കൈകൾ രണ്ടും ആവർത്തിച്ച് കൂട്ടിയടിച്ചതിന് ശേഷം ഞാൻ ആർത്താർത്ത് കരഞ്ഞു. ഒന്നും കേട്ടില്ല. എന്റെ കരച്ചിലോ, കൈയ്യടികളോ, കാതുകളിലേക്ക് എത്തിയില്ല. അമ്മ വല്ലാതെ പേടിച്ചിരിക്കുകയാണ്……

_upscale

എഴുതിയത്:-ശ്രീജിത്ത് ഇരവിൽ

നൈറ്റിയുടെ തുമ്പിൽ ചവിട്ടിയാണ് അമ്മ തെന്നുന്നത്. അതുമാത്രമല്ല. തുടർന്ന്, കൈകളിലെ ചില്ല് പാത്രം താഴെ വീഴുന്നതും, ഞാൻ കണ്ടിരുന്നു. പക്ഷേ, യാതൊന്നും കേട്ടില്ല… പതിനാല് വർഷങ്ങളുടെ തലയിൽ അങ്ങനെയൊരു അനുഭവം ആദ്യമായിരുന്നു. കാതുകളുടെ ക്ലോസ് റേഞ്ചിൽ ഒരു തേനീച്ച പാറിയകലുന്നത് പോലെ…. അതാണ് ലോകത്തിന്റെ ശബ്ദമെന്ന് അറിയുന്നത് പോലെ…

‘നോക്കിയിരിക്കാതെ പിടിക്കെടാ….’

കൈ നീട്ടിക്കൊണ്ടുള്ള അമ്മയുടെ ചുണ്ടനക്കങ്ങളിൽ നിന്ന് അങ്ങനെയാണ് കേൾക്കാൻ പറ്റിയത്. സാമ്പാറിൽ മുക്കിയ ഇഡ്ഡലിയുടെ തുണ്ട് പത്രത്തിലേക്ക് തിരിച്ചിട്ട് ഞാൻ എഴുന്നേറ്റു. അമ്മയെ എഴുന്നേൽപ്പിക്കുമ്പോൾ തറയിൽ ചിതറിയ ചില്ലിൽ ചവിട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമ്മ എന്തോ പറഞ്ഞു. മനസ്സിലായില്ല. ഞാൻ കേട്ടില്ലെന്ന് കണ്ടപ്പോൾ വീണ്ടും ആവർത്തിച്ചു. അമ്മയുടെ ചുണ്ടനക്കങ്ങളിലേക്ക് മനസ്സ് കാതോർക്കുകയാണ്.

‘പൊട്ടനെ പോലെ നിൽക്കാതെ ചൂലെടുത്തിട്ട് വാ…’

ചന്തി കുiത്തി വീണതിന്റെ വേദനയിൽ അമ്മ സോഫയിൽ ഇരുന്നു. ആരോ മ്യൂട്ട് ചെയ്ത ചലിച്ചിത്രമായി ഞാൻ അടുക്കളയിലേക്ക് പോകുകയാണ്.

ചൂലും മുറവും എടുത്ത് ഹാളിൽ എത്തിയപ്പോഴും കാതുകൾക്ക് എന്ത് പറ്റിയെന്നായിരുന്നു തലയിൽ. അടിക്കുമ്പോൾ പൊട്ടിയ ചില്ലുകൾ തറയിൽ നിരങ്ങുന്നത് ഞാൻ കാണുന്നുണ്ട്. പക്ഷേ, കേൾക്കുന്നില്ല.

മുൻവശത്ത് വാല് പോലെ തൂങ്ങി നിലത്ത് മുട്ടുന്ന തന്റെ നൈറ്റി കുടഞ്ഞ് അമ്മയും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. അതിലും കേൾവിയില്ല.

ചുറ്റുപാടുകൾ കാതുകളിലേക്ക് എത്തുന്നില്ലായെന്ന വസ്തുത മനസിലായപ്പോൾ ഭയമാണ് തോന്നിയത്. അന്നേവരെ, കൊണ്ടിട്ടില്ലാത്ത വിധം പ്രാണൻ വെപ്രാളപ്പെട്ടിരിക്കുന്നു.

‘നിനക്കെന്താടാ ഭ്രാന്ത് പിടിച്ചോ…!’

ശരിയാണ്. എന്റെ കേൾവി പോയിരിക്കുന്നു. സംശയം തീർക്കാനെ ന്നോണം അടിച്ച് വാരി മുറത്തിൽ കൂട്ടിയ ചില്ലുകൾ വീണ്ടും തറയിലേക്ക് ഇട്ടപ്പോൾ അമ്മ മാത്രം കേട്ടിരിക്കുന്നു. എന്റെ മുന്നിൽ നിൽക്കുകയാണ്. ആ ചുണ്ടുകളിലേക്ക് ഞാൻ വീണ്ടും ശ്രദ്ധിച്ചു. എന്താ പറ്റിയെതെന്ന് അമ്മ ചോദിക്കുന്നു. എനിക്ക് മറുപടിയില്ല.

