എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
“എത്രയോ ചെറുപ്പക്കാർ വണ്ടിയിടിച്ചു ചാiകുന്നു. ഈ മുതുക്കിളവനെ മാത്രം അങ്ങോട്ട് കെട്ടിയെടുക്കുന്നില്ലല്ലോ ശിവനേ “
വൈകിട്ടത്തെ പതിവ് നടത്തവും കഴിഞ്ഞു വീട്ടിലേക്ക് കയറുമ്പോൾ മരുമകൾ ആരോടെന്നില്ലാതെ പിറുപിറുക്കുന്നത് കേട്ടു.
അല്പം കാഠിന്യം കൂടിയെന്നു തോന്നിയതൊഴിച്ചാൽ കേട്ടു തഴമ്പിച്ച വാക്കുകൾ മനസ്സിൽ പ്രത്യേക വികാരമൊന്നും ഉണ്ടാക്കിയില്ല.
സ്വീകരണമുറിയിലെ സോഫയിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന മകന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ട ജാള്യതാ ഭാവം അവന്റെ നാവ് കെട്ടപ്പെട്ടിരിക്കുന്നു എന്നതിന് തെളിവായി.
ഒന്നും കേൾക്കാത്ത ഭാവത്തിൽ മുറിയിലേക്ക് നടന്നു.
നാട്ടിൽ നിന്നും ഈ നഗരത്തിലേക്ക് താനില്ല എന്ന് വാശി പിടിച്ചതാണ്.
പക്ഷെ അന്ന് മകനും മരുമകൾക്കും ഒരേ സ്വരമായിരുന്നു, താൻ കൂടി ഈ നഗരത്തിലേക്ക് വരണമെന്ന്.
വനജയുടെ മരണമാണ് ജീവിതത്തിന്റെ താളം തെറ്റിച്ചത്.
അവള് ആദ്യം പോകുമെന്ന് കരുതിയതല്ല.
പ്രഷറും ഷുഗറും കൊളസ്ട്രോളും ഒക്കെയായി തനിക്കായിരുന്നു തളർച്ച മുഴുവൻ. അവള് വീട്ടിലും തൊടിയിലുമൊക്കെയായി ഓടി നടന്ന് കാര്യങ്ങൾ നോക്കിയിരുന്നതാണ്.
പക്ഷേ വിധി ചിന്തിച്ചത് മറിച്ചായിരുന്നു.
ഒരുച്ച നേരത്ത് പശുവിന് വെള്ളം കൊടുക്കാൻ പോയവളെ അന്വേഷിച്ചു ചെന്നപ്പോൾ തൊഴുത്തിന് സമീപം ബോധം കെട്ട് കിടക്കുന്നതാണ് കണ്ടത്.
മൂന്നു നാളത്തെ ആശുപത്രി വാസത്തിനു ശേഷം വെള്ളത്തുണിയിൽ പൊതിഞ്ഞു തിരികെ കൊണ്ടു വന്നപ്പോൾ വിശ്വസിക്കാനായില്ല.
അടിയന്തിരം കഴിഞ്ഞത് മുതൽ മകനും മരുമോളും നിർബന്ധിക്കുന്ന താണ് അവരുടെ കൂടെ ചെല്ലാൻ.
പക്ഷേ വനജ ഉറങ്ങുന്ന മണ്ണ് വിട്ട് മറ്റൊരിടം തനിക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
ഒരു കൊല്ലത്തോളം നാട്ടിൽ പിടിച്ചു നിന്നു. പക്ഷെ ചെറിയൊരു സ്ട്രോക്കിന്റെ രൂപത്തിൽ വീണ്ടും വിധി വില്ലനായി. തക്ക സമയത്ത് ആശുപത്രിയിൽ എത്തിയതിനാൽ വലിയ കുഴപ്പമില്ലാതെ രക്ഷപ്പെട്ടു.
