എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
സേതുവിനെ കുറിച്ച് പറയാം. നടക്കുമ്പോൾ ചെറിയ മണിനാദം കിലുങ്ങുന്ന കഴുത്തുള്ള അവനൊരു പൂച്ചയാണ്. എന്റെ കൺവട്ടത്ത് നിന്ന് അകലുമ്പോൾ മനസ്സിലാകാനാണ് അവന്റെ കഴുത്തിൽ തീരെ കനമില്ലാത്തയൊരു മണിമാല ഞാൻ ചുരുക്കി കെട്ടിയത്. കാഴ്ച്ചയിൽ ചെറുതാണെങ്കിലും നാദത്തിന് ഉയർന്ന ശബ്ദമായിരുന്നു. ആരുടെ യെങ്കിലും കൂടെ ദീർഘമായി ഞാൻ ഈ ഭൂമിയിൽ ജീവിച്ചിട്ടുണ്ടെങ്കിൽ അത് ഈ സേതുവിനോടൊപ്പം മാത്രമാണ്.
അങ്ങനെ, അങ്ങേയറ്റം സ്നേഹത്തോടെ ഞാനും സേതുവും ചെങ്കൽപ്പേട്ട് ജീവിക്കുമ്പോഴാണ് ഇന്ദു പ്രസവിക്കുന്നത്. കുഞ്ഞിനെ ഏറ്റ് വാങ്ങാൻ ആശുപത്രിയിൽ ഉണ്ടാകണമെന്ന അവളുടെ ആഗ്രഹം ഞാൻ സഫലീകരിച്ചു. നഴ്‌സുമാർ എന്റെ കൈത്തണ്ടയിലേക്ക് തന്നെയാണ് മോളെ വെച്ചുതന്നത്. നോക്കുമ്പോൾ കൗതുകമായി എന്റേതെന്ന പോലെ രണ്ട് ആനക്കാതുകൾ കണ്ണ് കീറാത്ത ആ കുഞ്ഞിനും ഉണ്ടായിരുന്നു
പല ബന്ധുക്കളുടെ ഇടയിലൊക്കെയായി വളർന്നത് കൊണ്ട് ബന്ധങ്ങൾ ചേർക്കുന്നതിൽ ഞാൻ വളരേ പരാജിതനാണ്. അതുകൊണ്ട് തന്നെ ഒരു കുടുംബ ജീവിതമൊന്നും വഴങ്ങില്ലായെന്ന് ആരെക്കാളും കൂടുതൽ എനിക്ക് അറിയാം. അടുപ്പങ്ങൾ ഉത്തരവാദിത്തങ്ങളായി മാറി മനുഷ്യരെ പരസ്പരം തളക്കുകയും, പിന്നീട് അതിന്റെ കണക്ക് നിരത്തുകയും ചെയ്യുന്ന അന്തരീക്ഷത്തിൽ നിലനിൽക്കേണ്ടി വരുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. സ്നേഹങ്ങളൊന്നും അങ്ങനെ രൂപപ്പെടേണ്ടതല്ലായെന്ന് ഞാൻ ചിന്തിച്ചു. അത് പ്രാവർത്തികമാക്കാൻ എന്നെ എനിക്ക് അഴിച്ച് വിടേണ്ടി വന്നു. എന്നിട്ടും, എന്നെപ്പോലെയൊരു ഊരുതെiണ്ടി മതിയെന്ന് ഇന്ദു തീരുമാനിക്കുകയായിരുന്നു…
പ്രസവത്തിന് ശേഷം വർഷത്തിൽ രണ്ട് വട്ടമെങ്കിലും കൂടെ താമസിക്കാൻ അവളും കുഞ്ഞും എന്റെ അടുത്തേക്ക് വരാറുണ്ട്. അവർ വരുന്നത് സേതുവിന് ഇഷ്ട്ടമാണ്. ഇന്ദു എവിടെ പോയാലും ദേഹമുരച്ച് നടക്കാനും, മോൾക്ക് ഉപദ്രവിക്കാൻ പാകം നിന്ന് കൊടുക്കാനും അവന് യാതൊരു മടിയുമില്ല. അവർ ഉണ്ടാകുമ്പോഴും ഞാനും സേതുവും ഒരുമിച്ചാണ് കിടക്കാറ്. എന്റെ ദേഹത്തിന്റെ എവിടെയെങ്കിലും മുട്ടാതെ അവന് ഉറക്കം വരാറില്ല. സേതുവിന്റെ ലോകം എന്നിലൂടെ മാത്രമാണെന്ന് അറിയുന്നത് കൊണ്ട് എന്റെ ജീവിതത്തിന്റെ പ്രാധാന്യം അവൻ തന്നെയായിരുന്നു. അത് അറിയുന്നത് കൊണ്ടായിരിക്കണം,
ഉണ്ടെന്ന് ഉറപ്പില്ലാത്ത അടുത്ത ജന്മത്തിലെങ്കിലും നിന്റെ സേതുവായി ജനിച്ചിരുന്നുവെങ്കിലെന്ന് ഇന്ദു ഇടയ്ക്കൊക്കെ പറയാറുള്ളത്.
