത്തി തിരുമ്മുമ്പോൾ ഞാൻ എന്തിനാണ് ഇങ്ങനെ ഇവിടെ ജീവിക്കുന്നതെന്ന് എനിക്ക് തോന്നിപ്പോയി. അടുത്തതായി കൈയ്യിട്ടപ്പോൾ ബക്കറ്റിൽ നിന്ന് കിട്ടിയത് ആകാശ നീല നിറത്തിലുള്ള ആ കുർത്തയായിരുന്നു. ശരിയാണ്. ആ മനുഷ്യൻ മൂകാംബികയിലേക്ക് പോയതിൽ പിന്നെ ഇപ്പോഴാണ് അതെന്റെ കൈയ്യിൽ കിട്ടുന്നത്. കല്ലിൽ ആവർത്തിച്ച് തല്ലി അരിശം മുഴുവൻ ഞാൻ അതിനോട് കാണിച്ചു.

വൈകുന്നേരമായി. വർക്ക് ഷോപ്പിൽ നിന്ന് ഭർത്താവ് വന്നു. കൈയ്യിൽ ഞങ്ങളുടെ ഒമ്പത് വയസ്സുള്ള മോന് വേണ്ടിയുള്ള നാലുവര കോപ്പിയും ഉണ്ടായിരുന്നു. മോനേയെന്ന് വിളിച്ച് കോപ്പി കൊടുത്തതിന് ശേഷം ആ മനുഷ്യൻ എന്നോട് കാപ്പി ചോദിച്ചു. അത് നിങ്ങളുടെ കൂടെ മൂകാംബികയിൽ ഉണ്ടായിരുന്ന പെണ്ണിനോട് ചോദിച്ചാൽ മതിയെന്ന് പറഞ്ഞ് ഞാൻ മുഖം തിരിക്കുകയായിരുന്നു.

പതിവില്ലാത്ത എന്റെ ശബ്ദം കേട്ടപ്പോൾ വിഷയം ഗൗരവ്വമാണെന്ന് ഭർത്താവിന് മനസ്സിലായി. നിന്നോട് ആരാണ് ഈ കള്ള കഥകളൊക്കെ പറയുന്നതെന്ന് ചോദിച്ച് ആ മനുഷ്യൻ അകത്തേക്ക് കയറിപ്പോയി. അമ്മാവൻ ഒരിക്കലും കള്ളം പറയില്ലെന്ന് ഞാൻ ഒച്ചത്തിൽ പറഞ്ഞു. അതിനേക്കാളും കനത്തിൽ അലറാതെടിയെന്ന് പറഞ്ഞ് എന്റെ ഭർത്താവ് വിറച്ചു. ഞാൻ ഭയന്ന് പോയി…

പിന്നീട് അതിനെ കുറിച്ച് ഞങ്ങൾ യാതൊന്നും മിണ്ടിയില്ല. പരസ്പരം കൂടുതലൊന്നും അടുക്കാതെ നാളുകൾ കൊഴിഞ്ഞു. അമ്മാവന് തോന്നിയതാകുമോയെന്ന് വരെ ഞാൻ സംശയിച്ചു. ആ തലയിൽ വല്ലാത്തയൊരു കുറ്റബോധം പിടികൂടുകയായിരുന്നു. ഞാനും മോനുമല്ലാതെ മറ്റൊരു ലോകവും എന്റെ ഭർത്താവിന് ഇല്ലെന്ന വിശ്വാസത്തിലേക്ക് ഞാൻ പതിയേ ചാഞ്ഞു.

അന്ന് വൈകുന്നേരം തെറ്റുകളൊക്കെ ഏറ്റ് പറഞ്ഞ് ഭർത്താവിനോട് ക്ഷമ പറയണമെന്ന തീരുമാനത്തോടെ ഞാൻ കാത്തിരിക്കുക യായിരുന്നു. വൈകാതെ എന്റെ കാതുകളിൽ വന്നുവീണത് ആ മനുഷ്യന് അപകടം സംഭവിച്ചുവെന്ന വാർത്തയായിരുന്നു. മോനേയും കൂട്ടി ധൃതിയിൽ മെഡിക്കൽ കോളേജിലേക്ക് എത്തിയപ്പോഴേക്കും എന്റെ കുഞ്ഞിന്റെ അച്ഛൻ മരിച്ച് പോയിരുന്നു..

ആ മരണം സ്ഥിതീകരിച്ചപ്പോൾ പറശ്ശിനിക്കടവ് മുത്തപ്പായെന്ന് ആശുപത്രി മുഴക്കെ ഞാൻ നിലവിളിച്ചു. മോന്റെ ഇമ വെട്ടാതെയുള്ള നോട്ടത്തെ നോക്കി നിൽക്കുമ്പോഴാണ് എന്റെ ബോധം പോയത്…

ഒരു മരണത്തെ അഭിമുഖീകരിച്ച് കഴിഞ്ഞ വീട്ടിൽ നിന്ന് ഉയരുന്ന ശബ്ദം മാത്രമേയുള്ളൂ അന്തരീക്ഷത്തിൽ. പോസ്റ്റുമാർട്ടമൊക്കെ കഴിഞ്ഞ് ബോഡി വീട്ടിലെത്തി. കരയാൻ ഒരിറ്റ് കണ്ണീരോ, പോകാൻ ബോധമോ ഇല്ലാതെ ഞാൻ ഇരിക്കുകയാണ്. അമ്മ വന്നതിൽ പിന്നെ മോനെ ഞാൻ അന്വേഷിച്ചില്ല. തിരുത്താൻ പറ്റാത്ത തെറ്റുകാരി ആയതിൽ മനം നൊന്ത് ഞാൻ കല്ലിച്ച് പോയി. തൊട്ടാൽ പോലും അറിയാത്ത വിധം മരവിച്ച് പോയി.