കൈകൾ രണ്ടും ആവർത്തിച്ച് കൂട്ടിയടിച്ചതിന് ശേഷം ഞാൻ ആർത്താർത്ത് കരഞ്ഞു. ഒന്നും കേട്ടില്ല. എന്റെ കരച്ചിലോ, കൈയ്യടികളോ, കാതുകളിലേക്ക് എത്തിയില്ല. അമ്മ വല്ലാതെ പേടിച്ചിരിക്കുകയാണ്. ആ ഉള്ളിന്റെ പിടച്ചിൽ മാത്രം അറിയാൻ പറ്റുന്നുണ്ട്…

‘അമ്മേ, എനിക്കൊന്നും കേൾക്കാൻ പറ്റുന്നില്ല…’

എഴുതി തീരുമ്പോഴേക്കും ആ കടലാസ് നനഞ്ഞിരുന്നു. അമ്മയുടേത് കൂടി അതിലേക്ക് വീണപ്പോൾ കുതിർന്ന് പോയി. ആ പാവത്തിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. രണ്ട് കാതുകളിലും ചുണ്ട് മുട്ടിച്ച് അമ്മ ഊതി. മോനെയെന്ന് വിളിച്ചതാണെന്ന് പിന്നീടാണ് മനസ്സിലായത്. തുടക്കത്തിൽ അമ്മ പറഞ്ഞത് പോലെ ഞാൻ ശരിക്കും പൊട്ടനായി തീർന്നിരിക്കുന്നു. സങ്കടം സഹിക്കാൻ പറ്റാതെ വന്നപ്പോൾ അമ്മയെ കെട്ടിപ്പിടിച്ച് വിങ്ങി വിങ്ങി കിതച്ചു.

ലോകം നിശബ്ദമാണെന്ന് പറയാൻ പറ്റില്ല. അകന്നെന്ന് തോന്നിയ തേനീച്ചയുടെ ചിറകടികൾ ഉയർന്നും താഴ്ന്നും അനുഭവപ്പെടുന്നുണ്ട്. ബധിരതയുടെ ഭീകരതയിൽ ജീവിതം തളം കെട്ടി പോകുമോയെന്ന ഭയത്തിലാണ് ഡോക്റ്ററെ കാണാൻ പോയത്. പലവിധ ടെസ്റ്റുകളും നടത്തി. അതിന്റെ റിസൾട്ടൊക്കെ വന്നതിന് ശേഷം ഡോക്റ്റർ എനിക്കൊരു വീഡിയോ കാണിച്ച് തന്നിരുന്നു. അതിൽ, കാതുകൾ എന്താണെന്ന് വ്യക്തമായി.

ഓരോ മനുഷ്യന്റെയും ഘടന അനുസരിച്ച് കേൾവിശക്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. കേൾവി കുറയുന്നതിന്റെ ലക്ഷണങ്ങളിൽ യാതൊന്നും പൊരുത്തപ്പെടുന്നില്ല. എപ്പോൾ തൊട്ടാണ് ശ്രവണശേഷി നഷ്ടപ്പെടാൻ തുടങ്ങിയതെന്ന് കണ്ടെത്താനും കഴിയുന്നില്ല. ആ നേരമാണ് ഇന്നാള് പങ്കെടുത്ത ഡീജെ പാർട്ടി ഓർമ്മ വന്നത്. കാത് പൊട്ടുന്ന ബഹളമായിരുന്നു. വീട്ടിലേക്ക് എത്തുന്നത് വരെ ആ പിറന്നാളാനന്തര ആഘോഷത്തിന്റെ മൂളക്കം ഉണ്ടായിരുന്നു.

അതുമാത്രമല്ല. സ്കൂളിൽ പോകുന്ന വേളയിൽ പതിവായി ഉയരുന്ന ഹോണ്ണടികൾ. കാതുകളിൽ ശബ്ദം ഉറപ്പിച്ച് കളിക്കുന്ന വെർച്വൽ ഗെയിമുകൾ. പലപ്പോഴും കാതും തലയും വേദനിച്ചിട്ടുണ്ട്. മരുന്ന് കഴിക്കുമ്പോൾ മാറും. പക്ഷേ, യാതൊന്നും കൃത്യമായി കേൾക്കാൻ പറ്റാത്ത വിധത്തിൽ കാതുകൾ പണിമുടക്കുമെന്ന് കരുതിയതേയില്ല. ഇത്തിരിയെങ്കിലും കർണ്ണശേഷി ഉണ്ടെങ്കിൽ മാത്രമേ ഹിയറിംഗ് എയ്ഡുകൾ പോലും ഗുണം ചെയ്യുകയുള്ളൂ…

ഞാൻ ശ്രദ്ധാലുവായി. രക്ഷയില്ല. അതേ മൂളക്കം മാത്രം. എക്സ്ട്രാക്റ്റ് ചെയ്യപ്പെടാത്ത ഒരായിരം ശബ്ദ തരംഗങ്ങൾ ശേഖരിക്കപ്പെട്ട സിപ് ഫയലാണ് കാതുകളിൽ വീണതെന്ന് തോന്നുന്നു. ഗെയിംമിംഗ് ലോകത്തിൽ നിന്ന് താനേ എക്സിറ്റ് ആയത് പോലെ… മണ്ണിൽ തൊട്ടപ്പോഴാണ് മാറ്റം മനസ്സിലാകുന്നത്…

ജീവിതം നിശബ്ദമായി പോകുമോയെന്ന ഭയത്തിൽ പൊടിമീശ വിറക്കുകയാണ്. ആ ഡോക്റ്ർ എന്നോട് ചിരിച്ചു. വൈകാതെ, നിനക്ക് കേൾക്കാൻ പറ്റുമെന്ന് ഇംഗ്ളീഷിൽ എഴുതി തരുകയും ചെയ്തു. അതൊരു മരുന്നായി എന്നിൽ പ്രവർത്തിച്ചില്ല. വിവരം അറിഞ്ഞ് മലേഷ്യയിൽ നിന്ന് വന്ന അച്ഛനെ കൂടി കണ്ടപ്പോൾ കൂടുതൽ അസ്ഥിരപ്പെടുകയായിരുന്നു.

അച്ഛൻ വന്നപ്പോൾ മറ്റൊരു ഡോക്റ്ററെയാണ് കണ്ടത്. തുടർന്ന് അവിടെ അഡ്മിറ്റ്‌ ചെയ്തു. നാളുകൾ കടന്നു. ഇടയ്ക്ക് വേദന വരുമ്പോൾ ഒരു നേഴ്സ് വന്ന് മയക്കും. അങ്ങനെ, ഏതൊയൊരു മയക്കത്തിൽ നിന്ന് ഉണരുമ്പോൾ ഞാൻ കാണുന്നത് അമ്മയുടെ മുഖമാണ്. അച്ഛനും ഉണ്ട്. തല ഉയർത്തിയപ്പോൾ ഡോക്റ്ററെയും കണ്ടു.

‘നന്നായി ഉറങ്ങിയോ…?’

ഡോക്റ്ററാണ് ചോദിച്ചത്. ഞാൻ തല കുലുക്കി. മോനെയെന്ന് അമ്മ വിളിച്ചു. അച്ഛനുമത് ആവർത്തിച്ചു. അവർ എന്നോട് ചിരിക്കുന്നു. രംഗം മനസിലായിരുന്നില്ല. ഉറക്കപ്പിച്ചിന്റെ കണ്ണുകൾ തിരുമ്മിയതിന് ശേഷമാണ് കാതുകളെ ശ്രദ്ധിച്ചത്. തൊട്ട് നോക്കിയപ്പോൾ ബഡ്‌സ് പോലെ എന്തോ തിരുകിയിരിക്കുന്നു. അത് ഹിയറിംഗ് എയ്ഡ്സാണെന്ന് മനസിലായപ്പോൾ വീണ്ടും കേൾവിയെ ഞാൻ അറിഞ്ഞു. നന്നായി ഉറങ്ങിയോയെന്ന് ഡോക്റ്റർ ചോദിച്ചിരിക്കുന്നു. മോനേയെന്ന് അമ്മയും അച്ഛനും വിളിച്ചിരിക്കുന്നു. ലോകത്തിന്റെ ശബ്ദം ആധുനിക ശാസ്ത്രം എന്നിൽ ഉയർത്തിയിരിക്കുന്നു.

ആ പൊടി മീശക്കാരൻ അനുഭവത്തിന്റെ തല തൊട്ട് ഇതൊക്കെ ഇന്ന് എഴുതിയത്, ഒരേയൊരു കാര്യം പറയാൻ വേണ്ടി മാത്രമാണ്. ഇല്ലാതാകുമ്പോഴേ ഉള്ളതിന്റെ വില അറിയൂയെന്ന പഴഞ്ചൊല്ലാണെന്ന് കരുതരുത്. മനുഷ്യരെത്ര നിസ്സാരമാണെന്ന കാഴ്ചപ്പാടുമല്ല. അനുഭവയോഗ്യമായ ശരീരമുണ്ടെങ്കിൽ ഈ ലോകം അത്ഭുതമാണെന്ന വസ്തുതയാണ്. തന്റെ ഓരോ അവയവങ്ങളേയും സസൂഷ്മം ശ്രദ്ധിക്കുക. സംശയമുണ്ടെങ്കിൽ, അതിലുപരി കേൾവിയുണ്ടെങ്കിൽ, കണ്ണുകൾ അടച്ച് കാതുകളിൽ വിരൽ ഞൊടിച്ച് നോക്കൂ… വർത്തമാനത്തിന്റെ ശ്രവണ തരംഗങ്ങൾ ഉൾക്കാഴ്ചയിൽ ഉയരുന്നത് കേൾക്കാം….!!!

Leave a Reply

Your email address will not be published. Required fields are marked *