രണ്ടു ധ്രുവങ്ങൾ:‐—‐—–ഓർമ്മകൾക്ക് മരണമോ…. ഏയ് അങ്ങനൊന്നും ഉണ്ടാവില്ലെടോ…
ഉണ്ടാവും മീര കുറേനാളുകൾ കഴിയുമ്പോൾ എല്ലാരും എല്ലാം മറക്കും
പിന്നേ കുറേ പരിഭവങ്ങൾ മാത്രം അവശേഷിക്കും…
എന്തുപറ്റി താനിന്നും വൻ ശോകത്തിൽ തന്നെയാണല്ലോ…
ഒന്നുല്ലടോ തന്നോട്അ ല്ലേ ഇതൊക്കെ ഒന്ന് പറയാൻ പറ്റു…
എന്തുപറ്റി രാജേഷ് ഇന്നും ഹരിതയുമായി വഴക്കിട്ടോ…
വഴക്കല്ലെടോ ഒരുമാതിരി സമാധാനക്കേട്… ഒരുദിവസം പോലും അല്പം സന്തോഷം അവളുടെ കയ്യിൽ നിന്നും കിട്ടാറില്ല… എന്തോ ഞാനിപ്പോ വിളിക്കുന്നത് പോലും അവൾക്ക് ദേഷ്യമായി തുടങ്ങി….
രാജേഷിന്റെ തൊണ്ട ഇടറുന്നതുപോലെ മീരക്ക് തോന്നി…
എന്താടോ താൻ കരയുന്നോ… അവള് ചിലപ്പോ എന്തേലും ദേഷ്യത്തിൽ ഇരുന്നപ്പോൾ ആവും താൻ വിളിച്ചത്… ഒരു വീട്ടിലെ കാര്യങ്ങൾ മുഴുവൻ അവളല്ലേ നോക്കി നടത്തുന്നത്…
പക്ഷേ അവൾക്ക് ഒന്നിനും ഒരു കുറവും ഞാൻ വരുത്തുന്നില്ല മീര…
എടോ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും വീട്ടുകാര്യങ്ങളും, കുട്ടികളുടെ കാര്യങ്ങളും പ്രായമായ അച്ഛന്റെയും അമ്മയുടേയുമൊക്കെ കാര്യം അവള് ഒറ്റയ്ക്ക് ചെയ്യണ്ടേ… കൂടെ ജോലിക്കും പോണം..
ജോലി… അത് വേണ്ടെന്നു ഞാൻ എത്ര വട്ടം പറഞ്ഞെന്നോ… നoക്കാപ്പിiച്ച പോലെ കിട്ടുന്ന ആ തുക കൂടി ഞാൻ അയച്ച് കൊടുക്കില്ലേ അവൾക്ക്….
ഹഹഹ… മീര പൊട്ടിച്ചിരിച്ചു…
നീയെന്താ ഇങ്ങനെ ചിരിക്കുന്നത്…
എടോ താൻ പറഞ്ഞില്ലേ നക്കാപ്പിച്ച പോലെ അവൾക്ക് കിട്ടുന്ന സാലറി എന്ന്… അതിനെ തന്റെ ലക്ഷങ്ങളെക്കാൾ എത്ര വിലയുണ്ടെന്നോ..
കുiന്തം.. വെറുതെ സമയം കളയാൻ മാത്രം…
തനിക്ക് അങ്ങനെയേ തോന്നു… അവൾക്ക് പക്ഷേ ആ ജോലി എത്ര ആശ്വാസം ആയിരിക്കുമെന്ന് താൻ മനസ്സിലാക്കിയിട്ടുണ്ടോ… പുലർച്ചെ എണീറ്റ് വീട്ടുജോലികൾ തീർത്ത് ജോലിക്ക് ഇറങ്ങുമ്പോൾ സത്യത്തിൽ പെണ്ണ് ജയിലിൽ നിന്നും പരോളിൽ ഇറങ്ങും പോലെയാണെടോ….
