ഞാൻ കണ്ടു എന്നറിഞ്ഞപ്പോൾ ആദിയുടെ മുഖം ഒന്ന് വാടി… എന്റെ മുന്നിൽ തോറ്റു പോയി എന്നൊരു തോന്നൽ അവന്റെ മനസ്സിൽ ഉണ്ടായതുകൊണ്ടാണെന്ന് തോന്നുന്നു…….

എഴുത്ത് :- സൽമാൻ സാലി

വെള്ളിയാഴ്ച ലീവ് ആയതുകൊണ്ട് വൈകിട്ട് ഒന്ന് നടക്കാനിറങ്ങിയതാണ്.. തിരിച്ചു വരുമ്പോൾ സുഹൃത്തിന്റെ ഫ്ലാറ്റിൽ ഒന്ന് കയറി.. !

അവനുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് അവന്റെ അഞ്ചുവയസുകാരൻ മകൻ ആദിൽ എന്റെ അടുത്തുള്ള ടീപ്പോയിൽ കുറെ പ്ലാസ്റ്റിക് ബ്ലോക്കുകളുമായി വന്നു കളറുകൾ വേർതിരിച്ചു യോജിപ്പിക്കാൻ തുടങ്ങിയത്… !!

നീലയും പച്ചയും ചുവപ്പുമെല്ലാം വേർതിരിച്ചു ആദി ബിൽഡിങ് രൂപത്തിൽ ബ്ലോക്കുകൾ യോജിപ്പിക്കുന്നത് സംസാരത്തിനിടെ ഞാൻ ഇടംകണ്ണിട്ട് നോക്കുന്നത് അവനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

ആദിയുടെ കയ്യിലെ ബ്ലോക്കുകൾ ഏകദേശം തീരാറായപ്പോളാണ് അത് ഒരുവശത്തേക്ക് ചെരിഞ്ഞു ബ്ലോക്കുകൾ മുഴുവനും താഴേക്കു വീണത്.. .

ആദി ബ്ലോക്‌കൊണ്ട് നിർമിച്ച ബിൽഡിങ് താഴേക്കു വീണപ്പോൾ അവൻ ആദ്യം നോക്കിയത് എന്നെയാണ്.

ഞാൻ കണ്ടു എന്നറിഞ്ഞപ്പോൾ ആദിയുടെ മുഖം ഒന്ന് വാടി… എന്റെ മുന്നിൽ തോറ്റു പോയി എന്നൊരു തോന്നൽ അവന്റെ മനസ്സിൽ ഉണ്ടായതു കൊണ്ടാണെന്ന് തോന്നുന്നു അവൻ നിലത്തു വീണതെല്ലാം പെറുക്കിയെടുത്തു വീണ്ടും അടുക്കി വെക്കാൻ തുടങ്ങി…

പക്ഷെ രണ്ടാമതും അവന്റെ കയ്യിലെ ബ്ലോക്കുകൾ തീരാറായപ്പോൾ അത് വീണ്ടും നിലംപൊത്തി..

ഈ പ്രാവശ്യം ആദി എന്റെ മുഖത്ത് നോക്കിയില്ല.. പകരം എല്ലാം പെറുക്കിയെടുത്തു വീണ്ടും യോജിപ്പിക്കാൻ തുടങ്ങി..

അവനെ ഒന്ന് സഹായിക്കാമെന്ന് കരുതി ഞാൻ അവന്റെ അടുത്ത് പോയി ബ്ലോക്കുകൾ കയ്യിലെടുത്തതും അവൻ എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി എല്ലാ ബ്ലോക്കുകളും വാരിയെടുത്തു അൽപ്പം മാറിയിരുന്നു വീണ്ടും കളർ തിരിച്ചു യോജിപ്പിക്കാൻ തുടങ്ങി…

ഇടക്കിടക്ക് അവൻ എന്റെ മുഖത്ത് നോക്കുമ്പോൾ ഞാൻ അവനെ നോക്കി ചിരിക്കും.. അപ്പോൾ അവൻ വാശിയോടെ ബ്ലോക്കുകൾ അടുക്കിവെക്കാൻ തുടങ്ങും..

