എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ചുരുള മുടികളും ഗോളി കണ്ണുകളുമാണ് ദെബോറയ്ക്ക്. മംഗലാപുരം എയർപോർട്ടിൽ നിന്നുള്ള മടക്ക യാത്രയിലാണ് എന്റെ ടാക്സിയിലേക്ക് അവൾ കയറുന്നത്. ഉഡുപ്പിയിലേക്കാണ് പോകേണ്ടത്. ഒരു വിദേശ വനിതയുടെ സാമീപ്യം എന്നെ ഉന്മേഷനാക്കി. വളയം പിടിക്കാൻ തന്നെ വല്ലാത്തയൊരു ഉത്സാഹം.
‘ഹായ്.. ഐ ആം ദെബോറ..’
മുന്നിൽ കയറിയിരുന്ന പാടെ അവൾ എന്നോട് പറഞ്ഞതാണ്. അറിയാവുന്ന ഇംഗ്ലീഷിൽ പേരും നാടും വയസ്സും ഞാനും പറഞ്ഞു. യുർ സോ ഫണ്ണിയെന്നും പറഞ്ഞ് ദെബോറ ചിരിച്ചു. പല്ലുകളുടെ തിളക്കം കൊണ്ടാണൊ ചുണ്ടുകളിലെ നനവ് കണ്ടത് കൊണ്ടാണോയെന്ന് അറിയില്ല; വണ്ടിയൊന്ന് പാളിപ്പോയി. ഓ മൈ ഗോഡെന്നും പറഞ്ഞ് അവൾ കണ്ണുകൾ അടച്ചു.
‘ഡോണ്ട് വറി… ഐ ആം ആൻ എക്സപേർട്ട് ഡ്രൈവർ യു നൊ…!’
കേട്ടപ്പോൾ ദെബോറ ഗൗരവ്വം നടിച്ചു. പിന്നീട് ഞങ്ങൾ കുറേ നേരം സംസാരിച്ചിരുന്നില്ല. വേണ്ടായിരുന്നു. കുറച്ച് ഓവറായിപ്പോയി. പണ്ടുതൊട്ടേ എന്തു കാര്യം വന്നാലും അത് ഓവറാക്കി ചളമാക്കാൻ എനിക്ക് പ്രത്യേകമായൊരു കഴിവുണ്ട്. പ്രേമം പറഞ്ഞ പെണ്ണിനോട് അന്നു തന്നെ ഊട്ടിയിലേക്ക് പോകാമെന്ന് പറഞ്ഞത് ഇന്നലെ കഴിഞ്ഞത് പോലെയാണ് ഓർമ്മയിൽ. കുളിരിൽ കെട്ടിപ്പിടിച്ച് കിടക്കുന്ന കാര്യം കൂടി പറഞ്ഞപ്പോൾ പെണ്ണ് പേടിച്ച് പോയെന്ന് തോന്നുന്നു. വിളിക്കാമെന്ന് പറഞ്ഞ് പോയവളെ പിന്നീട് ഞാൻ കണ്ടതേയില്ല.
എനിക്ക് വലിയ ഇഷ്ടമായിരുന്നു അവളെ. തുടർന്നുള്ള നാളുകളിലെല്ലാം കടുത്ത ദുഃഖത്തിലേക്ക് ആണ്ടു പോയി. എന്റെ ഡിഗ്രിയിലെ പഠനം വരെ മുടങ്ങി. ചിലവിന് വേണ്ടി അച്ഛന്റെ മുന്നിൽ കൈനീട്ടാൻ മടി തോന്നിയപ്പോൾ ഡ്രൈവറായതാണ്. സ്വന്തം വണ്ടിയൊന്നുമല്ല. കമ്പനിയുടേതാണ്. ഇപ്പോഴും തിരക്കില്ലാത്ത പാതയിലൂടെ വളയം പിടിക്കുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ അവളെ ഓർക്കാറുണ്ട്. ഊട്ടിയിൽ പോകാമെന്ന് പറഞ്ഞപ്പോൾ വിട്ടുപോയവളോട് കണ്ണുകൾ ചിമ്മാറുമുണ്ട്.
ധൈര്യം ഇല്ലാത്തവർക്ക് പറഞ്ഞ പണിയല്ലല്ലോ പ്രേമമെന്ന് ഓർത്താണ് അവളിൽ നിന്നും പുറത്ത് വന്നത്. അങ്ങനെ എന്തെങ്കിലും കാരണങ്ങളെ ചികഞ്ഞെടുക്കാതെ മനുഷ്യർക്ക് വേർപാടുകളെ അതിജീവിക്കാൻ ആകില്ലല്ലോ…
‘സ്റ്റോപ്പ് ഹിയർ…’
ദെബോറ ആജ്ഞാപിച്ചു. സൂറത്ത്ക്കൽ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഞാൻ കാർ ഒതുക്കി. മുഖമൊക്കെ കഴുകിയതിന് ശേഷം അവളൊരു സിiഗരറ്റ് കiത്തിച്ചു. വേണോയെന്ന് ചോദിച്ചപ്പോൾ ഞാനും ഒരെണ്ണമെടുത്ത് പുകച്ചു.