പിരിമുറുക്കങ്ങൾ അയച്ച് അവൾകൂട്ടുകാരോട് അല്പം സംസാരിക്കുമ്പോൾ മനസ് എത്ര ഫ്രീ ആകുമെന്നോ… അതുമാത്രമല്ലെടോ അവൾക്ക് അവളുടെ സ്വന്തം കാര്യത്തിന് അല്പം പണം വേണമെങ്കിൽ നിന്നോട് ചോദിക്കാതെ എടുക്കണമെങ്കിൽ അവൾക്ക് സാലറി വേണം….
അതിനു ഞാൻ കൊടുക്കുന്ന ക്യാഷ് ഇല്ലേ… അതൊക്കെ കൈകാര്യം ചെയ്യുന്നത് അവളല്ലേ…
താൻ കൊടുക്കുന്ന ക്യാഷ് എത്ര ആയാലും അത് ഇന്നതു ചെയ്യൂ എന്ന് താൻ പറയില്ലേ…
അതുപിന്നെ പറയേണ്ടേ… പണിയെടുത്ത ക്യാഷ് അല്ലേ മോളെ അതിനു കണക്ക് വേണ്ടേ….
അതാണ് ഞാനും പറഞ്ഞത്….
ഓഹോ അപ്പോ നിങ്ങൾ പെണ്ണുങ്ങൾ എല്ലാം ഒറ്റക്കെട്ടായി അല്ലേ….
പറഞ്ഞന്നേ ഉള്ളു… മീര ചിരിയോടെ പറഞ്ഞു…
താൻ കഴിച്ചോ… മീര മെല്ലെ ചോദിച്ചു…
ഇല്ലെടി ജോലി കഴിഞ്ഞ് ഇറങ്ങാൻ ഇന്ന് വൈകി… റൂമിൽ വന്നു കുളിക്കാൻ നേരം അടുത്ത റൂമിലെ ഒരുത്തൻ നാട്ടിൽ പോകാൻ യാത്ര പറയാൻ വന്നു… അങ്ങനെ സംസാരിച്ച് അല്പം വൈകിപ്പോയി…
അതുകഴിഞ്ഞാണ് അവളെ വിളിച്ചത്… ഉറങ്ങി തുടങ്ങിയ അവളെ വിളിച്ചത് ഇഷ്ടമായില്ല…. പിന്നേ പറയേണ്ടല്ലോ…
സാരമില്ലടോ അവള് ജോലിയൊക്കെ കഴിഞ്ഞു വീട്ടുകാര്യങ്ങളും കഴിഞ്ഞു മടുത്തു കിടന്നതല്ലേ… അതാവും…
അപ്പോൾ താനോ… താനും അതേ നാട്ടിൽ അതേ സ്റ്റേജിൽ അല്ലേ കഴിയുന്നത്….
എനിക്ക് പിന്നേ ഇതൊക്ക ശീലമായി…
കിഷോർ വിളിച്ചില്ലേ ഇന്ന്…
ഇങ്ങോട് വിളിച്ചില്ല… ഞാൻ വിളിച്ചപ്പോൾ ജസ്റ്റ് ഒരു വാക്ക് പാർട്ടി ഉണ്ട് പുറത്താണ് നാളെ വിളിക്കാം എന്ന്…
അദ്ദേഹം എന്നും തിരക്കിൽ ആണല്ലോ മീരാ…
അതോണ്ട് നിന്നോട് അല്പം സംസാരിക്കാൻ എനിക്ക് പറ്റുന്നുണ്ട് അല്ലേ….
സത്യത്തിൽ ഒരു പുരുഷന് രണ്ടു സ്ത്രീ വേണന്നു പറയുന്നത് സത്യമാണ് അല്ലേ മീരാ….
ആവോ അറിയില്ല… ഒരു സ്ത്രീക്ക് രണ്ടു പുരുഷൻ ആയാലും കുഴപ്പമില്ല അല്ലേ രാജേഷ്….
രാജേഷ് പൊട്ടിച്ചിരിച്ചു… കൂടെ മീരയും… അവരുടെ സങ്കടങ്ങൾ സന്തോഷങ്ങൾ എല്ലാം ഓരോ ഫോൺ വിളിയിലും അവസാനിക്കുന്നത് മാത്രമായിരുന്നു…..
✍️എഴുത്ത്:- ജോളി ഷാജി…