ഇത് ആരാണെന്ന ഭാവത്തിൽ എന്റെ താടിയും മുടിയുമൊക്കെ പിടിച്ച് വലിച്ചാണ് കഴിഞ്ഞ വരവിൽ മോള് എന്നെ സൂക്ഷിച്ച് നോക്കിയത്. ആ മൃദുലമായ കവിളോട് മൂക്ക് ചേർത്ത് ഞാൻ നിന്റെ അച്ഛനാണ് പറയാൻ എനിക്ക് കഴിയാറില്ല. അങ്ങനെ പറയാൻ മാത്രമൊരു അച്ഛത്തം എന്നിൽ ഉണ്ടോയെന്ന സംശയം തന്നെയാണ് അതിന്റെ കാരണം. ഒരു കുഞ്ഞിന്റെ പിതാവാകുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം പാകമാകാത്ത ഉടുപ്പ് ഇടുന്നത് പോലെയായിരുന്നു. ഊർന്ന് വീഴുമെന്ന് തോന്നിയിട്ടും എന്തുകൊണ്ടോ എനിക്ക് ആ വiസ്ത്രം ഊiരിമാറ്റാൻ തോന്നിയില്ല.
ഒരുനാൾ കാലത്ത് ഞാൻ എഴുന്നേറ്റതിന് ശേഷവും സേതു ഉണർന്നില്ല. അവനെ വാരി എടുത്തിട്ടും അനക്കമില്ല. പരിശോധിച്ചപ്പോൾ പൾസ് നിന്നിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി. ഒരു മയക്കത്തിൽ നിന്ന് മരിച്ചുപോയ സേതുവിനോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നുക യായിരുന്നു. അത് തന്നെയാണ് എന്റെ സങ്കടമെന്ന് മനസ്സിലായപ്പോൾ ചെങ്കൽപ്പേട്ട് വിട്ട് എങ്ങോട്ടെങ്കിലും പോകണമെന്ന് എനിക്ക് തോന്നി. സേതുവിന്റെ കഴുത്തിലെ മണിനാദം ഭദ്രമായി വെച്ച ബാഗുമായി അവനെ മറവ് ചെയ്ത ആ രാത്രിയിൽ തന്നെ ഞാൻ ആ നാട് വിടുകയായിരുന്നു.
എവിടെയും സ്ഥിരതയില്ലാത്ത എനിക്ക് എങ്ങോട്ട് വേണമെങ്കിലും പോകാം. ഞാൻ ഒരിക്കലും പോയിട്ടില്ലാത്ത ഇന്ദുവിന്റെ വീട്ടിലായിരുന്നു കുഞ്ഞ്. അതുകൊണ്ട് കാര്യങ്ങളൊന്നും ഞാൻ അവളോട് പറഞ്ഞില്ല. എങ്ങോട്ടേക്കെന്നില്ലാതെ റെയിൽവേ സ്റ്റേഷനുകളായ റെയിൽവേ സ്റ്റേഷനുകളെല്ലാം താണ്ടി ഞാൻ സഞ്ചരിച്ചു. വിശക്കുമ്പോൾ സ്റ്റേഷന്റെ അരികിലായുള്ള ഏതെങ്കിലും ഹോട്ടലിൽ പോയി പാത്രങ്ങൾ കഴുകിയാൽ ഭക്ഷണം തരുമോയെന്ന് ചോദിക്കും. തീരേ വയ്യായെന്ന് തോന്നുമ്പോൾ മാത്രം യാചിക്കും. രണ്ടായാലും, എനിക്ക് യാതൊരു മടിയുമില്ല. പൊതുവേ, എല്ലാ മനുഷ്യർക്കും ഉണ്ടെന്ന് പറയുന്ന മാനവുമില്ല.