‘യു ഇന്ത്യൻസ് ആർ സൊ നൈസ്… വൺ ഗൈ ഹെൽപ് മി ലോട്ട്… ഐ ഗോട്ട് മൈ ലൈഫ് ബാക്ക്…’
ശ്രദ്ധിച്ച് കേട്ടതുകൊണ്ട് കാര്യങ്ങൾ വ്യക്തമായി. വലിയ ആശ്വാസം ലഭിച്ചത് പോലെയാണ് ദെബോറ സംസാരിക്കുന്നത്.
നൈജീരിയയിൽ നിന്നും സുഹൃത്തുക്കളുടെ കൂടെ സ്റ്റുഡന്റ് വിസയിൽ ബാംഗ്ലൂരിൽ എത്തിയതാണ് ദെബോറ. കൂടെ കാമറൂണിൽ നിന്നുള്ളവരുമുണ്ട്. സൗകര്യങ്ങൾ കൂട്ടാൻ എന്നോണം പ്രോiസ്റ്റിറ്റ്യുഷൻ ചെയ്യാൻ ആൺ സുഹൃത്തുക്കൾ ദെബോറയെ നിർബന്ധിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റു കൂട്ടുകാരികളൊക്കെ സസന്തോഷം ഏർപ്പെടുന്ന ആ പ്രവർത്തിയോട് എന്തുകൊണ്ടോ ദെബോറക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഈ കാരണത്തിൽ ഒന്നും രണ്ടും പറഞ്ഞ് തെറ്റിയ അവളെ അവർ ഭീഷിണി പെടുത്തി കൂടെ നിർത്തുകയായിരുന്നു.
തക്കം കിട്ടിയപ്പോൾ ദെബോറ രക്ഷപ്പെട്ടു. താമസിച്ചിരുന്ന ഫ്ലാറ്റിലെ സെക്യൂരിറ്റിക്കാരന്റെ സഹായത്തോടെ അവൾ ആരുമറിയാതെ മംഗലാപുരം എത്തുകയായിരുന്നു. തുടർന്നാണ് എന്റെ ടാക്സിയിലേക്ക് കയറുന്നത്. ഉഡുപ്പിയിലെ ഒരു ആശുപത്രിയിൽ അവളുടെയൊരു ബന്ധു ജോലി ചെയ്യുന്നുണ്ട്. അവിടേക്ക് എത്തുകയെന്ന ചിന്ത മാത്രമേ ദെബോറയുടെ തലയിലുള്ളൂ…
‘ലെറ്റസ് ഗോ…’
ഞങ്ങൾ വീണ്ടും ചലിച്ചു. ഉഡുപ്പിയിലേക്കുള്ള ദൂരം കുറയുന്തോറും ദെബോറയെന്ന ആ നൈജീരിയൻ പെൺകുട്ടിയോട് വല്ലാത്തയൊരു ഇഷ്ട്ടം എനിക്ക് തോന്നുകയായിരുന്നു.
ഒരു പക്ഷെ, കെട്ടാൻ മുട്ടി നിൽക്കുന്ന എന്റെ ഉള്ളിന്റെ ആക്രാന്തം കൊണ്ടായിരിക്കാം അങ്ങനെ തോന്നിയത്. മനസ്സിന് ഇണങ്ങുന്നയൊരു പെണ്ണിനെ കണ്ടെത്തണം. അവൾക്ക് എന്നെയും ഇഷ്ടപ്പെടണം. പങ്കാളിയായി വരുന്നത് ദെബോറയാണെങ്കിലും സന്തോഷമെന്നേ ഞാൻ കരുതുന്നുള്ളൂ.. എന്തായാലും, അമ്മയ്ക്ക് ശേഷം എന്നെ സഹിക്കാൻ പറ്റുന്ന ഒരു പെണ്ണും ജീവിതത്തിലേക്ക് വന്നിട്ടില്ല.
രാജ്യങ്ങൾ താണ്ടി ദെബോറ വന്നിരിക്കുന്നത് എനിക്ക് വേണ്ടിയാണോയെന്ന് എന്നോട് തന്നെ ആ യാത്രയിൽ പലയാവർത്തി ഞാൻ ചോദിച്ചിരുന്നു. ആയിരുന്നുവെങ്കിൽ എത്ര നന്നാകുമായിരുന്നു. വൈവിധ്യങ്ങൾ തന്നെയല്ലേ പ്രണയങ്ങളെ മനോഹരമാക്കുന്നത്.
