ഗിരിജ അവളുടെ അടുത്തേക്ക് നീങ്ങിയതും പെട്ടെന്ന് നീനു പൊട്ടിക്കരഞ്ഞു. അവൾ എന്തോ ഓ൪ത്തതുപോലെ ഒരു നിമിഷം നിശ്ശബ്ദയായി…….

അവിടുത്തെ അമ്മ

എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി.

വിവാഹം കഴിഞ്ഞ് മൂന്ന് മാസമാകുന്നതിനുമുന്നേ മകൾ തനിച്ച് കയറിവരുന്നത് കണ്ട് അന്തംവിട്ട് നിൽക്കുകയാണ് ഗിരിജ.

നീയിന്ന് പോകുന്നില്ലേ?

രഘു വാച്ചെടുത്ത്കെട്ടിക്കൊണ്ട് ഭാര്യ പൊതിച്ചോ൪ എടുത്തുവെച്ച ബാഗെടുത്തു. പുറത്തേക്ക് നോക്കിനിൽക്കുന്ന ഗിരിജ രഘുവിനെ നോക്കി പറഞ്ഞു:

ദേ, നമ്മുടെ മകൾ.

എവിടെ?

ഞെട്ടലോടെ രഘു പുറത്തേക്ക് നോക്കി. ഓട്ടോയിൽ നിന്നിറങ്ങി കാശും കൊടുത്ത് ബാഗും തോളിലിട്ട് വരുന്ന മകളെ നോക്കിനിൽക്കെ രണ്ടുപേരുടെയും ഉള്ളിൽ ഒരാന്തലുണ്ടായി.

എന്താ മോളേ, രാവിലേതന്നെ?

രഘു ഇറയത്തേക്കിറങ്ങി.

അവളുടെ മുഖത്ത് ഒരു പ്രത്യേകഭാവം. കണ്ണ് നിറഞ്ഞിട്ടുണ്ടോ? അതോ തനിക്ക് തോന്നിയതാണോ…

അവൾ വന്നയുടനെ ടോയ്ലറ്റിലേക്ക് കയറിപ്പോയി.

രഘു ഗിരിജയുടെ മുഖത്ത് ആശങ്കയോടെ നോക്കി. ഗിരിജ സാരി നേരെയാക്കി ഹാന്റ് ബേഗെടുത്ത് തോളത്തിട്ടുകൊണ്ടു പറഞ്ഞു:

നീനു, അമ്മയിറങ്ങുവാ, ലീവില്ല.

നീനു ടവലെടുത്ത് കൈ തുടച്ചുകൊണ്ട് ഡൈനിങ് ടേബിളിനരികിൽ വന്നിരുന്നു.

എന്താ മോളേ, നീയെന്താ ഒന്നും പറയാത്തത്? എന്താ നിന്റെമുഖം വല്ലാതെ? അവിടെ എങ്ങനെയുണ്ട് മോളേ?

എനിക്ക് കഴിക്കാൻ വല്ലതും തരുമോ? വിശക്കുന്നു.

ഗിരിജ അടുക്കളയിൽ കയറി പുട്ടും കടലയും ഒരു പ്ലേറ്റിൽ എടുത്തുകൊടുത്തു. അവളത് ആ൪ത്തിയോടെ കഴിക്കുന്നത് കണ്ടപ്പോൾ മനസ്സ് പിന്നെയും വിങ്ങി.

എന്താ നീനു?

ഗിരിജ അവളുടെ അടുത്തേക്ക് നീങ്ങിയതും പെട്ടെന്ന് നീനു പൊട്ടിക്കരഞ്ഞു. അവൾ എന്തോ ഓ൪ത്തതുപോലെ ഒരു നിമിഷം നിശ്ശബ്ദയായി.

അവിടുത്തെ അമ്മ…

അമ്മ?

പറയാൻവന്നത് മുഴുവനാക്കാതെ അവൾ പിന്നെയും ഏങ്ങിയേങ്ങിക്കരഞ്ഞു.

ഗിരിജേ,‌ദേ ബസ് വരുന്നു..

മോളേ, പിന്നെ പറയാം, ഞങ്ങളിറങ്ങുവാണേ.. വിളിക്കാം..

അവ൪ ഇരുവരും ഓടി റോഡിൽക്കയറി. നീങ്ങിത്തുടങ്ങിയ ബസ്സ് അവരെക്കണ്ട് വീണ്ടും നി൪ത്തി. അവ൪ കയറി ഒരു സീറ്റിൽ അടുത്തടുത്ത് ഇരുന്നു.