അങ്ങനെ, നാളുകൾ മാറി മാസങ്ങൾ ആയിട്ടും സേതുവിൽ നിന്ന് ഒട്ടും ദൂരം കുറഞ്ഞതായി എനിക്ക് തോന്നിയില്ല. അത് മനസിലാക്കിയ പോലെയാണ് ഇന്ദു ഒരിക്കൽ എന്നെ വിളിച്ചത്.
‘എന്റേം മോളേം അടുത്തേക്ക് വരുന്നോ നീ? നീയില്ലെങ്കിൽ അമ്മയെ ഒപ്പം കൂട്ടണം…’
ഒരു ജോലിയുമായി അവൾ മറ്റൊരു ഇടത്തിലേക്ക് മാറാൻ പോകുന്നു. സേതുവിന്റെ വേർപാടിൽ അലഞ്ഞ് നടന്നിരുന്ന ഞാൻ വരാമെന്ന് പറഞ്ഞു. അവരുടെ കൂടെ കഴിയുമ്പോൾ അൽപ്പം ആശ്വാസം തോന്നുമായിരിക്കും. ദിശ മാറിയുള്ള സഞ്ചാരമാണെങ്കിലും വൈകാരികമായി വീണ് പോകുമ്പോൾ മറ്റൊരു തോൾ തേടുന്ന വെറും മനുഷ്യനായിപ്പോയി ഞാൻ ആ നേരം..
മോളുടെ കൂടെ ഇടപെടുമ്പോൾ മാനസികമായി ഏറെ ഭേദപ്പെടുമെന്ന് എനിക്ക് തോന്നി. വളർച്ചയുടെ പലഘട്ടത്തിലും എന്നെ കണ്ടത് കൊണ്ട് പരിചയമില്ലായ്മ കാട്ടില്ലായിരിക്കും. അവൾക്ക് ഇപ്പോൾ അഞ്ച് വയസ്സ് തികയാറായി. എന്നാലും എന്നെ വരച്ച വരയിൽ നിർത്താനുള്ള ആവതൊക്കെ മോൾക്ക് ഉണ്ട്. കഴിഞ്ഞ തവണ വന്നപ്പോൾ അവളത് തെളിയിച്ചതാണ്. എന്നെ നിയന്ത്രിക്കാൻ ഈ ലോകത്ത് അങ്ങനെയും ആരെങ്കിലും വേണ്ടേയെന്ന് കരുതുമ്പോൾ ഉള്ളിലൊരു ഉത്സാഹമൊക്കെ തോന്നുന്നുണ്ട്. അടിമപ്പെടുന്നതിലും ആഹ്ലാദം അനുഭവിക്കാൻ പറ്റുമെന്നതും ആ വേളയിലാണ് എനിക്ക് മനസ്സിലാകുന്നത്.