ആറാം വട്ടവും ആദിക്ക് ബ്ലോക്കുകൾ മുഴുവനും അടുക്കാൻ കഴിഞ്ഞില്ല..

പക്ഷെ അതിനേക്കാൾ അവനെ വാശി കേറ്റിയത് എന്റെ മുന്നിൽ തോറ്റുപോകരുത് എന്ന ചിന്തയാണ്..

എന്റെ മുന്നിൽ ആ ബ്ലോക്കുകൾ മുഴുവനും യോജിപ്പിക്കാൻ വേണ്ടി ആദി കഠിന ശ്രമം നടത്തി ക്കൊണ്ടിരുന്നു..

ആദിയുടെവാശി ഞാനും ആസ്വദിക്കുകയായിരുന്നു…

ഓരോ വട്ടവും അവൻ ബ്ലോക്കുകൾ അടുക്കുമ്പോൾ ഞാൻ മനസ്സ്‌കൊണ്ട് പ്രാർത്ഥിക്കും ഇപ്രാവശ്യമെങ്കിലും അവന് മുഴുവനും അടുക്കാൻ കഴിയണേ എന്ന്…

ഏഴ് വട്ടം അവന്റെ ബിൽഡിങ് നിലംപൊത്തിയിട്ടും അവൻ വിട്ടുതരാൻ തയ്യാറാവാതെ വീണ്ടും ബ്ലോക്കുകൾ യോജിപ്പിക്കാൻ തുടങ്ങി…

എട്ടാം പ്രാവശ്യം അവൻ പകുതി ബ്ലോക്കുകൾ അടുക്കിയതിന് ശേഷം അവൻ എഴുനേറ്റു രണ്ടടി മാറി നിന്നു അവൻ യോജിപ്പിച്ച ബ്ലോക്കുകൾ വീക്ഷിക്കാൻ തുടങ്ങി…

ചുറ്റിലും ഒന്ന് കണ്ണോടിച്ചു…

തിരിച്ചു അതിന്റെ അടുത്ത് വന്നിരുന്നു ഏറ്റവും അടിയിലായി അടുക്കിയ നീല ബ്ലോക്ക്‌ എടുത്തു മാറ്റിയശേഷം ബാക്കിയുള്ളതെല്ലാം കളറുകൾ തിരിച്ചു അടുക്കി ഏറ്റവും മുകളിലായി നീല ബ്ലോക്കുകളും യോജിപ്പിച്ച ശേഷം ഒരു വിജയിയെപോലെ അവൻ എന്റെ മുഖത്ത് നോക്കി ഒരു ചിരി ചിരിച്ചു..

…ഏഴുതവണ തോറ്റിട്ടും വിട്ടുതരാതെ തോൽവിക്കുള്ള കാരണമായ അല്പം ചളുങ്ങിയ നീല ബ്ലോക്കിനെ അടിയിൽനിന്നും എടുത്തു ഏറ്റവും മുകളിൽ യോചിപ്പിച്ചുകൊണ്ട് എട്ടാം തവണ വിജയിയായി നിൽക്കുന്ന ഒരു അഞ്ചുവയസ്സുകാരന്റെ ചിരി…

നമ്മളും ചിലപ്പോൾ ആദിയെപോലെയാണ് ജീവിതത്തിൽ ഒരു ലഷ്യത്തിലേക്കടുക്കുമ്പോൾ ഒരു വീഴ്ച സംഭവിച്ചാൽ വീണ്ടും എഴുനേറ്റു ഓടും.. പക്ഷെ വീഴ്ചക്കുള്ള കാരണം കണ്ടെത്തി അത് പരിഹരിക്കുന്നത് വരെ നമ്മൾ ലക്ഷ്യത്തിലേക്ക് വീണ്ടും വീണ്ടും ഓടിക്കൊണ്ടേയിരിക്കും….

Leave a Reply

Your email address will not be published. Required fields are marked *