ജീവിതം ആയുസ്സിൽ തൊട്ട് തന്ന ഉത്തിരവാദിത്തങ്ങളുടെ ഇടയിൽ വിയർക്കുന്ന അങ്ങേരെ എനിക്ക് മനസ്സിലാക്കാൻ പറ്റാറുണ്ട്. എന്നെ മനസ്സിലാകുന്നുണ്ടോ എന്ന് ആരോടും ഞാൻ ചോദിക്കാറില്ല…..

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പകല് മുഴുവൻ പണിയെടുത്ത് കിട്ടുന്ന കാശിന് കള്ളുകുടിക്കാതെ വരുന്ന ഒരു പാവം ചുമട്ടുകാരൻ കെട്ടിയോനാണ് എനിക്കുള്ളത്. അങ്ങേര് എന്നിൽ വീണണയുമ്പോൾ ഞാനൊരു മെത്തയാകാൻ ശ്രമിക്കാറുണ്ട്. എന്റെ മാറിന്റെ സംഗീതവും കേട്ട് മയങ്ങുന്ന അങ്ങേരുടെ തലയിൽ തഴുകി ഞാനും എപ്പോഴോ അങ്ങ് ഉറങ്ങിപ്പോകും.

ഉണർന്ന് കഴിഞ്ഞാൽ എന്റെ ഭ്രമണം ആരംഭിക്കും. ഭൂമി തിരിഞ്ഞാലും ഇല്ലെങ്കിലും ജീവനുള്ള കാലം വരെ ഞാൻ ചുറ്റിക്കൊണ്ടേയിരിക്കണം. അടുക്കളയിൽ നിന്ന് വീടിന്റെ ഓരോ മൂലയിലേക്കും ഞാൻ ചലിക്കുന്ന വേളയിലായിരിക്കും അകത്തേ മുറിയിൽ നിന്ന് അങ്ങേരുടെ അമ്മ എടി ശാരദേയെന്ന് അലറി വിളിക്കുക..

ചൂലിന്റെ കൈകുത്തും പിടിച്ച് അങ്ങോട്ടേക്ക് ഓടിയെത്തുമ്പോഴേക്കും കിടക്കവിരിപ്പിൽ അമ്മ മൂത്രമൊഴിച്ചിട്ടുണ്ടാകും. പ്രായമായാൽ മനുഷ്യർക്ക് കുഞ്ഞുങ്ങളുടെ വാശിയാണ്. വിളിപ്പുറത്ത് ഉണ്ടാകാത്തത് കൊണ്ട് മാത്രം അമ്മ മനഃപൂർവ്വം ഇടക്കിങ്ങനെ മുള്ളാറുണ്ട്. ഞാനൊന്നും പറയാതെ അമ്മയെ താങ്ങിപ്പിടിച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി വൃത്തിയാക്കി വിരിപ്പൊക്കെ അലക്കിയിടും.

പിന്നെയുള്ള നോട്ടം അങ്ങേരുടെ വിഷാദരോഗിയായ ചേച്ചിയിലേക്കാണ്. ഭർത്താവ് ഉപേക്ഷിച്ച് പോയത് കൊണ്ട് കടുത്ത മാനസിക അസ്വസ്ഥത നേരിടുന്ന ചേച്ചിക്കും എല്ലാത്തിനും ഞാൻ വേണം. ഭക്ഷണം മുറിയിലേക്ക് കൊണ്ടുപോകുന്നതും ചേച്ചി ഇടക്ക് എറിഞ്ഞുടക്കുന്ന സാധനങ്ങളെല്ലാം വാരിയെടുക്കുന്നതും എന്റെ ജോലിയാണ്.

അങ്ങനെ വീടുമുഴുവൻ ചുറ്റിത്തിരിഞ്ഞ് മക്കൾ രണ്ടാളും സ്കൂളിൽ നിന്ന് വരുമ്പോഴേക്കും എനിക്ക് വീണ്ടും അടുക്കളയിലേക്ക് എത്തണം. ചായക്കടി തൊട്ട് അത്താഴം വരെയൊരുക്കണം. സഹായത്തിന് ആരെയെങ്കിലും വെച്ചാലോയെന്ന് ചിന്തിച്ചാൽ മാസം മുട്ടുമ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി എന്റെയുള്ളിൽ മുട്ടും. അതുകൊണ്ട് എന്റെ ഭ്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കതകുകൾ അങ്ങേരുടെ മുന്നിൽ ഞാൻ തുറക്കാറില്ല.

ജീവിതം ആയുസ്സിൽ തൊട്ട് തന്ന ഉത്തിരവാദിത്തങ്ങളുടെ ഇടയിൽ വിയർക്കുന്ന അങ്ങേരെ എനിക്ക് മനസ്സിലാക്കാൻ പറ്റാറുണ്ട്. എന്നെ മനസ്സിലാകുന്നുണ്ടോ എന്ന് ആരോടും ഞാൻ ചോദിക്കാറില്ല. എന്റേതെന്ന് പറഞ്ഞ് കയറി ചെല്ലാൻ വീടോ, ജീവിച്ചിരിക്കുന്ന മാതാപിതാക്കളോ ഇല്ലാത്തത് കൊണ്ടായിരിക്കണം, ഇവിടെയുള്ളവരെയെല്ലാം എന്റെ സ്വന്തങ്ങളായി എനിക്ക് കാണാൻ കഴിയുന്നത്. അവർക്കൊക്കെ അത് മനസ്സിലാകുന്നുണ്ടോയെന്ന് പോലും സത്യത്തിൽ എനിക്കറിയില്ല..

കിടക്കാൻ നേരം ശരീര വേദനകളെല്ലാം മറന്ന് ഞങ്ങൾ പരസ്പരം വെറുതേ കെട്ടിപ്പിടിക്കാറുണ്ട്. ഒന്നും മിണ്ടാതെയുള്ള ആ നേരങ്ങളിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത്. അങ്ങേരുമായുള്ള ആ മുഹൂർത്തത്തിലേക്ക് എത്താൻ മാത്രമാണ് നിർത്താതെയുള്ള എന്റെ ചലനമെന്ന് ഇടക്ക് ഞാൻ കരുതാറുണ്ട്.

അങ്ങനെ കയറ്റിയ ഭാരം തലയിൽ നിന്നും ഇറക്കാൻ പറ്റാതെ എത്രപേരുണ്ടാകുമല്ലേ ഈ ഭൂമിയിൽ… എല്ലാ അർത്ഥത്തിലും അത്തരക്കാർ എന്നേയും എന്റെ അങ്ങേരെയും പോലെ ചുമട്ടുകാർ തന്നെയാണ്. തഴമ്പ് പൊട്ടിയ കൈകൾ കൊണ്ട് ജീവിതത്തിന്റെ താളം പിടിക്കാൻ ശ്രമിക്കുന്ന ചുമട്ട് മനുഷ്യർ..!!!

Leave a Reply

Your email address will not be published. Required fields are marked *