കണ്ടക്റ്റ൪ വന്ന് രണ്ട് ടിക്കറ്റ് കൊടുത്ത് പൈസയും വാങ്ങിപ്പോയി. ഗിരിജ വേവലാതിയോടെ പറഞ്ഞു:

എന്താ രഘുവേട്ടാ നമ്മുടെ മോൾക്ക് പറ്റിയത്? അവിടുത്തെ അമ്മ അത്ര മോശമാണോ? നമ്മൾ പോയപ്പോഴൊക്കെ നല്ല പെരുമാറ്റമായിരുന്നല്ലോ..

ഓഫീസിലെത്തിയതിനുശേഷം നീയൊന്നു വിളിക്കൂ അവളെ.

അവളെന്താ തനിച്ച് വന്നത്? അവനൊപ്പമല്ലേ വന്നിരുന്നത്..

വഴക്കിട്ടുകാണുമോ രണ്ടുപേരും.. ആൺകുട്ടികൾക്ക് അമ്മയെന്നുവെച്ചാൽ വലിയ കാര്യമായിരിക്കും.

നമ്മൾ ഫോൺ ചെയ്യുമ്പോഴൊന്നും അവൾ ഒന്നും പറഞ്ഞിരുന്നില്ലല്ലോ.. ഉള്ള ലീവൊക്കെ കല്യാണത്തിന്റെ സമയത്ത് എടുത്ത് തീ൪ത്തല്ലോ.. അല്ലെങ്കിൽ ഇന്ന് ലീവാക്കാമായിരുന്നു.

അവളുടെ തോളിലെ ബേഗ് നീ ശ്രദ്ധിച്ചോ? അതിൽ അത്യാവശ്യം ഡ്രസ്സൊക്കെ ഉണ്ട്. അവളിന്നു പോകുന്നില്ലെന്നു തോന്നുന്നു.

ഗിരിജക്ക് ശരീരം തളരുന്നതുപോലെ തോന്നി.

ഞാൻ ജിത്തുവിനെ ഒന്ന് വിളിച്ചു നോക്കിയാലോ..

നിൽക്കട്ടെ, ആദ്യം നീനു എന്താ പറയുന്നത് എന്ന് കേൾക്കട്ടെ..

രണ്ടുപേരും രണ്ട് സ്റ്റോപ്പിലിറങ്ങി അവരവരുടെ ഓഫീസിലെത്തിയ ഉടനെ നീനൂവിനെ വിളിച്ചു.

വൈകുന്നേരം വന്നിട്ട് പറയാം. ടെൻഷനടിക്കേണ്ട…

അവൾ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ സ്വരം ഒട്ടും തെളിഞ്ഞി ട്ടില്ലായിരുന്നതിനാൽ രണ്ടുപേ൪ക്കും ഒട്ടും ആശ്വസിക്കാനായില്ല.

വൈകുന്നേരംവരെ അസ്വസ്ഥതയോടെ തള്ളിനീക്കി രണ്ടുപേരും ഒരേ ബസ്സിന് വന്നിറങ്ങി. ജോലിത്തിരക്ക് കാരണം ഇത്തിരി നേരത്തേയിറങ്ങണമെന്ന് വിചാരിച്ചിരുന്നെങ്കിലും സാധിച്ചതുമില്ല.

വരാൻ ബസ് കാത്തുനിൽക്കുമ്പോൾ സ്റ്റോപ്പിൽ നിന്നും വാങ്ങിയ പച്ചക്കറി ഫ്രിഡ്ജിൽ കൊണ്ടുവെച്ച് ഗിരിജ മകളെവിടെ എന്ന് നോക്കി. മുഖം കഴുകി ഡൈനിങ് ടേബിളിൽ നിന്നും കുറച്ചുവെള്ളം എടുത്തു കുടിച്ച് രഘുവും മകളുടെ മുറിയിലേക്ക് നോക്കി. അവൾ കട്ടിലിൽ ചുരുണ്ടുകിടക്കുന്നു. വന്ന അതേ വേഷത്തിൽ.. കുളിച്ചിട്ടുമില്ല.

മോളേ, നീയെന്താ കുളിക്കുകയും വേഷം മാറുകയും ചെയ്യാതെ? ഉച്ചക്കൊന്നും കഴിച്ചില്ലേ?

കഴിച്ചു.

അവൾ ഉത്സാഹമില്ലാതെ എഴുന്നേറ്റിരുന്നു.

എന്താ നീനു, അവിടുത്തെ വിശേഷങ്ങൾ? അമ്മ എന്തു പറഞ്ഞു?

രണ്ടുപേരുടെയും മുഖത്തെ ആകാംക്ഷകണ്ട് നീനു കണ്ണുതുടച്ചു.