ഒരാഴ്ച്ചയ്ക്കുള്ളിൽ, ഇന്ദുവും മോളും താമസിക്കുന്ന ഇടത്തേക്ക് ഞാൻ എത്തി. ട്രെയിൻ ഇറങ്ങി ബസ്റ്റാന്റിൽ നിൽക്കുമ്പോൾ കുഞ്ഞുങ്ങളുടെ വല്ല കളിപ്പാട്ടവും വാങ്ങിയാലോയെന്ന് കരുതി ഞാനൊരു കടയിൽ കയറിയിരുന്നു. ആകെയുണ്ടായിരുന്ന നൂറ്റിയമ്പത് രൂപക്ക് കിട്ടുന്ന കോപ്പുകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. അല്ലെങ്കിലും, കുഞ്ഞുങ്ങളിൽ ചുമത്താനുള്ള കച്ചവടങ്ങൾക്ക് എന്നും ഇരട്ടി ലാഭമാണല്ലോ…
‘അമ്മേ… ആരോ വന്നിറ്റ്ണ്ട്…’
കാളിംഗ് ബെല്ല് അടിച്ചപ്പോൾ അകത്ത് നിന്ന് മോളുടെ ശബ്ദം ഞാൻ കേട്ടു. വൈകാതെ ഇന്ദു വന്ന് കതക് തുറക്കുകയും ചെയ്തു. കണ്ടപാടെ ഇതെന്ത് കോലമെന്ന് അവൾ ചോദിക്കുകയും ചെയ്തു. രണ്ടുപേരേയും പുണരണമെന്നും ഉമ്മകളാൽ പൊതിയണമെന്നൊക്കെ എനിക്ക് ഉണ്ടായിരുന്നു. പക്ഷെ, അത്രയും മുഷിഞ്ഞയൊരു ജീവിതത്തിൽ നിന്ന് വരുന്നത് കൊണ്ട് ആദ്യമൊന്ന് കുളിക്കണമായിരുന്നു…
‘സേതു…!’
ഞാൻ സേതുവുമായി വരുമെന്നായിരുന്നു ഇന്ദു പ്രതീക്ഷിച്ചിരുന്നത്. അപ്പോഴേക്കും, ഞാൻ എത്തുന്നതിന് മുമ്പുള്ള എന്തോയൊരു കാരണത്തിൽ മോള് കരഞ്ഞു. ഞാനും ഒന്നും കൊണ്ട് വരാത്തതിന്റെ വിഷമവും ഉണ്ടാകും. പുറത്ത് നിന്ന് വീട്ടിലേക്ക് വരുന്ന ഓരോ ആൾക്കാരുടെ കൈയ്യിലും തനിക്കായി സമ്മാനമുണ്ടോയെന്ന് ശ്രദ്ധിക്കുന്ന കുരുന്ന് പ്രായത്തിലല്ലേ എന്റെ മോള്…
‘വാശിയാണ്. കിലുങ്ങുന്ന കൊലുസ്സ് ഞാൻ എവിടെ പോയിട്ട് വാങ്ങാനാ…! കാലത്ത് തൊട്ട് തുടങ്ങിയതാണ്.’
എനിക്ക് കുളിക്കാനുള്ള തോർത്തും, സോപ്പുമൊക്കെ എടുത്ത് തരുന്നതിന് ഇടയിലാണ് ഇന്ദുവത് പറഞ്ഞത്. ശേഷം, സേതു എവിടെയെന്ന് വീണ്ടും ചോദിച്ചു. എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. പറയുന്തോറും വിങ്ങുമെന്ന് അറിയുമെങ്കിൽ പറയാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. മറ്റൊന്ന് കൂടി എനിക്ക് തോന്നിയിരുന്നു. അതിനായി എന്റെ മുഷിഞ്ഞ ബാഗിനുള്ളിൽ കൈയ്യിട്ട് ഞാൻ മോളെ നോക്കി. ശേഷം അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു.
‘കിലുങ്ങുന്ന കൊലുസ്സില്ല മോളെ… മണി മുഴങ്ങുന്നയൊരു മാലയുണ്ട്…!’
അങ്ങനെ പറഞ്ഞുകൊണ്ടാണ് സേതുവിന്റെ മാല എന്റെ മോളുടെ കഴുത്തിൽ ഞാൻ അണിയുന്നത്. അവൾക്ക് അത് വളരേ ഇഷ്ടപ്പെട്ടെന്ന അർത്ഥത്തിൽ അതിൽ പിടിക്കുകയും, കൗതുകത്തോടെ കുലുക്കുകയും, വ്യത്യസ്തമായി ഉയരുന്ന ആ നാദം ചെറു ചിരിയോടെ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അപ്പോഴേക്കും, തന്റെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചെന്ന് പറയാതെ പറയുന്നത് പോലെ ഇന്ദുവിന്റെ കൈ എന്റെ തലയിൽ ഇഴയാൻ തുടങ്ങിയിരുന്നു…!!!