“പെണ്ണൊരുമ്പെട്ടാൽ…..”
എഴുത്ത്:- ജെയ്നി റ്റിജു
കുറച്ചു നാളായി സുഗുണൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് കാര്യമായിട്ട് വലിയ പുരോഗതി ഒന്നും കാണാനുമില്ല. കുറച്ചു പ്രകൃതി ഭംഗി വീഡിയോ പിടിച്ചു ഇട്ടു.. ആള് കേറിയില്ല. തോട്ടുവക്കിൽ കൊണ്ടുപോയി കുറച്ചു ഫുഡ് ഉണ്ടാക്കി വീഡിയോ ഇട്ടു. ആരും തിരിഞ്ഞു പോലും നോക്കിയില്ല. ഗിവ് എവേ എന്നൊക്കെ പറഞ്ഞു പറമ്പിലുണ്ടായ കുറച്ചു മാങ്ങയും തേങ്ങയും ഇട്ടുനോക്കി. ഒരു മനുഷ്യകുഞ്ഞു പോലും വന്നില്ല.
കെട്ടിയോളോരുത്തി ഉണ്ട്. വിവരവും വെള്ളിയാഴ്ചയും അടുത്തുകൂടെ പോലും പോയിട്ടില്ല. യാതൊരു വിധ സപ്പോർട്ടും ഇല്ല എന്ന് മാത്രമല്ല, വല്ല റീലും ചെയ്യാമെന്ന് വച്ചു അവളെ വിളിച്ചാൽ അവൾ ചൂലെടുക്കും. ഒരു പ്രാങ്ക് ഇട്ടതിന്റെ മന:പ്രയാസം ഇപ്പോഴും ചിരട്ടത്തവിയുടെ രൂപത്തിൽ പുറത്ത് കിടപ്പുണ്ട്. ഓരോരുത്തരുടെ യൂട്യൂബ് ഫോളോവേഴ്സിനെ കണ്ടിട്ട് സുഗുണനാണെൽ കണ്ണുകടിച്ചിട്ട് വയ്യ. ഇവന്മാരൊക്കെ ഇതെങ്ങനെ ഇത്രോം പൈസ ഉണ്ടാക്കുന്നോ ആവോ.
അങ്ങനെയിരിക്കെയാണ് സുഗുണൻ ഒരു വീഡിയോ കണ്ടത്. ഏതോ ഒരു യുവകോമളൻ രണ്ടുസുന്ദരികളെ ഇരുപുറം ഇരുത്തി സ്നേഹത്തിൽ ചാഞ്ചാടുന്നു, രണ്ടുപേരും മാറിമാറി അവനെ മത്സരിച്ച് സ്നേഹിക്കുന്നു, അവന്റെ വ്യൂസ് ലക്ഷങ്ങൾ കവിയുന്നു, അവനു സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കുന്നു. സുഗുണന് ഇന്റെറെസ്റ്റ് ആയി. ഇതുകൊള്ളാലോ.. പിന്നീട് അവന്റെ വീഡിയോകളും ഇന്റർവ്യൂകളും ഒക്കെ കുത്തിയിരുന്നു കണ്ടു. രണ്ടാമത്തെ വിവാഹത്തിന് വേണ്ടി ആദ്യഭാര്യയെ സമ്മതിപ്പിക്കാൻ അവൻ സഹിച്ച കഷ്ടപ്പാടുകൾ വിവരിച്ചത് കേട്ടിട്ട് ബാക്കിയുള്ളവരെ പ്പോലെ സുഗുണന്റെയും കരളലിഞ്ഞു. ഇത്രയ്ക്കു കണ്ണിൽ ചോരയില്ലാതെ ഈ ആദ്യഭാര്യ അയാളെ ഇത്രയും ബുദ്ധിമുട്ടിച്ചതോർത്ത് സുഗുണന് അമർഷം തോന്നി. എങ്കിലും ഭർതൃപാദേ ആണല്ലോ തന്റെ മോക്ഷം എന്ന് തിരിച്ചറിഞ്ഞ്, നിലവിളക്ക് കൊടുത്ത് സപത്നിയെ സ്വീകരിച്ചപ്പോഴത്തെ ചാരിതാർഥ്യത്തെക്കുറിച്ച് അവൾ വർണ്ണിച്ചപ്പോൾ ആങ്കറോടൊപ്പം സുഗുണന്റെയും കണ്ണു നിറഞ്ഞു.