അതിൽ നിന്നും കരകയറിയപ്പോൾ ഇനി ഒറ്റക്കുള്ള താമസം നല്ലതല്ലെന്നു തോന്നി.
നാട്ടിലുള്ള സ്ഥലം വിറ്റ് മകനോടൊപ്പം നഗരത്തിലേക്ക് വരാൻ അങ്ങിനെയാണ് തീരുമാനിച്ചത്.
ആദ്യമൊന്നും പ്രശ്നങ്ങൾ ഇല്ലായിരുന്നു. പക്ഷെ മരുമകളുടെ സ്വഭാവം പെട്ടെന്നാണ് മാറിയത്.
തന്നെ കാണുന്നത് പോലും അവൾക്ക് ചതുർത്ഥിയായി.
താൻ എന്തു ചെയ്താലും അതിലെ കുറ്റവും കുറവും കണ്ടു പിടിക്കലായി.
മകന്റെ മൗനം ആദ്യമൊക്കെ നൊമ്പരപ്പെടുത്തി.
പക്ഷേ അവനിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ക്രമേണ മനസ്സിലായി.
വൈകിട്ട് പുറത്തുള്ള നടത്തമാണ് ഇവിടെ ആകെയുള്ള ഒരു നേരമ്പോക്ക്.
സമപ്രായക്കാരെ കാണാം. എന്തെങ്കിലുമൊക്കെ സംസാരിക്കാം.
അതവൾക്ക് ഇഷ്ടമല്ല. വീട്ടിലെ കുറവുകൾ മറ്റുള്ളവരോട് പറഞ്ഞു നടക്കുന്നു എന്നാണ് പരാതി.
ജീവിതതിന്റെ ഭൂരിഭാഗവും നാട്ടിൻപുറത്തു ജീവിച്ച തനിക്ക് നഗരത്തിലെ പൊങ്ങച്ചവുമായി ഒത്തു പോവാൻ കഴിഞ്ഞിട്ടില്ല.
സുഹൃത്തുക്കൾ എന്നു തോന്നുന്നവരോട് മനസ്സു തുറന്നു സംസാരിക്കും. അത്ര മാത്രം.
മുറിക്കുള്ളിൽ കയറി ജനലിനഭിമുഖമായി നിന്നു.
പടിഞ്ഞാറൻ ചക്രവാളത്തിൽ ഊർധ്വൻ വലിക്കുന്ന സൂര്യൻ.
ഈയിടെയായി അസ്തമയസൂര്യനെ നോക്കിയിരിക്കാൻ ഇഷ്ടമാണ്.
ഒരു പകലിന്റെ ദീർഘമായ അധ്വാനത്തിനു ശേഷം ഒരു അസ്തമയം.
താനും ഏതാണ്ട് സൂര്യനെപ്പോലെ തന്നെയാണ്.
ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്ക് ശേഷം ഒരസ്തമയത്തിനായുള്ള കാത്തിരുപ്പ്.
ഇനി ഇവിടെ തുടരാൻ വയ്യ.
ഗുരുവായൂർ നടയിൽ അശരണർ ഭജനമിരിക്കുന്നത് കണ്ടിട്ടുണ്ട്.
ഭക്ഷണം അവിടെ നിന്നു കിട്ടുമെന്നാണ് അറിഞ്ഞത്.
അവിടെ പോവുക തന്നെ.
ആർക്കും വേണ്ടാത്ത തന്നെ ഭഗവാൻ സംരക്ഷിക്കും.
അതുറപ്പാണ്.
അത്യാവശ്യമെന്നു തോന്നിയ വസ്ത്രങ്ങളെടുത്ത് ഒരു പ്ലാസ്റ്റിക് കവറിലാക്കി ആയാൾ മെല്ലെ പുറത്തേക്ക് നടന്നു.
ഉറച്ച മനസ്സോടെ.
♡♡♡♡♡♡♡♡♡♡