ഊഹാഭോഹങ്ങളിൽ മനുഷ്യർ മനുഷ്യരെ മാറ്റിനിർത്തുന്ന നേരങ്ങളോടെല്ലാം കണക്ക് പറയാൻ കാലം ഇതുപോലെ ചിലപ്പോൾ കുസൃതി കാട്ടും. ലോകത്തിൽ അമൂല്യമായ എന്തെങ്കിലുമൊന്ന് ഉണ്ടെങ്കിൽ അത് നേരമാണെന്ന് എനിക്ക് തോന്നുകയായിരുന്നു. അല്ലെങ്കിലും, മുട്ടിയിരുമ്മി പങ്കുവെക്കേണ്ട ബന്ധങ്ങളോട് മിണ്ടാതെ മാറാൻ മനുഷ്യർക്കൊരു പ്രത്യേക കഴിവാണല്ലോ…

ഭർത്താവിനെ തെക്കോട്ടേക്ക് എടുക്കാൻ ബന്ധുക്കൾ വന്നപ്പോൾ മൂലയിൽ ചടഞ്ഞിരുന്ന ഞാൻ എഴുന്നേറ്റു. അപ്പോഴാണ് വടക്ക് ഭാഗത്തെ റോഡിൽ നിന്ന് ഒരു സ്ത്രീ ധൃതിയിൽ വരുന്നത് ശ്രദ്ധിച്ചത്. കൂടെ രണ്ട് കുഞ്ഞുങ്ങളുമുണ്ട്. അടുത്തേക്ക് എത്തിയപ്പോൾ തന്റേതും കൂടിയാണെന്ന അർത്ഥത്തോടെ അവൾ എന്റെ മരിച്ച് പോയ ഭർത്താവിന്റെ മാറിലേക്ക് വീണു…

പിടിച്ച് മാറ്റാൻ അമ്മാവൻ പറഞ്ഞു. വേണ്ടെന്ന് ഞാനും. ദഹിപ്പിക്കും മുമ്പേ പുണരണമെന്ന് മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്ന വിധമായിരുന്നു ആ സ്ത്രീയുടെ തുടർന്നുള്ള ഭാവം. ഇറങ്ങി പോകാൻ പറയുന്നവരുടെ മുഖത്തേക്ക് അവൾ നോക്കിയതേയില്ല. എന്റെ കണ്ണുകളുടെ മുന്നിൽ അൽപ്പ നേരം നിന്നു. ശേഷം തന്റെ കുഞ്ഞുങ്ങളെ വാരിപ്പിടിച്ച് വന്നതിലും വേഗതയിൽ തിരിച്ച് പോയി.

വടക്ക് ഭാഗത്തെ റോഡിൽ നിർത്തിയിരുന്ന ഓട്ടോയിൽ കയറി അവൾ പോകുന്നത് ഇമ വെട്ടാതെ ഞാൻ നോക്കി നിൽക്കുകയാണ്. എല്ലാം വ്യക്തമാണ്. ജീവിച്ചിരിക്കുമ്പോൾ സത്യം പറയാത്ത മനുഷ്യർ മരിച്ച് പോകുമ്പോൾ എത്ര വ്യക്തമായിട്ടാണ് ചിലതൊക്കെ തുറന്ന് കാട്ടുന്നത്..

ഇനിയുള്ള ജീവിതം കുറ്റബോധത്തിൽ ഉരുകേണ്ടി വരുമെന്ന് കരുതിയ എനിക്ക് ആശ്വാസമാണ് ആ നിമിഷം തോന്നിയത്. അതിനുമപ്പുറം, മരണപ്പെട്ട എന്റെ താലിയുടെ മുമ്പിൽ ഇത്രയ്ക്കും വൈകാരികമായ മുഹൂർത്തങ്ങൾ ഉണ്ടാക്കാൻ പാകം എന്ത്‌ കഥയാണ് അവൾക്ക് പറയാനായി ഉണ്ടാകുകയെന്ന് കൂടി ഞാൻ ചിന്തിച്ചിരുന്നു.

എന്നേക്കാളും കൂടുതൽ ഈ മരിച്ച മനുഷ്യൻ മറ്റൊരാളെ സ്നേഹിച്ചിരിക്കുന്നു. അത് എന്ത്‌ കൊണ്ടായിരിക്കും! എന്താണ് എന്റെ കുറവ്! പങ്കാളിയുടെ കുറവിൽ തന്നെ വേണമെന്നില്ലല്ലോ പരപ്രാണ ബന്ധം… എന്തായാലും പരാതിപ്പെടേണ്ട ആൾ മരിച്ചു. കബളിപ്പിക്കപ്പെട്ട രംഗങ്ങളുടെ ഓർമ്മയിൽ മനസ്സിലും മരിച്ചു. അങ്ങനെ ചിന്തിച്ചപ്പോൾ നിസംഗതയുടെ നിശ്വാസം മാത്രമായിരുന്നു പിന്നീടുള്ള നെഞ്ചിൽ…!

Leave a Reply

Your email address will not be published. Required fields are marked *