‘കഥാകാരന്റെ കഥ’
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
‘ഭർത്താവിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിക്കൊണ്ട് അവളൊരു കൊടുംകാറ്റു പോലെ ഇരുളിലേക്കു നടന്നുമറഞ്ഞു ‘
കഥയുടെ അവസാന വരികൾ ഒരാവൃത്തികൂടി വായിച്ചു നോക്കി സംതൃപ്തി വരുത്തിയ ശേഷം കഥ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് കഥാകൃത്ത് ഊണു മുറിയിലേക്ക് ചെന്നു.
ദൂരെയെങ്ങോ പാതിരാകോഴി കൂവുന്ന ശബ്ദം.
ഡൈനിങ് ടേബിളിൽ അടച്ചുവച്ചിരിക്കുന്ന ഗോതമ്പു ദോശയും ചമ്മന്തിയും തണുത്താറിയിരിക്കുന്നു.
അവളൊന്നെഴുന്നേറ്റിരുന്നെങ്കിൽ ഒരു ചൂട് കാപ്പി കുടിക്കാമായിരുന്നു.
രാത്രി മുഴുവൻ ലൈക്കിനും കമന്റിനുമായി ചിലവഴിക്കേണ്ടതാണ്.
അയാൾ കിടപ്പുമുറിയിലേക്കൊന്നെത്തി നോക്കി.
അടുക്കള ജോലിചെയത് തളർന്ന നല്ലപാതി മൂടിപ്പുതച്ചുകിടന്നുറങ്ങുന്നു.
‘അവളെ വിളിച്ചാലോ?
‘വേണ്ട.ഉറക്കം നഷ്ടപ്പെടുത്തിയെന്ന പേരിൽ കോലഹലമുണ്ടാക്കും.
കഥാരചനയിൽ വ്യാപൃതനായതുമുതൽ താൻ കുടുംബകാര്യങ്ങളിൽ ഒന്നിലും ശ്രദ്ധിക്കാറില്ല.
അതിലവൾക്ക് കെറുവുണ്ട്.
ഇനി ഈ പാതി രാത്രി വിളിച്ചുണർത്തി അതിന്റെ പേരിലൊരു പൊല്ലാപ്പുണ്ടാക്കേണ്ട
സ്വന്തമായി ഉണ്ടാക്കിയ ഒരു കപ്പ് കട്ടൻ കാപ്പിയുമായി തന്റെ കഥയുടെ ഭാവി അറിയാനായി അയാൾ മൊബൈൽ തുറന്നു.
സാമാന്യം തരക്കേടില്ലാത്ത രീതിയിൽ ലൈക്കും കമന്റുമൊക്കെ വീണിട്ടുണ്ട്.
കമന്റുകളുടെ ഇടയിലൂടെ കണ്ണോടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ വാചകങ്ങൾ അയാളുടെ ശ്രദ്ധയിൽ പെട്ടത്.
“ഇതിൽ അവസാന വാചകമൊഴികെ ബാക്കിയെല്ലാം എന്റെ ജീവിതമാണ്. അതു ഞാൻ ചെയ്യുന്നില്ല എന്നേയുള്ളു.
എന്നോട് ചോദിക്കാതെ എന്റെ കഥയെഴുതിയ നിങ്ങൾക്കെതിരെ ഞാൻ മാനനഷ്ടത്തിന് കേസുകൊടുക്കും”
അയാൾ ഒരു നിമിഷംപകച്ചു. തന്റെ ഹൃദയരക്തത്തിൽ മുക്കിയെഴുതിയ കഥയാണിത്. അതിന് മറ്റൊരാവകാശിയോ.
കുറച്ചു നാളായി താൻ എന്തെഴുതിയാലും ഈ ഐഡിയിൽ നിന്ന് താനെഴുതുന്നതെല്ലാം അവരുടെ ജീവിതമാണെന്നു പറഞ്ഞ് കമന്റ് വരുന്നു.
അവരുടെ ഐഡി ചെക്ക് ചെയ്തപ്പോൾ പ്രൊഫൈൽ ലോക്ക് ആണ്.
ഏതോ സിനിമാനടിയുടെ ചിത്രമാണ് പ്രൊഫൈലിൽ.
ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടാണെങ്കിൽ സ്വീകരിക്കുന്നുമില്ല.
അയാൾ ചിന്താമഗ്നനായി ഒരു സിഗരട്ടിന് തീ കൊളുത്തിക്കൊണ്ട് മറു കമന്റെഴുതി
‘സഹോദരി ഇതെന്റെ സ്വന്തം ജീവിതത്തിന്റെ ഏടുകൾ കോർത്തിണക്കിയതാണ്.
മറ്റൊരാളുടെ ആശയം മോഷ്ടിക്കുവാൻ തക്കവിധം ഞാൻ അധഃപതിച്ചിട്ടില്ല”
അൽപ നിമിഷങ്ങൾക്കുള്ളിൽ മറുപടി വന്നു.
“അതു ഞാൻ തെളിയിക്കും.നിങ്ങളെ കോടതി കയറ്റും”
കഥാകാരൻ വിയർത്തു.സ്വല്പം റിലാക്സേഷനു വേണ്ടിയാണ് കഥയെഴുതി തുടങ്ങിയത്.
അതിന് കോടതി കയറുകയെന്നുവച്ചാൽ ചിന്തിക്കുവാൻ കൂടി ബുദ്ധിമുട്ടാണ്.
എന്തായാലും കഥ ഡിലിറ്റ്ചെ യ്യുകതന്നെ.
ഇരുന്നൂറോളം ലൈക്കുകൾ വീണു കഴിഞ്ഞ ആ കഥ അയാൾ വേദനയോടെ ഡിലിറ്റ് ചെയ്തു കൊണ്ട് കിടപ്പുമുറിയിലേക്ക് നടന്നു.
അപ്പോൾ മുറിയിൽ അയാളുടെ ഭാര്യ മൊബൈൽ ഓഫാക്കി ഒരു പുഞ്ചിരിയോടെ തലവഴി പുതപ്പ് വലിച്ചിടുകയായിരുന്നു.
ഭാര്യയാരാ മോള്!
അവസാനിച്ചു