അപ്പോഴാണ് സുഗുണന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടിയത്.രണ്ടാമത് പെണ്ണും കെട്ടാം. വീഡിയോ വൈറലും ആക്കാം. അവളെ വിളിച്ചു നയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. അതും വിചാരിച്ചു മനപ്പൂർവം കുറച്ചു മധുരം കൂട്ടി അകത്തേക്ക് നോക്കി വിളിച്ചു.
” മോളെ, സുമതീ… “
“എന്താ മനുഷ്യാ…”
അകത്തു നിന്നൊരു അലർച്ചയാണ് കേട്ടത്.. കണ്ടോ, ഇതൊക്കെ കൊണ്ടാണ് നമുക്ക് ഇവളുമാരോട് റൊമാന്റിക് ആവാൻ തോന്നാത്തത് എന്ന് മനസ്സിൽ പറഞ്ഞ്, ആവശ്യം തന്റെ ആയതുകൊണ്ട് ഒന്നുകൂടെ പരമാവധി സ്നേഹം കലർത്തി വിളിച്ചു.
” എന്റെ പൊന്നു സുമേ, നീയൊന്ന് ഇങ്ങോട്ട് വന്നേ. “
അവളൊരു ചട്ടുകവുമായാണ് വന്നത്.
” നീയിവിടെ ഒന്നിരുന്നേ. ഞാനൊരു വീഡിയോ കാണിച്ചു തരാം. “
” ദേ, മനുഷ്യാ, എന്റെ ക്ഷമ പരീക്ഷിക്കരുത്. മനുഷ്യനിവിടെ നൂറുകൂട്ടം പണി കിടക്കുമ്പോഴാ. എന്നാലോ ഒരു കൈ സഹായവും ഇല്ല. ഞാനീ നരകത്തിൽ കിടന്നു തീരത്തേ ഉള്ളൂ. കാര്യം പറഞ്ഞു തുലയ്ക്ക് മനുഷ്യാ.. “
അവിടെ എനിക്കൊരു പിടിവള്ളി കിട്ടി.
” അതേ, നിനക്ക് കൂടെ പ്രയോജനം ഉള്ളോരു കാര്യം പറയാനാ വിളിച്ചത്. നിന്റെയീ കഷ്ടപ്പാട് ഞാൻ കാണുന്നില്ലെന്നാണോ കരുതിയത്. അതിനൊരു പരിഹാരം കണ്ടുപിടിച്ചിട്ടാണ് ഞാനിരിക്കുന്നത്. “
അത്രയും പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്കൊന്നു പാളിനോക്കി. തൽപ്പരകക്ഷിയാണ്.
” നീയീ വീഡിയോ കണ്ടോ. രണ്ടു ഭാര്യമാരെക്കൊണ്ട് എത്ര സന്തോഷം ആയിട്ടാണ് അവൻ ജീവിക്കുന്നത്. അവന്റെ ഫോളോവേഴ്സ് കണ്ടോ? ലക്ഷങ്ങളാണ് അവന്റെ മാസവരുമാനം. പിന്നെ ഇന്റർവ്യൂന് കിട്ടുന്ന പണം. ഉദ്ഘാടനങ്ങൾക്കും പോകുന്നുണ്ട് പോലും. “
” അതിന്.. “അവൾ സംശയത്തോടെ ചോദിച്ചു. ബാക്കി പറയും മുൻപ് ഞാൻ കുറച്ചു നീങ്ങിയിരുന്നു. കുരുപ്പിന്റെ കയ്യിൽ ചട്ടുകമാണെ..
” അല്ല, ഞാനാലോചിക്കാ. ഞാനൊരു കല്യാണം കൂടെ കഴിച്ചാലോ എന്ന്. അതാവുമ്പോ നിനക്കൊരു കൂട്ടും ആവും. എനിക്ക് എന്റെ യൂട്യൂബ് ചാനൽ വളർത്തി ജോലിക്കൊന്നും പോകാതെ പ്രശസ്തനുമാവാം, പണവും കിട്ടും. “
പ്രതീക്ഷിച്ചപോലെ ഈ താ*ടക വയലന്റ് ആയില്ലല്ലോ. മാത്രവുമല്ല ശാന്തമായിരുന്നു ആലോചിക്കുന്നു
” സുഗുണാ.. നീ പൊളിയാടാ. സംഗതി ഏറ്റു. ” സുഗുണന്റെ മനസ്സിൽ ഇത്തവണ ലഡ്ഡു മാത്രം അല്ല ജിലേബി വരെ പൊട്ടി.