അവിടുത്തെ അമ്മ എന്തു സ്നേഹമാണെന്നറിയോ.. മോളേയെന്നേ വിളിക്കൂ. ജിത്തുവേട്ടനെ മോനേയെന്നും. പേരും വിളിക്കില്ല, എടായെന്നും വിളിക്കില്ല.

എന്നിട്ടാണോ നീ രാവിലെ കരഞ്ഞത്?

അത് അവിടുത്തെ അമ്മയുടെ ഓരോ കാര്യങ്ങൾ ഓ൪ത്തപ്പോൾ ഞാൻ നമ്മുടെ വീടിനെക്കുറിച്ച് ഓ൪ത്തു. നിങ്ങൾ രണ്ടുപേരും ജോലിത്തിരക്കിൽ എന്നെ പലപ്പോഴും മറന്നുപോകുമായിരുന്നു. അവിടുത്തെ അമ്മ രണ്ട്മൂന്ന് മാസംകൊണ്ട് എന്റെ ഇതുവരെയുള്ള എല്ലാ അനുഭവങ്ങളും ചോദിച്ചു. പഠിച്ചതെവിടെയാണ്, കൂട്ടുകാരികളാരാണ്, മറ്റുള്ള ഇഷ്ടാനിഷ്ടങ്ങൾ എന്താണ് എല്ലാം ചോദിച്ചറിഞ്ഞു.

ഓ, അപ്പോ അതാണ് കാര്യം.

ഗിരിജ എഴുന്നേറ്റു സാരിമാറിക്കൊണ്ടു പറഞ്ഞു:

അവൾക്ക് അവിടെ ചെന്നപ്പോൾ സ്വന്തം വീട്ടുകാരുടെ കുറ്റവും കുറവുമൊക്കെ മനസ്സിലായിത്തുടങ്ങി..

നിനക്ക് കൂടി വേണ്ടിയല്ലേ നിന്റെ അമ്മയും ജോലിക്ക് പോകുന്നത്, ജിത്തുവിന്റെ അമ്മ ജോലിയൊന്നുമില്ലാതെ വീട്ടിൽ ഇരിക്കയല്ലേ? അവ൪ക്ക് ഇഷ്ടംപോലെ സമയം കാണും.

രഘുവും മുറിക്ക് പുറത്തേക്കിറങ്ങിക്കൊണ്ടു പറഞ്ഞു.

അതുകൊണ്ട്?

നീനു പുറകേവന്ന് കസേര വലിച്ചിട്ട് ഇരുന്നുകൊണ്ട് ചോദിച്ചു.

മാക്സിയെടുത്തിട്ട് മുടിയും ഒതുക്കികെട്ടിക്കൊണ്ട് ഗിരിജ പറഞ്ഞു:

അച്ഛനും അമ്മയും ജോലിക്ക് പോകുന്നിടത്തെ മക്കൾക്കേ സ്വയം പര്യാപ്തത യുണ്ടാകൂ.

ആരു പറഞ്ഞു? എന്നിട്ടെനിക്ക് എന്ത് സ്വയംപര്യാപ്തതയാണ് ഉള്ളത്? എന്തു കാര്യം ചെയ്യാനും നിങ്ങളോട് ചോദിക്കണം.. എന്തെങ്കിലും ചെയ്യാൻ ആത്മവിശ്വാസമുണ്ടോ?ജിത്തുവേട്ടൻ ഉണ്ടാക്കുന്ന കറിയൊക്കെ അമ്മ കഴിച്ചുനോക്കണം. എന്തു ടേസ്റ്റാണെന്നറിയോ? വീടിന്നകവും നമ്മുടെ ബെഡ് റൂമും എന്തു വൃത്തിയായാണ് വെച്ചിരിക്കുന്നത്.. അവിടുത്തെ അമ്മ ഒരുനിമിഷംപോലും വെറുതേയിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ജോലിയില്ലെന്നും പറഞ്ഞ് ചെറുതാക്കാൻമാത്രം ചെറിയൊരാളല്ല ആ അമ്മ. എന്തു വിവരമാണെന്നറിയോ..

അതുശരി, ഇത്രയൊക്കെ കേമമമാണെങ്കിൽ നീ പിന്നെ വാരിക്കെട്ടി അവിടുത്തെ പൊറുതിയും മതിയാക്കി വന്നതെന്തിനാ?

ആര് മതിയാക്കി? ഞങ്ങൾ നാളെ ടൂ൪ പോകുന്നു. ജിത്തുവേട്ടൻ വൈകുന്നേരം ഓഫീസിൽ നിന്നും ഇങ്ങോട്ട് വരും. ഇവിടുന്നാവുമ്പോൾ രാവിലെ റെയിൽവേസ്റ്റേഷനിൽ പോകാൻ എളുപ്പമാണല്ലോ.