ഒടുവിൽ എത്തേണ്ട ഇടത്തെത്തി. ആശുപത്രിയിലേക്ക് ധൃതിയിൽ കയറിപ്പോയ ദെബോറ അവളുടെ ബന്ധുവായ ഒരു സ്ത്രീയുമായി ഉടനെ തിരിച്ചെത്തുകയും ചെയ്തു. ബാഗുകളൊക്കെ എടുത്തതിന് ശേഷം ചോദിച്ച പiണവും തന്നു.
അപ്പോഴും, എന്റെ കൂടെ വരുന്നോടി ആഫിക്കക്കാരീയെന്ന് മനസ്സുവിട്ട് പറയാൻ എനിക്ക് സാധിച്ചില്ല.
‘സെ സംതിങ് മാൻ…’
ഒന്നും മിണ്ടാതെ നിൽക്കുന്ന എന്നോട് ദെബോറ പറഞ്ഞു. എനിക്കൊന്നും ഉരിയാടാൻ കഴിഞ്ഞില്ല. എടുത്ത് ചാടി ഇഷ്ട്ട മാണെന്നൊക്കെ പറഞ്ഞാൽ അവൾ എന്ത് കരുതുമെന്ന് ഭയന്നിരുന്നു. എന്തെങ്കിലും പറയെടോയെന്ന് അവൾ വീണ്ടും ചോദിച്ചു. വേണമെങ്കിൽ നമുക്കൊന്ന് ഗോവ വരെ പോയി വരാമെന്ന് മാത്രം മറുപടിയായി ഞാൻ പറഞ്ഞു.
‘വൈ…?’
ആ ചോദ്യത്തിൽ ദെബോറയുടെ കണ്ണുകളിൽ നിന്നും പിൻവലിഞ്ഞ് ഞാൻ തറയിലേക്ക് നോക്കി. എന്റെ പ്രേമത്തിന്റെ പരുങ്ങലും ഭാവവും കണ്ടിട്ടാകണം അവൾ എന്റെ അടുത്തേക്ക് വന്നത്.
‘ഡു യു ലവ് മി…?’
രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ഉപ്പു സോഡായെന്ന് പറഞ്ഞത് പോലെയായിരുന്നു ആ നിമിഷം.
‘യെസ്. ഐ ഡു..’
എന്നും പറഞ്ഞ് ഞാൻ തല കുനിച്ചു. ‘വിൽ യു മാരി മീ…?’ എന്നായിരുന്നു തത്സമയം ദെബോറയ്ക്ക് ചോദിക്കാൻ ഉണ്ടായിരുന്നത്.
‘വൈ നോട്ട്…!’
ഞാൻ തലയുയർത്തി ചിരിച്ചു. രംഗത്തിൽ അവൾ എന്നെ കെട്ടിപ്പിടിച്ച് മുഖത്താകെ ഉiമ്മ വെക്കുകയായിരുന്നു. ആശുപത്രിയിലെ ബന്ധുവിനോട് അതിന്റെ സന്തോഷവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ, അത്രത്തോളം സുഖകരമല്ലാത്ത ആഫ്രിക്കൻ ഗ്രാമ പശ്ചാത്സലത്തിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം ദെബോറ വന്നത് ഇന്ത്യയിൽ സെറ്റിൽഡ് ആകണമെന്ന ഉദ്ദേശ്യത്തിൽ തന്നെയായിരുന്നു.
അങ്ങനെ കേട്ടപ്പോൾ എനിക്ക് അവളെയാണോ, അവൾക്ക് എന്നെയാണൊ ലഭിച്ചിരിക്കുന്നതെന്ന് വെറുതേ സംശയിച്ചു പോയി.
തുടർന്നുള്ള ജീവിതം ദെബോറയുമായി പങ്കുവെക്കുമ്പോഴും ഊട്ടിയിൽ പോകാമെന്ന് പറഞ്ഞപ്പോൾ വിട്ട് പോയവളെ ഞാൻ ഓർക്കാറുണ്ടായിരുന്നു.
അവളെ കുറിച്ച് പറയുമ്പോൾ ദെബോറയ്ക്ക് വലിയ ദേഷ്യമാണ്. ഗോവയിലേക്ക് പോകാമെന്ന് പറഞ്ഞപ്പോൾ മുന്നും പിന്നും നോക്കാതെ കൂടെ വന്ന തന്നെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയെന്നാണ് അവൾക്ക് ഇപ്പോൾ പറയാനുള്ളത്. മറ്റാരെയെങ്കിലും നോക്കിയാൽ കണ്ണുകൾ കുത്തി പൊട്ടിക്കും പോലും…
ദെബോറയുടെ കൈകൾക്ക് നല്ല ബലം ഉള്ളത് കൊണ്ടോണോയെന്ന് അറിയില്ല; ചുരുള മുടികളുള്ള ഒരു ആഫ്രിക്കക്കാരിയുടെ ഗോളി കണ്ണുകളിലേക്ക് മാത്രമേ ഞാൻ ഇപ്പോൾ നോക്കാറുള്ളൂ…!!!