” ചേട്ടാ, നിങ്ങൾ പറഞ്ഞത് നല്ലൊരു ഐഡിയ തന്നെ. എത്ര കാലമാ എന്റെ തൊഴിലുറപ്പും നിങ്ങടെ പെയിന്റ് പണിയുമൊക്കെയായി ജീവിക്കുന്നത്. മാറ്റിപ്പിടിക്കേണ്ട സമയം ആയിട്ടുണ്ട്..പക്ഷെ, ഇതിപ്പോ രണ്ടു മൂന്ന് ടീം ആൾറെഡി ഇറക്കി ആ ട്രെൻഡ് പോയെന്നാ കേട്ടത്. നമുക്കൊരു വെറൈറ്റി പിടിച്ചാലോ.? “
ഭയങ്കരി. മിക്കവാറും മൂന്നു കെട്ടിക്കാനാവും.ഹോ.. സുഗുണൻ കോരിത്തരിച്ചു.
” വെറൈറ്റിയോ, നീ പറ മുത്തേ.. “
” ചേട്ടൻ ഒന്നുടെ കെട്ട്. ഞാനും ഒന്നുടെ കെട്ടാം. അപ്പോ എനിക്കും കൂട്ടായി, ചേട്ടനും കൂട്ടായി. ഞങ്ങൾ ഒന്നിച്ചു അടുക്കളയിൽ പണിയുന്നു, നിങ്ങൾ ഒന്നിച്ചു പുറത്തു പണിയുന്നു..നമുക്ക് നാലുപേർക്കും കൂടെ ഇവിടെയൊരു പൂങ്കാവനം ആക്കണം ചേട്ടാ.പിന്നെ നോക്കിക്കോ. ഇവന്മാരേക്കാൾ നാലിരട്ടി ഫോളോവേഴ്സായി, ഇന്റർവ്യൂ ആയി, ഉത്ഘാടനവുമായി. പൈസ വന്നിങ്ങനെ കുമിഞ്ഞു കൂടും എന്റെ സുഗുവേട്ടാ… എങ്ങനെയുണ്ട് എന്റെ ഐഡിയ? “
രാക്ഷസി. ഇവളൊരു കുലസ്ത്രീ ആണോ. കുടുംബത്തിൽ പിറന്ന ആർക്കെങ്കിലും പറയാൻ കൊള്ളാവുന്ന വർത്തമാനം ആണോ ഇവൾ പറഞ്ഞത്?
” അതിപ്പോ സുമതീ.. നാട്ടുനടപ്പ് നോക്കുമ്പോൾ.. “
സുഗുണൻ തല ചൊറിഞ്ഞു.
” ഇതല്ലാതെ വേറെ ഒരു ഐഡിയയും നടപ്പില്ല. ആളെ ചേട്ടൻ തന്നെ കണ്ടുപിടിച്ചാൽ മതി. എനിക്ക് സമ്മതമാണ്. എന്താ വേണ്ടത്, ആലോചിച്ചു പറഞ്ഞാൽ മതി. “
അവൾ നാണത്തിൽ നിലത്തൊരു കോലം വരച്ചു. സുഗുണന് ഇരച്ചു കേറി വന്നു.
” അല്ലെങ്കിലും നമ്മൾ എന്തിനാ വല്ലവരെയും നോക്കുന്നെ അല്ലെ? നമ്മൾ ദിവസവും പണിക്ക് പോകുന്നു, കിട്ടുന്നത് കൊണ്ട് ജീവിക്കുന്നു.സ്വസ്ഥം ഗൃഹഭരണം. ” സുഗുണൻ ചിരിച്ചു.
” അപ്പോ പ്ലാൻ വേണ്ടെന്ന് വെച്ചോ? “
” എപ്പോഴേ വെച്ചു. നീ പോയി ദോശ ചുട്. നമുക്ക് പണിക്ക് പോകണ്ടേ. ” സുഗുണൻ സ്നേഹത്തോടെ പുറത്ത് തട്ടിയപ്പോൾ അവൾ അടുക്കളയിലേക്ക് നടന്നു.
“ഏതൊരു പുരുഷന്റെ വളർച്ചയ്ക്ക് പിന്നിലും ഒരു സ്ത്രീയുണ്ടെന്ന് പറയും. പല പുരുഷന്മാരെയും തളർത്തുന്നതും ഇതുപോലത്തെ സ്ത്രീകളാണെന്ന് എന്താണാവോ ആരും പറയാത്തതെന്ന്” സ്വയം ചിന്തിച്ചു കൊണ്ട് സുഗുണൻ തോർത്തുമെടുത്ത് കുളിക്കടവിലേക്ക് നടന്നു.