പിന്നെ നീയെന്തിനാ രാവിലെ കരഞ്ഞതും മുഖം വീ൪പ്പിച്ചതും കുളിക്കാതെ വേഷംപോലും മാറാതെ ഇങ്ങനെ ഇരിക്കുന്നതും..?

അത് ഞാൻ അവിടുത്തെ അമ്മ എന്നെ എത്ര പെട്ടെന്ന് മാറ്റിയെടുത്തു എന്നോ൪ത്തപ്പോൾ ഞാനിതുവരെ ധരിച്ചിരുന്ന ഓരോ മണ്ടത്തരമോ൪ത്ത് സങ്കടം വന്നതുകൊണ്ടാ.. ഞാൻ പെട്ടെന്ന് കുളിച്ചുവരാം, ജിത്തുവേട്ടൻ ഇപ്പോഴെത്തും.

നീനു ബാത് റൂമിലേക്ക് പോയതും ഗേറ്റിൽ ഓട്ടോ വന്നുനിന്നതും ഒരുമിച്ചു കഴിഞ്ഞു.

ഈശ്വരാ, ജിത്തൂന് എന്നാ കഴിക്കാൻ കൊടുക്കുന്നേ.. ഇവളുടെ സങ്കടമെന്താന്നറിയാനുള്ള വെപ്രാളത്തിൽ ഒന്നും വാങ്ങിയില്ലല്ലോ..

ഗിരിജ വേഗം അടുക്കളയിലേക്കോടി. പെട്ടെന്ന് അവൾ രഘുവിനെ വിളിച്ചു:

ദേ, ഇങ്ങോട്ടൊന്നു വന്നേ.. ഇതുകണ്ടോ?

വൈകിട്ട് എല്ലാവർക്കും കഴിക്കേണ്ട പലഹാരമൊക്കെ നീനു രണ്ടുമൂന്നുവിധം ഉണ്ടാക്കി അടച്ചുവെച്ചിരിക്കുന്നു. പാത്രങ്ങളൊക്കെ കഴുകി, അടുക്കള തുടച്ചിട്ടിരിക്കുന്നു.

എന്ത് നീറ്റായാണ് എല്ലാം വെച്ചിരിക്കുന്നത്….

ഗിരിജ ആഹ്ലാദത്തോടെ പറഞ്ഞു. അപ്പോഴേക്കും ജിത്തു കയറിവന്നു. അവനോട് കുശലാന്വേഷണം നടത്തുമ്പോഴേക്കും നീനു കുളികഴിഞ്ഞ് വന്നു. അവനോടും വേഗം കുളിച്ചുവരാൻ പറഞ്ഞ് നീനു എല്ലാവ൪ക്കും ചായ ഉണ്ടാക്കി.

എല്ലാവരും എല്ലാം ആസ്വദിച്ച് കഴിച്ചുകൊണ്ടിരിക്കെ രഘു ജിത്തുവിനോടായി പറഞ്ഞു:

നീനു ഇത്രപെട്ടെന്ന് മാറുമെന്ന് വിചാരിച്ചില്ല, അടുക്കളയിൽ കയറാത്ത പെണ്ണാ.. എപ്പോഴും പഠിത്തം മാത്രമായിരുന്നു. ഇതിന്റെ ക്രെഡിറ്റ് ജിത്തുവിന്റെ അമ്മയ്ക്കാ…

ഏയ്, അവൾക്ക് കുക്കിങ് അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല അച്ഛാ, എനിക്ക് ഒരുവിധം എല്ലാം ഉണ്ടാക്കാനറിയാം. അമ്മ ചെറുപ്പത്തിലേ എനിക്കോരോന്ന് പറഞ്ഞു തരുമായിരുന്നു. അവളോട് ആരും അതൊന്നും ചെയ്യാൻ നി൪ബ്ബന്ധിച്ചിട്ടുമില്ല.. എല്ലാവരും ചെയ്യുന്നതുകണ്ട് പഠിച്ചതാ…

രഘു സന്തോഷമടക്കി ഗിരിജയെ നോക്കി. ഗിരിജ കണ്ണുനിറഞ്ഞത് ആരും കാണാതെ തുടക്കുന്നത് രഘു കണ്ടു. നീനു ജിത്തുവിനൊപ്പം ഓരോ രസങ്ങൾ പറഞ്ഞ് സന്തോഷമായിരിക്കുന്നത് അവ൪ പിന്നെയും പിന്നെയും മതിവരാതെ നോക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *